ഘട്ടം 350

പഠനം

     

തീത്തൊസ് 1

1 നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താല്‍ തക്കസമയത്തു തന്റെ വചനം വെളിപ്പെടുത്തിയ

2 ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി

3 തന്റെ വൃതന്മാരുടെ വിശ്വാസത്തിന്നും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിന്നുമായി ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൌലൊസ്

4 പൊതുവിശ്വാസത്തില്‍ നിജപുത്രനായ തീത്തൊസിന്നു എഴുതുന്നതുപിതാവായ ദൈവത്തിങ്കല്‍ നിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തു യേശുവിങ്കല്‍ നിന്നും, നിനക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

5 ഞാന്‍ ക്രേത്തയില്‍ നിന്നെ വിട്ടേച്ചുപോന്നതുശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാന്‍ നിന്നോടു ആജ്ഞാപിച്ചതു പോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കി വെക്കേണ്ടതിന്നും തന്നേ.

6 മൂപ്പന്‍ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുര്‍ന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം.

7 അദ്ധ്യക്ഷന്‍ ദൈവത്തിന്റെ ഗൃഹവിചാരകനാകയാല്‍ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുര്‍ല്ലാഭമോഹിയും അരുതു.

8 അതിഥിപ്രിയനും സല്‍ഗുണപ്രിയനും സുബോധശീലനും നീതിമാനും നിര്‍മ്മലനും ജിതേന്ദ്രിയനും പത്ഥ്യോപദേശത്താല്‍ പ്രബോധിപ്പിപ്പാനും വിരോധികള്‍ക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.

9 വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ;

10 വിശേഷാല്‍ പരിച്ഛേദനക്കാര്‍ തന്നേ. അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവര്‍ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.

11 ക്രേത്തര്‍ സര്‍വ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരില്‍ ഒരുവന്‍ , അവരുടെ ഒരു വിദ്വാന്‍ തന്നേ, പറഞ്ഞിരിക്കുന്നു.

12 ഈ സാക്ഷ്യം നേര്‍ തന്നേ; അതു നിമിത്തം അവര്‍ വിശ്വാസത്തില്‍ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും

13 യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിന്നും അവരെ കഠിനമായി ശാസിക്ക.

14 ശുദ്ധിയുള്ളവര്‍ക്കും എല്ലാം ശുദ്ധം തന്നേ; എന്നാല്‍ മലിനന്മാര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായി തീര്‍ന്നിരിക്കുന്നു.

15 അവര്‍ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാല്‍ അവനെ നിഷേധിക്കുന്നു. അവര്‍ അറെക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ല കാര്യത്തിന്നും കൊള്ളരുതാത്തവരുമാകുന്നു.

തീത്തൊസ് 2

1 നീയോ പത്ഥ്യോപദേശത്തിന്നു ചേരുന്നതു പ്രസ്താവിക്ക.

2 വൃദ്ധന്മാര്‍ നിര്‍മ്മദവും ഗൌരവവും സുബോധവും ഉള്ളവരും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും ആരോഗ്യമുള്ളവരും ആയിരിക്കേണം എന്നും

3 വൃദ്ധന്മാരും അങ്ങനെ തന്നേ നടപ്പില്‍ പവിത്രയോഗ്യമാരും ഏഷണി പറയാത്തവരും വീഞ്ഞിന്നു അടിമപ്പെടാത്തവരുമായിരിക്കേണം എന്നും

4 ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്നു യൌവനക്കാരത്തികളെ ഭര്‍ത്തൃപ്രിയമാരും

5 പുത്രപ്രിയമാരും സുബോധവും പാതിവ്രത്യമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭര്‍ത്താക്കാന്മാര്‍ക്കും കീഴ്പെടുന്നവരും ആയിരിപ്പിാന്‍ ശീലിപ്പിക്കേണ്ടതിന്നു നന്മ ഉപദേശിക്കുന്നവരായിരിക്കേണം എന്നും പ്രബോധിപ്പിക്ക.

6 അവ്വണ്ണം യൌവനക്കാരെയും സുബോധമുള്ളവരായിരിപ്പാന്‍ പ്രബോധിപ്പിക്ക.

7 വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാന്‍ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സല്‍പ്രവൃത്തികള്‍ക്കു മാതൃകയാക്കി കാണിക്ക.

8 ഉപദേശത്തില്‍ നിര്‍മ്മലതയും ഗൌരവവും ആക്ഷേപിച്ചു കൂടാത്ത പതഥ്യവചനവും ഉള്ളവന്‍ ആയിരിക്ക.

9 ദാസന്മാര്‍ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതിന്നു യജമാനന്മാര്‍ക്കും കീഴടങ്ങി സകലവിധത്തിലും പ്രസാദം വരുത്തുന്നവരും

10 എതിര്‍പറകയോ വഞ്ചിച്ചെടുക്കയോ ചെയ്യാതെ സകലത്തിലും നല്ല വിശ്വസ്തത കാണിക്കുന്നവരുംമായി ഇരിപ്പാന്‍ (കല്പിക്ക).

11 സകലമനുഷ്യര്‍ക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ;

12 നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും

13 കാത്തുകൊണ്ടു ഭക്തിയോടും പ്രപഞ്ചമോഹങ്ങളും വര്‍ജ്ജിച്ചിട്ടു ഈ ലോകത്തില്‍ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളര്‍ത്തുന്നു.

14 അവന്‍ നമ്മെ സകല അധര്‍മ്മത്തില്‍നിന്നും വീണ്ടെടുത്തു സല്‍പ്രവൃത്തികളില്‍ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താന്‍ നമുക്കുവേണ്ടി കൊടുത്തു.

15 ഇതു പൂര്‍ണ്ണഗൌരവത്തോടെ പ്രസംഗിക്കയും പ്രബോധിപ്പിക്കയും ശാസിക്കയും ചെയ്ക. ആരും നിന്നെ തുച്ഛീകരിക്കരുതു.

തീത്തൊസ് 3

1 വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും കീഴടങ്ങി അനുസരിപ്പാനും സകലസല്‍പ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും

2 ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂര്‍ണ്ണസൌമ്യത കാണിപ്പാനും അവരെ ഔര്‍മ്മപ്പെടുത്തുക.

3 മുമ്പെ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങള്‍ക്കും ഭോഗങ്ങള്‍ക്കും അധീനരും ഈര്‍ഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകെക്കുന്നവരും ആയിരുന്നുവല്ലോ.

4 എന്നാല്‍ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോള്‍

5 അവന്‍ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.

6 നാം അവന്റെ കൃപയാല്‍ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനര്‍ജ്ജനനസ്നാനം കൊണ്ടും

7 നമ്മുടെ രക്ഷിതാവായ യേശു ക്രിസ്തുമൂലം നമ്മുടെമേല്‍ ധാരാളമായി പകര്‍ന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.

8 ഈ വചനം വിശ്വാസയോഗ്യം; ദൈവത്തില്‍ വിശ്വസിച്ചവര്‍ സല്‍പ്രവൃത്തികളില്‍ ഉത്സാഹികളായിരിപ്പാന്‍ കരുതേണ്ടതിന്നു നീ ഇതു ഉറപ്പിച്ചു പറയേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. ഇതു ശുഭവും മനുഷ്യര്‍ക്കും ഉപകാരവും ആകുന്നു.

9 മൌഢ്യതര്‍ക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനില്‍ക്ക. ഇവ നിഷ്പ്രയോജനവും വ്യര്‍ത്ഥവുമല്ലോ.

10 സഭയില്‍ ഭിന്നത വരുത്തുന്ന മനുഷ്യനോടു ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക;

11 ഇങ്ങനെയുള്ളവന്‍ വക്രബുദ്ധിയായി പാപം ചെയ്തു തന്നെത്താന്‍ കുറ്റം വിധിച്ചിരിക്കുന്നു എന്നു നിനക്കു അറിയാമല്ലോ.

12 ഞാന്‍ അര്‍ത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ടു അയക്കുമ്പോള്‍ നിക്കൊപ്പൊലിസില്‍ വന്നു എന്നോടു ചേരുവാന്‍ ശ്രമിക്ക. അവിടെ ഞാന്‍ ശീതകാലം കഴിപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു.

13 ന്യായശാസ്ത്രിയായ സേനാസിന്നു അപ്പൊല്ലോസിന്നും ഒരു മുട്ടും വരാതവണ്ണം ഉത്സാഹിച്ചു വഴിയാത്ര അയക്ക.

14 നമുക്കുള്ളവരും ഫലമില്ലാത്തവര്‍ ആകാതെ അത്യാവശ്യസംഗതികളില്‍ സല്‍പ്രവൃത്തികള്‍ക്കു മുമ്പരായിരിപ്പാന്‍ പഠിക്കട്ടെ.

15 എന്നോടുകൂടെയുള്ളവര്‍ എല്ലാവരും നിനക്കു വന്ദനം ചെല്ലുന്നു. ഞങ്ങളെ വിശ്വാസത്തില്‍ സ്നേഹിക്കുന്നവര്‍ക്കും വന്ദനം ചൊല്ലുക. കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ