ഘട്ടം 354

പഠനം

     

എബ്രായർ 11

1 വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.

2 അതിനാലല്ലോ പൂര്‍വ്വന്മാര്‍ക്കും സാക്ഷ്യം ലഭിച്ചതു.

3 ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താല്‍ നിര്‍മ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താല്‍ അറിയുന്നു.

4 വിശ്വാസത്താല്‍ ഹാബേല്‍ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാല്‍ അവന്നു നീതിമാന്‍ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവന്‍ വിശ്വാസത്താല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.

5 വിശ്വാസത്താല്‍ ഹനോക്‍ മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാല്‍ കാണാതെയായി. അവന്‍ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവന്‍ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.

6 എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്കും പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.

7 വിശ്വാസത്താല്‍ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീര്‍ത്തു; അതിനാല്‍ അവന്‍ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീര്‍ന്നു.

8 വിശ്വാസത്താല്‍ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാന്‍ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.

9 വിശ്വാസത്താല്‍ അവന്‍ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളില്‍ പാര്‍ത്തുകൊണ്ടു

10 ദൈവം ശില്പിയായി നിര്‍മ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.

11 വിശ്വാസത്താല്‍ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തന്‍ എന്നു എണ്ണുകയാല്‍ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു.

12 അതുകൊണ്ടു ഒരുവന്നു, മൃതപ്രായനായവന്നു തന്നേ, പെരുപ്പത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണല്‍പോലെയും സന്തതി ജനിച്ചു.

13 ഇവര്‍ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയില്‍ തങ്ങള്‍ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തില്‍ മരിച്ചു.

14 ഇങ്ങനെ പറയുന്നവര്‍ ഒരു പിതൃദേശം അന്വേഷിക്കുന്നു എന്നു കാണിക്കുന്നു.

15 അവര്‍ വിട്ടുപോന്നതിനെ ഔര്‍ത്തു എങ്കില്‍ മടങ്ങിപ്പോകുവാന്‍ ഇട ഉണ്ടായിരുന്നുവല്ലോ.

16 അവരോ അധികം നല്ലതിനെ, സ്വര്‍ഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാല്‍ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാന്‍ ലജ്ജിക്കുന്നില്ല; അവന്‍ അവര്‍ക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.

17 വിശ്വാസത്താല്‍ അബ്രാഹാം താന്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍ യിസ്ഹാക്കിനെ യാഗം അര്‍പ്പിച്ചു.

18 യിസ്ഹാക്കില്‍നിന്നു ജനിക്കുന്നവര്‍ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവന്‍ തന്റെ ഏകജാതനെ അര്‍പ്പിച്ചു;

19 മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിപ്പാന്‍ ദൈവം ശക്തന്‍ എന്നു എണ്ണുകയും അവരുടെ ഇടയില്‍നിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.

20 വിശ്വാസത്താല്‍ യിസ്ഹാക്‍ യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചു.

21 വിശ്വാസത്താല്‍ യാക്കോബ് മരണകാലത്തിങ്കല്‍ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു.

22 വിശ്വാസത്താല്‍ യോസേഫ് താന്‍ മരിപ്പാറായപ്പോള്‍ യിസ്രായേല്‍മക്കളുടെ പുറപ്പാടിന്റെ കാര്യം ഔര്‍പ്പിച്ചു, തന്റെ അസ്ഥികളെക്കുറിച്ചു കല്പനകൊടുത്തു.

23 വിശ്വാസത്താല്‍ മോശെയുടെ ജനനത്തിങ്കല്‍ ശിശു സുന്ദരന്‍ എന്നു അമ്മയപ്പന്മാര്‍ കണ്ടുരാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.

24 വിശ്വാസത്താല്‍ മോശെ താന്‍ വളര്‍ന്നപ്പോള്‍ പാപത്തിന്റെ തല്‍ക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.

25 പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകന്‍ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും

26 മിസ്രയീമിലെ നിക്ഷേപങ്ങളെക്കാള്‍ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.

27 വിശ്വാസത്താല്‍ അവന്‍ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനില്‍ക്കയാല്‍ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.

28 വിശ്വാസത്താല്‍ അവന്‍ കടിഞ്ഞൂലുകളുടെ സംഹാരകന്‍ അവരെ തൊടാതിരിപ്പാന്‍ പെസഹയും ചോരത്തളിയും ആചരിച്ചു.

29 വിശ്വാസത്താല്‍ അവര്‍ കരയില്‍ എന്നപോലെ ചെങ്കടലില്‍ കൂടി കടന്നു; അതു മിസ്രയീമ്യര്‍ ചെയ്‍വാന്‍ നോക്കീട്ടു മുങ്ങിപ്പോയി.

30 വിശ്വാസത്താല്‍ അവര്‍ ഏഴു ദിവസം ചുറ്റിനടന്നപ്പോള്‍ യെരീഹോമതില്‍ ഇടിഞ്ഞുവീണു.

31 വിശ്വാസത്താല്‍ റാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടു അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു.

32 ഇനി എന്തുപറയേണ്ടു? ഗിദ്യോന്‍ , ബാരാക്ക്, ശിംശോന്‍ , യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേല്‍ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാന്‍ സമയം പോരാ.

33 വിശ്വാസത്താല്‍ അവര്‍ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടെച്ചു

34 തീയുടെ ബലം കെടുത്തു, വാളിന്റെ വായക്കു തെറ്റി, ബലഹീനതയില്‍ ശക്തി പ്രാപിച്ചു, യുദ്ധത്തില്‍ വീരന്മാരായിതീര്‍ന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഔടിച്ചു.

35 സ്ത്രീകള്‍ക്കു തങ്ങളുടെ മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്പിനാല്‍ തിരികെ കിട്ടി; മറ്റു ചിലര്‍ ഏറ്റവും നല്ലൊരു ഉയിര്‍ത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു.

36 വേറെ ചിലര്‍ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.

37 കല്ലേറു ഏറ്റു, ഈര്‍ച്ചവാളാല്‍ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാല്‍ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടേയും തോല്‍ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു,

38 കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളര്‍പ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവര്‍ക്കും യോഗ്യമായിരുന്നില്ല.

39 അവര്‍ എല്ലാവരും വിശ്വാസത്താല്‍ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല.

40 അവര്‍ നമ്മെ കൂടാതെ രക്ഷാപൂര്‍ത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുന്‍ കരുതിയിരുന്നു.

എബ്രായർ 12

1 ആകയാല്‍ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നിലക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില്‍ വെച്ചിരിക്കുന്ന ഔട്ടം സ്ഥിരതയോടെ ഔടുക.

2 വിശ്വാസത്തിന്റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പില്‍ വെച്ചിരുന്ന സന്തോഷം ഔര്‍ത്തു അവന്‍ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.

3 നിങ്ങളുടെ ഉള്ളില്‍ ക്ഷീണിച്ചു മടുക്കാതിരിപ്പാന്‍ പാപികളാല്‍ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊള്‍വിന്‍ .

4 പാപത്തോടു പോരാടുന്നതില്‍ നിങ്ങള്‍ ഇതുവരെ പ്രാണത്യാഗത്തോളം എതിര്‍ത്തു നിന്നിട്ടില്ല.

5 “മകനേ, കര്‍ത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവന്‍ ശാസിക്കുമ്പോള്‍ മുഷികയുമരുതു.

6 കര്‍ത്താവു താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താന്‍ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങള്‍ മറന്നുകളഞ്ഞുവോ?

7 നിങ്ങള്‍ ബാലശിക്ഷ സഹിച്ചാല്‍ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പന്‍ ശിക്ഷിക്കാത്ത മകന്‍ എവിടെയുള്ളു?

8 എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കില്‍ നിങ്ങള്‍ മക്കളല്ല കൌലടേയന്മാരത്രേ.

9 നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാര്‍ നമ്മെ ശിക്ഷിച്ചപ്പോള്‍ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?

10 അവര്‍ ശിക്ഷിച്ചതു കുറെക്കാലവും തങ്ങള്‍ക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു.

11 ഏതു ശിക്ഷയും തല്‍ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാല്‍ അഭ്യാസം വന്നവര്‍ക്കും നീതി എന്ന സമാധാന ഫലം ലഭിക്കും.

12 ആകയാല്‍ തളര്‍ന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവിര്‍ത്തുവിന്‍ .

13 മുടന്തുള്ളതു ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിന്നു നിങ്ങളുടെ കാലിന്നു പാത നിരത്തുവിന്‍ .

14 എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാന്‍ ഉത്സാഹിപ്പിന്‍ . ശുദ്ധീകരണം കൂടാതെ ആരും കര്‍ത്താവിനെ കാണുകയില്ല.

15 ആരും ദൈവകൃപ വിട്ടുപിന്‍ മാറുകയും വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകര്‍ അതിനാല്‍ മലിനപ്പെടുകയും ആരും ദുര്‍ന്നടപ്പുകാരനോ, ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാന്‍ കരുതിക്കൊള്‍വിന്‍ .

16 അവന്‍ പിന്നത്തേതില്‍ അനുഗ്രഹം ലഭിപ്പാന്‍ ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന്നു ഇട കണ്ടില്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.

17 സ്ഥൂലമായതും തീ കത്തുന്നതുമായ പര്‍വ്വതത്തിന്നും മേഘതമസ്സ്, കൂരിരുട്ടു, കൊടുങ്കാറ്റു, കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവേക്കും അടുക്കല്‍ അല്ലല്ലോ നിങ്ങള്‍ വന്നിരിക്കുന്നതു.

18 ആ ശബ്ദം കേട്ടവര്‍ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്നു അപേക്ഷിച്ചു.

19 ഒരു മൃഗം എങ്കിലും പര്‍വ്വതം തൊട്ടാല്‍ അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള കല്പന അവര്‍ക്കും സഹിച്ചുകൂടാഞ്ഞു.

20 ഞാന്‍ അത്യന്തം പേടിച്ചു വിറെക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭയങ്കരമായിരുന്നു.

21 പിന്നെയോ സീയോന്‍ പര്‍വ്വതത്തിന്നും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വര്‍ഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സര്‍വ്വസംഘത്തിന്നും സ്വര്‍ഗ്ഗത്തില്‍ പേരെഴുതിയിരിക്കുന്ന

22 ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കള്‍ക്കും

23 പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാള്‍ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങള്‍ വന്നിരിക്കുന്നതു.

24 അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാന്‍ നോക്കുവിന്‍ . ഭൂമിയില്‍ അരുളിച്ചെയ്തവനെ നിരസിച്ചവര്‍ തെറ്റി ഒഴിയാതിരുന്നു എങ്കില്‍ സ്വര്‍ഗ്ഗത്തില്‍നിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാല്‍ എത്ര അധികം.

25 അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാന്‍ ഇനി ഒരിക്കല്‍ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവന്‍ വാഗ്ദത്തം ചെയ്തു.

26 “ഇനി ഒരിക്കല്‍” എന്നതു, ഇളക്കമില്ലാത്തതു നിലനില്‍ക്കേണ്ടതിന്നു നിര്‍മ്മിതമായ ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.

27 ആകയാല്‍ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക.

28 നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.

എബ്രായർ 13

1 സഹോദരപ്രീതി നിലനില്‍ക്കട്ടെ, അതിഥിസല്‍ക്കാരം മറക്കരുതു.

2 അതിനാല്‍ ചിലര്‍ അറിയാതെ ദൈവദൂതന്മാരെ സല്കരിച്ചിട്ടുണ്ടല്ലോ.

3 നിങ്ങളും തടവുകാര്‍ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തില്‍ ഇരിക്കുന്നവരാകയാല്‍ കഷ്ടമനുഭവിക്കുന്നവരെയും ഔര്‍ത്തുകൊള്‍വിന്‍ .

4 വിവാഹം എല്ലാവര്‍ക്കും മാന്യവും കിടക്ക നിര്‍മ്മലവും ആയിരിക്കട്ടെ; എന്നാല്‍ ദുര്‍ന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.

5 നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍ ; “ഞാന്‍ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവന്‍ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.

6 ആകയാല്‍ “കര്‍ത്താവു എനിക്കു തുണ; ഞാന്‍ പേടിക്കയില്ല; മനുഷ്യന്‍ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്‍യ്യത്തോടെ പറയാം.

7 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഔര്‍ത്തുകൊള്‍വിന്‍ ; അവരുടെ ജീവാവസാനം ഔര്‍ത്തു അവരുടെ വിശ്വാസം അനുകരിപ്പിന്‍ .

8 യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യന്‍ തന്നേ.

9 വിവിധവും അന്യവുമായ ഉപദേശങ്ങളാല്‍ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു; ആചരിച്ചുപോന്നവര്‍ക്കും പ്രയോജനമില്ലാത്ത ഭോജനനിയമങ്ങളാലല്ല, കൃപയാല്‍ തന്നേ ഹൃദയം ഉറപ്പിക്കുന്നതു നല്ലതു.

10 കൂടാരത്തില്‍ ശുശ്രൂഷിക്കുന്നവര്‍ക്കും അഹോവൃത്തി കഴിപ്പാന്‍ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ടു.

11 മഹാപുരോഹിതന്‍ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടല്‍ പാളയത്തിന്നു പുറത്തുവെച്ചു ചുട്ടുകളയുന്നു.

12 അങ്ങനെ യേശുവും സ്വന്തരക്തത്താല്‍ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു.

13 ആകയാല്‍ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കല്‍ ചെല്ലുക.

14 ഇവിടെ നമുക്കു നിലനിലക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതു അത്രേ നാം അന്വേഷിക്കുന്നതു.

15 അതുകൊണ്ടു അവന്‍ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അര്‍പ്പിക്കുക.

16 നന്മചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.

17 നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിന്‍ ; അവര്‍ കണകൂ ബോധിപ്പിക്കേണ്ടുന്നവരാകയാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവര്‍ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാന്‍ ഇടവരുത്തുവിന്‍ ; അല്ലാഞ്ഞാല്‍ നിങ്ങള്‍ക്കു നന്നല്ല.

18 ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ . സകലത്തിലും നല്ലവരായി നടപ്പാന്‍ ഇച്ഛിക്കകൊണ്ടു ഞങ്ങള്‍ക്കു നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങള്‍ ഉറച്ചിരിക്കുന്നു.

19 എന്നെ നിങ്ങള്‍ക്കു വേഗത്തില്‍ വണ്ടും കിട്ടേണ്ടതിന്നു നിങ്ങള്‍ പ്രാര്‍ത്ഥിക്കേണം എന്നു ഞാന്‍ വിശേഷാല്‍ അപേക്ഷിക്കുന്നു.

20 നിത്യനിയമത്തിന്റെ രക്തത്താല്‍ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരുടെ ഇടയില്‍നിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം

21 നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‍വാന്‍ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മില്‍ നിവര്‍ത്തിക്കുമാറാകട്ടെ; അവന്നു എന്നേക്കും മഹത്വം. ആമേന്‍ .

22 സഹോദരന്മാരേ, ഈ പ്രബോധനവാക്യം പൊറുത്തുകൊള്‍വിന്‍ എന്നു അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാന്‍ എഴുതിയിരിക്കുന്നതു.

23 സഹോദരനായ തിമോഥെയോസ് തടവില്‍നിന്നു ഇറങ്ങി എന്നു അറിവിന്‍ . അവന്‍ വേഗത്തില്‍ വന്നാല്‍ ഞാന്‍ അവനുമായി നിങ്ങളെ വന്നുകാണും.

24 നിങ്ങളെ നടത്തുന്നവര്‍ക്കും എല്ലാവര്‍ക്കും സകലവിശുദ്ധന്മാര്‍ക്കും വന്ദനം ചൊല്ലുവിന്‍ . ഇതല്യക്കാര്‍ നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നു.

25 കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍ .