ഘട്ടം 31

പഠനം

     

ലേവ്യപുസ്തകം 1

1 യഹോവ സമാഗമനക്കുടാരത്തില്‍വെച്ചു മോശെയെ വിളിച്ചു അവനോടു അരുളിച്ചെയ്തതു

2 നീ യിസ്രായേല്‍മക്കളോടു സംസാരിച്ചു അവരോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളില്‍ ആരെങ്കിലും യഹോവേക്കു വഴിപാടു കഴിക്കുന്നു എങ്കില്‍ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം.

3 അവര്‍ വഴിപാടായി കന്നുകാലികളില്‍ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അര്‍പ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അവന്‍ അതിനെ സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ വെച്ചു അര്‍പ്പിക്കേണം.

4 അവന്‍ ഹോമയാഗത്തിന്റെ തലയില്‍ കൈവെക്കേണം; എന്നാല്‍ അതു അവന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍ അവന്റെ പേര്‍ക്കും സുഗ്രാഹ്യമാകും.

5 അവന്‍ യഹോവയുടെ സന്നിധിയില്‍ കാളക്കിടാവിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ ഉള്ള യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

6 അവന്‍ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം.

7 പുരോഹിതനായ അഹരോന്റെ പുത്രന്മാര്‍ യാഗപീഠത്തിന്മേല്‍ തീ ഇട്ടു തീയുടെ മേല്‍ വിറകു അടുക്കേണം.

8 പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തില്‍ തീയുടെ മേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.

9 അതിന്റെ കുടലും കാലും അവന്‍ വെള്ളത്തില്‍ കഴുകേണം. പുരോഹിതന്‍ സകലവും യാഗപീഠത്തിന്മേല്‍ ഹോമയാഗമായി ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.

10 ഹോമയാഗത്തിന്നുള്ള അവന്റെ വഴിപാടു ആട്ടിന്‍ കൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അവന്‍ അര്‍പ്പിക്കേണം.

11 അവന്‍ യഹോവയുടെ സന്നിധിയില്‍ യാഗപീഠത്തിന്റെ വടക്കുവശത്തുവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

12 അവന്‍ അതിനെ തലയോടും മേദസ്സോടുംകൂടെ ഖണ്ഡംഖണ്ഡമായി മുറിക്കേണം; പുരോഹിതന്‍ അവയെ യാഗപീഠത്തില്‍ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.

13 കുടലും കാലും അവന്‍ വെള്ളത്തില്‍ കഴുകേണം; പുരോഹിതന്‍ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവേക്കു സൌരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം.

14 യഹോവേക്കു അവന്റെ വഴിപാടു പറവ ജാതിയില്‍ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കില്‍ അവന്‍ കുറുപ്രാവിനെയോ പ്രാവിന്‍ കുഞ്ഞിനെയോ വഴിപാടായി അര്‍പ്പിക്കേണം.

15 പുരോഹിതന്‍ അതിനെ യാഗപീഠത്തിന്റെ അടുക്കല്‍ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്റെ പാര്‍ശ്വത്തിങ്കല്‍ പിഴിഞ്ഞുകളയേണം.

16 അതിന്റെ തീന്‍ പണ്ടം മലത്തോടുകൂടെ പറിച്ചെടുത്തു യാഗപീഠത്തിന്റെ അരികെ കിഴക്കുവശത്തു വെണ്ണീരിടുന്ന സ്ഥലത്തു ഇടേണം.

17 അതിനെ രണ്ടാക്കാതെ ചിറകോടുകൂടെ പിളര്‍ക്കേണം; പുരോഹിതന്‍ അതിനെ യാഗപീഠത്തില്‍ തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കേണം; അതു ഹോമയാഗമായി യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.

ലേവ്യപുസ്തകം 2

1 ആരെങ്കിലും യഹോവേക്കു ഭോജനയാഗമായ വഴിപാടു കഴിക്കുമ്പോള്‍ അവന്റെ വഴിപാടു നേരിയ മാവു ആയിരിക്കേണം; അവന്‍ അതിന്മേല്‍ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം.

2 അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടു ക്കല്‍ അതുകൊണ്ടു വരേണം. അവന്‍ മാവും എണ്ണയും ഒരു കൈ നിറച്ചും കുന്തുരുക്കം മുഴുവനും എടുക്കേണം; പുരോഹിതന്‍ അതു നിവേദ്യമായി യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹന യാഗം.

3 എന്നാല്‍ ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാര്‍ക്കും ഇരിക്കേണം. യഹോവേക്കുള്ള ദഹനയാഗങ്ങളില്‍ അതു അതിവിശുദ്ധം.

4 അടുപ്പത്തുവെച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കില്‍ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം.

5 നിന്റെ വഴിപാടു ചട്ടിയില്‍ ചുട്ട ഭോജനയാഗം ആകുന്നുവെങ്കില്‍ അതു എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ടു ആയിരിക്കേണം.

6 അതു കഷണംകഷണമായി നുറക്കി അതിന്മേല്‍ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം.

7 നിന്റെ വഴിപാടു ഉരുളിയില്‍ ചുട്ട ഭോജനയാഗം ആകുന്നുവെങ്കില്‍ അതു എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു ഉണ്ടാക്കേണം.

8 ഇവകൊണ്ടു ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവേക്കു കൊണ്ടുവരേണം; അതു പുരോഹിതന്റെ അടുക്കല്‍ കൊണ്ടുചെല്ലുകയും അവന്‍ അതു യാഗപീഠത്തിങ്കല്‍ കൊണ്ടുപോകയും വേണം.

9 പുരോഹിതന്‍ ഭോജനയാഗത്തിന്റെ നിവേദ്യം എടുത്തു യാഗപീഠത്തിന്മേല്‍ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.

10 ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാര്‍ക്കും ഇരിക്കേണം; അതു യഹോവേക്കുള്ള ദഹനയാഗങ്ങളില്‍ അതിവിശുദ്ധം.

11 നിങ്ങള്‍ യഹോവേക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുതു; പുളിച്ചതു ഒന്നും യാതൊരു വക തേനും യഹോവേക്കു ദഹനയാഗമായി ദഹിപ്പിക്കരുതു.

12 അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവേക്കു അര്‍പ്പിക്കാം. എങ്കിലും സൌരഭ്യവാസനയായി യാഗപീഠത്തിന്മേല്‍ അവ കയറരുതു.

13 നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേര്‍ക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിന്‍ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലവഴിപാടിന്നും ഉപ്പു ചേര്‍ക്കേണം.

14 നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവേക്കു കഴിക്കുന്നു എങ്കില്‍ കതിര്‍ ചുട്ടു ഉതിര്‍ത്ത മണികള്‍ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അര്‍പ്പിക്കേണം.

15 അതിന്മേല്‍ എണ്ണ ഒഴിച്ചു അതിന്‍ മീതെ കുന്തുരുക്കവും ഇടേണം; അതു ഒരു ഭോജനയാഗം.

16 ഉതിര്‍ത്ത മണിയിലും എണ്ണയിലും കുറേശ്ശയും കുന്തുരുക്കം മുഴുവനും പുരോഹിതന്‍ നിവേദ്യമായി ദഹിപ്പിക്കേണം; അതു യഹോവേക്കു ഒരു ദഹനയാഗം.

ലേവ്യപുസ്തകം 3

1 ഒരുവന്റെ വഴിപാടു സാമാധാനയാഗം ആകുന്നുവെങ്കില്‍ കന്നുകാലികളില്‍ ഒന്നിനെ അര്‍പ്പിക്കുന്നതായാല്‍ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവന്‍ യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കേണം.

2 തന്റെ വഴിപാടിന്റെ തലയില്‍ അവന്‍ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

3 അവന്‍ സമാധാനയാഗത്തില്‍നിന്നു കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും മൂത്രപിണ്ഡം രണ്ടും

4 അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവേക്കു ദഹനയാഗമായി അര്‍പ്പിക്കേണം.

5 അഹരോന്റെ പുത്രന്മാര്‍ യാഗപീഠത്തില്‍ തീയുടെ മേലുള്ള വിറകിന്മേല്‍ ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.

6 യഹോവേക്കു സമാധാനയാഗമായുള്ള വഴിപാടു ആടു ആകുന്നു എങ്കില്‍ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അര്‍പ്പിക്കേണം.

7 ഒരു കുഞ്ഞാടിനെ വഴിപാടായിട്ടു അര്‍പ്പിക്കുന്നു എങ്കില്‍ അതിനെ യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കേണം.

8 തന്റെ വഴിപാടിന്റെ തലയില്‍ അവന്‍ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാര്‍ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

9 അവന്‍ സമാധാനയാഗത്തില്‍നിന്നു അതിന്റെ മേദസ്സും തടിച്ചവാല്‍ മുഴുവനും - ഇതു തണ്ടെല്ലിങ്കല്‍ നിന്നു പറിച്ചുകളയേണം - കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും

10 മൂത്രപിണ്ഡം രണ്ടും അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവേക്കു ദഹനയാഗമായി അര്‍പ്പിക്കേണം.

11 പുരോഹിതന്‍ അതു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതു യഹോവേക്കു ദഹനയാഗഭോജനം.

12 അവന്റെ വഴിപാടു കോലാടു ആകുന്നു എങ്കില്‍ അവന്‍ അതിനെ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവരേണം.

13 അതിന്റെ തലയില്‍ അവന്‍ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാര്‍ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

14 അതില്‍നിന്നു കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകല മേദസ്സും മൂത്രപിണ്ഡം രണ്ടും

15 അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സം മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും നീക്കി അവന്‍ യഹോവേക്കു ദഹനയാഗമായി തന്റെ വഴിപാടു അര്‍പ്പിക്കേണം.

16 പുരോഹിതന്‍ അതു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതു സൌരഭ്യവാസനയായ ദഹന യാഗഭോജനം; മേദസ്സൊക്കെയും യഹോവേക്കുള്ളതു ആകുന്നു.

17 മേദസ്സും രക്തവും തിന്നരുതു എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

ലേവ്യപുസ്തകം 4

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

2 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും അബദ്ധവശാല്‍ പിഴെച്ചു ആ വക വല്ലതും ചെയ്താല്‍ -

3 അഭിഷിക്തനായ പുരോഹിതന്‍ ജനത്തിന്മേല്‍ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കില്‍ താന്‍ ചെയ്ത പാപം നിമിത്തം അവന്‍ യഹോവേക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അര്‍പ്പിക്കേണം.

4 അവന്‍ ആ കാളയെ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നു കാളയുടെ തലയില്‍ കൈവെച്ചു യഹോവയുടെ സന്നിധിയില്‍ കാളയെ അറുക്കേണം.

5 അഭിഷിക്തനായ പുരോഹിതന്‍ കാളയുടെ രക്തം കുറെ എടുത്തു സമാഗമനക്കുടാരത്തില്‍ കൊണ്ടുവരേണം.

6 പുരോഹിതന്‍ രക്തത്തില്‍ വിരല്‍ മുക്കി യഹോവയുടെ സന്നിധിയില്‍ വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലെക്കു മുമ്പില്‍ ഏഴു പ്രാവശ്യം തളിക്കേണം.

7 പുരോഹിതന്‍ രക്തം കുറെ യഹോവയുടെ സന്നിധിയില്‍ സമാഗമന കൂടാരത്തിലുള്ള സുഗന്ധവര്‍ഗ്ഗത്തിന്‍ ധൂപപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടേണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ ഉള്ള ഹോമയാഗ പീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.

8 പാപയാഗത്തിന്നുള്ള കാളയുടെ സകല മേദസ്സും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും അതില്‍നിന്നു നീക്കേണം.

9 മൂത്രപിണ്ഡം രണ്ടും അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും അവന്‍ എടുക്കേണം.

10 സമാധാനയാഗത്തിന്നുള്ള കാളയില്‍നിന്നു എടുത്തതുപോലെ തന്നേ; പുരോഹിതന്‍ ഹോമയാഗപീഠത്തിന്മേല്‍ അതു ദഹിപ്പിക്കേണം.

11 കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി കാളയെ മുഴുവനും

12 അവന്‍ പാളയത്തിന്നു പുറത്തു വെണ്ണീര്‍ ഇടുന്ന വെടിപ്പുള്ള സ്ഥലത്തു കൊണ്ടുപോയി വിറകിന്മേല്‍ വെച്ചു തീയിട്ടു ചുട്ടുകളയേണം; വെണ്ണീര്‍ ഇടുന്നേടത്തു വെച്ചുതന്നേ അതു ചുട്ടുകളയേണം.

13 യിസ്രായേല്‍സഭ മുഴുവനും അബദ്ധവശാല്‍ പിഴെക്കയും ആ കാര്യം സഭയുടെ കണ്ണിന്നു മറഞ്ഞിരിക്കയും, ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അവര്‍ പാപം ചെയ്തു കുറ്റക്കാരായി തീരുകയും ചെയ്താല്‍,

14 ചെയ്ത പാപം അവര്‍ അറിയുമ്പോള്‍ സഭ ഒരു കാളക്കിടാവിനെ പാപയാഗമായി അര്‍പ്പിക്കേണം; സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ടു

15 സഭയുടെ മൂപ്പന്മാര്‍ യഹോവയുടെ സന്നിധിയില്‍ കാളയുടെ തലയില്‍ കൈ വെക്കേണം; യഹോവയുടെ സന്നിധിയില്‍ കാളയെ അറുക്കയും വേണം.

16 അഭിഷിക്തനായ പുരോഹിതന്‍ കാളയുടെ രക്തം കുറെ സമാഗമനക്കുടാരത്തില്‍ കൊണ്ടുവരേണം.

17 പുരോഹിതന്‍ രക്തത്തില്‍ വിരല്‍ മുക്കി യഹോവയുടെ സന്നിധിയില്‍ തിരശ്ശീലെക്കു മുമ്പില്‍ ഏഴു പ്രാവശ്യം തളിക്കേണം.

18 അവന്‍ സമാഗമനക്കുടാരത്തില്‍ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളില്‍ കുറെ പുരട്ടേണം; ശേഷം രക്തം മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.

19 അതിന്റെ മേദസ്സു ഒക്കെയും അവന്‍ അതില്‍നിന്നു എടുത്തു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം.

20 പാപയാഗത്തിന്നുള്ള കാളയെ അവന്‍ ചെയ്തതുപോലെ തന്നേ ഈ കാളയെയും ചെയ്യേണം; അങ്ങനെ തന്നേ ഇതിനെയും ചെയ്യേണം; ഇങ്ങനെ പുരോഹിതന്‍ അവര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവരോടു ക്ഷമിക്കും.

21 പിന്നെ അവന്‍ കാളയെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയേണം; ഇതു സഭെക്കുവേണ്ടിയുള്ള പാപയാഗം.

22 ഒരു പ്രമാണി പാപം ചെയ്കയും, ചെയ്യരുതെന്നു തന്റെ ദൈവമായ യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാല്‍ പിഴെച്ചു കുറ്റക്കാരനായി തീരുകയും ചെയ്താല്‍

23 അവന്‍ ചെയ്ത പാപം അവന്നു ബോദ്ധ്യമായി എങ്കില്‍ അവന്‍ ഊനമില്ലാത്ത ഒരു ആണ്‍ കോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം.

24 അവന്‍ ആട്ടിന്റെ തലയില്‍ കൈവെച്ചു യഹോവയുടെ സന്നിധിയില്‍ ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ അറുക്കേണം; അതു ഒരു പാപയാഗം.

25 പിന്നെ പുരോഹിതന്‍ പാപയാഗത്തിന്റെ രക്തം വിരല്‍കൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടി ശേഷം രക്തം ഹോമയാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.

26 അതിന്റെ മേദസ്സു ഒക്കെയും അവന്‍ സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്റെ പാപം നിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.

27 ദേശത്തെ ജനത്തില്‍ ഒരുത്തന്‍ ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അബദ്ധവശാല്‍ പിഴെച്ചു കുറ്റക്കാരനായി തീര്‍ന്നാല്‍

28 പാപം അവന്നു ബോദ്ധ്യമായി എങ്കില്‍ അവന്‍ ചെയ്ത പാപം നിമിത്തം ഊനമില്ലാത്ത ഒരു പെണ്‍കോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം.

29 പാപയാഗമൃഗത്തിന്റെ തലയില്‍ അവന്‍ കൈ വെച്ചിട്ടു ഹോമയാഗത്തിന്റെ സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെ അറുക്കേണം.

30 പുരോഹിതന്‍ അതിന്റെ രക്തം വിരല്‍കൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.

31 അതിന്റെ മേദസ്സു ഒക്കെയും സമാധാനയാഗത്തില്‍നിന്നു മേദസ്സു എടുക്കുന്നതുപോലെ എടുത്തു പുരോഹിതന്‍ യാഗപീഠത്തിന്മേല്‍ യഹോവേക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.

32 അവന്‍ പാപയാഗമായി ഒരു ആട്ടിന്‍ കുട്ടിയെ കൊണ്ടുവരുന്നു എങ്കില്‍ ഊനമില്ലാത്ത പെണ്ണാട്ടിനെ കൊണ്ടുവരേണം.

33 പാപയാഗമൃഗത്തിന്റെ തലയില്‍ അവന്‍ കൈവെച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ പാപയാഗമായി അറുക്കേണം.

34 പുരോഹിതന്‍ പാപയാഗത്തിന്റെ രക്തം വിരല്‍കൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചുകളയേണം.

35 അതിന്റെ മേദസ്സു ഒക്കെയും സമാധാനയാഗത്തില്‍നിന്നു ആട്ടിന്‍ കുട്ടിയുടെ മേദസ്സു എടുക്കുന്നതുപോലെ അവന്‍ എടുക്കേണം; പുരോഹിതന്‍ യാഗപീഠത്തിന്മേല്‍ യഹോവയുടെ ദഹനയാഗങ്ങളെപ്പോലെ അവയെ ദഹിപ്പിക്കേണം; അവന്‍ ചെയ്ത പാപത്തിന്നു പുരോഹിതന്‍ ഇങ്ങനെ പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.