ഘട്ടം 251

പഠനം

     

യേഹേസ്കേൽ 9

1 അനന്തരം ഞാന്‍ കേള്‍ക്കെ അവന്‍ അത്യുച്ചത്തില്‍ വിളിച്ചു നഗരത്തിന്റെ സന്ദര്‍ശനങ്ങളെ അടുത്തു വരുമാറാക്കുവിന്‍ ; ഔരോരുത്തനും നാശകരമായ ആയുധം കയ്യില്‍ എടുക്കട്ടെ എന്നു കല്പിച്ചു.

2 അപ്പോള്‍ ആറു പുരുഷന്മാര്‍, ഔരോരുത്തനും വെണ്മഴു കയ്യില്‍ എടുത്തുകൊണ്ടു വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്റെ വഴിയായി വന്നു; അവരുടെ നടുവില്‍ ശണവസ്ത്രം ധരിച്ചു അരയില്‍ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരുത്തന്‍ ഉണ്ടായിരുന്നു; അവര്‍ അകത്തു ചെന്നു താമ്രയാഗപീഠത്തിന്റെ അരികെ നിന്നു.

3 യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം, അതു ഇരുന്നിരുന്ന കെരൂബിന്മേല്‍നിന്നു ആലയത്തിന്റെ ഉമ്മരപ്പടിക്കല്‍ വന്നിരുന്നു; പിന്നെ അവന്‍ , ശണവസ്ത്രം ധരിച്ചു അരയില്‍ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു.

4 അവനോടു യഹോവനീ നഗരത്തിന്റെ നടുവില്‍, യെരൂശലേമിന്റെ നടുവില്‍കൂടി ചെന്നു, അതില്‍ നടക്കുന്ന സകലമ്ളേച്ഛതകളും നിമിത്തം നെടുവീര്‍പ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളില്‍ ഒരു അടയാളം ഇടുക എന്നു കല്പിച്ചു.

5 മറ്റേവരോടു ഞാന്‍ കേള്‍ക്കെ അവന്‍ നിങ്ങള്‍ അവന്റെ പിന്നാലെ നഗരത്തില്‍കൂടി ചെന്നു വെട്ടുവിന്‍ ! നിങ്ങളുടെ കണ്ണിന്നു ആദരവു തോന്നരുതു; നിങ്ങള്‍ കരുണ കാണിക്കയുമരുതു.

6 വൃദ്ധന്മാരെയും യൌവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിന്‍ ! എന്നാല്‍ അടയാളമുള്ള ഒരുത്തനെയും തൊടരുതു; എന്റെ വിശുദ്ധമന്ദിരത്തില്‍ തന്നേ തുടങ്ങുവിന്‍ എന്നു കല്പിച്ചു; അങ്ങനെ അവര്‍ ആലയത്തിന്റെ മുമ്പില്‍ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയില്‍ തുടങ്ങി.

7 അവന്‍ അവരോടുനിങ്ങള്‍ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറെപ്പിന്‍ ; പുറപ്പെടുവിന്‍ എന്നു കല്പിച്ചു. അങ്ങനെ അവര്‍ പുറപ്പെട്ടു, നഗരത്തില്‍ സംഹാരം നടത്തി.

8 അവരെ കൊന്നുകളഞ്ഞശേഷം ഞാന്‍ മാത്രം ശേഷിച്ചു; ഞാന്‍ കവിണ്ണുവീണു; അയ്യോ, യഹോവയായ കര്‍ത്താവേ, യെരൂശലേമിന്മേല്‍ നിന്റെ ക്രോധം പകരുന്നതിനാല്‍ യിസ്രായേലില്‍ ശേഷിപ്പുള്ളവരെ ഒക്കെയും സംഹരിക്കുമോ? എന്നു നിലവിളിച്ചു പറഞ്ഞു.

9 അതിന്നു അവന്‍ എന്നോടുയിസ്രായേല്‍ഗൃഹത്തിന്റെയും യെഹൂദാഗൃഹത്തിന്റെയും അകൃത്യം ഏറ്റവും വലുതായിരിക്കുന്നു; ദേശം രക്തപാതകംകൊണ്ടും നഗരം അന്യായംകൊണ്ടും നിറഞ്ഞിരിക്കുന്നു; യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു; യഹോവ കാണുന്നില്ല എന്നു അവര്‍ പറയുന്നുവല്ലോ.

10 ഞാനോ എന്റെ കണ്ണിന്നു ആദരവു തോന്നാതെയും ഞാന്‍ കരുണ കാണിക്കാതെയും അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേല്‍ പകരം കൊടുക്കും എന്നു അരുളിച്ചെയ്തു.

11 ശണവസ്ത്രം ധരിച്ചു അരയില്‍ മഷിക്കുപ്പിയുമായുള്ള പുരുഷന്‍ എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്തിരിക്കുന്നു എന്നു വസ്തുത ബോധിപ്പിച്ചു.

യേഹേസ്കേൽ 10

1 അനന്തരം ഞാന്‍ നോക്കിയപ്പോള്‍ കെരൂബുകളുടെ തലെക്കുമീതെ ഉണ്ടായിരുന്ന വിതാനത്തില്‍ നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തില്‍ ഒരു രൂപം അവയുടെമേല്‍ കാണായ്‍വന്നു.

2 അവന്‍ ശണവസ്ത്രം ധരിച്ച പുരുഷനോടു സംസാരിച്ചുനീ കെരൂബിന്റെ കീഴെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടവില്‍ ചെന്നു കെരൂബുകളുടെ ഇടയില്‍നിന്നു നിന്റെ കൈ നിറയ തീക്കനല്‍ എടുത്തു നഗരത്തിന്മേല്‍ വിതറുക എന്നു കല്പിച്ചു; അങ്ങനെ ഞാന്‍ കാണ്‍കെ അവന്‍ ചെന്നു,

3 ആ പുരുഷന്‍ അകത്തു ചെല്ലുമ്പോള്‍ കെരൂബുകള്‍ ആലയത്തിന്റെ വലത്തുഭാഗത്തുനിന്നു, മേഘവും അകത്തെ പ്രകാരത്തില്‍ നിറഞ്ഞിരുന്നു.

4 എന്നാല്‍ യഹോവയുടെ മഹത്വം കെരൂബിന്മേല്‍നിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു.

5 കെരൂബുകളുടെ ചിറകുകളുടെ ഇരെച്ചല്‍ പുറത്തെ പ്രാകാരംവരെ സര്‍വ്വശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേള്‍പ്പാനുണ്ടായിരുന്നു.

6 എന്നാല്‍ അവന്‍ ശണവസ്ത്രം ധരിച്ച പുരുഷനോടുനീ കെരൂബുകളുടെ ഇടയില്‍ നിന്നു, തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവില്‍നിന്നു തന്നേ, തീ എടുക്ക എന്നു കല്പിച്ചപ്പോള്‍ അവന്‍ ചെന്നു ചക്രങ്ങളുടെ അരികെ നിന്നു.

7 ഒരു കെരൂബ് കെരൂബുകളുടെ ഇടയില്‍നിന്നു തന്റെ കൈ കെരൂബുകളുടെ നടുവിലുള്ള തീയിലേക്കു നീട്ടി കുറെ എടുത്തു ശണവസ്ത്രം ധരിച്ചവന്റെ കയ്യില്‍ കൊടുത്തു; അവന്‍ അതു വാങ്ങി പുറപ്പെട്ടുപോയി.

8 കെരൂബുകളില്‍ ചിറകുകള്‍ക്കു കീഴെ മനുഷ്യന്റെ കൈപോലെ ഒന്നു കാണായ്‍വന്നു.

9 ഞാന്‍ കെരൂബുകളുടെ അരികെ നാലു ചക്രം കണ്ടു; ഔരോ കെരൂബിന്നരികെ ഔരോ ചക്രം ഉണ്ടായിരുന്നു; ചക്രങ്ങളുടെ കാഴ്ച പുഷ്പരാഗംപോലെ ആയിരുന്നു.

10 അവയുടെ കാഴ്ചയോ നാലിന്നും ഒരു ഭാഷ ആയിരുന്നു; ചക്രത്തില്‍കൂടി മറ്റൊരു ചക്രം ഉള്ളതുപോലെ തന്നേ.

11 അവേക്കു നാലു ഭാഗത്തേക്കും പോകാം; തിരിവാന്‍ ആവശ്യമില്ലാതെ തലനോക്കുന്ന ഇടത്തേക്കു അതിന്റെ പിന്നാലെ അവ പോകും; പോകുമ്പോള്‍ തിരികയുമില്ല.

12 അവയുടെ ദേഹത്തില്‍ എങ്ങും മുതുകിലും കയ്യിലും ചിറകിലും ചക്രത്തിലും, നാലിന്നും ഉള്ള ചക്രത്തില്‍ തന്നേ, ചുറ്റും അടുത്തടുത്തു കണ്ണു ഉണ്ടായിരുന്നു.

13 ചക്രങ്ങള്‍ക്കോ, ഞാന്‍ കേള്‍ക്കെ ചുഴലികള്‍ എന്നു പേര്‍വിളിച്ചു.

14 ഔരോന്നിന്നും നന്നാലു മുഖം ഉണ്ടായിരുന്നു; ഒന്നാമത്തെ മുഖം കെരൂബ് മുഖവും രണ്ടാമത്തേതു മാനുഷമുഖവും മൂന്നാമത്തേതു സിംഹമുഖവും നാലാമത്തേതു കഴുകുമുഖവും ആയിരുന്നു.

15 കെരൂബുകള്‍ മേലോട്ടുപൊങ്ങി; ഇതു ഞാന്‍ കെബാര്‍നദീതീരത്തുവെച്ചു കണ്ട ജീവിതന്നേ.

16 കെരൂബുകള്‍ പോകുമ്പോള്‍ ചക്രങ്ങളും ചേരത്തന്നേ പോകും; ഭൂമിയില്‍നിന്നു പൊങ്ങുവാന്‍ കെരൂബുകള്‍ ചിറകു വിടര്‍ത്തുമ്പോള്‍ ചക്രങ്ങള്‍ അവയുടെ പാര്‍ശ്വം വിട്ടുമാറുകയില്ല.

17 ജീവിയുടെ ആത്മാവു ചക്രങ്ങളില്‍ ആയിരുന്നതുകൊണ്ടു അവ നിലക്കുമ്പോള്‍ ഇവയും നിലക്കും; അവ പൊങ്ങുമ്പോള്‍ ഇവയും പൊങ്ങും.

18 പിന്നെ യഹോവയുടെ മഹത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ടു പുറപ്പെട്ടു കെരൂബുകളിന്‍ മീതെ വന്നുനിന്നു.

19 അപ്പോള്‍ കെരൂബുകള്‍ ചിറകു വിടര്‍ത്തി, ഞാന്‍ കാണ്‍കെ ഭൂമിയില്‍നിന്നു മേലോട്ടു പൊങ്ങി; അവ പൊങ്ങിയപ്പോള്‍ ചക്രങ്ങളും ചേരത്തന്നേ ഉണ്ടായിരുന്നു; എല്ലാംകൂടെ യഹോവയുടെ ആലയത്തിന്റെ കിഴക്കെ പടിവാതില്‍ക്കല്‍ ചെന്നുനിന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവേക്കു മീതെ നിന്നു.

20 ഇതു ഞാന്‍ കെബാര്‍ നദീതീരത്തുവെച്ചു യിസ്രായേലിന്റെ ദൈവത്തിന്റെ കീഴെ കണ്ട ജീവി തന്നേ; അവ കെരൂബുകള്‍ എന്നു ഞാന്‍ ഗ്രഹിച്ചു.

21 ഔരോന്നിന്നും നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു; ചിറകിന്‍ കീഴെ മാനുഷകൈപോലെ ഒന്നുണ്ടായിരുന്നു;

22 അവയുടെ മുഖരൂപം വിചാരിച്ചാല്‍ ഞാന്‍ കെബാര്‍ നദീതീരത്തുവെച്ചു കണ്ട മുഖങ്ങള്‍ തന്നെ ആയിരുന്നു; അവയുടെ ഭാഷയും അവ ഒക്കെയും തന്നേ അവ ഔരോന്നും നേരെ മുമ്പോട്ടു തന്നേ പോകും.

യേഹേസ്കേൽ 11

1 അനന്തരം ആത്മാവു എന്നെ എടുത്തു യഹോവയുടെ ആലയത്തില്‍ കിഴക്കോട്ടു ദര്‍ശനമുള്ള കിഴക്കെ പടിവാതില്‍ക്കല്‍ കൊണ്ടുപോയി; പടിവാതിലിന്റെ പ്രവേശനത്തിങ്കല്‍ ഞാന്‍ ഇരുപത്തഞ്ചു പുരുഷന്മാരെയും അവരുടെ നടുവില്‍ ജനത്തിന്റെ പ്രഭുക്കന്മാരായ അസ്സൂരിന്റെ മകന്‍ യയസന്യാവെയും ബെനായാവിന്റെ മകന്‍ പെലത്യാവെയും കണ്ടു.

2 അവന്‍ എന്നോടുമനുഷ്യപുത്രാ, ഇവര്‍ ഈ നഗരത്തില്‍ നീതികേടു നിരൂപിച്ചു ദൂരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.

3 വീടുകളെ പണിവാന്‍ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്നു അവര്‍ പറയുന്നു.

4 അതുകൊണ്ടു അവരെക്കുറിച്ചു പ്രവചിക്ക, മനുഷ്യപുത്രാ, പ്രവചിക്ക എന്നു കല്പിച്ചു.

5 അപ്പോള്‍ യഹോവയുടെ ആത്മാവു എന്റെമേല്‍ വിണു എന്നോടു കല്പിച്ചതുനീ പറയേണ്ടതു എന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളും ഞാന്‍ അറിയുന്നു.

6 നിങ്ങള്‍ ഈ നഗരത്തില്‍ നിഹതന്മാരെ വര്‍ദ്ധിപ്പിച്ചു വീഥികളെ നിഹതന്മാരെക്കൊണ്ടു നിറെച്ചുമിരിക്കുന്നു.

7 അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ഈ നഗരത്തിന്റെ നടുവില്‍ ഇട്ടുകളഞ്ഞ നിഹതന്മാര്‍ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാല്‍ നിങ്ങളെ ഞാന്‍ അതിന്റെ നടുവില്‍നിന്നു പുറപ്പെടുവിക്കും.

8 നിങ്ങള്‍ വാളിനെ പേടിക്കുന്നു; വാളിനെ തന്നേ ഞാന്‍ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു.

9 ഞാന്‍ നിങ്ങളെ അതിന്റെ നടുവില്‍നിന്നു പുറപ്പെടുവിച്ചു അന്യന്മാരുടെ കയ്യില്‍ ഏല്പിച്ചു നിങ്ങളുടെ ഇടയില്‍ ന്യായവിധിനടത്തും.

10 നിങ്ങള്‍ വാളാല്‍ വീഴും; യിസ്രായേലിന്റെ അതിരിങ്കല്‍വെച്ചു ഞാന്‍ നിങ്ങളെ ന്യായം വിധിക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

11 ഈ നഗരം നിങ്ങള്‍ക്കു കുട്ടകം ആയിരിക്കയില്ല; നിങ്ങള്‍ അതിന്നകത്തു മാംസവുമായിരിക്കയില്ല; യിസ്രായേലിന്റെ അതിരിങ്കല്‍വെച്ചു തന്നേ ഞാന്‍ നിങ്ങളെ ന്യായം വിധിക്കും.

12 എന്റെ ചട്ടങ്ങളില്‍ നടക്കയോ എന്റെ ന്യായങ്ങളെ ആചരിക്കയോ ചെയ്യാതെ ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങള്‍, ഞാന്‍ യഹോവ എന്നു അറിയും.

13 ഞാന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ ബെനായാവിന്റെ മകനായ പെലത്യാവു മരിച്ചുഅപ്പോള്‍ ഞാന്‍ കവിണ്ണുവീണു ഉറക്കെ നിലവിളിച്ചുഅയ്യോ, യഹോവയായ കര്‍ത്താവേ, യിസ്രായേലില്‍ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചു കളയുമോ എന്നു പറഞ്ഞു.

14 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

15 മനുഷ്യപുത്രാ, യഹോവയോടു അകന്നുനില്പിന്‍ ! ഞങ്ങള്‍ക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നതു എന്നല്ലോ യെരൂശലേം നിവാസികള്‍, നിന്റെ ചാര്‍ച്ചക്കാരായ നിന്റെ സഹോദരന്മാരോടും ഒട്ടൊഴിയാതെ യിസ്രായേല്‍ഗൃഹം മുഴുവനോടും പറയുന്നതു.

16 അതുകൊണ്ടു നീ പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അവരെ ദൂരത്തു ജാതികളുടെ ഇടയിലേക്കു നീക്കി രാജ്യങ്ങളില്‍ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവര്‍ പോയിരിക്കുന്ന രാജ്യങ്ങളില്‍ ഞാന്‍ അവര്‍ക്കും കുറയകാലത്തേക്കു ഒരു വിശുദ്ധമന്ദിരമായിരിക്കും.

17 ആകയാല്‍ നീ പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളെ ജാതികളില്‍നിന്നു ശേഖരിച്ചു, നിങ്ങള്‍ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളില്‍നിന്നു കൂട്ടിച്ചേര്‍ത്തു യിസ്രായേല്‍ദേശം നിങ്ങള്‍ക്കു തരും.

18 അവര്‍ അവിടെ വന്നു, അതിലെ സകലമലിനബിംബങ്ങളെയും മ്ളേച്ഛവിഗ്രഹങ്ങളെയും അവിടെനിന്നു നീക്കിക്കളയും.

19 അവര്‍ എന്റെ ചട്ടങ്ങളില്‍ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാന്‍ അവര്‍ക്കും വേറൊരു ഹൃദയത്തെ നലകുകയും പുതിയൊരു ആത്മാവിനെ ഉള്ളില്‍ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാന്‍ അവരുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം അവര്‍ക്കും കൊടുക്കും.

20 അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കും ദൈവമായും ഇരിക്കും.

21 എന്നാല്‍ തങ്ങളുടെ മലിനബിംബങ്ങളുടെയും മ്ളേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ചു നടക്കുന്നവര്‍ക്കും ഞാന്‍ അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേല്‍ പകരം കൊടുക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

22 അനന്തരം കെരൂബുകള്‍ ചിറകു വിടര്‍ത്തു; ചക്രങ്ങളും ചേരത്തന്നെ ഉണ്ടായിരുന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവെക്കുമീതെ ഉണ്ടായിരുന്നു.

23 യഹോവയുടെ മഹത്വം നഗരത്തിന്റെ നടുവില്‍നിന്നു മോലോട്ടു പൊങ്ങി നഗരത്തിന്നു കിഴക്കുവശത്തുള്ള പര്‍വ്വതത്തിന്മേല്‍ നിന്നു.

24 എന്നാല്‍ ആത്മാവു എന്നെ എടുത്തു, ദര്‍ശനത്തില്‍ ദൈവാത്മാവിനാല്‍ തന്നേ, കല്ദയദേശത്തു പ്രവാസികളുടെ അടുക്കല്‍ കൊണ്ടു വന്നു; ഞാന്‍ കണ്ട ദര്‍ശനം എന്നെ വിട്ടു പൊങ്ങിപ്പോയി.

25 ഞാനോ യഹോവ എനിക്കു വെളിപ്പെടുത്തിയ അവന്റെ സകലവചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.

യേഹേസ്കേൽ 12

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

2 മനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്റെ നടുവില്‍ പാര്‍ക്കുംന്നു; കാണ്മാന്‍ കണ്ണുണ്ടെങ്കിലു അവര്‍ കാണുന്നില്ല; കേള്‍പ്പാന്‍ ചെവിയുണ്ടെങ്കിലും അവര്‍ കേള്‍ക്കുന്നില്ല; അവര്‍ മത്സരഗൃഹമല്ലോ.

3 ആകയാല്‍ മനുഷ്യപുത്രാ, നീ യാത്രക്കോപ്പു ഒരുക്കി പകല്‍സമയത്തു അവര്‍ കാണ്‍കെ പുറപ്പെടുക; അവര്‍ കാണ്‍കെ നിന്റെ സ്ഥലം വിട്ടു മറ്റൊരു സ്ഥലത്തേക്കു യാത്രപുറപ്പെടുക; മത്സരഗൃഹമെങ്കിലും പക്ഷേ അവര്‍ കണ്ടു ഗ്രഹിക്കുമായിരിക്കും.

4 യാത്രക്കോപ്പുപോലെ നിന്റെ സാമാനം നീ പകല്‍സമയത്തു അവര്‍ കാണ്‍കെ പുറത്തു കൊണ്ടുവരേണം; വൈകുന്നേരത്തു അവര്‍ കാണ്‍കെ പ്രവാസത്തിന്നു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം.

5 അവര്‍ കാണ്‍കെ നീ മതില്‍ കുത്തിത്തുരന്നു അതില്‍കൂടി അതു പുറത്തു കൊണ്ടുപോകേണം.

6 അവര്‍ കാണ്‍കെ നീ അതു തോളില്‍ ചുമന്നുകൊണ്ടു ഇരുട്ടത്തു യാത്രപുറപ്പെടേണം; നിലം കാണാതവണ്ണം നിന്റെ മുഖം മൂടിക്കൊള്ളേണം; ഞാന്‍ നിന്നെ യിസ്രായേല്‍ഗൃഹത്തിന്നു ഒരു അടയാളം ആക്കിയിരിക്കുന്നു.

7 എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്തു; യാത്രക്കോപ്പുപോലെ ഞാന്‍ എന്റെ സാമാനം പകല്‍സമയത്തു പുറത്തു കൊണ്ടുവന്നു, വൈകുന്നേരത്തു ഞാന്‍ എന്റെ കൈകൊണ്ടു മതില്‍ കുത്തിത്തുരന്നു ഇരുട്ടത്തു അതു പുറത്തു കൊണ്ടുവന്നു, അവര്‍ കാണ്‍കെ തോളില്‍ ചുമന്നു.

8 എന്നാല്‍ രാവിലെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

9 മനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേല്‍ഗൃഹം നിന്നോടുനീ എന്തു ചെയ്യുന്നു എന്നു ചോദിച്ചില്ലയോ?

10 ഈ അരുളപ്പാടു യെരൂശലേമിലെ പ്രഭുക്കന്മാര്‍ക്കും അവരുടെ ചുറ്റും പാര്‍ക്കുംന്ന യിസ്രായേല്‍ ഗൃഹത്തിന്നൊക്കെയും ഉള്ളതു എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറക.

11 ഞാന്‍ നിങ്ങള്‍ക്കു ഒരടയാളമാകുന്നു എന്നു നീ പറക; ഞാന്‍ ചെയ്തതുപോലെ അവര്‍ക്കും ഭവിക്കും; അവര്‍ നാടുകടന്നു പ്രവാസത്തിലേക്കു പോകേണ്ടിവരും.

12 അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്തു തോളില്‍ ചുമടുമായി പുറപ്പെടും; അതു പുറത്തു കൊണ്ടുപോകേണ്ടതിന്നു അവര്‍ മതില്‍ കുത്തിത്തുരക്കും; കണ്ണുകൊണ്ടു നിലം കാണാതിരിക്കത്തക്കവണ്ണം അവന്‍ മുഖം മൂടും.

13 ഞാന്‍ എന്റെ വല അവന്റെമേല്‍ വീശും; അവന്‍ എന്റെ കണിയില്‍ അകപ്പെടും; ഞാന്‍ അവനെ കല്ദയരുടെ ദേശത്തു ബാബേലില്‍ കൊണ്ടുപോകും; എങ്കിലും അവന്‍ അതിനെ കാണാതെ അവിടെവെച്ചു മരിക്കും.

14 അവന്റെ ചുറ്റുമുള്ള സഹായക്കാരെ ഒക്കെയും അവന്റെ പടക്കൂട്ടങ്ങളെ ഒക്കെയും ഞാന്‍ നാലു ദിക്കിലേക്കും ചിതറിച്ചുകളയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.

15 ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ ചിതറിച്ചു ദേശങ്ങളില്‍ ചിന്നിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു അവര്‍ അറിയും.

16 എന്നാല്‍ അവര്‍ പോയിരിക്കുന്ന ജാതികളുടെ ഇടയില്‍ തങ്ങളുടെ സകലമ്ളേച്ഛതകളെയും വിവരിച്ചു പറയേണ്ടതിന്നു ഞാന്‍ അവരില്‍ ഏതാനുംപേരെ വാള്‍, ക്ഷാമം, മഹാമാരി എന്നിവയില്‍നിന്നു ശേഷിപ്പിക്കും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.

17 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

18 മനുഷ്യപുത്രാ, നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടുംകൂടെ വെള്ളം കുടിക്കയും ചെയ്ക.

19 ദേശത്തിലെ ജനത്തോടു നീ പറയേണ്ടതുയെരൂശലേംനിവാസികളെയും യിസ്രായേല്‍ ദേശത്തെയും കുറിച്ചു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവരുടെ ദേശം അതിലെ സകലനിവാസികളുടെയും സാഹസംനിമിത്തം അതിന്റെ നിറവോടു കൂടെ ശൂന്യമായ്പോകുന്നതുകൊണ്ടു അവര്‍ പേടിയോടെ അപ്പം തിന്നുകയും സ്തംഭനത്തോട വെള്ളം കുടിക്കയും ചെയ്യും.

20 ജനപുഷ്ടിയുള്ള പട്ടണങ്ങള്‍ ശൂന്യവും ദേശം നിര്‍ജ്ജനവും ആയിത്തീരും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

21 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

22 മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദര്‍ശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങള്‍ക്കു യിസ്രായേല്‍ ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു?

23 അതുകൊണ്ടു നീ അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ ഈ പഴഞ്ചൊല്ലു നിര്‍ത്തലാക്കും; അവര്‍ യിസ്രായേലില്‍ ഇനി അതു ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കയില്ല; കാലവും സകല ദര്‍ശനത്തിന്റെയും നിവൃത്തിയും അടുത്തിരിക്കുന്നു എന്നു അവരോടു പ്രസ്താവിക്ക.

24 യിസ്രായേല്‍ ഗൃഹത്തില്‍ ഇനി മിത്ഥ്യാദര്‍ശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല.

25 യഹോവയായ ഞാന്‍ പ്രസ്താവിപ്പാന്‍ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അതു താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നേ ഞാന്‍ വചനം പ്രസ്താവിക്കയും നിവര്‍ത്തിക്കയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

26 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

27 മനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹംഇവന്‍ ദര്‍ശിക്കുന്ന ദര്‍ശനം വളരെനാളത്തേക്കുള്ളതും ഇവന്‍ പ്രവചിക്കുന്നതു ദീര്‍ഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു.

28 അതുകൊണ്ടു നീ അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ വചനങ്ങളില്‍ ഒന്നും ഇനി താമസിക്കയില്ല; ഞാന്‍ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.