ഘട്ടം 33

പഠനം

     

ലേവ്യപുസ്തകം 8

1 യഹോവ പിന്നെയും മോശെയോടുനീ അഹരോനെയും അവനോടുകൂടെ

2 അവന്റെ പുത്രന്മാരെയും വസ്ത്രം, അഭിഷേകതൈലം, പാപയാഗത്തിന്നുള്ള കാള, രണ്ടു ആട്ടുകൊറ്റന്മാര്‍, കൊട്ടയില്‍ പുളിപ്പില്ലാത്ത അപ്പം എന്നിവയുമായി കൊണ്ടുവരികയും

3 സഭയെ മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ കൂട്ടുകയും ചെയ്ക എന്നു കല്പിച്ചു.

4 യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; സഭ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ വന്നുകൂടി.

5 മോശെ സഭയോടുയഹോവ കല്പിച്ച കാര്യം ഇതാകുന്നു എന്നു പറഞ്ഞു.

6 മോശെ അഹരോനെയും പുത്രന്മാരെയും അടുക്കല്‍ വരുത്തി അവരെ വെള്ളം കൊണ്ടു കഴുകി.

7 അവനെ ഉള്ളങ്കി ഇടുവിച്ചു നടക്കെട്ടു കെട്ടിച്ചു അങ്കി ധരിപ്പിച്ചു ഏഫോദ് ഇടുവിച്ചു ഏഫോദിന്റെ ചിത്രപ്പണിയായ നടക്കെട്ടു കെട്ടിച്ചു അതിനാല്‍ അതു മുറുക്കി.

8 അവനെ പതക്കം ധരിപ്പിച്ചു; പതക്കത്തില്‍ ഊറീമും തുമ്മീമും വെച്ചു.

9 അവന്റെ തലയില്‍ മുടി വെച്ചു; മുടിയുടെ മേല്‍ മുന്‍ വശത്തു വിശുദ്ധകിരീടമായ പൊന്‍ പട്ടം വെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

10 മോശെ അഭിഷേകതൈലം എടുത്തു കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.

11 അതില്‍ കുറെ അവന്‍ യാഗപീഠത്തിന്മേല്‍ ഏഴു പ്രാവശ്യം തളിച്ചു യാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.

12 അവന്‍ അഹരോന്റെ തലയില്‍ അഭിഷേകതൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.

13 മോശെ അഹരോന്റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ടു കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

14 അവന്‍ പാപയാഗത്തിന്നുള്ള കാളയെ കൊണ്ടുവന്നുപാപയാഗത്തിന്നുള്ള കാളയുടെ തലയില്‍ അഹരോനും പുത്രന്മാരും കൈ വെച്ചു.

15 അവന്‍ അതിനെ അറുത്തു; മോശെ അതിന്റെ രക്തം എടുത്തു വിരല്‍കൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളില്‍ ചുറ്റും പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു; ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചു, അതിന്നുവേണ്ടി പ്രാശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിച്ചു;

16 കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും മോശെ എടുത്തു യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു.

17 എന്നാല്‍ കാളയെയും അതിന്റെ തോല്‍, മാംസം, ചാണകം എന്നിവയെയും അവന്‍ പാളയത്തിന്നു പുറത്തു തീയില്‍ ഇട്ടു ചുട്ടുകളഞ്ഞു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

18 അവന്‍ ഹോമയാഗത്തിന്നുള്ള ആട്ടുകൊറ്റനെയും കൊണ്ടുവന്നുഅഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയില്‍ കൈ വെച്ചു.

19 അവന്‍ അതിനെ അറുത്തു; മോശെ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിച്ചു.

20 ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി ഖണ്ഡിച്ചു; മോശെ തലയും ഖണ്ഡങ്ങളും മേദസ്സും ദഹിപ്പിച്ചു.

21 അവന്‍ അതിന്റെ കുടലും കാലും വെള്ളംകൊണ്ടുകഴുകി; മോശെ ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു; ഇതു സൌരഭ്യവാസനയായ ഹോമയാഗമായി യഹോവേക്കുള്ള ധഹനയാഗം; യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.

22 അവന്‍ കരപൂരണത്തിന്നുള്ള ആട്ടുകൊറ്റനായ മറ്റെ ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയില്‍ കൈവെച്ചു.

23 അവന്‍ അതിനെ അറുത്തു; മോശെ അതിന്റെ രക്തം കുറെ എടുത്തു അഹരോന്റെ വലത്തെ കാതിന്മേലും വലത്തെ കയ്യുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി.

24 അവന്‍ അഹരോന്റെ പുത്രന്മാരെയും വരുത്തി; മോശെ രക്തം കുറെ അവരുടെ വലത്തെ കാതിന്മേലും വലത്തെ കയ്യുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി; ശേഷം രക്തം മോശെ യാഗപീഠത്തിന്മേല്‍ ചുറ്റും തളിച്ചു.

25 മേദസ്സും തടിച്ചവാലും കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും വലത്തെ കൈക്കുറകും അവന്‍ എടുത്തു,

26 യഹോവയുടെ സന്നിധിയിലുള്ള പുളിപ്പില്ലാത്ത അപ്പം ഇരിക്കുന്ന കൊട്ടയില്‍ നിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണയപ്പമായ ഒരു ദോശയും ഒരു വടയും എടുത്തു മേദസ്സിന്മേലും കൈക്കുറകിന്മേലും വെച്ചു.

27 അവയൊക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവേക്കു നീരാജനം ചെയ്തു.

28 പിന്നെ മോശെ അവയെ അവരുടെ കയ്യില്‍നിന്നു എടുത്തു യാഗപീഠത്തിന്മേല്‍ യാഗത്തിന്‍ മീതെ ദഹിപ്പിച്ചു. ഇതു സൌരഭ്യവാസനയായ കരപൂരണയാഗം, യഹോവേക്കുള്ള ദഹനയാഗം തന്നേ.

29 മോശെ അതിന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്തു; അതു കരപൂരണത്തിന്റെ ആട്ടുകൊറ്റനില്‍ മോശെക്കുള്ള ഔഹരി ആയിരുന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

30 മോശെ അഭിഷേകതൈലവും യാഗപീഠത്തിന്മേലുള്ള രക്തവും കുറേശ്ശ എടുത്തു അഹരോന്റെ മേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെ മേലും പുത്രന്മാരുടെ വസ്ത്രത്തിന്മേലും തളിച്ചു; അഹരോനെയും അവന്റെ വസ്ത്രത്തെയും അവന്റെ പുത്രന്മാരെയും പുത്രന്മാരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.

31 അഹരോനോടും അവന്റെ പുത്രന്മാരോടും മോശെ പറഞ്ഞതു എന്തെന്നാല്‍മാംസം നിങ്ങള്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു പാകംചെയ്തു, അഹരോനും പുത്രന്മാരും അതു തിന്നേണമെന്നു എനിക്കു കല്പനയുണ്ടായതുപോലെ അവിടെവെച്ചു അതും കരപൂരണത്തിന്റെ കൊട്ടയില്‍ ഇരിക്കുന്ന അപ്പവും തിന്നുവിന്‍ .

32 മാംസത്തിലും അപ്പത്തിലും ശേഷിക്കുന്നതു നിങ്ങള്‍ തീയില്‍ ഇട്ടു ചുട്ടുകളയേണം.

33 നിങ്ങളുടെ കരപൂരണദിവസങ്ങള്‍ തികയുവോളം നിങ്ങള്‍ ഏഴു ദിവസത്തേക്കു സമാഗമനക്കുടാരത്തിന്റെ വാതില്‍ വിട്ടു പുറത്തു പോകരുതു; ഏഴു ദിവസം അവന്‍ നിങ്ങള്‍ക്കു കരപൂരണം ചെയ്യും.

34 നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഇന്നു ചെയ്തതുപോലെ ഇനിയും ചെയ്യേണ്ടതിന്നു യഹോവ കല്പിച്ചിരിക്കുന്നു.

35 ആകയാല്‍ നിങ്ങള്‍ മരിക്കാതിരിപ്പാന്‍ ഏഴു ദിവസം രാവും പകലും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ പാര്‍ത്തു യഹോവയുടെ കല്പന അനുസരിക്കേണം; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.

36 യഹോവ മോശെമുഖാന്തരം കല്പിച്ച സകല കാര്യങ്ങളെയും അഹരോനും അവന്റെ പുത്രന്മാരും ചെയ്തു.

ലേവ്യപുസ്തകം 9

1 എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേല്‍മൂപ്പന്മാരെയും വിളിച്ചു,

2 അഹരോനോടു പറഞ്ഞതു എന്തെന്നാല്‍നീ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ഹോമയാഗത്തിന്നായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്തു യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കേണം.

3 എന്നാല്‍ യിസ്രായേല്‍മക്കളോടു നീ പറയേണ്ടതു എന്തെന്നാല്‍യഹോവയുടെ സന്നിധിയില്‍ യാഗം കഴിക്കേണ്ടതിന്നു നിങ്ങള്‍ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കോലാട്ടിനെയും ഹോമയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത ഒരു ചെമ്മരിയാട്ടിന്‍ കുട്ടിയെയും

4 സമാധാനയാഗത്തിന്നായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണ ചേര്‍ത്ത ഭോജനയാഗത്തെയും എടുപ്പിന്‍ ; യഹോവ ഇന്നു നിങ്ങള്‍ക്കു പ്രത്യക്ഷനാകും.

5 മോശെ കല്പിച്ചവയെ അവര്‍ സമാഗമനക്കുടാരത്തിന്നു മുമ്പില്‍ കൊണ്ടു വന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയില്‍ നിന്നു.

6 അപ്പോള്‍ മോശെനിങ്ങള്‍ ചെയ്യേണമെന്നു യഹോവ കല്പിച്ച കാര്യം ഇതു ആകുന്നു; യഹോവയുടെ തേജസ്സു നിങ്ങള്‍ക്കു പ്രത്യക്ഷമാകും എന്നു പറഞ്ഞു.

7 അഹരോനോടു മോശെനീ യാഗപീഠത്തിന്റെ അടുക്കല്‍ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അര്‍പ്പിച്ചു നിനക്കും ജനത്തിന്നുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാടു അര്‍പ്പിച്ചു അവര്‍ക്കായിട്ടും പ്രാശ്ചിത്തം കഴിക്ക എന്നു പറഞ്ഞു.

8 അങ്ങനെ അഹരോന്‍ യാഗപീഠത്തിന്റെ അടുക്കല്‍ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിന്നുള്ള കാളകൂട്ടിയെ അറുത്തു;

10 പാപയാഗത്തിന്റെ മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും അവന്‍ യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

11 അതിന്റെ മാംസവും തോലും അവന്‍ പാളയത്തിന്നു പുറത്തു തീയില്‍ ഇട്ടു ചുട്ടുകളഞ്ഞു.

12 അവന്‍ ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാര്‍ അതിന്റെ രക്തം അവന്റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ അതു യാഗപീഠത്തിന്മേല്‍ ചുറ്റും തളിച്ചു.

13 അവര്‍ ഖണ്ഡംഖണ്ഡമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു അവന്‍ അവയെ യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു.

14 അവന്‍ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേല്‍ ഹോമയാഗത്തിന്‍ മീതെ ദഹിപ്പിച്ചു.

15 അവന്‍ ജനത്തിന്റെ വഴിപാടുകൊണ്ടുവന്നുജനത്തിന്നുവേണ്ടി പാപയാഗത്തിന്നുള്ള കോലാടിനെ പിടിച്ചു അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അര്‍പ്പിച്ചു.

16 അവന്‍ ഹോമയാഗംകൊണ്ടു വന്നു അതും നിയമപ്രകാരം അര്‍പ്പിച്ചു.

17 അവന്‍ ഭോജനയാഗം കൊണ്ടുവന്നു അതില്‍ നിന്നു കൈനിറെച്ചു എടുത്തു കാലത്തെ ഹോമയാഗത്തിന്നു പുറമെ യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു.

18 പിന്നെ അവന്‍ ജനത്തിന്നുവേണ്ടി സമാധാനയാഗത്തിന്നുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാര്‍ അതിന്റെ രക്തം അവന്റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ അതു യാഗപീഠത്തിന്മേല്‍ ചുറ്റും തളിച്ചു.

19 കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും കൊണ്ടുവന്നു.

20 അവര്‍ മേദസ്സു നെഞ്ചുകണ്ടങ്ങളുടെമേല്‍ വെച്ചു; അവന്‍ മേദസ്സു യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു.

21 എന്നാല്‍ നെഞ്ചുകണ്ടങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോന്‍ യഹോവയുടെ സന്നിധിയില്‍ നീരാജാനാര്‍പ്പണമായി നീരാജനം ചെയ്തു.

22 പിന്നെ അഹരോന്‍ ജനത്തിന്നു നേരെ കൈ ഉയര്‍ത്തി അവരെ ആശീര്‍വ്വദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അര്‍പ്പിച്ചിട്ടു അവന്‍ ഇറങ്ങിപ്പോന്നു.

23 മോശെയും അഹരോനും സമാഗമനക്കുടാരത്തില്‍ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീര്‍വ്വദിച്ചു; അപ്പോള്‍ യഹോവയുടെ തേജസ്സു സകല ജനത്തിന്നും പ്രത്യക്ഷമായി.

24 യഹോവയുടെ സന്നിധിയില്‍നിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേല്‍ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോള്‍ ആര്‍ത്തു സാഷ്ടാംഗം വീണു.

ലേവ്യപുസ്തകം 10

1 അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഔരോ ധൂപകലശം എടുത്തു അതില്‍ തീ ഇട്ടു അതിന്മേല്‍ ധൂപ വര്‍ഗ്ഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നു.

2 ഉടനെ യഹോവയുടെ സന്നിധിയില്‍നിന്നു തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു; അവര്‍ യഹോവയുടെ സന്നിധിയില്‍ മരിച്ചുപോയി.

3 അപ്പോള്‍ മോശെഎന്നോടു അടുക്കുന്നവരില്‍ ഞാന്‍ ശുദ്ധീകരിക്കപ്പെടും; സര്‍വ്വജനത്തിന്റെയും മുമ്പാകെ ഞാന്‍ മഹത്വപ്പെടും എന്നു യഹോവ അരുളിച്ചെയ്തതു ഇതു തന്നേ എന്നു അഹരോനോടു പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.

4 പിന്നെ മോശെ അഹരോന്റെ ഇളയപ്പന്‍ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിച്ചു അവരോടുനിങ്ങള്‍ അടുത്തുചെന്നു നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പില്‍നിന്നു പാളയത്തിന്നു പുറത്തു കൊണ്ടുപോകുവിന്‍ എന്നു പറഞ്ഞു.

5 മോശെ പറഞ്ഞതുപോലെ അവര്‍ അടുത്തു ചെന്നു അവരെ അവരുടെ അങ്കികളോടുകൂടെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി.

6 പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും നിങ്ങള്‍ മരിക്കാതെയും സര്‍വ്വസഭയുടെയും മേല്‍ കോപം വരാതെയും ഇരിപ്പാന്‍ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുതു; നിങ്ങളുടെ വസ്ത്രം കീറുകയും അരുതു; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേല്‍ഗൃഹം ഒക്കെയും യഹോവ ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.

7 നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ വീട്ടു പുറത്തു പോകരുതു; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേല്‍ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവര്‍ മോശെയുടെ വചനംപോലെ തന്നേ ചെയ്തു.

8 യഹോവ അഹരോനോടു അരുളിച്ചെയ്തതു

9 നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തില്‍ കടക്കുമ്പോള്‍ വീഞ്ഞും മദ്യവും കുടിക്കരുതു. ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.

10 ശുദ്ധവും അശുദ്ധവും മലിനവും നിര്‍മ്മലവും തമ്മില്‍ നിങ്ങള്‍ വകതിരിക്കേണ്ടതിന്നും

11 യഹോവ മോശെമുഖാന്തരം യിസ്രായേല്‍മക്കളോടു കല്പിച്ച സകലപ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിന്നും തന്നേ.

12 അഹരോനോടും അവന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാല്‍യഹോവയുടെ ദഹനയാഗങ്ങളില്‍ ശേഷിപ്പുള്ള ഭോജനയാഗം നിങ്ങള്‍ എടുത്തു യാഗപീഠത്തിന്റെ അടുക്കല്‍ വെച്ചു പുളിപ്പില്ലാത്തതായി ഭക്ഷിപ്പിന്‍ ; അതു അതിവിശുദ്ധം.

13 അതു ഒരു വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കേണം; യഹോവയുടെ ദഹനയാഗങ്ങളില്‍ അതു നിനക്കുള്ള അവകാശവും നിന്റെ പുത്രന്മാര്‍ക്കുംള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.

14 നിരാജനത്തിന്റെ നെഞ്ചും ഉദര്‍ച്ചയുടെ കൈക്കുറകും നീയും നിന്റെ പുത്രന്മാരും പുത്രിമാരും വെടിപ്പുള്ളോരു സ്ഥലത്തു വെച്ചു തിന്നേണം; യിസ്രായേല്‍മക്കളുടെ സമാധാനയാഗങ്ങളില്‍ അവ നിനക്കുള്ള അവകാശവും നിന്റെ മക്കള്‍ക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു.

15 മേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവര്‍ യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണ്ടതിന്നു ഉദര്‍ച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചുംകൊണ്ടു വരേണം; അതു യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കള്‍ക്കും ഇരിക്കേണം.

16 പിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താല്‍പര്യമായി അന്വേഷിച്ചു; എന്നാല്‍ അതു ചുട്ടുകളഞ്ഞിരുന്നു; അപ്പോള്‍ അവന്‍ അഹരോന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു

17 പാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളവാനും അവര്‍ക്കുംവേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തം കഴിപ്പാനും നിങ്ങള്‍ക്കു തന്നതുമായിരിക്കെ നിങ്ങള്‍ അതു ഒരു വിശുദ്ധ സ്ഥലത്തുവെച്ചു ഭക്ഷിക്കാഞ്ഞതു എന്തു?

18 അതിന്റെ രക്തം വിശുദ്ധമന്ദിരത്തിന്നകത്തു കൊണ്ടുവന്നില്ലല്ലോ; ഞാന്‍ ആജ്ഞാപിച്ചതു പോലെ നിങ്ങള്‍ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു ഭക്ഷിക്കേണ്ടതായിരുന്നു എന്നു പറഞ്ഞു.

19 അപ്പോള്‍ അഹരോന്‍ മോശെയോടുഇന്നു അവര്‍ തങ്ങളുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയില്‍ അര്‍പ്പിച്ചു; എനിക്കു ഇങ്ങനെ ഭവിച്ചുവല്ലോ. ഇന്നു ഞാന്‍ പാപയാഗം ഭക്ഷിച്ചു എങ്കില്‍ അതു യഹോവേക്കു പ്രസാദമായിരിക്കുമോ എന്നു പറഞ്ഞു.

20 ഇതു കേട്ടപ്പോള്‍ മോശെക്കു ബോധിച്ചു.

ലേവ്യപുസ്തകം 11:1-8

1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു

2 നിങ്ങള്‍ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഭൂമിയിലുള്ള സകലമൃഗങ്ങളിലും നിങ്ങള്‍ക്കു തിന്നാകുന്ന മൃഗങ്ങള്‍ ഇവ

3 മൃഗങ്ങളില്‍ കുളമ്പു പിളര്‍ന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങള്‍ക്കു തിന്നാം.

4 എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നിരിക്കുന്നവയിലും നിങ്ങള്‍ തിന്നരുതാത്തവ ഇവഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കകൊണ്ടു അതു നിങ്ങള്‍ക്കു അശുദ്ധം.

5 കുഴിമുയല്‍; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം.

6 മുയല്‍; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം.

7 പന്നി കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം.

8 ഇവയുടെ മാംസം നിങ്ങള്‍ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്കു അശുദ്ധം.