Stap 41

Studie

     

സംഖ്യാപുസ്തകം 1

1 അവര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ സീനായിമരുഭൂമിയില്‍ സമാഗമനക്കുടാരത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍

2 നിങ്ങള്‍ യിസ്രായേല്‍മക്കളില്‍ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേര്‍വഴി ചാര്‍ത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം.

3 നീയും അഹരോനും യിസ്രായേലില്‍ ഇരുപതു വയസ്സുമുതല്‍ മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാന്‍ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം.

4 ഔരോ ഗോത്രത്തില്‍നിന്നു തന്റെ കുടുംബത്തില്‍ തലവനായ ഒരുത്തന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.

5 നിങ്ങളോടുകൂടെ നില്‍ക്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിതുരൂബേന്‍ ഗോത്രത്തില്‍ ശെദേയൂരിന്റെ മകന്‍ എലീസൂര്‍;

6 ശിമെയോന്‍ ഗോത്രത്തില്‍ സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേല്‍;

7 യെഹൂദാഗോത്രത്തില്‍ അമ്മീനാദാബിന്റെ മകന്‍ നഹശോന്‍ ;

8 യിസ്സാഖാര്‍ ഗോത്രത്തില്‍ സൂവാരിന്റെ മകന്‍ നെഥനയേല്‍;

9 സെബൂലൂന്‍ ഗോത്രത്തില്‍ ഹോലോന്റെ മകന്‍ എലീയാബ്;

10 യോസേഫിന്റെ മക്കളില്‍ എഫ്രയീംഗോത്രത്തില്‍ അമ്മീഹൂദിന്റെ മകന്‍ എലീശാമാ; മനശ്ശെഗോത്രത്തില്‍ പെദാസൂരിന്റെ മകന്‍ ഗമലീയേല്‍;

11 ബെന്യാമീന്‍ ഗോത്രത്തില്‍ ഗിദെയോനിയുടെ മകന്‍ അബീദാന്‍ ;

12 ദാന്‍ ഗോത്രത്തില്‍ അമ്മീശദ്ദായിയുടെ മകന്‍ അഹീയേസെര്‍;

13 ആശേര്‍ഗോത്രത്തില്‍ ഒക്രാന്റെ മകന്‍ പഗീയേല്‍;

14 ഗാദ് ഗോത്രത്തില്‍ ദെയൂവേലിന്റെ മകന്‍ എലീയാസാഫ്;

15 നഫ്താലിഗോത്രത്തില്‍ ഏനാന്റെ മകന്‍ അഹീര.

16 ഇവര്‍ സംഘത്തില്‍നിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളില്‍ പ്രഭുക്കന്മാരും യിസ്രായേലില്‍ സഹസ്രാധിപന്മാരും ആയിരുന്നു.

17 കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.

18 രണ്ടാം മാസം ഒന്നാം തിയ്യതി അവര്‍ സര്‍വ്വസഭയെയും വിളിച്ചുകൂട്ടി; അവര്‍ ഗോത്രം ഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മോലോട്ടു പേരു പേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു.

19 യഹോവ മോശെയോടു കല്പിച്ചതു പോലെ അവന്‍ സീനായിമരുഭൂമിയില്‍വെച്ചു അവരുടെ എണ്ണമെടുത്തു.

20 യിസ്രായേലിന്റെ മൂത്തമകനായ രൂബേന്റെ മക്കളുടെ സന്തതികള്‍ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മേലോട്ടു, യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും

21 പേരുപേരായി രൂബേന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പത്താറായിരത്തഞ്ഞൂറു പേര്‍.

22 ശിമെയോന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും

23 പേരുപേരായി ശിമെയോന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേര്‍.

24 ഗാദിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

25 ഗാദ് ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേര്‍.

26 യെഹൂദയുടെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

27 യെഹൂദാഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ എഴുപത്തുനാലായിരത്തറുനൂറു പേര്‍.

28 യിസ്സാഖാരിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

29 യിസ്സാഖാര്‍ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തുനാലായിരത്തി നാനൂറു പേര്‍.

30 സെബൂലൂന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും

31 പേരു പേരായി സെബൂലൂന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തേഴായിരത്തി നാനൂറു പേര്‍.

32 യോസേഫിന്റെ മക്കളില്‍ എഫ്രയീമിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും

33 പേരുപേരായി എഫ്രയീംഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പതിനായിരത്തഞ്ഞൂറു പേര്‍.

34 മനശ്ശെയുടെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

35 മനശ്ശെഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ മുപ്പത്തീരായിരത്തിരുനൂറു പേര്‍.

36 ബെന്യാമീന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

37 ബെന്യാമീന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ മുപ്പത്തയ്യായിരത്തി നാനൂറു പേര്‍.

38 ദാന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

39 ദാന്‍ ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അറുപത്തീരായിരത്തെഴുനൂറു പേര്‍.

40 ആശേരിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

41 ആശേര്‍ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തോരായിരത്തഞ്ഞൂറു പേര്‍.

42 നഫ്താലിയുടെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

43 നഫ്താലിഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തുമൂവായിരത്തി നാനൂറു പേര്‍.

44 മോശെയും അഹരോനും ഗോത്രത്തിന്നു ഒരുവന്‍ വീതം യിസ്രായേല്‍പ്രഭുക്കന്മാരായ പന്ത്രണ്ടു പുരുഷന്മാരും കൂടി എണ്ണമെടുത്തവര്‍ ഇവര്‍ തന്നേ.

45 യിസ്രായേല്‍മക്കളില്‍ ഗോത്രംഗോത്രമായി ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരുമായി

46 എണ്ണപ്പെട്ടവര്‍ ആകെ ആറു ലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേര്‍ ആയിരുന്നു.

47 ഇവരുടെ കൂട്ടത്തില്‍ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല.

48 ലേവിഗോത്രത്തെ മാത്രം എണ്ണരുതു;

49 യിസ്രായേല്‍മക്കളുടെ ഇടയില്‍ അവരുടെ സംഖ്യ എടുക്കയും അരുതു എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.

50 ലേവ്യരെ സാക്ഷ്യനിവാസത്തിന്നും അതിന്റെ ഉപകരണങ്ങള്‍ക്കും വസ്തുക്കള്‍ക്കും ഒക്കെ വിചാരകന്മാരായി നിയമിക്കേണം; അവര്‍ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവര്‍ അതിന്നു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ചു പാര്‍ക്കയും വേണം.

51 തിരുനിവാസം പുറപ്പെടുമ്പോള്‍ ലേവ്യര്‍ അതു അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോള്‍ ലേവ്യര്‍ അതു നിവിര്‍ത്തേണം; ഒരന്യന്‍ അടുത്തുവന്നാല്‍ മരണ ശിക്ഷ അനുഭവിക്കേണം.

52 യിസ്രായേല്‍മക്കള്‍ ഗണംഗണമായി ഔരോരുത്തന്‍ താന്താന്റെ പാളയത്തിലും ഔരോരുത്തന്‍ താന്താന്റെ കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം.

53 എന്നാല്‍ യിസ്രായേല്‍മക്കളുടെ സംഘത്തിന്മേല്‍ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന്നു ലേവ്യര്‍ സാക്ഷ്യനിവാസത്തിന്നു ചുറ്റം പാളയമിറങ്ങേണം; ലേവ്യര്‍ സാക്ഷ്യ നിവാസത്തിന്റെ കാര്യം നോക്കേണം

54 എന്നു യഹോവ മോശെയോടു കല്പിച്ചതുപോലെ എല്ലാം യിസ്രായേല്‍മക്കള്‍ ചെയ്തു; അതു പോലെ തന്നെ അവര്‍ ചെയ്തു.

സംഖ്യാപുസ്തകം 2

1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു

2 യിസ്രായേല്‍ മക്കളില്‍ ഔരോരുത്തന്‍ താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനക്കുടാരത്തിന്നെതിരായി ചുറ്റും അവര്‍ പാളയമിറങ്ങേണം.

3 യെഹൂദാപാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി കിഴക്കു സൂര്യോദയത്തിന്നു നേരെ പാളയമിറങ്ങേണം; യെഹൂദയുടെ മക്കള്‍ക്കു അമ്മീനാദാബിന്റെ മകന്‍ നഹശോന്‍ പ്രഭു ആയിരിക്കേണം.

4 അവന്റെ ഗണം ആകെ എഴുപത്തുനാലായിരത്തറുനൂറു പേര്‍.

5 അവന്റെ അരികെ യിസ്സാഖാര്‍ഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്റെ മക്കള്‍ക്കു സൂവാരിന്റെ മകന്‍ നെഥനയേല്‍ പ്രഭു ആയിരിക്കേണം.

6 അവന്റെ ഗണം ആകെ അമ്പത്തുനാലായിരത്തി നാനൂറു പേര്‍.

7 പിന്നെ സെബൂലൂന്‍ ഗോത്രം; സെബൂലൂന്റെ മക്കള്‍ക്കു ഹേലോന്റെ മകന്‍ എലീയാബ് പ്രഭു ആയിരിക്കേണം.

8 അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറു പേര്‍.

9 യെഹൂദാപാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ലക്ഷത്തെണ്‍പത്താറായിരത്തി നാനൂറു പേര്‍. ഇവര്‍ ആദ്യം പുറപ്പെടേണം.

10 രൂബേന്‍ പാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി തെക്കുഭാഗത്തു പാളയമിറങ്ങേണം; രൂബേന്റെ മക്കള്‍ക്കു ശെദേയൂരിന്റെ മകന്‍ എലീസൂര്‍ പ്രഭു ആയിരിക്കേണം.

11 അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേര്‍.

12 അവന്റെ അരികെ ശിമെയോന്‍ ഗോത്രം പാളയമിറങ്ങേണം; ശിമെയോന്റെ മക്കള്‍ക്കു സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേല്‍ പ്രഭു ആയിരിക്കേണം.

13 അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേര്‍.

14 പിന്നെ ഗാദ് ഗോത്രം; ഗാദിന്റെ മക്കള്‍ക്കു രെയൂവേലിന്റെ മകന്‍ എലീയാസാഫ് പ്രഭു ആയിരിക്കേണം.

15 അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേര്‍.

16 രൂബേന്‍ പാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തമ്പത്തോരായിരത്തി നാനൂറ്റമ്പതു പേര്‍. അവര്‍ രണ്ടാമതായി പുറപ്പെടേണം.

17 പിന്നെ സമാഗമനക്കുടാരം പാളയത്തിന്റെ നടുവില്‍ ലേവ്യരുടെ പാളയവുമായി യാത്രചെയ്യേണം; അവര്‍ പാളയമിറങ്ങുന്നതു പോലെ തന്നേ താന്താങ്ങളുടെ കൊടിക്കരികെ യഥാക്രമം പുറപ്പെടേണം.

18 എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി പടിഞ്ഞാറെഭാഗത്തു പാളയമിറങ്ങേണം; എഫ്രയീമിന്റെ മക്കള്‍ക്കു അമ്മീഹൂദിന്റെ മകന്‍ എലീശാമാ പ്രഭു ആയിരിക്കേണം.

19 അവന്റെ ഗണം ആകെ നാല്പതിനായിരത്തഞ്ഞൂറു പേര്‍.

20 അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കള്‍ക്കു പെദാസൂരിന്റെ മകന്‍ ഗമലീയേല്‍ പ്രഭു ആയിരിക്കേണം.

21 അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തിരുനൂറു പേര്‍.

22 പിന്നെ ബെന്യാമീന്‍ ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കള്‍ക്കു ഗിദെയോനിയുടെ മകന്‍ അബീദാന്‍ പ്രഭു ആയിരിക്കേണം.

23 അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറു പേര്‍.

24 എഫ്രയീംപാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേര്‍. അവര്‍ മൂന്നാമതായി പുറപ്പെടേണം.

25 ദാന്‍ പാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കള്‍ക്കു അമ്മീശദ്ദായിയുടെ മകന്‍ അഹീയേസര്‍ പ്രഭു ആയിരിക്കേണം.

26 അവന്റെ ഗണം ആകെ അറുപത്തീരായിരത്തെഴുനൂറു പേര്‍.

27 അവന്റെ അരികെ ആശേര്‍ഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കള്‍ക്കു ഒക്രാന്റെ മകന്‍ പഗീയേല്‍ പ്രഭു ആയിരിക്കേണം.

28 അവന്റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേര്‍.

29 പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കള്‍ക്കു ഏനാന്റെ മകന്‍ അഹീര പ്രഭു ആയിരിക്കേണം.

30 അവന്റെ ഗണം ആകെ അമ്പത്തുമൂവായിരത്തി നാനൂറു പേര്‍.

31 ദാന്‍ പാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തറുനൂറു പേര്‍. അവര്‍ തങ്ങളുടെ കൊടികളോടുകൂടെ ഒടുവില്‍ പുറപ്പെടേണം.

32 യിസ്രായേല്‍മക്കളില്‍ ഗോത്രം ഗോത്രമായി എണ്ണപ്പെട്ടവര്‍ ഇവര്‍ തന്നേ. പാളയങ്ങളില്‍ ഗണംഗണമായി എണ്ണപ്പെട്ടവര്‍ ആകെ ആറുലക്ഷത്തി മൂവായിരത്തഞ്ഞുറ്റമ്പതു പേര്‍ ആയിരുന്നു.

33 എന്നാല്‍ യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കളുടെ കൂട്ടത്തില്‍ ലേവ്യരെ എണ്ണിയില്ല.

34 യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേല്‍മക്കള്‍ ചെയ്തു; അങ്ങനെ തന്നേ അവര്‍ താന്താങ്ങളുടെ കൊടിക്കരികെ പാളയമിറങ്ങി; അങ്ങനെ തന്നേ അവര്‍ കുടുംബംകുടുംബമായും കുലം കുലമായും പുറപ്പെട്ടു.

സംഖ്യാപുസ്തകം 3:1-32

1 യഹോവ സീനായി പര്‍വ്വതത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്ത കാലത്തു അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യമാവിതു

2 അഹരോന്റെ പുത്രന്മാരുടെ പേരുകള്‍ ഇവആദ്യജാതന്‍ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.

3 പുരോഹിതശുശ്രൂഷചെയ്‍വാന്‍ പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകള്‍ ഇവ തന്നേ.

4 എന്നാല്‍ നാദാബും അബീഹൂവും സീനായിമരുഭൂമിയില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ അന്യാഗ്നി കത്തിച്ചപ്പോള്‍ യഹോവയുടെ സന്നിധിയില്‍വെച്ചു മരിച്ചുപോയി; അവര്‍ക്കും മക്കള്‍ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിത ശുശ്രൂഷ ചെയ്തുപോന്നു.

5 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

6 നീ ലേവിഗോത്രത്തെ അടുക്കല്‍ വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്റെ മുമ്പാകെ നിര്‍ത്തുക.

7 അവര്‍ സമാഗമനക്കുടാരത്തിന്റെ മുമ്പില്‍ അവന്റെ കാര്യവും സര്‍വ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.

8 അവര്‍ സമാഗമനക്കുടാരത്തിന്നുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേല്‍മക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം.

9 നീ ലേവ്യരെ അഹരോന്നും അവന്റെ പുത്രന്മാര്‍ക്കും കൊടുക്കേണം; യിസ്രായേല്‍മക്കളില്‍നിന്നു അവര്‍ അവന്നു സാക്ഷാല്‍ ദാനമായുള്ളവര്‍ ആകുന്നു.

10 അഹരോനെയും പുത്രന്മാരെയും പൌരോഹിത്യം നടത്തുവാന്‍ നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യന്‍ മരണശിക്ഷ അനുഭവിക്കേണം.

11 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

12 യിസ്രായേല്‍മക്കളുടെ ഇടയില്‍ പിറക്കുന്ന എല്ലാ കടിഞ്ഞൂലിന്നും പകരം ഞാന്‍ ലേവ്യരെ യിസ്രായേല്‍മക്കളില്‍നിന്നു എടുത്തിരിക്കുന്നു; ലേവ്യര്‍ എനിക്കുള്ളവരായിരിക്കേണം.

13 കടിഞ്ഞൂലെല്ലാം എനിക്കുള്ളതു; ഞാന്‍ മിസ്രയീംദേശത്തു കടിഞ്ഞൂലിനെ ഒക്കെയും കൊന്നനാളില്‍ യിസ്രായേലില്‍ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ടു ശുദ്ധീകരിച്ചു; അതു എനിക്കുള്ളതായിരിക്കേണം; ഞാന്‍ യഹോവ ആകുന്നു.

14 യഹോവ പിന്നെയും സീനായിമരുഭൂമിയില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു

15 ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരില്‍ ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള ആണിനെ ഒക്കെയും നീ എണ്ണേണം.

16 തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി.

17 ലേവിയുടെ പുത്രന്മാരുടെ പേരുകള്‍ഗേര്‍ശോന്‍ , കെഹാത്ത്, മെരാരി.

18 കുടുംബംകുടുംബമായി ഗേര്‍ശോന്റെ പുത്രന്മാരുടെ പേരുകള്‍

19 ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍ , ഉസ്സീയേല്‍.

20 കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാര്‍മഹ്ളി, മൂശി. ഇവര്‍ തന്നേ കുലംകുലമായി ലേവിയുടെ കുടുംബങ്ങള്‍.

21 ഗേര്‍ശോനില്‍നിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേര്‍ശോന്യ കുടുംബങ്ങള്‍.

22 അവരില്‍ ഒരു മാസം മുതല്‍ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയില്‍ എണ്ണപ്പെട്ടവരുടെ ആകത്തുക ഏഴായിരത്തഞ്ഞൂറു.

23 ഗേര്‍ശോന്യകുടുംബങ്ങള്‍ തിരുനിവാസത്തിന്റെ പുറകില്‍ പടിഞ്ഞാറെ ഭാഗത്തു പാളയമിറങ്ങേണം.

24 ഗേര്‍ശോന്യരുടെ പിതൃഭവനത്തിന്നു ലായേലിന്റെ മകന്‍ എലീയാസാഫ് പ്രഭു ആയിരിക്കേണം.

25 സമാഗമനക്കുടാരത്തില്‍ ഗേര്‍ശോന്യര്‍ നോക്കേണ്ടതു തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനക്കുടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീലയും

26 തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാവേലെക്കും ഉള്ള കയറുകളും ആകുന്നു.

27 കെഹാത്തില്‍നിന്നു അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്‍യ്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു.

28 ഇവ കെഹാത്യരുടെ കുടുംബങ്ങള്‍. ഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയില്‍ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവര്‍ എണ്ണായിരത്തറുനൂറു പേര്‍.

29 കെഹാത്യകുടുംബങ്ങള്‍ തിരുനിവാസത്തിന്റെ തെക്കെ ഭാഗത്തു പാളയമിറങ്ങേണം.

30 കെഹാത്യ കുടുംബങ്ങളുടെ പിതൃഭവനത്തിന്നു ഉസ്സീയേലിന്റെ മകന്‍ എലീസാഫാന്‍ പ്രഭു ആയിരിക്കേണം.

31 അവര്‍ നോക്കേണ്ടതു പെട്ടകം, മേശ, നിലവിളകൂ, പീഠങ്ങള്‍, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍, തിരശ്ശീല എന്നിവയും അവേക്കുള്ള വേല ഒക്കെയും ആകുന്നു.

32 പുരോഹിതനായ അഹരോന്റെ മകന്‍ എലെയാസാര്‍ ലേവ്യര്‍ക്കും പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേല്‍വിചാരകനും ആയിരിക്കേണം.