ഘട്ടം 270

പഠനം

     

യോവേൽ 1

1 പെഥൂവേലിന്റെ മകനായ യോവേലിന്നു ഉണ്ടായ യഹോവയുടെ അരുളപ്പാടു.

2 മൂപ്പന്മാരേ, ഇതുകേള്‍പ്പിന്‍ ; ദേശത്തിലെ സകലനിവാസികളുമായുള്ളോരേ, ചെവിക്കൊള്‍വിന്‍ ; നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?

3 ഇതു നിങ്ങള്‍ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കള്‍ തങ്ങളുടെ മക്കളോടും അവരുടെ മക്കള്‍ വരുവാനുള്ള തലമുറയോടും വിവരിച്ചുപറയേണം.

4 തുള്ളന്‍ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടില്‍ തിന്നു; വിട്ടില്‍ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.

5 മദ്യപന്മാരേ, ഉണര്‍ന്നു കരവിന്‍ ; വീഞ്ഞു കുടിക്കുന്ന ഏവരുമായുള്ളോരേ, പുതുവീഞ്ഞു നിങ്ങളുടെ വായക്കു അറ്റുപോയിരിക്കയാല്‍ മുറയിടുവിന്‍ .

6 ശക്തിയുള്ളതും സംഖ്യയില്ലാത്തതുമായോരു ജാതി എന്റെ ദേശത്തിന്റെ നേരെ വന്നിരിക്കുന്നു; അതിന്റെ പല്ലു സിംഹത്തിന്റെ പല്ലു; സിംഹിയുടെ അണപ്പല്ലു അതിന്നുണ്ടു.

7 അതു എന്റെ മുന്തിരിവള്ളിയെ ശൂന്യമാക്കി എന്റെ അത്തിവൃക്ഷത്തെ ഒടിച്ചുകളഞ്ഞു; അതിനെ മുഴുവനും തോലുരിച്ചു എറിഞ്ഞുകളഞ്ഞു; അതിന്റെ കൊമ്പുകള്‍ വെളുത്തുപോയിരിക്കുന്നു.

8 യൌവനത്തിലെ ഭര്‍ത്താവിനെച്ചൊല്ലി രട്ടുടുത്തിരിക്കുന്ന കന്യകയെപ്പോലെ വിലപിക്ക.

9 ഭോജനയാഗവും പാനീയയാഗവും യഹോവയുടെ ആലയത്തില്‍നിന്നു അറ്റുപോയിരിക്കുന്നു; യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാര്‍ ദുഃഖിക്കുന്നു.

10 വയല്‍ ശൂന്യമായ്തീര്‍ന്നു ധാന്യം നശിച്ചും പുതുവീഞ്ഞു വറ്റിയും എണ്ണ ക്ഷയിച്ചും പോയിരിക്കയാല്‍ ദേശം ദുഃഖിക്കുന്നു.

11 കൃഷിക്കാരേ, ലജ്ജിപ്പിന്‍ ; മുന്തിരിത്തോട്ടക്കാരേ, കോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിന്‍ ; വയലിലെ വിളവു നശിച്ചുപോയല്ലോ.

12 മുന്തിരിവള്ളി വാടി അത്തിവൃക്ഷം ഉണങ്ങി, മാതളം, ഈന്തപ്പന, നാരകം മുതലായി പറമ്പിലെ സകലവൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; ആനന്ദം മനുഷ്യരെ വീട്ടു മാഞ്ഞുപോയല്ലോ.

13 പുരോഹിതന്മാരേ, രട്ടുടുത്തു വിലപിപ്പിന്‍ ; യാഗപീഠത്തിന്റെ ശുശ്രൂഷകന്മാരേ, മുറയിടുവിന്‍ ; എന്റെ ദൈവത്തിന്റെ ശുശ്രൂഷകന്മാരേ, ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ മുടങ്ങിപ്പോയിരിക്കകൊണ്ടു നിങ്ങള്‍ വന്നു രട്ടുടുത്തു രാത്രി കഴിച്ചുകൂട്ടുവിന്‍ .

14 ഒരു ഉപവാസദിവസം നിയമിപ്പിന്‍ ; സഭായോഗം വിളിപ്പിന്‍ ; മൂപ്പന്മാരെയും ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തില്‍ കൂട്ടിവരുത്തുവിന്‍ ; യഹോവയോടു നിലവിളിപ്പിന്‍ ;

15 ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സര്‍വ്വശക്തന്റെ പക്കല്‍നിന്നു സംഹാരം പോലെ വരുന്നു.

16 നമ്മുടെ കണ്ണിന്റെ മുമ്പില്‍നിന്നു ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തില്‍നിന്നു സന്തോഷവും ഉല്ലാസഘോഷവും അറ്റുപോയല്ലോ.

17 വിത്തു കട്ടകളുടെ കീഴില്‍ കിടന്നു കെട്ടുപോകുന്നു; ധാന്യം കരിഞ്ഞുപോയിരിക്കയാല്‍ പാണ്ടികശാലകള്‍ ശൂന്യമായി കളപ്പുരകള്‍ ഇടിഞ്ഞുപോകുന്നു.

18 മൃഗങ്ങള്‍ എത്ര ഞരങ്ങുന്നു; കന്നുകാലികള്‍ മേച്ചല്‍ ഇല്ലായ്കകൊണ്ടു ബുദ്ധിമുട്ടുന്നു; ആടുകള്‍ ദണ്ഡം അനുഭവിക്കുന്നു.

19 യഹോവേ, നിന്നോടു ഞാന്‍ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങള്‍ തീക്കും പറമ്പിലെ വൃക്ഷങ്ങള്‍ എല്ലാം ജ്വാലെക്കും ഇരയായിത്തീര്‍ന്നുവല്ലോ.

20 നീര്‍തോടുകള്‍ വറ്റിപ്പോകയും മരുഭൂമിയിലെ പുല്പുറങ്ങള്‍ തീക്കു ഇരയായിത്തീരുകയും ചെയ്തതുകൊണ്ടു വയലിലെ മൃഗങ്ങളും നിന്നെ നോക്കി കിഴെക്കുന്നു.

യോവേൽ 2

1 സീയോനില്‍ കാഹളം ഊതുവിന്‍ ; എന്റെ വിശുദ്ധപര്‍വ്വതത്തില്‍ അയ്യംവിളിപ്പിന്‍ ; യഹോവയുടെ ദിവസം വരുന്നതുകൊണ്ടും അതു അടുത്തിരിക്കുന്നതുകൊണ്ടും ദേശത്തിലെ സകലനിവാസികളും നടുങ്ങിപ്പോകട്ടെ.

2 ഇരുട്ടും അന്ധകാരവുമുള്ളോരു ദിവസം; മേഘവും കൂരിരുട്ടുമുള്ളോരു ദിവസം തന്നേ. പര്‍വ്വതങ്ങളില്‍ പരന്നിരിക്കുന്ന പ്രഭാതംപോലെ പെരുപ്പവും ബലവുമുള്ളോരു ജാതി; അങ്ങനെയുള്ളതു പണ്ടു ഉണ്ടായിട്ടില്ല; ഇനിമേലാല്‍ തലമുറതലമുറയായുള്ള ആണ്ടുകളോളം ഉണ്ടാകയുമില്ല.

3 അവരുടെ മുമ്പില്‍ തീ കത്തുന്നു; അവരുടെ പിമ്പില്‍ ജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പില്‍ ദേശം ഏദെന്‍ തോട്ടംപോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായുള്ള മരുഭൂമി; അവരുടെ കയ്യില്‍ നിന്നു യാതൊന്നും ഒഴിഞ്ഞുപോകയില്ല.

4 അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവര്‍ കുതിരച്ചേവകരെപ്പോലെ ഔടുന്നു.

5 അവര്‍ പര്‍വ്വതശിഖരങ്ങളില്‍ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചു ചാടുന്നു അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടെക്കു നിരന്നുനിലക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നേ.

6 അവരുടെ മുമ്പില്‍ ജാതികള്‍ നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു;

7 അവര്‍ വീരന്മാരെപ്പോലെ ഔടുന്നു; യോദ്ധാക്കളെപ്പോലെ മതില്‍ കയറുന്നു; അവര്‍ പാത വിട്ടുമാറാതെ താന്താന്റെ വഴിയില്‍ നടക്കുന്നു.

8 അവര്‍ തമ്മില്‍ തിക്കാതെ താന്താന്റെ പാതയില്‍ നേരെ നടക്കുന്നു; അവര്‍ മുറിവേല്‍ക്കാതെ ആയുധങ്ങളുടെ ഇടയില്‍കൂടി ചാടുന്നു.

9 അവര്‍ പട്ടണത്തില്‍ ചാടിക്കടക്കുന്നു; മതിലിന്മേല്‍ ഔടുന്നു; വീടുകളിന്മേല്‍ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളില്‍കൂടി കടക്കുന്നു.

10 അവരുടെ മുമ്പില്‍ ഭൂമി കുലുങ്ങുന്നു; ആകാശം നടങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങള്‍ പ്രകാശം നല്കാതിരിക്കുന്നു.

11 യഹോവ തന്റെ സൈന്യത്തിന്‍ മുമ്പില്‍ മേഘനാദം കേള്‍പ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവന്‍ ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാകുന്നവന്‍ ആര്‍?

12 എന്നാല്‍ ഇപ്പോഴെങ്കിലും നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിന്‍ എന്നു യഹോവയുടെ അരുളപ്പാടു.

13 വിസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിന്‍ ; അവന്‍ കൃപയും കരുണയും ദീര്‍ഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവന്‍ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിക്കും.

14 നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും അനുതപിച്ചു തനിക്കു ഭോജനയാഗവും പാനീയയാഗവുമായുള്ളോരു അനുഗ്രഹം വെച്ചേക്കയില്ലയോ? ആര്‍ക്കറിയാം?

15 സീയോനില്‍ കാഹളം ഊതുവിന്‍ ; ഒരു ഉപവാസം നിയമിപ്പിന്‍ ; സഭായോഗം വിളിപ്പിന്‍ !

16 ജനത്തെ കൂട്ടിവരുത്തുവിന്‍ ; സഭയെ വിശുദ്ധീകരിപ്പിന്‍ ; മൂപ്പന്മാരെ കൂട്ടിവരുത്തുവിന്‍ ; പൈതങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിന്‍ ; മണവാളന്‍ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.

17 യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാര്‍ പൂമുഖത്തിന്റെയും യാഗപീഠത്തിന്റെയും മദ്ധ്യേ കരഞ്ഞുംകൊണ്ടുയഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കേണമേ; ജാതികള്‍ അവരുടെ മേല്‍ വഴുവാന്‍ തക്കവണ്ണം നിന്റെ അവകാശത്തെ നിന്ദെക്കു ഏല്പിക്കരുതേ; അവരുടെ ദൈവം എവിടെയെന്നു ജാതികളുടെ ഇടയില്‍ പറയുന്നതെന്തിന്നു? എന്നിങ്ങനെ പറയട്ടെ.

18 അങ്ങനെ യഹോവ തന്റെ ദേശത്തിന്നു വേണ്ടി തീക്ഷണത കാണിച്ചു തന്റെ ജനത്തെ ആദരിച്ചു.

19 യഹോവ തന്റെ ജനത്തിന്നു ഉത്തരം അരുളിയതുഞാന്‍ നിങ്ങള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും നലകും; നിങ്ങള്‍ അതിനാല്‍ തൃപ്തി പ്രാപിക്കും; ഞാന്‍ ഇനി നിങ്ങളെ ജാതികളുടെ ഇടയില്‍ നിന്ദയാക്കുകയുമില്ല.

20 വടക്കുനിന്നുള്ള ശത്രുവിനെ ഞാന്‍ നിങ്ങളുടെ ഇടയില്‍നിന്നു ദൂരത്താക്കി വരണ്ടതും ശൂന്യവുമായോരു ദേശത്തേക്കു നീക്കി, അവന്റെ മുന്‍ പടയെ കിഴക്കെ കടലിലും അവന്റെ പിന്‍ പടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; അവന്‍ വമ്പു കാട്ടിയിരിക്കകൊണ്ടു അവന്റെ ദുര്‍ഗ്ഗന്ധം പൊങ്ങുകയും നാറ്റം കയറുകയും ചെയ്യും.

21 ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; യഹോവ വന്‍ കാര്യങ്ങളെ ചെയ്തിരിക്കുന്നു.

22 വയലിലേ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങള്‍ പച്ചവെക്കുന്നു; വൃക്ഷം ഫലം കായക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും അനുഭവപുഷ്ടി നലകുന്നു.

23 സീയോന്‍ മക്കളേ, ഘോഷിച്ചുല്ലസിച്ചു നിങ്ങളുടെ ദൈവമായ യഹോവയില്‍ സന്തോഷിപ്പിന്‍ ! അവന്‍ തക്ക അളവായി നിങ്ങള്‍ക്കു മുന്‍ മഴ തരുന്നു; അവന്‍ മുമ്പേപ്പോലെ നിങ്ങള്‍ക്കു മുന്‍ മഴയും പിന്‍ മഴയുമായ വര്‍ഷം പെയ്യിച്ചുതരുന്നു.

24 അങ്ങനെ കളപ്പുരകള്‍ ധാന്യംകൊണ്ടു നിറയും; ചക്കുകള്‍ വീഞ്ഞും എണ്ണയും കൊണ്ടു കവിയും.

25 ഞാന്‍ നിങ്ങളുടെ ഇടയില്‍ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങള്‍ക്കു വേണ്ടി ഞാന്‍ നിങ്ങള്‍ക്കു പകരം നലകും.

26 നിങ്ങള്‍ വേണ്ടുവോളം തിന്നു തൃപ്തരായി, നിങ്ങളോടു അത്ഭുതമായി പ്രവര്‍ത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകയുമില്ല.

27 ഞാന്‍ യിസ്രായേലിന്റെ നടുവില്‍ ഉണ്ടു; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങള്‍ അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകയുമില്ല.

28 അതിന്റെ ശേഷമോ, ഞാന്‍ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാര്‍ ദര്‍ശനങ്ങളെ ദര്‍ശിക്കും.

29 ദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാന്‍ ആ നാളുകളില്‍ എന്റെ ആത്മാവിനെ പകരും.

30 ഞാന്‍ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കുംരക്തവും തീയും പുകത്തൂണും തന്നേ.

31 യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യന്‍ ഇരുളായും ചന്ദ്രന്‍ രക്തമായും മാറിപ്പോകും.

32 എന്നാല്‍ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവന്‍ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോന്‍ പര്‍വ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.

യോവേൽ 3

1 ഞാന്‍ യെഹൂദയുടെയും യെരൂശലേമിന്റെയും സ്ഥിതി മാറ്റുവാനുള്ള നാളുകളിലും

2 കാലത്തിലും ഞാന്‍ സകലജാതികളെയും കൂട്ടി യഹോശാഫാത്ത് താഴ്വരയില്‍ ചെല്ലുമാറാക്കുകയും എന്റെ ജനം നിമിത്തവും എന്റെ അവകാശമായ യിസ്രായേല്‍ നിമിത്തവും അവരോടു വ്യവഹരിക്കയും ചെയ്യും; അവര്‍ അവരെ ജാതികളുടെ ഇടയില്‍ ചിതറിച്ചു എന്റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ.

3 അവര്‍ എന്റെ ജനത്തിന്നു ചീട്ടിട്ടു ഒരു ബാലനെ ഒരു വേശ്യകൂ വേണ്ടി കൊടുക്കയും ഒരു ബാലയെ വിറ്റു വീഞ്ഞുകുടിക്കയും ചെയ്തു.

4 സോരും സീദോനും സകലഫെലിസ്ത്യപ്രദേശങ്ങളുമായുള്ളോവേ, നിങ്ങള്‍ക്കു എന്നോടു എന്തു കാര്യം? നിങ്ങളോടു ചെയ്തതിന്നു നിങ്ങള്‍ എനിക്കു പകരം ചെയ്യുമോ? അല്ല, നിങ്ങള്‍ എന്നോടു വല്ലതും ചെയ്യുന്നു എങ്കില്‍ ഞാന്‍ വേഗമായും ശിഘ്രമായും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേല്‍ തന്നേ വരുത്തും.

5 നിങ്ങള്‍ എന്റെ വെള്ളിയും പൊന്നും എടുത്തു എന്റെ അതിമനോഹരവസ്തുക്കള്‍ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി.

6 യെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളില്‍നിന്നു ദൂരത്തു അകറ്റുവാന്‍ തക്കവണ്ണം നിങ്ങള്‍ അവരെ യവനന്മാര്‍ക്കും വിറ്റുകളഞ്ഞു.

7 എന്നാല്‍ നിങ്ങള്‍ അവരെ വിറ്റുകളഞ്ഞിടത്തുനിന്നു ഞാന്‍ അവരെ ഉണര്‍ത്തുകയും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേല്‍ തന്നേ വരുത്തുകയും ചെയ്യും.

8 ഞാന്‍ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യര്‍ക്കും വിറ്റുകളയും; അവര്‍ അവരെ ദൂരത്തുള്ള ജാതിയായ ശെബായര്‍ക്കും വിറ്റുകളയും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു.

9 ഇതു ജാതികളുടെ ഇടയില്‍ വിളിച്ചുപറവിന്‍ ! വിശുദ്ധയുദ്ധത്തിന്നു ഒരുങ്ങിക്കൊള്‍വിന്‍ ! വീരന്മാരെ ഉദ്യോഗിപ്പിപ്പിന്‍ ! സകല യോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ.

10 നിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിന്‍ ! ദുര്‍ബ്ബലന്‍ തന്നെത്താന്‍ വീരനായി മതിക്കട്ടെ.

11 ചുറ്റുമുള്ള സകലജാതികളുമായുള്ളോരേ, ബദ്ധപ്പെട്ടു വന്നുകൂടുവിന്‍ ! യഹോവേ, അവിടേക്കു നിന്റെ വീരന്മാരെ ഇറങ്ങുമാറാക്കേണമേ.

12 ജാതികള്‍ ഉണര്‍ന്നു യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാന്‍ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും.

13 അരിവാള്‍ ഇടുവിന്‍ ; കൊയ്ത്തിന്നു വിളഞ്ഞിരിക്കുന്നു; വന്നു ചവിട്ടുവിന്‍ ; ചകൂ നിറഞ്ഞിരിക്കുന്നു; തൊട്ടികള്‍ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ.

14 വിധിയുടെ താഴ്വരയില്‍ അസംഖ്യസമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയില്‍ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.

15 സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങള്‍ പ്രകാശം നലകുകയുമില്ല.

16 യഹോവ സീയോനില്‍നിന്നു ഗര്‍ജ്ജിച്ചു, യെരൂശലേമില്‍നിന്നു തന്റെ നാദം കേള്‍പ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാല്‍ യഹോവ തന്റെ ജനത്തിന്നു ശരണവും യിസ്രായേല്‍മക്കള്‍ക്കു ദുര്‍ഗ്ഗവും ആയിരിക്കും.

17 അങ്ങനെ ഞാന്‍ എന്റെ വിശുദ്ധപര്‍വ്വതമായ സീയോനില്‍ വസിക്കുന്നവനായി നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങള്‍ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജാതിക്കാര്‍ ഇനി അതില്‍കൂടി കടക്കയുമില്ല.

18 അന്നാളില്‍ പര്‍വ്വതങ്ങള്‍ പുതുവീഞ്ഞു പൊഴിക്കും; കുന്നുകള്‍ പാല്‍ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തില്‍നിന്നു ഒരു ഉറവു പുറപ്പെട്ടു ശിത്തീംതാഴ്വരയെ നനെക്കും.

19 യെഹൂദാദേശത്തുവെച്ചു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു അവരോടു ചെയ്ത സാഹസംഹേതുവായി മിസ്രയീം ശൂന്യമായ്തീരുകയും എദോം നിര്‍ജ്ജനമരുഭൂമിയായി ഭവിക്കയും ചെയ്യും.

20 യെഹൂദെക്കോ സദാകാലത്തേക്കും യെരൂശലേമിന്നു തലമുറതലമുറയോളവും നിവാസികളുണ്ടാകും.

21 ഞാന്‍ പോക്കീട്ടില്ലാത്ത അവരുടെ രക്തപാതകം ഞാന്‍ പോക്കും; യഹോവ സീയോനില്‍ വസിച്ചുകൊണ്ടിരിക്കും.