ഘട്ടം 76

പഠനം

     

ന്യായാധിപന്മാർ 8

1 എന്നാല്‍ എഫ്രയീമ്യര്‍നീ മിദ്യാന്യരോടു യുദ്ധംചെയ്‍വാന്‍ പോയപ്പോള്‍ ഞങ്ങളെ വിളിക്കാഞ്ഞതെന്തു? ഇങ്ങനെ ഞങ്ങളോടു ചെയ്‍വാന്‍ എന്തു സംഗതി എന്നു പറഞ്ഞു അവനോടു ഉഗ്രമായി വാദിച്ചു.

2 അതിന്നു അവന്‍ നിങ്ങളോടു ഒത്തുനോക്കിയാല്‍ ഞാന്‍ ഈ ചെയ്തതു എന്തുള്ളു? അബിയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാള്‍ എഫ്രയീമിന്റെ കാലാ പെറുക്കയല്ലയോ നല്ലതു?

3 നിങ്ങളുടെ കയ്യിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഔരേബിനെയും സേബിനെയും ഏല്പിച്ചതു; നിങ്ങളോടു ഒത്തുനോക്കിയാല്‍ എന്നെക്കൊണ്ടു സാധിച്ചതു എന്തുള്ളു എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോള്‍ അവര്‍ക്കും അവനോടുള്ള കോപം ശമിച്ചു.

4 അനന്തരം ഗിദെയോന്‍ യോര്‍ദ്ദാങ്കല്‍ എത്തി; അവന്നും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാന്‍ അക്കരെ കടന്നു.

5 അവന്‍ സുക്കോത്തിലെ നിവാസികളോടു എന്റെ കൂടെയുള്ള പടജ്ജനത്തിന്നു അപ്പംകൊടുക്കേണമേ; അവര്‍ ക്ഷീണിച്ചിരിക്കുന്നു; ഞാന്‍ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സല്‍മുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു.

6 നിന്റെ സൈന്യത്തിന്നു ഞങ്ങള്‍ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സല്‍മുന്നയുടെയും കൈകള്‍ നിന്റെ കക്ഷത്തില്‍ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാര്‍ ചോദിച്ചു.

7 അതിന്നു ഗിദെയോന്‍ ആകട്ടെ; യഹോവ സേബഹിനെയും സല്‍മുന്നയെയും എന്റെ കയ്യില്‍ ഏല്പിച്ചശേഷം ഞാന്‍ നിങ്ങളുടെ മാംസം കാട്ടിലെ മുള്ളകൊണ്ടും പരക്കാരകൊണ്ടും തല്ലിക്കീറും എന്നു പറഞ്ഞു.

8 അവിടെനിന്നു അവന്‍ പെനൂവേലിലേക്കു ചെന്നു അവരോടും അങ്ങനെ ചോദിച്ചു; സുക്കോത്ത് നിവാസികള്‍ ഉത്തരം പറഞ്ഞതുപോലെ തന്നേ പെനൂവേല്‍നിവാസികളും പറഞ്ഞു.

9 അവന്‍ പെനൂവേല്‍നിവാസികളോടുഞാന്‍ സമാധാനത്തോടെ മടങ്ങിവരുമ്പോള്‍ ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു.

10 എന്നാല്‍ സേബഹും സല്‍മുന്നയും അവരോടുകൂടെ കിഴക്കുദേശക്കാരുടെ സൈന്യത്തില്‍ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവും കര്‍ക്കോരില്‍ ആയിരുന്നു; വാളൂരിപ്പിടിച്ചവരായ ലക്ഷത്തിരുപതിനായിരം പേര്‍ വീണുപോയിരുന്നു.

11 ഗിദെയോന്‍ നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിര്‍ഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.

12 സേബഹും സല്‍മുന്നയും ഔടിപ്പോയി; അവന്‍ അവരെ പിന്തുടര്‍ന്നു, സേബഹ് സല്‍മുന്നാ എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു, സൈന്യത്തെ ഒക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു.

13 അനന്തരം യോവാശിന്റെ മകനായ ഗിദെയോന്‍ യുദ്ധം കഴിഞ്ഞിട്ടു ഹേരെസ് കയറ്റത്തില്‍നിന്നു മടങ്ങിവരുമ്പോള്‍

14 സുക്കോത്ത നിവാസികളില്‍ ഒരു ബാല്യക്കാരനെ പിടിച്ചു അവനോടു അന്വേഷിച്ചു; അവന്‍ സുക്കോത്തിലെ പ്രഭുക്കന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു ആളുടെ പേര്‍ അവന്നു എഴുതിക്കൊടുത്തു.

15 അവന്‍ സുക്കോത്ത് നിവാസികളുടെ അടുക്കല്‍ ചെന്നുക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകള്‍ക്കു ഞങ്ങള്‍ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സല്‍മുന്നയുടെയും കൈകള്‍ നിന്റെ കക്ഷത്തില്‍ ആകുന്നുവോ എന്നു നിങ്ങള്‍ എന്നെ ധിക്കരിച്ചുപറഞ്ഞ സേബഹും സല്‍മുന്നയും ഇതാ എന്നു പറഞ്ഞു.

16 അവന്‍ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ചു കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ടു സുക്കോത്ത് നിവാസികളെ ബുദ്ധിപഠിപ്പിച്ചു.

17 അവന്‍ പെനൂവേലിലെ ഗോപുരം ഇടിച്ചു പട്ടണക്കാരെ കൊന്നുകളഞ്ഞു.

18 പിന്നെ അവന്‍ സേബഹിനോടും സല്‍മുന്നയോടുംനിങ്ങള്‍ താബോരില്‍വെച്ചു കൊന്ന പുരുഷന്മാര്‍ എങ്ങനെയുള്ളവര്‍ ആയിരുന്നു എന്നു ചേദിച്ചു. അവര്‍ നിന്നെപ്പോലെ ഔരോരുത്തന്‍ രാജകുമാരന്നു തുല്യന്‍ ആയിരുന്നു എന്നു അവര്‍ ഉത്തരം പറഞ്ഞു.

19 അതിന്നു അവന്‍ അവര്‍ എന്റെ സഹോദരന്മാര്‍, എന്റെ അമ്മയുടെ മക്കള്‍ തന്നേ ആയിരുന്നു; അവരെ നിങ്ങള്‍ ജീവനോടെ വെച്ചിരുന്നു എങ്കില്‍, യഹോവയാണ, ഞാന്‍ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്നു പറഞ്ഞു.

20 പിന്നെ അവന്‍ തന്റെ ആദ്യജാതനായ യേഥെരിനോടുഎഴുന്നേറ്റു അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാല്‍ അവന്‍ ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാള്‍ ഊരാതെ നിന്നു.

21 അപ്പോള്‍ സേബഹും സല്‍മുന്നയുംനീ തന്നേ എഴുന്നേറ്റു ഞങ്ങളെ വെട്ടുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്നു പറഞ്ഞു. അങ്ങനെ ഗിദെയോന്‍ എഴുന്നേറ്റു സേബഹിനെയും സല്‍മുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകള്‍ എടുത്തു.

22 അനന്തരം യിസ്രായേല്യര്‍ ഗിദെയോനോടുനീ ഞങ്ങളെ മിദ്യാന്റെ കയ്യില്‍ നിന്നു രക്ഷിച്ചിരിക്കകൊണ്ടു ഞങ്ങള്‍ക്കു രാജാവായിരിക്കേണം; അങ്ങനെ തന്നേ നിന്റെ മകനും മകന്റെ മകനും എന്നു പറഞ്ഞു.

23 ഗിദെയോന്‍ അവരോടുഞാന്‍ നിങ്ങള്‍ക്കു രാജാവാകയില്ല; എന്റെ മകനും ആകയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.

24 പിന്നെ ഗിദെയോന്‍ അവരോടുഞാന്‍ നിങ്ങളോടു ഒന്നു അപേക്ഷിക്കുന്നു; നിങ്ങള്‍ ഔരോരുത്തന്‍ കൊള്ളയില്‍ കിട്ടിയ കടുക്കന്‍ എനിക്കു തരേണം എന്നു പറഞ്ഞു. അവര്‍ യിശ്മായേല്യര്‍ ആയിരുന്നതുകൊണ്ടു അവര്‍ക്കും പൊന്‍ കടുക്കല്‍ ഉണ്ടായിരുന്നു.

25 ഞങ്ങള്‍ സന്തോഷത്തോടെ തരാം എന്നു അവര്‍ പറഞ്ഞു, ഒരു വസ്ത്രം വിരിച്ചു ഒരോരുത്തന്നു കൊള്ളയില്‍ കിട്ടിയ കടുക്കന്‍ അതില്‍ ഇട്ടു.

26 അവന്‍ ചോദിച്ചു വാങ്ങിയ പൊന്‍ കടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെല്‍ ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാര്‍ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.

27 ഗിദെയോന്‍ അതുകൊണ്ടു ഒരു എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയില്‍ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്റെ അടുക്കല്‍ ചെന്നു; അതു ഗിദെയോന്നും അവന്റെ കുടുംബത്തിന്നും ഒരു കണിയായി തീര്‍ന്നു.

28 എന്നാല്‍ മിദ്യാന്‍ തലപൊക്കാതവണ്ണം യിസ്രായേല്‍ മക്കള്‍ക്കു കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.

29 യോവാശിന്റെ മകനായ യെരുബ്ബാല്‍ തന്റെ വീട്ടില്‍ ചെന്നു സുഖമായി പാര്‍ത്തു.

30 ഗിദെയോന്നു വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാര്‍ ഉണ്ടായിരുന്നു.

31 ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന്നു ഒരു മകനെ പ്രസവിച്ചു. അവന്നു അബീമേലെക്‍ എന്നു അവന്‍ പേരിട്ടു.

32 യോവാശിന്റെ മകനായ ഗിദെയോന്‍ നല്ല വാര്‍ദ്ധക്യത്തില്‍ മരിച്ചു; അവനെ അബീയേസ്രിയര്‍ക്കുംള്ള ഒഫ്രയില്‍ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയില്‍ അടക്കംചെയ്തു.

33 ഗിദെയോന്‍ മരിച്ചശേഷം യിസ്രായേല്‍മക്കള്‍ വീണ്ടും പരസംഗമായി ബാല്‍വിഗ്രഹങ്ങളുടെ അടുക്കല്‍ ചെന്നു ബാല്‍ബെരീത്തിനെ തങ്ങള്‍ക്കു ദേവനായി പ്രതിഷ്ഠിച്ചു.

34 യിസ്രായേല്‍മക്കള്‍ ചുറ്റുമുള്ള സകലശത്രുക്കളുടെയും കയ്യില്‍ നിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഔര്‍ത്തില്ല.

35 ഗിദെയോന്‍ എന്ന യെരുബ്ബാല്‍ യിസ്രായേലിന്നു ചെയ്ത എല്ലാനന്മെക്കും തക്കവണ്ണം അവന്റെ കടുംബത്തോടു ദയ ചെയ്തതുമില്ല.

ന്യായാധിപന്മാർ 9

1 അനന്തരം യെരുബ്ബാലിന്റെ മകനായ അബീമേലെക്‍ ശെഖേമില്‍ തന്റെ അമ്മയുടെ സഹോദരന്മാരുടെ അടുക്കല്‍ ചെന്നു അവരോടും തന്റെ അമ്മയുടെ പിതൃഭവനമായ സര്‍വ്വകുടുംബത്തോടും സംസാരിച്ചു

2 യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരുംകൂടെ നിങ്ങളെ ഭരിക്കുന്നതോ ഒരുത്തന്‍ നിങ്ങളെ ഭരിക്കുന്നതോ നിങ്ങള്‍ക്കു ഏതു നല്ലതു? ഞാന്‍ നിങ്ങളുടെ അസ്ഥിയും മാംസവും ആകുന്നു എന്നു ഔര്‍ത്തുകൊള്‍വിന്‍ എന്നു ശെഖേമിലെ സകലപൌരന്മാരോടും പറവിന്‍ എന്നു പറഞ്ഞു.

3 അങ്ങനെ അവന്റെ അമ്മയുടെ സഹോദരന്മാര്‍ ശെഖേമിലെ സകലപൌരന്മാരോടും ഈ വാക്കുകളൊക്കെയും അവന്നു വേണ്ടി സംസാരിച്ചപ്പോള്‍ അവരുടെ ഹൃദയം അബീമേലെക്കിങ്കല്‍ ചാഞ്ഞുഅവന്‍ നമ്മുടെ സഹോദരനല്ലോ എന്നു അവര്‍ പറഞ്ഞു.

4 പിന്നെ അവര്‍ ബാല്‍ബെരീത്തിന്റെ ക്ഷേത്രത്തില്‍നിന്നു എഴുപതു വെള്ളിക്കാശു എടുത്തു അവന്നു കൊടുത്തു; അതിനെക്കൊണ്ടു അബീമേലെക്‍ തുമ്പുകെട്ടവരും നിസ്സാരന്മാരുമായ ആളുകളെ കൂലിക്കു വാങ്ങി അവര്‍ക്കും നായകനായ്തീര്‍ന്നു.

5 അവന്‍ ഒഫ്രയില്‍ തന്റെ അപ്പന്റെ വീട്ടില്‍ ചെന്നു യെരുബ്ബാലിന്റെ പുത്രന്മാരായി തന്റെ സഹോദരന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേല്‍ വെച്ചു കൊന്നു; എന്നാല്‍ യെരുബ്ബാലിന്റെ ഇളയമകനായ യോഥാം ഒളിച്ചുകളഞ്ഞതുകൊണ്ടു ശേഷിച്ചു.

6 അതിന്റെ ശേഷം ശെഖേമിലെ സകല പൌരന്മാരും മില്ലോഗൃഹമൊക്കെയും ഒരുമിച്ചുകൂടി ചെന്നു ശെഖേമിലെ ജ്ഞാപകസ്തംഭത്തിന്നരികെയുള്ള കരുവേലകത്തിങ്കല്‍വെച്ചു അബീമേലെക്കിനെ രാജാവാക്കി.

7 ഇതിനെക്കുറിച്ചു യോഥാമിന്നു അറിവു കിട്ടിയപ്പോള്‍ അവന്‍ ഗെരിസ്സീംമലമുകളില്‍ ചെന്നു ഉച്ചത്തില്‍ അവരോടു വിളിച്ചുപറഞ്ഞതെന്തെന്നാല്‍ശെഖേംപൌരന്മാരേ, ദൈവം നിങ്ങളുടെ സങ്കടം കേള്‍ക്കേണ്ടതിന്നു നിങ്ങള്‍ എന്റെ സങ്കടം കേള്‍പ്പിന്‍ .

8 പണ്ടൊരിക്കല്‍ വൃക്ഷങ്ങള്‍ തങ്ങള്‍ക്കു ഒരു രാജാവിനെ അഭിഷേകം ചെയ്‍വാന്‍ പോയി; അവ ഒലിവു വൃക്ഷത്തോടുനീ ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

9 അതിന്നു ഒലിവു വൃക്ഷംദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാന്‍ ഹേതുവായിരിക്കുന്ന എന്റെ പുഷ്ടി ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേല്‍ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.

10 പിന്നെ വൃക്ഷങ്ങള്‍ അത്തിവൃക്ഷത്തോടുനീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

11 അതിന്നു അത്തിവൃക്ഷംഎന്റെ മധുരവും വിശേഷപ്പെട്ട പഴവും ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെ മേല്‍ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.

12 പിന്നെ വൃക്ഷങ്ങള്‍ മുന്തിരിവള്ളിയോടുനീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

13 മുന്തിരിവള്ളി അവയോടുദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ രസം ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേല്‍ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.

14 പിന്നെ വൃക്ഷങ്ങളെല്ലാംകൂടെ മുള്‍പടര്‍പ്പിനോടുനീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

15 മുള്‍പടര്‍പ്പു വൃക്ഷങ്ങളോടുനിങ്ങള്‍ യഥാര്‍ത്ഥമായി എന്നെ നിങ്ങള്‍ക്കു രാജാവായി അഭിഷേകം ചെയ്യുന്നു എങ്കില്‍ വന്നു എന്റെ നിഴലില്‍ ആശ്രയിപ്പിന്‍ ; അല്ലെങ്കില്‍ മുള്‍പടര്‍പ്പില്‍നിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു.

16 നിങ്ങള്‍ ഇപ്പോള്‍ അബീമേലെക്കിനെ രാജാവാക്കിയതില്‍ വിശ്വസ്തതയും പരമാര്‍ത്ഥതയുമാകുന്നുവോ പ്രവര്‍ത്തിച്ചതു? നിങ്ങള്‍ യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും നന്മയാകുന്നുവോ ചെയ്തതു? അവന്റെ പ്രവൃത്തിയുടെ യോഗ്യതെക്കു തക്കവണ്ണമോ അവനോടു പ്രവര്‍ത്തിച്ചതു?

17 എന്റെ അപ്പന്‍ തന്റെ ജീവനെ ഗണ്യമാക്കാതെ നിങ്ങള്‍ക്കു വേണ്ടി യുദ്ധംചെയ്തു മിദ്യാന്റെ കയ്യില്‍നിന്നു നിങ്ങളെ രക്ഷിച്ചിരിക്കെ

18 നിങ്ങള്‍ ഇന്നു എന്റെ അപ്പന്റെ ഗൃഹത്തിന്നു വിരോധമായി എഴുന്നേറ്റു അവന്റെ പുത്രന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേല്‍വെച്ചു കൊല്ലുകയും അവന്റെ ദാസിയുടെ മകനായ അബീമേലെക്‍ നിങ്ങളുടെ സഹോദരന്‍ ആയിരിക്കകൊണ്ടു അവനെ ശെഖേംപൌരന്മാര്‍ക്കും രാജാവാക്കുകയും ചെയ്തുവല്ലോ.

19 ഇങ്ങനെ നിങ്ങള്‍ ഇന്നു യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും ചെയ്തതു വിശ്വസ്തതയും പരമാര്‍ത്ഥതയും എന്നുവരികില്‍ നിങ്ങള്‍ അബീമേലെക്കില്‍ സന്തോഷിപ്പിന്‍ ; അവന്‍ നിങ്ങളിലും സന്തോഷിക്കട്ടെ.

20 അല്ലെങ്കില്‍ അബീമേലെക്കില്‍നിന്നു തീ പുറപ്പെട്ടു ശെഖേംപൌരന്മാരെയും മില്ലോഗൃഹത്തെയും ദഹിപ്പിക്കട്ടെ; ശെഖേംപൌരന്മാരില്‍നിന്നും മില്ലോഗൃഹത്തില്‍നിന്നും തീ പുറപ്പെട്ടു അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ.

21 ഇങ്ങനെ പറഞ്ഞിട്ടു യോഥാം ഔടിപ്പോയി ബേരിലേക്കു ചെന്നു തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ചു അവിടെ പാര്‍ത്തു.

22 അബിമേലെക്‍ യിസ്രായേലിനെ മൂന്നു സംവത്സരം ഭരിച്ചശേഷം

23 ദൈവം അബീമേലെക്കിന്നും ശെഖേംപൌരന്മാര്‍ക്കും തമ്മില്‍ ഛിദ്രബുദ്ധി വരുത്തി; ശെഖേംപൌരന്മാര്‍ അബീമേലെക്കിനോടു ദ്രോഹം തുടങ്ങി;

24 അങ്ങനെ യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരോടും ചെയ്ത പാതകത്തിന്നു പ്രതികാരം വരികയും അവരുടെ രക്തം അവരെ കൊന്നവനായ അവരുടെ സഹോദരന്‍ അബീമേലെക്കും അവന്റെ സഹോദരന്മാരെ കൊല്ലുവാന്‍ അവന്നു തുണയായിരുന്ന ശെഖേം പൌരന്മാരും ചുമക്കയും ചെയ്തു.

25 ശെഖേംപൌരന്മാര്‍ മലമുകളില്‍ അവന്നു വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവര്‍ തങ്ങളുടെ സമീപത്തുകൂടി വഴിപേുകന്ന എല്ലാവരോടും കവര്‍ച്ച തുടങ്ങി; ഇതിനെക്കുറിച്ചു അബീമേലെക്കിന്നു അറിവുകിട്ടി.

26 അപ്പോള്‍ ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും വന്നു ശെഖേമില്‍ കടന്നു; ശെഖേംപൌരന്മാര്‍ അവനെ വിശ്വസിച്ചു.

27 അവര്‍ വയലില്‍ ചെന്നു തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലെ കുല അറുത്തു ഉത്സവം കൊണ്ടാടി; തങ്ങളുടെ ദേവന്റെ ക്ഷേത്ത്രില്‍ ചെന്നു തിന്നുകുടിക്കയും അബീമേലെക്കിനെ ശപിക്കയും ചെയ്തു

28 ഏബെദിന്റെ മകനായ ഗാല്‍ പറഞ്ഞതുഅബീമേലെക്കിനെ നാം സേവിക്കേണ്ടതിന്നു അവന്‍ ആര്‍? ശെഖേം ആര്‍? അവന്‍ യെരുബ്ബാലിന്റെ മകനും സെബൂല്‍ അവന്റെ കാര്യസ്ഥനും അല്ലയോ? അവന്‍ ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ ആളുകളുമായി അവനെ സേവിക്കട്ടെ; നാം അവനെ സേവിക്കുന്നതു എന്തിന്നു?

29 ഈ ജനം എന്റെ കൈക്കീഴായിരുന്നെങ്കില്‍ ഞാന്‍ അബീമേലെക്കിനെ നീക്കിക്കളകയും അബീമേലെക്കിനോടുനിന്റെ സൈന്യത്തെ വര്‍ദ്ധിപ്പിച്ചു പുറപ്പെട്ടുവരിക എന്നു പറകയും ചെയ്യുമായിരുന്നു.

30 ഏബേദിന്റെ മകനായ ഗാലിന്റെ വാക്കുകളെ കേട്ടപ്പോള്‍ നഗരാധിപനായ സെബൂലിന്റെ കോപം ജ്വലിച്ചു.

31 അവന്‍ രഹസ്യമായിട്ടു അബീമേലെക്കിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഇതാ, ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമില്‍ വന്നിരിക്കുന്നു; അവര്‍ പട്ടണത്തെ നിന്നോടു മത്സരപ്പിക്കുന്നു.

32 ആകയാല്‍ നീയും നിന്നോടുകൂടെയുള്ള പടജ്ജനവും രാത്രിയില്‍ പുറപ്പെട്ടു വയലില്‍ പതിയിരിന്നുകൊള്‍വിന്‍ .

34 അങ്ങനെ അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും രാത്രിയില്‍ പുറപ്പെട്ടു ശെഖേമിന്നരികെ നാലു കൂട്ടമായി പതിയിരുന്നു.

35 ഏബെദിന്റെ മകനായ ഗാല്‍ പുറപ്പെട്ടു പട്ടണത്തിന്റെ ഗോപുരത്തിങ്കല്‍ നിന്നപ്പോള്‍ അബീമേലെക്കും കൂടെ ഉള്ള പടജ്ജനവും പതിയിരിപ്പില്‍നിന്നു എഴുന്നേറ്റു.

36 ഗാല്‍ പടജ്ജനത്തെ കണ്ടപ്പോള്‍അതാ, പര്‍വ്വതങ്ങളുടെ മകളില്‍നിന്നു പടജ്ജനം ഇറങ്ങിവരുന്നു എന്നു സെബൂലിനോടു പറഞ്ഞു. സെബൂല്‍ അവനോടുപര്‍വ്വതങ്ങളുടെ നിഴല്‍ കണ്ടിട്ടു മനുഷ്യരെന്നു നിനക്കു തോന്നുകയാകുന്നു എന്നു പറഞ്ഞു.

37 ഗാല്‍ പിന്നെയുംഅതാ, പടജ്ജനം ദേശമദ്ധ്യേ ഇറങ്ങിവരുന്നു; മറ്റൊരു കൂട്ടവും പ്രാശ്നികന്മാരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു എന്നു പറഞ്ഞു.

38 സെബൂല്‍ അവനോടുനാം അബീമേലെക്കിനെ സേവിക്കേണ്ടതിന്നു അവന്‍ ആരെന്നു പറഞ്ഞ നിന്റെ വായ് ഇപ്പോള്‍ എവിടെ? ഇതു നീ പുച്ഛിച്ച പടജ്ജനം അല്ലയോ? ഇപ്പോള്‍ പുറപ്പെട്ടു അവരോടു പെരുക എന്നു പറഞ്ഞു.

39 അങ്ങനെ ഗാല്‍ ശെഖേംപൌരന്മാരുമായി പുറപ്പെട്ടു അബീമേലക്കിനോടു പടവെട്ടി.

40 അബീമേലെക്കിന്റെ മുമ്പില്‍ അവന്‍ തോറ്റോടി; അവന്‍ അവനെ പിന്തുടര്‍ന്നു പടിവാതില്‍വരെ അനേകംപേര്‍ ഹതന്മാരായി വീണു.

41 അബീമേലെക്‍ അരൂമയില്‍ താമസിച്ചു; സെബൂല്‍ ഗാലിനെയും സഹോദരന്മാരെയും ശെഖേമില്‍ പാര്‍പ്പാന്‍ സമ്മതിക്കാതെ അവിടെനിന്നു നീക്കിക്കളഞ്ഞു.

42 പിറ്റെന്നാള്‍ ജനം വയലിലേക്കു പുറപ്പെട്ടു; അബീമേലെക്കിന്നു അതിനെക്കുറിച്ചു അറിവുകിട്ടി.

43 അവന്‍ പടജ്ജനത്തെ കൂട്ടി മൂന്നു കൂട്ടമായി ഭാഗിച്ചു വയലില്‍ പതിയിരുന്നു; ജനം പട്ടണത്തില്‍നിന്നു പുറപ്പെട്ടുവരുന്നതു കണ്ടു അവരുടെ നേരെ ചെന്നു അവരെ സംഹരിച്ചു.

44 പിന്നെ അബീമേലെക്കും കൂടെയുള്ള കൂട്ടവും പാഞ്ഞുചെന്നു പട്ടണത്തിന്റെ പടിവാതില്‍ക്കല്‍ നിന്നു; മറ്റെ കൂട്ടം രണ്ടും വയലിലുള്ള സകലജനത്തിന്റെയും നേരെ പാഞ്ഞുചെന്നു അവരെ സംഹരിച്ചു.

45 അബീമേലെക്‍ അന്നു മുഴുവനും പട്ടണത്തോടു പൊരുതു പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞു അതില്‍ ഉപ്പു വിതറി.

46 ശെഖേംഗോപുരവാസികള്‍ എല്ലാവരും ഇതു കേട്ടപ്പോള്‍ ഏല്‍ബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തില്‍ കടന്നു.

47 ശെഖേംഗോപുരവാസികള്‍ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്നു അബീമേലെക്കിന്നു അറിവുകിട്ടി.

48 അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സല്മോന്‍ മലയില്‍ കയറി; അബീമേലെക്‍ കോടാലി എടുത്തു ഒരു മരക്കൊമ്പു വെട്ടി ചുമലില്‍ വെച്ചു, തന്റെ പടജ്ജനത്തോടുഞാന്‍ ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‍വിന്‍ എന്നു പറഞ്ഞു.

49 പടജ്ജനമെല്ലാം അതുപോലെ ഔരോരുത്തന്‍ ഔരോ കൊമ്പു വെട്ടി അബീമേലെക്കിന്റെ പിന്നാലെ ചെന്നു മണ്ഡപത്തിന്നരികെ ഇട്ടു തീ കൊടുത്തു മണ്ഡപത്തോടു കൂടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ ശെഖേംഗോപുരവാസികളൊക്കെയും പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരം പേര്‍ മരിച്ചുപോയി.

50 അനന്തരം അബീമേലെക്‍ തേബെസിലേക്കു ചെന്നു തേബെസിന്നു വിരോധമായി പാളയമിറങ്ങി അതിനെ പിടിച്ചു.

51 പട്ടണത്തിന്നകത്തു ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്കു സകലപുരുഷന്മാരും സ്ത്രീകളും പട്ടണത്തിലുള്ളവര്‍ ഒക്കെയും ഔടിക്കടന്നു വാതില്‍ അടെച്ചു ഗോപുരത്തിന്റെ മുകളില്‍ കയറി.

52 അബീമേലെക്‍ ഗോപുരത്തിന്നരികെ എത്തി അതിനെ ആക്രമിച്ചു; അതിന്നു തീ കൊടുത്തു ചുട്ടുകളയേണ്ടതിന്നു ഗോപുരവാതിലിന്നടുത്തു ചെന്നു.

53 അപ്പോള്‍ ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയില്‍ ഇട്ടു അവന്റെ തലയോടു തകര്‍ത്തുകളഞ്ഞു.

54 ഉടനെ അവന്‍ തന്റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ചുഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന്നു നിന്റെ വാള്‍ ഊരി എന്നെ കൊല്ലുക എന്നു അവനോടു പറഞ്ഞു. അവന്റെ ബാല്യക്കാരന്‍ അവനെ കുത്തി, അങ്ങനെ അവന്‍ മരിച്ചു.

55 അബീമേലെക്‍ മരിച്ചുപോയി എന്നു കണ്ടപ്പോള്‍ യിസ്രായേല്യര്‍ താന്താങ്ങളുടെ സ്ഥലത്തേക്കു മടങ്ങിപ്പോയി.

56 അബീമേലെക്‍ തന്റെ എഴുപതു സഹോദരന്മാരെ കൊന്നതിനാല്‍ തന്റെ അപ്പനോടു ചെയ്തിട്ടുള്ള പാതകത്തിന്നു ദൈവം ഇങ്ങനെ പകരം ചെയ്തു.

57 ശെഖേംനിവാസികളുടെ സകലപാതകങ്ങളും ദൈവം അവരുടെ തലമേല്‍ വരുത്തി; അങ്ങനെ യെരുബ്ബാലിന്റെ മകനായ യോഥാമിന്റെ ശാപം അവരുടെമേല്‍ വന്നു.