ഘട്ടം 59

പഠനം

     

ആവർത്തനം 13

1 ഞാന്‍ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിന്‍ ; അതിനോടു കൂട്ടരുതു; അതില്‍നിന്നു കുറെക്കയും അരുതു.

2 നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു

3 നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവന്‍ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താല്‍

4 ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ നിങ്ങള്‍ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു.

5 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ചു അവന്റെ വാക്കു കേള്‍ക്കയും അവനെ സേവിച്ചു അവനോടു ചേര്‍ന്നിരിക്കയും വേണം.

6 ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടില്‍നിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയില്‍നിന്നു നിന്നെ തെറ്റിപ്പാന്‍ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം.

7 നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതല്‍ മറ്റെഅറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരില്‍വെച്ചു

8 നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാര്‍വ്വിടത്തിലുള്ള ഭാര്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാന്‍ നോക്കിയാല്‍

9 അവനോടു യോജിക്കയോ അവന്റെ വാക്കു കേള്‍ക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.

10 അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സര്‍വ്വജനത്തിന്റെ കയ്യും അവന്റെ മേല്‍ ചെല്ലേണം.

11 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയോടു നിന്നെ അകറ്റിക്കളവാന്‍ അവന്‍ അന്വേഷിച്ചതുകൊണ്ടു, അവനെ കല്ലെറിഞ്ഞു കൊല്ലേണം.

12 ഇനി നിങ്ങളുടെ ഇടയില്‍ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാന്‍ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.

13 നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാര്‍ നിങ്ങളുടെ ഇടയില്‍നിന്നു പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്നു

14 നിന്റെ ദൈവമായ യഹോവ നിനക്കു പാര്‍പ്പാന്‍ തന്നിട്ടുള്ള നിന്റെ പട്ടണങ്ങളില്‍ ഒന്നിനെക്കുറിച്ചു കേട്ടാല്‍

15 നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ളേച്ഛത നിങ്ങളുടെ ഇടയില്‍ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കില്‍

16 നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാല്‍ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാല്‍ ശപഥാര്‍പ്പിതമായി സംഹരിക്കേണം.

17 അതിലെ കൊള്ളയൊക്കെയും വീഥിയുടെ നടുവില്‍ കൂട്ടി ആ പട്ടണവും അതിലെ കൊള്ളയൊക്കെയും അശേഷം നിന്റെ ദൈവമായ യഹോവെക്കായി തീയിട്ടു ചുട്ടുകളയേണം; അതു എന്നും പാഴകുന്നായിരിക്കേണം; അതിനെ പിന്നെ പണികയുമരുതു. നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചു നിന്റെ ദൈവമായ യഹോവേക്കു ഹിതമായുള്ളതു ചെയ്തിട്ടു

18 യഹോവ തന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്നോടു കരുണയും കനിവും കാണിക്കേണ്ടതിന്നും നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ നിന്നെ വര്‍ദ്ധിപ്പിക്കേണ്ടതിന്നും ശപഥാര്‍പ്പിതമായ യാതൊന്നും നിന്റെ കയ്യില്‍ പറ്റിയിരിക്കരുതു.

ആവർത്തനം 14

1 നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവേക്കു മക്കള്‍ ആകുന്നു; മരിച്ചവന്നു വേണ്ടി നിങ്ങളെ മുറിവേല്പിക്കയോ നിങ്ങള്‍ക്കു മുന്‍ കഷണ്ടിയുണ്ടാക്കുകയോ ചെയ്യരുതു.

2 നിന്റെ ദൈവമായ യഹോവേക്കു നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലും വെച്ചു തനിക്കു സ്വന്തജനമായിരിപ്പാന്‍ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.

3 മ്ളേച്ഛമായതൊന്നിനെയും തിന്നരുതു.

4 നിങ്ങള്‍ക്കു തിന്നാകുന്ന മൃഗങ്ങള്‍ ആവിതു

5 കാള, ചെമ്മരിയാടു, കോലാടു, കലമാന്‍ , പുള്ളിമാന്‍ , കടമാന്‍ , കാട്ടാടു, ചെറുമാന്‍ മലയാടു കവരിമാന്‍ .

6 മൃഗങ്ങളില്‍ കുളമ്പു പിളര്‍ന്നതും കുളമ്പു രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗത്തെ ഒക്കെയും നിങ്ങള്‍ക്കു തിന്നാം.

7 എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നവയിലും തിന്നരുതാത്തവ ഏവയെന്നാല്‍ഒട്ടകം, മുയല്‍, കുഴി മുയല്‍; അവ അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നവയല്ല; അവ നിങ്ങള്‍ക്കു അശുദ്ധം.

8 പന്നിഅതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങള്‍ക്കു അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു.

9 വെള്ളത്തിലുള്ള എല്ലാറ്റിലും ചിറകും ചെതുമ്പലും ഉള്ളതൊക്കെയും നിങ്ങള്‍ക്കു തിന്നാം.

10 എന്നാല്‍ ചിറകും ചെതുമ്പലും ഇല്ലാത്തതൊന്നും തിന്നരുതു; അതു നിങ്ങള്‍ക്കു അശുദ്ധം.

11 ശുദ്ധിയുള്ള സകലപക്ഷികളെയും നിങ്ങള്‍ക്കു തിന്നാം.

12 പക്ഷികളില്‍ തിന്നരുതാത്തവകടല്‍റാഞ്ചന്‍ , ചെമ്പരുന്തു, കഴുകന്‍ ,

13 ചെങ്ങാലിപ്പരുന്തു, ഗൃദ്ധ്രം, അതതുവിധം പരുന്തു

14 അതതുവിധം കാക്ക,

15 ഒട്ടകപക്ഷി, പുള്ളു, കടല്‍ക്കാക്ക, അതതുവിധം പ്രാപ്പിടിയന്‍ ,

16 നത്തു, ക്കുമന്‍ മൂങ്ങാ, വേഴാമ്പല്‍,

17 കുടുമ്മച്ചാത്തന്‍ , നീര്‍കാക്ക,

18 പെരുഞാറ, അതതുവിധം കൊകൂ, കുളക്കോഴി, നരിച്ചീര്‍ എന്നിവയാകുന്നു.

19 ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങള്‍ക്കു അശുദ്ധം; അവയെ തിന്നരുതു.

20 ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങള്‍ക്കു തിന്നാം.

21 താനേ ചത്ത ഒന്നിനെയും തിന്നരുതു; അതു നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്കു തിന്മാന്‍ കൊടുക്കാംഅല്ലെങ്കില്‍ അന്യജാതിക്കാരന്നു വില്‍ക്കാം; നിന്റെ ദൈവമായ യഹോവേക്കു നീ വിശുദ്ധജനമല്ലോ. ആട്ടിന്‍ കുട്ടിയെ അതിന്റെ തള്ളയുടെ പാലില്‍ പാകം ചെയ്യരുതു.

22 ആണ്ടുതോറും നിലത്തു വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവെക്കേണം.

23 നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാന്‍ പഠിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധയില്‍വെച്ചു തിന്നേണം.

24 നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോള്‍ നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അതുകൊണ്ടുപോകുവാന്‍ കഴിയാതവണ്ണം വഴി അതിദൂരവുമായിരുന്നാല്‍

25 അതു വിറ്റു പണമാക്കി പണം കയ്യില്‍ എടുത്തു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകേണം.

26 നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍വെച്ചു തിന്നു നീയും നിന്റെ കുടുംബവും സന്തോഷിക്കേണം.

27 നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നു കളയരുതു; അവന്നു നിന്നോടുകൂടെ ഔഹരിയും അവകാശവും ഇല്ലല്ലോ.

28 മുമ്മൂന്നു ആണ്ടു കൂടുമ്പോള്‍ മൂന്നാം സംവത്സരത്തില്‍ നിനക്കുള്ള വിളവിന്റെ ദശാംശം ഒക്കെയും; വേര്‍തിരിച്ചു നിന്റെ പട്ടണങ്ങളില്‍ സംഗ്രഹിക്കേണം.

29 നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു നിന്നോടുകൂടെ ഔഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്നു തിന്നു തൃപ്തരാകേണം.

ആവർത്തനം 15

1 ഏഴേഴു ആണ്ടു കൂടുമ്പോള്‍ നീ ഒരു വിമോചനം ആചരിക്കേണം.

2 വിമോചനത്തിന്റെ ക്രമം എന്തെന്നാല്‍കൂട്ടുകാരന്നു വായിപ്പകൊടുത്തവനെല്ലാം അതു ഇളെച്ചു കൊടുക്കേണം. യഹോവയുടെ വിമോചനം പ്രസിദ്ധമാക്കിയതുകൊണ്ടു നീ കൂട്ടുകാരനെയോ സഹോദരനെയോ ബുദ്ധിമുട്ടിക്കരുതു.

3 അന്യജാതിക്കാരനോടു നിനക്കു മുട്ടിച്ചു പിരിക്കാം; എന്നാല്‍ നിന്റെ സഹോദരന്‍ തരുവാനുള്ളതു നീ ഇളെച്ചുകൊടുക്കേണം.

4 ദരിദ്രന്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടാകയില്ലതാനും; നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു ഇന്നു ഞാന്‍ നിന്നോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചുനടന്നാല്‍

5 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി കൈവശമാക്കുവാന്‍ തരുന്ന ദേശത്തു നിന്നെ ഏറ്റവും അനുഗ്രഹിക്കും.

6 നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ടു നീ അനേകം ജാതികള്‍ക്കു വായിപ്പ കൊടുക്കും; എന്നാല്‍ നീ വായിപ്പ വാങ്ങുകയില്ല; നീ അനേകം ജാതികളെ ഭരിക്കും; എന്നാല്‍ അവര്‍ നിന്നെ ഭരിക്കയില്ല.

7 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരന്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടെങ്കില്‍ ദരിദ്രനായ സഹോദരന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടെക്കാതെയും,

8 നിന്റെ കൈ അവന്നുവേണ്ടി തുറന്നു അവന്നു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായിപ്പ കൊടുക്കേണം.

9 വിമോചനസംവത്സരമായ ഏഴാം ആണ്ടു അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്റെ ഹൃദയത്തില്‍ ഒരു ദുര്‍വ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോടു നിന്റെ കണ്ണു നിര്‍ദ്ദയമായിരുന്നു അവന്നു ഒന്നും കൊടുക്കാതിരിക്കയും അവന്‍ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ടു അതു നിനക്കു പാപമായി തീരുകയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.

10 നീ അവന്നു കൊടുത്തേ മതിയാവു; കൊടുക്കുമ്പോള്‍ ഹൃദയത്തില്‍ വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തികളിലും സകലപ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും.

11 ദരിദ്രന്‍ ദേശത്തു അറ്റുപോകയില്ല; അതുകൊണ്ടു നിന്റെ ദേശത്തു അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന്നു നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ഞാന്‍ നിന്നോടു ആജ്ഞാപിക്കുന്നു.

12 നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു തന്നെത്താന്‍ വിറ്റിട്ടു ആറു സംവത്സരം നിന്നെ സേവിച്ചാല്‍ ഏഴാം സംവത്സരത്തില്‍ നീ അവനെ സ്വതന്ത്രനായി വിട്ടയക്കേണം.

13 അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോള്‍ അവനെ വെറുങ്കയ്യായിട്ടു അയക്കരുതു.

14 നിന്റെ ആട്ടിന്‍ കൂട്ടത്തില്‍നിന്നും കളത്തില്‍നിന്നും മുന്തിരിച്ചക്കില്‍നിന്നും അവന്നു ഔദാര്യമായി ദാനം ചെയ്യേണം; നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവന്നു കൊടുക്കേണം.

15 നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഔര്‍ക്കേണം. അതുകൊണ്ടു ഞാന്‍ ഇന്നു ഈ കാര്യം നിന്നോടു ആജ്ഞാപിക്കുന്നു.

16 എന്നാല്‍ അവന്‍ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കകൊണ്ടും നിന്റെ അടുക്കല്‍ അവന്നു സുഖമുള്ളതുകൊണ്ടുംഞാന്‍ നിന്നെ വിട്ടുപോകയില്ല എന്നു നിന്നോടു പറഞ്ഞാല്‍

17 നീ ഒരു സൂചി എടുത്തു അവന്റെ കാതു വാതിലിനോടു ചേര്‍ത്തു കുത്തി തുളെക്കേണം; പിന്നെ അവന്‍ എന്നും നിനക്കു ദാസനായിരിക്കേണം; നിന്റെ ദാസിക്കും അങ്ങനെ തന്നേ ചെയ്യേണം.

18 അവന്‍ ഒരു കൂലിക്കാരന്റെ ഇരട്ടിക്കൂലിക്കു തക്കതായി ആറു സംവത്സരം നിന്നെ സേവിച്ചതുകൊണ്ടു അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോള്‍ നിനക്കു വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നീ ചെയ്യുന്ന സകലത്തിലും നിന്നെ അനുഗ്രഹിക്കും.

19 നിന്റെ മാടുകളിലും ആടുകളിലും കടിഞ്ഞൂലായി പിറക്കുന്ന ആണിനെ ഒക്കെയും നിന്റെ ദൈവമായ യഹോവേക്കു ശുദ്ധീകരിക്കേണം; നിന്റെ മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ടു വേല ചെയ്യിക്കരുതു; നിന്റെ ആടുകളുടെ കടിഞ്ഞൂലിന്റെ രോമം കത്രിക്കയും അരുതു.

20 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീയും നിന്റെ കുടുംബവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ വെച്ചു അതിനെ ആണ്ടുതോറും തിന്നേണം.

21 എന്നാല്‍ അതിന്നു മുടന്തോ കുരുടോ ഇങ്ങനെ വല്ല ഊനവും ഉണ്ടായിരുന്നാല്‍ നിന്റെ ദൈവമായ യഹോവേക്കു അതിനെ യാഗം കഴിക്കരുതു.

22 നിന്റെ പട്ടണങ്ങളില്‍വെച്ചു അതു തിന്നാം; പുള്ളിമാനിനെയും കലമാനിനെയുംപോലെ അശുദ്ധനും ശുദ്ധനും ഒരുപോലെ തിന്നാം.

23 അതിന്റെ രക്തം മാത്രം തിന്നരുതു; അതു വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.

ആവർത്തനം 16:1-8

1 ആബീബ് മാസം ആചരിച്ചു നിന്റെ ദൈവമായ യഹോവേക്കു പെസഹ കൊണ്ടാടേണം; ആബീബ് മാസത്തിലല്ലോ നിന്റെ ദൈവമായ യഹോവ രാത്രിയില്‍ നിന്നെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചതു.

2 യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ദൈവമായ യഹോവേക്കു പെസഹയാഗമായി ആടുകളെയും മാടുകളെയും അറുക്കേണം.

3 നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട ദിവസത്തെ നിന്റെ ആയുഷ്കാലം ഒക്കെയും ഔര്‍ക്കേണ്ടതിന്നു അതിനോടുകൂടെ പുളിച്ച അപ്പം തിന്നരുതു; നീ കഷ്ടതയുടെ ആഹാരമായ പുളിപ്പില്ലാത്ത അപ്പം ഏഴു ദിവസം തിന്നേണം; തത്രപ്പാടോടുകൂടിയല്ലോ നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതു.

4 ഏഴു ദിവസം നിന്റെ ദേശത്തെങ്ങും പുളിച്ച അപ്പം കാണരുതു; ആദ്യ ദിവസം വൈകുന്നേരം അറുത്ത മാംസത്തില്‍ ഒട്ടും രാവിലേക്കു ശേഷിക്കരുതു.

5 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതെങ്കിലും ഒരു പട്ടണത്തില്‍വെച്ചു പെസഹയെ അറുത്തുകൂടാ.

6 നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു മാത്രം, സന്ധ്യാസമയത്തു, നീ മിസ്രയീമില്‍നിന്നു പുറപ്പെട്ട നേരത്തു തന്നേ, സൂര്യന്‍ അസ്തമിക്കുമ്പോള്‍ പെസഹയെ അറുക്കേണം.

7 നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു അതിനെ ചുട്ടുതിന്നേണം; രാവിലെ നിന്റെ കൂടാരത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാം.

8 ആറു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാംദിവസം നിന്റെ ദൈവമായ യഹോവേക്കു സഭായോഗം കൂടേണം; അന്നു വേലയൊന്നും ചെയ്യരുതു.