Stap 321

Studie

     

പ്രവൃത്തികൾ 5

1 എന്നാല്‍ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷന്‍ തന്റെ ഭാര്യയായ സഫീരയോടു കൂടെ ഒരു നിലം വിറ്റു.

2 ഭാര്യയുടെ അറിവോടെ വിലയില്‍ കുറെ എടുത്തുവെച്ചു ഒരംശം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്കല്‍ വെച്ചു.

3 അപ്പോള്‍ പത്രൊസ്അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയില്‍ കുറെ എടുത്തുവെപ്പാനും സാത്താന്‍ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?

4 അതു വിലക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.

5 ഈ വാക്കു കേട്ടിട്ടു അനന്യാസ് വീണു പ്രാണനെ വിട്ടു; ഇതു കേട്ടവര്‍ക്കും എല്ലാവര്‍ക്കും മഹാഭയം ഉണ്ടായി.

6 ബാല്യക്കാര്‍ എഴുന്നേറ്റു അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു.

7 ഏകദേശം മൂന്നു മണിനേരം കഴിഞ്ഞപ്പോള്‍ അവന്റെ ഭാര്യ ഈ സംഭവിച്ചതു ഒന്നും അറിയാതെ അകത്തുവന്നു.

8 പത്രൊസ് അവളോടുഇത്രെക്കോ നിങ്ങള്‍ നിലം വിറ്റതു? പറക എന്നു പറഞ്ഞു; അതേ, ഇത്രെക്കു തന്നെ എന്നു അവള്‍ പറഞ്ഞു.

9 പത്രൊസ് അവളോടുകര്‍ത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാന്‍ നിങ്ങള്‍ തമ്മില്‍ ഒത്തതു എന്തു? ഇതാ, നിന്റെ ഭര്‍ത്താവിനെ കുഴിച്ചിട്ടവരുടെ കാല്‍ വാതില്‍ക്കല്‍ ഉണ്ടു; അവര്‍ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.

10 ഉടനെ അവള്‍ അവന്റെ കാല്‍ക്കല്‍ വീണു പ്രാണനെ വിട്ടു; ബാല്യക്കാര്‍ അകത്തു വന്നു അവള്‍ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭര്‍ത്താവിന്റെ അരികെ കുഴിച്ചിട്ടു.

11 സര്‍വസഭെക്കും ഇതു കേട്ടവര്‍ക്കും എല്ലാവര്‍ക്കും മഹാഭയം ഉണ്ടായി.

12 അപ്പൊസ്തലന്മാരുടെ കയ്യാല്‍ ജനത്തിന്റെ ഇടയില്‍ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവര്‍ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തില്‍ കൂടിവരിക പതിവായിരുന്നു.

13 മറ്റുള്ളവരില്‍ ആരും അവരോടു ചേരുവാന്‍ തുനിഞ്ഞില്ല; ജനമോ അവരെ പുകഴ്ത്തിപ്പോന്നു.

14 മേലക്കുമേല്‍ അനവധി പുരുഷന്മാരും സ്ത്രീകളും കര്‍ത്താവില്‍ വിശ്വസിച്ചു ചേര്‍ന്നുവന്നു.

15 രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോള്‍ അവന്റെ നിഴല്‍ എങ്കിലും അവരില്‍ വല്ലവരുടെയുംമേല്‍ വീഴേണ്ടതിന്നു വീഥികളില്‍ വിരിപ്പിന്മേലും കിടക്കമേലും കിടത്തും.

16 അതുകൂടാതെ യെരൂശലേമിന്നു ചുറ്റുമുള്ള പട്ടണങ്ങളില്‍നിന്നു പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കള്‍ ബാധിച്ചവരെയും കൊണ്ടുവരികയും അവര്‍ എല്ലാവരും സൌഖ്യം പ്രാപിക്കയും ചെയ്യും.

17 പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും

18 അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവില്‍ ആക്കി.

19 രാത്രിയിലോ കര്‍ത്താവിന്റെ ദൂതന്‍ കാരാഗൃഹവാതില്‍ തുറന്നു അവരെ പുറത്തു കൊണ്ടു വന്നു

20 നിങ്ങള്‍ ദൈവാലയത്തില്‍ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിന്‍ എന്നു പറഞ്ഞു.

21 അവര്‍ കേട്ടു പുലര്‍ച്ചെക്കു ദൈവാലയത്തില്‍ ചെന്നു ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രയേല്‍മക്കളുടെ മൂപ്പ്ന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാന്‍ തടവിലേക്കു ആളയച്ചു.

22 ചേവകര്‍ ചെന്നപ്പോള്‍ അവരെ കാരാഗൃഹത്തില്‍ കാണാതെ മടങ്ങിവന്നുകാരാഗൃഹം നല്ല സൂക്ഷമത്തോടെ പൂട്ടിയിരിക്കുന്നതും കാവല്‍ക്കാര്‍ വാതില്‍ക്കല്‍ നിലക്കുന്നതും ഞങ്ങള്‍ കണ്ടു;

23 തുറന്നപ്പോഴോ അകത്തു ആരെയും കണ്ടില്ല എന്നു അറിയിച്ചു.

24 ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു.

25 അപ്പോള്‍ ഒരുത്തന്‍ വന്നുനിങ്ങള്‍ തടവില്‍ ആക്കിയ പുരുഷന്മാര്‍ ദൈവാലയത്തില്‍ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്നു ബോധിപ്പിച്ചു.

26 പടനായകന്‍ ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാല്‍ ബലാല്‍ക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.

27 അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതന്‍ അവരോടു

28 ഈ നാമത്തില്‍ ഉപദേശിക്കരുതു എന്നു ഞങ്ങള്‍ നിങ്ങളോടു അമര്‍ച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേല്‍ വരുത്തുവാന്‍ ഇച്ഛിക്കുന്നു. എന്നു പറഞ്ഞു.

29 അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരുംമനുഷ്യരെക്കാള്‍ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.

30 നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിര്‍പ്പിച്ചു;

31 യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നലകുവാന്‍ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാല്‍ ഉയര്‍ത്തിയിരിക്കുന്നു.

32 ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവര്‍ക്കും നല്കിയ പരിശുദ്ധാത്മാവും സാക്ഷികള്‍ ആകുന്നു എന്നു ഉത്തരം പറഞ്ഞു.

33 ഇതു കേട്ടപ്പോള്‍ അവര്‍ കോപപരവശരായി അവരെ ഒടുക്കിക്കളവാന്‍ ഭാവിച്ചു.

34 അപ്പോള്‍ സര്‍വ്വ ജനത്തിനും ബഹുമാനമുള്ള ധര്‍മ്മോപദേഷ്ടാവായ ഗമാലീയേല്‍ എന്നൊരു പരീശന്‍ ന്യായധിപസംഘത്തില്‍ എഴുന്നേറ്റു, അവരെ കുറെ നേരം പുറത്താക്കുവാന്‍ കല്പിച്ചു.

35 പിന്നെ അവന്‍ അവരോടുയിസ്രായേല്‍ പുരുഷന്മാരെ, ഈ മനുഷ്യരുടെ കാര്യത്തില്‍ നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നു എന്നു സൂക്ഷിച്ചുകൊള്‍വിന്‍ .

36 ഈ നാളുകള്‍ക്കു മുമ്പെ തദാസ് എന്നവന്‍ എഴുന്നേറ്റു താന്‍ മഹാന്‍ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാര്‍ അവനോടു ചേന്നുകൂടി; എങ്കിലും അവന്‍ നശിക്കയും അവനെ അനുസരിച്ചവര്‍ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു.

37 അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാര്‍ത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തേ തന്റെ പക്ഷം ചേരുവാന്‍ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവര്‍ ഒക്കെയും ചിതറിപ്പോയി.

38 ആകയാല്‍ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊള്‍വിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികില്‍ അതു നശിച്ചുപോകും;

39 ദൈവികം എങ്കിലോ നിങ്ങള്‍ക്കു അതു നശിപ്പിപ്പാന്‍ കഴികയില്ല; നിങ്ങള്‍ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.

40 അവര്‍ അവനെ അനുസരിച്ചുഅപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തില്‍ സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു.

41 തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാന്‍ യോഗ്യരായി എണ്ണപ്പെടുകയാല്‍ അവര്‍ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നിന്നു പുറപ്പെട്ടുപോയി.

42 പിന്നെ അവര്‍ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.

പ്രവൃത്തികൾ 6

1 ആ കാലത്തു ശിഷ്യന്മാര്‍ പെരുകിവരുമ്പോള്‍ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയില്‍ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാര്‍ എബ്രായഭാഷക്കാരുടെ നേരെ പിറുപിറുത്തു.

2 പന്തിരുവര്‍ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തിഞങ്ങള്‍ ദൈവവചനം ഉപേക്ഷിച്ചു മേശകളില്‍ ശുശ്രൂഷ ചെയ്യുന്നതു യോഗ്യമല്ല.

3 ആകയാല്‍ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളില്‍ തന്നേ തിരഞ്ഞുകൊള്‍വിന്‍ ; അവരെ ഈ വേലെക്കു ആക്കാം.

4 ഞങ്ങളോ പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു.

5 ഈ വാക്കു കൂട്ടത്തിന്നു ഒക്കെയും ബോദ്ധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോര്‍, തിമോന്‍ , പര്‍മ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരന്‍ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,

6 അപ്പൊസ്തലന്മാരുടെ മുമ്പാകെ നിറുത്തി; അവര്‍ പ്രാര്‍ത്ഥിച്ചു അവരുടെ മേല്‍ കൈവെച്ചു.

7 ദൈവവചനം പരന്നു, യെരൂശലേമില്‍ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിര്‍ന്നു.

8 അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തില്‍ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.

9 ലിബര്‍ത്തീനര്‍ എന്നു പേരുള്ള പള്ളിക്കാരിലും കുറേ നക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലര്‍ എഴുന്നേറ്റു സ്തെഫനൊസിനോടു തര്‍ക്കിച്ചു.

10 എന്നാല്‍ അവന്‍ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിര്‍ത്തുനില്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.

11 അപ്പോള്‍ അവര്‍ ചില പുരുഷന്മാരെ വശത്താക്കിഇവന്‍ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങള്‍ കേട്ടു എന്നു പറയിച്ചു,

12 ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്റെ നേരെ ചെന്നു അവനെ പിടിച്ചു ന്യായാധിപസംഘത്തില്‍ കൊണ്ടു പോയി

13 കള്ളസ്സാക്ഷികളെ നിറുത്തിഈ മനുഷ്യന്‍ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;

14 ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ചു മോശെ നമുക്കു ഏല്പിച്ച മാര്യാദകളെ മാറ്റിക്കളയും എന്നു അവന്‍ പറയുന്നതു ഞങ്ങള്‍ കേട്ടു എന്നു പറയിച്ചു.

15 ന്യായധിപസംഘത്തില്‍ ഇരുന്നവര്‍ എല്ലാവരും അവനെ ഉറ്റുനോക്കി അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ കണ്ടു.

പ്രവൃത്തികൾ 7:1-29

1 ഇതു ഉള്ളതു തന്നേയോ എന്നു മഹാപുരോഹിതന്‍ ചോദിച്ചതിന്നു അവന്‍ പറഞ്ഞതു

2 സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേള്‍പ്പിന്‍ . നമ്മുടെ പിതാവായ അബ്രാഹാം ഹാരനില്‍ വന്നു പാര്‍ക്കും മുമ്പെ മെസൊപ്പൊത്താമ്യയില്‍ ഇരിക്കുമ്പോള്‍, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി

3 നിന്റെ ദേശത്തെയും നിന്റെ ചാര്‍ച്ചക്കാരെയും വിട്ടു ഞാന്‍ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവന്‍ കല്ദായരുടെ ദേശം വിട്ടു ഹാരാനില്‍ വന്നു പാര്‍ത്തു.

4 അവന്റെ അപ്പന്‍ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങള്‍ ഇപ്പോള്‍ പാര്‍ക്കുംന്ന ഈ ദേശത്തില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചു.

5 അവന്നു അതില്‍ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നലകുമെന്നു അവനോടു വാഗ്ദത്തം ചെയ്തു.

6 അവന്റെ സന്തതി അന്യദേശത്തു ചെന്നു പാര്‍ക്കും; ആ ദേശക്കാര്‍ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു.

7 അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ ന്യായം വിധിക്കും; അതിന്റെ ശേഷം അവര്‍ പുറപ്പെട്ടുവന്നു ഈ സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു.

8 പിന്നെ അവന്നു പരിച്ഛേദനയെന്ന നിയമം കൊടുത്തു; അങ്ങനെ അവന്‍ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാം നാള്‍ പരിച്ഛേദന ചെയ്തു. യിസ്ഹാക്ക്‍ യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.

9 ഗോത്രപിതാക്കന്മാര്‍ യോസേഫിനോടു അസൂയപ്പെട്ടു അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.

10 എന്നാല്‍ ദൈവം അവനോടുകൂടെ ഇരുന്നു സകലസങ്കടങ്ങളില്‍നിന്നും അവനെ വിടുവിച്ചു മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന്നു കൃപയും ജ്ഞാനവും കൊടുത്തുഅവന്‍ അവനെ മിസ്രയീമിന്നും തന്റെ സര്‍വ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചു.

11 മിസ്രയീം ദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാര്‍ക്കും ആഹാരം കിട്ടാതെയായി.

12 മിസ്രായീമില്‍ ധാന്യം ഉണ്ടു എന്നു കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു.

13 രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താന്‍ അറിയിച്ചു യോസേഫിന്റെ വംശം ഫറവോന്നു വെളിവായ്‍വന്നു.

14 യോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെ ഒക്കെയും വരുത്തി; അവര്‍ ആകെ എഴുപത്തഞ്ചുപേരായിരുന്നു.

15 യാക്കോബ്, മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു.

16 അവരെ ശെഖേമില്‍ കൊണ്ടുവന്നു ശെഖേമില്‍ എമ്മോരിന്റെ മക്കളോടു അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയില്‍ അടക്കം ചെയ്തു.

17 ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോള്‍ ജനം മിസ്രയീമില്‍ വര്‍ദ്ധിച്ചു പെരുകി.

18 ഒടുവില്‍ യോസേഫിനെ അറിയാത്ത വേറൊരു രാജാവു മിസ്രയീമില്‍ വാണു.

19 അവന്‍ നമ്മുടെ വംശത്തോടു ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കള്‍ ജീവനോടെ ഇരിക്കരുതു എന്നുവെച്ച അവരെ പുറത്തിടുവിച്ചു.

20 ആ കാലത്തു മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടില്‍ പോറ്റി.

21 പിന്നെ അവനെ പുറത്തിട്ടപ്പോള്‍ ഫറവോന്റെ മകള്‍ അവനെ എടുത്തു തന്റെ മകനായി വളര്‍ത്തി.

22 മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമര്‍ത്ഥനായിത്തീര്‍ന്നു.

23 അവന്നു നാല്പതു വയസ്സു തികയാറായപ്പോള്‍ യിസ്രായേല്‍ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സില്‍ തോന്നി.

24 അവരില്‍ ഒരുത്തന്‍ അന്യായം ഏലക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു.

25 ദൈവം താന്‍ മുഖാന്തരം അവര്‍ക്കും രക്ഷ നലകും എന്നു സഹോദരന്മാര്‍ ഗ്രഹിക്കും എന്നു അവന്‍ നിരൂപിച്ചു; എങ്കിലും അവര്‍ ഗ്രഹിച്ചില്ല.

26 പിറ്റെന്നാള്‍ അവര്‍ കലഹിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ അടുക്കല്‍ വന്നുപുരുഷന്മാരെ, നിങ്ങള്‍ സഹോദരന്മാരല്ലോ; തമ്മില്‍ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാന്‍ നോക്കി.

27 എന്നാല്‍ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവന്‍ അവനെ ഉന്തിക്കളഞ്ഞുനിന്നെ ഞങ്ങള്‍ക്കു അധികാരിയും ന്യായകര്‍ത്താവും ആക്കിയതു ആര്‍?

28 ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാന്‍ ഭാവിക്കുന്നുവോ എന്നു പറഞ്ഞു.

29 ഈ വാക്കു കേട്ടിട്ടു മോശെ ഔടിപ്പോയി മിദ്യാന്‍ ദേശത്തു ചെന്നു പാര്‍ത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.