28
ഇതെല്ലാം നെബൂഖദ് നേസര്‍രാജാവിന്നു വന്നു ഭവിച്ചു.
29
പന്ത്രണ്ടു മാസം കഴിഞ്ഞിട്ടു അവന്‍ ബാബേലിലെ രാജമന്ദിരത്തിന്മേല്‍ ഉലാവിക്കൊണ്ടിരുന്നു.
30
ഇതു ഞാന്‍ എന്റെ ധനമാഹാത്മ്യത്താല്‍ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേല്‍ അല്ലയോ എന്നു രാജാവു പറഞ്ഞുതുടങ്ങി.
31
ഈ വാക്കു രാജാവിന്റെ വായില്‍ ഇരിക്കുമ്പോള്‍ തന്നേ, സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ശബ്ദം ഉണ്ടായതെന്തെന്നാല്‍നെബൂഖദ് നേസര്‍രാജാവേ, നിന്നോടു ഇതു കല്പിക്കുന്നുരാജത്വം നിന്നെ വിട്ടു നീങ്ങിയിരിക്കുന്നു.
32
നിന്നെ മനുഷ്യരുടെ ഇടയില്‍നിന്നു നീക്കിക്കളയും; നിന്റെ പാര്‍പ്പു കാട്ടിലെ മൃഗങ്ങളോടുകൂടെ ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ലു തീറ്റും; അത്യുന്നതനായവന്‍ മനുഷ്യരുടെ രാജത്വത്തിന്മേല്‍ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്കു ഏഴു കാലം കഴിയും.
33
ഉടന്‍ തന്നേ ആ വാക്കു നെബൂഖദ് നേസരിന്നു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയില്‍ നിന്നു നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവല്‍പോലെയും അവന്റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവന്‍ കാള എന്നപോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു.
34
ആ കാലം കഴിഞ്ഞിട്ടു നെബൂഖദ്നേസര്‍ എന്ന ഞാന്‍ സ്വര്‍ഗ്ഗത്തേക്കു കണ്ണുയര്‍ത്തി എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാന്‍ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലോ.
35
അവന്‍ സര്‍വ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വര്‍ഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവര്‍ത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനാടു ചോദിപ്പാനോ ആര്‍ക്കും കഴികയില്ല.
36
ആ നേരത്തു തന്നേ എന്റെ ബുദ്ധി മടങ്ങിവന്നു; എന്റെ രാജത്വത്തിന്റെ മഹത്വത്തിന്നായി എന്റെ മഹിമയും മുഖപ്രകാശവും മടങ്ങിവന്നു; എന്റെ മന്ത്രിമാരും മഹത്തുക്കളും എന്നെ അന്വേഷിച്ചു; ഞാന്‍ എന്റെ രാജത്വത്തില്‍ യഥാസ്ഥാനപ്പെട്ടു, ശ്രേഷ്ഠമഹത്വം എനിക്കു അധികമായി സിദ്ധിച്ചു.
37
ഇപ്പോള്‍ നെബൂഖദ്നേസര്‍ എന്ന ഞാന്‍ സ്വര്‍ഗ്ഗസ്ഥനായ രാജാവിനെ സ്തുതിച്ചു പകഴ്ത്തി ബഹുമാനിക്കുന്നു; അവന്റെ പ്രവൃത്തികള്‍ ഒക്കെയും സത്യവും അവന്റെ വഴികള്‍ ന്യായവും ആകുന്നു; നിഗളിച്ചുനടക്കുന്നവരെ താഴ്ത്തുവാനും അവന്‍ പ്രാപ്തന്‍ തന്നേ.