Passo 213

Estude

     

സദൃശ്യവാക്യങ്ങൾ 27:11-27

11 മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാന്‍ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.

12 വിവേകമുള്ളവന്‍ അനര്‍ത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.

13 അന്യന്നുവേണ്ടി ജാമ്യം നിലക്കുന്നവന്റെ വസ്ത്രം എടുത്തുകൊള്‍ക; പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക.

14 അതികാലത്തു എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തില്‍ അനുഗ്രഹിക്കുന്നവന്നു അതു ശാപമായി എണ്ണപ്പെടും.

15 പെരുമഴയുള്ള ദിവസത്തില്‍ ഇടവിടാത്ത ചോര്‍ച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.

16 അവളെ ഒതുക്കുവാന്‍ നോക്കുന്നവന്‍ കാറ്റിനെ ഒതുക്കുവാന്‍ നോക്കുന്നു; അവന്റെ വലങ്കൈകൊണ്ടു എണ്ണയെ പിടിപ്പാന്‍ പോകുന്നു.

17 ഇരിമ്പു ഇരിമ്പിന്നു മൂര്‍ച്ചകൂട്ടുന്നു; മനുഷ്യന്‍ മനുഷ്യന്നു മൂര്‍ച്ചകൂട്ടുന്നു.

18 അത്തികാക്കുന്നവന്‍ അതിന്റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവന്‍ ബഹുമാനിക്കപ്പെടും.

19 വെള്ളത്തില്‍ മുഖത്തിന്നൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യന്‍ തന്റെ ഹൃദയത്തിന്നൊത്തവണ്ണം മനുഷ്യനെ കാണുന്നു.

20 പാതാളത്തിന്നും നരകത്തിന്നും ഒരിക്കലും തൃപ്തി വരുന്നില്ല; മനുഷ്യന്റെ കണ്ണിന്നും ഒരിക്കലും തൃപ്തിവരുന്നില്ല.

21 വെള്ളിക്കു പുടവും പൊന്നിന്നു മൂശയും ശോധന; മനുഷ്യന്നോ അവന്റെ പ്രശംസ.

22 ഭോഷനെ ഉരലില്‍ ഇട്ടു ഉലക്കകൊണ്ടു അവില്‍പോലെ ഇടിച്ചാലും അവന്റെ ഭോഷത്വം വിട്ടുമാറുകയില്ല.

23 നിന്റെ ആടുകളുടെ അവസ്ഥ അറിവാന്‍ ജാഗ്രതയായിരിക്ക; നിന്റെ കന്നുകാലികളില്‍ നന്നായി ദൃഷ്ടിവെക്കുക.

24 സമ്പത്തു എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ?

25 പുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ലു മുളെച്ചുവരുന്നു; പര്‍വ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.

26 കുഞ്ഞാടുകള്‍ നിനക്കു ഉടുപ്പിന്നും കോലാടുകള്‍ നിലത്തിന്റെ വിലെക്കും ഉതകും.

27 കോലാടുകളുടെ പാല്‍ നിന്റെ ആഹാരത്തിന്നും നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും നിന്റെ ദാസിമാരുടെ ഉപജീവനത്തിന്നും മതിയാകും.

സദൃശ്യവാക്യങ്ങൾ 28

1 ആരും ഔടിക്കാതെ ദുഷ്ടന്മാര്‍ ഔടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിര്‍ഭയമായിരിക്കുന്നു.

2 ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാര്‍ പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവര്‍ മുഖാന്തരമോ അതിന്റെ വ്യവസ്ഥ ദീര്‍ഘമായി നിലക്കുന്നു.

3 അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രന്‍ വിളവിനെ വെച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.

4 ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവര്‍ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോടു എതിര്‍ക്കുംന്നു.

5 ദുഷ്ടന്മാര്‍ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.

6 തന്റെ വഴികളില്‍ വക്രനായി നടക്കുന്ന ധനവാനെക്കാള്‍ പരമാര്‍ത്ഥതയില്‍ നടക്കുന്ന ദരിദ്രന്‍ ഉത്തമന്‍ .

7 ന്യായപ്രമാണത്തെ പ്രമാണിക്കുന്നവന്‍ ബുദ്ധിയുള്ള മകന്‍ ; അതിഭക്ഷകന്മാര്‍ക്കും സഖിയായവനോ അപ്പനെ അപമാനിക്കുന്നു.

8 പലിശയും ലാഭവും വാങ്ങി സമ്പത്തു വര്‍ദ്ധിപ്പിക്കുന്നവന്‍ അഗതികളോടു കൃപാലുവായവന്നു വേണ്ടി അതു ശേഖരിക്കുന്നു.

9 ന്യായപ്രമാണം കേള്‍ക്കാതെ ചെവി തിരിച്ചുകളഞ്ഞാല്‍ അവന്റെ പ്രാര്‍ത്ഥനതന്നെയും വെറുപ്പാകുന്നു.

10 നേരുള്ളവരെ ദുര്‍മ്മാര്‍ഗ്ഗത്തിലേക്കു തെറ്റിക്കുന്നവന്‍ താന്‍ കുഴിച്ച കുഴിയില്‍ തന്നേ വീഴും; നിഷ്കളങ്കന്മാരോ നന്മ അവകാശമാക്കും.

11 ധനവാന്‍ തനിക്കുതന്നേ ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു.

12 നീതിമാന്മാര്‍ ജയഘോഷം കഴിക്കുമ്പോള്‍ മഹോത്സവം; ദുഷ്ടന്മാര്‍ ഉയര്‍ന്നുവരുമ്പോഴോ ആളുകള്‍ ഒളിച്ചുകൊള്ളുന്നു.

13 തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും.

14 എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ ; ഹൃദയത്തെ കഠിനമാക്കുന്നവനോ അനര്‍ത്ഥത്തില്‍ അകപ്പെടും.

15 അഗതികളില്‍ കര്‍ത്തൃത്വം നടത്തുന്ന ദുഷ്ടന്‍ ഗര്‍ജ്ജിക്കുന്ന സിംഹത്തിന്നും ഇരതേടി നടക്കുന്ന കരടിക്കും തുല്യന്‍ .

16 ബുദ്ധിഹീനനായ പ്രഭു മഹാ പീഡകനും ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീര്‍ഘായുസ്സോടെ ഇരിക്കും.

17 രക്തപാതകഭാരം ചുമക്കുന്നവന്‍ കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുതു.

18 നിഷ്കളങ്കനായി നടക്കുന്നവന്‍ രക്ഷിക്കപ്പെടും; നടപ്പില്‍ വക്രതയുള്ളവനോ പെട്ടെന്നു വീഴും.

19 നിലം കൃഷിചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിന്‍ ചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.

20 വിശ്വസ്തപുരുഷന്‍ അനുഗ്രഹസമ്പൂര്‍ണ്ണന്‍ ; ധനവാനാകേണ്ടതിന്നു ബദ്ധപ്പെടുന്നവന്നോ ശിക്ഷ വരാതിരിക്കയില്ല.

21 മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിന്നായും മനുഷ്യന്‍ അന്യായം ചെയ്യും.

22 കണ്ണുകടിയുള്ളവന്‍ ധനവാനാകുവാന്‍ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്നു അവന്‍ അറിയുന്നതുമില്ല.

23 ചക്കരവാക്കു പറയുന്നവനെക്കാള്‍ ശാസിക്കുന്നവന്നു പിന്നീടു പ്രീതി ലഭിക്കും.

24 അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ടു അതു അക്രമമല്ല എന്നു പറയുന്നവന്‍ നാശകന്റെ സഖി.

25 അത്യാഗ്രഹമുള്ളവന്‍ വഴക്കുണ്ടാക്കുന്നു; യഹോവയില്‍ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും.

26 സ്വന്തഹൃദയത്തില്‍ ആശ്രയിക്കുന്നവന്‍ മൂഢന്‍ ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.

27 ദരിദ്രന്നു കൊടുക്കുന്നവന്നു കുറെച്ചല്‍ ഉണ്ടാകയില്ല; കണ്ണു അടെച്ചുകളയുന്നവന്നോ ഏറിയൊരു ശാപം ഉണ്ടാകും.

28 ദുഷ്ടന്മാര്‍ ഉയര്‍ന്നുവരുമ്പോള്‍ ആളുകള്‍ ഒളിച്ചുകൊള്ളുന്നു; അവര്‍ നശിക്കുമ്പോഴോ നീതിമാന്മാര്‍ വര്‍ദ്ധിക്കുന്നു.

സദൃശ്യവാക്യങ്ങൾ 29

1 കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവന്‍ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.

2 നീതിമാന്മാര്‍ വര്‍ദ്ധിക്കുമ്പോള്‍ ജനം സന്തോഷിക്കുന്നു; ദുഷ്ടന്‍ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീര്‍പ്പിടുന്നു.

3 ജ്ഞാനത്തില്‍ ഇഷ്ടപ്പെടുന്നവന്‍ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു.

4 രാജാവു ന്യായപാലനത്താല്‍ രാജ്യത്തെ നിലനിര്‍ത്തുന്നു; നികുതി വര്‍ദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.

5 കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവന്‍ അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു.

6 ദുഷ്കര്‍മ്മി തന്റെ ലംഘനത്തില്‍ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.

7 നീതിമാന്‍ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്നു അറിയുന്നില്ല.

8 പരിഹാസികള്‍ പട്ടണത്തില്‍ കോപാഗ്നി ജ്വലിപ്പിക്കുന്നു. ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു.

9 ജ്ഞാനിക്കും ഭോഷന്നും തമ്മില്‍ വാഗ്വാദം ഉണ്ടായിട്ടു അവന്‍ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല.

10 രക്തപാതകന്മാര്‍ നിഷ്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.

11 മൂഢന്‍ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.

12 അധിപതി നുണ കേള്‍പ്പാന്‍ തുടങ്ങിയാല്‍ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.

13 ദരിദ്രനും പീഡകനും തമ്മില്‍ എതിര്‍പെടുന്നു; ഇരുവരുടെയും കണ്ണു യഹോവ പ്രകാശിപ്പിക്കുന്നു.

14 അഗതികള്‍ക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.

15 വടിയും ശാസനയും ജ്ഞാനത്തെ നലകുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.

16 ദുഷ്ടന്മാര്‍ പെരുകുമ്പോള്‍ അതിക്രമം പെരുകുന്നു; നീതിമാന്മാരോ അവരുടെ വീഴ്ച കാണും.

17 നിന്റെ മകനെ ശിക്ഷിക്ക; അവന്‍ നിനക്കു ആശ്വാസമായ്തീരും; അവന്‍ നിന്റെ മനസ്സിന്നു പ്രമോദംവരുത്തും.

18 വെളിപ്പാടു ഇല്ലാത്തെടത്തു ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാന്‍ .

19 ദാസനെ ഗുണീകരിപ്പാന്‍ വാക്കു മാത്രം പോരാ; അവന്‍ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.

20 വാക്കില്‍ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാള്‍ മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.

21 ദാസനെ ബാല്യംമുതല്‍ ലാളിച്ചുവളര്‍ത്തുന്നവനോടു അവന്‍ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.

22 കോപമുള്ളവന്‍ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവന്‍ അതിക്രമം വര്‍ദ്ധിപ്പിക്കുന്നു.

23 മനുഷ്യന്റെ ഗര്‍വ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.

24 കള്ളനുമായി പങ്കു കൂടുന്നവന്‍ സ്വന്ത പ്രാണനെ പകെക്കുന്നു; അവന്‍ സത്യവാചകം കേള്‍ക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും.

25 മാനുഷഭയം ഒരു കണി ആകുന്നു; യഹോവയില്‍ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.

26 അനേകര്‍ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന്റെ ന്യായവിധിയോ യഹോവയാല്‍ വരുന്നു.

27 നീതികെട്ടവന്‍ നീതിമാന്മാര്‍ക്കും വെറുപ്പു; സന്മാര്‍ഗ്ഗി ദുഷ്ടന്മാര്‍ക്കും വെറുപ്പു.

സദൃശ്യവാക്യങ്ങൾ 30

1 യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങള്‍; ഒരു അരുളപ്പാടു; ആ പുരുഷന്റെ വാക്യമാവിതുദൈവമേ, ഞാന്‍ അദ്ധ്വാനിച്ചു, ദൈവമേ, ഞാന്‍ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.

2 ഞാന്‍ സകലമനുഷ്യരിലും മൃഗപ്രായനത്രേ; മാനുഷബുദ്ധി എനിക്കില്ല;

3 ഞാന്‍ ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല.

4 സ്വര്‍ഗ്ഗത്തില്‍ കയറുകയും ഇറങ്ങിവരികയും ചെയ്തവന്‍ ആര്‍? കാറ്റിനെ തന്റെ മുഷ്ടിയില്‍ പിടിച്ചടക്കിയവന്‍ ആര്‍? വെള്ളങ്ങളെ വസ്ത്രത്തില്‍ കെട്ടിയവന്‍ ആര്‍? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവന്‍ ആര്‍? അവന്റെ പേരെന്തു? അവന്റെ മകന്റെ പേര്‍ എന്തു? നിനക്കറിയാമോ?

5 ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നില്‍ ആശ്രയിക്കുന്നവര്‍ക്കും അവന്‍ പരിച തന്നേ.

6 അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവന്‍ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാന്‍ ഇട വരരുതു.

7 രണ്ടു കാര്യം ഞാന്‍ നിന്നോടു അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ;

8 വ്യാജവും ഭോഷകും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.

9 ഞാന്‍ തൃപ്തനായിത്തീര്‍ന്നിട്ടുയഹോവ ആര്‍ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീര്‍ന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.

10 ദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു; അവന്‍ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുതു.

11 അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!

12 തങ്ങള്‍ക്കു തന്നേ നിര്‍മ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!

13 അയ്യോ ഈ തലമുറയുടെ കണ്ണുകള്‍ എത്ര ഉയര്‍ന്നിരിക്കുന്നു -- അവരുടെ കണ്ണിമകള്‍ എത്ര പൊങ്ങിയിരിക്കുന്നു --

14 എളിയവരെ ഭൂമിയില്‍നിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയില്‍നിന്നും തിന്നുകളവാന്‍ തക്കവണ്ണം മുമ്പല്ലു വാളായും അണപ്പല്ലു കത്തിയായും ഇരിക്കുന്നോരു തലമുറ!

15 കന്നട്ടെക്കുതരിക, തരിക എന്ന രണ്ടു പുത്രിമാര്‍ ഉണ്ടു; ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ടു; മതി എന്നു പറയാത്തതു നാലുണ്ടു

16 പാതാളവും വന്ധ്യയുടെ ഗര്‍ഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നേ.

17 അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിന്‍ കുഞ്ഞുകള്‍ തിന്നുകയും ചെയ്യും.

18 എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു

19 ആകാശത്തു കഴുകന്റെ വഴിയും പാറമേല്‍ സര്‍പ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ.

20 വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ. അവള്‍ തിന്നു വായ് തുടെച്ചിട്ടു ഞാന്‍ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു.

21 മൂന്നിന്റെ നിമിത്തം ഭൂമി വിറെക്കുന്നു; നാലിന്റെ നിമിത്തം അതിന്നു സഹിച്ചു കൂടാ

22 ദാസന്‍ രാജാവായാല്‍ അവന്റെ നിമിത്തവും ഭോഷന്‍ തിന്നു തൃപ്തനായാല്‍ അവന്റെ നിമിത്തവും

23 വിലക്ഷണെക്കു വിവാഹം കഴിഞ്ഞാല്‍ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാല്‍ അവളുടെ നിമിത്തവും തന്നേ.

24 ഭൂമിയില്‍ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളവയായിട്ടു നാലുണ്ടു

25 ഉറുമ്പു ബലഹീനജാതി എങ്കിലും അതു വേനല്‍ക്കാലത്തു ആഹാരം സമ്പാദിച്ചു വെക്കുന്നു.

26 കുഴിമുയല്‍ ശക്തിയില്ലാത്ത ജാതി എങ്കിലും അതു പാറയില്‍ പാര്‍പ്പിടം ഉണ്ടാക്കുന്നു.

27 വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.

28 പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും അതു രാജാക്കന്മാരുടെ അരമനകളില്‍ പാര്‍ക്കുംന്നു.

29 ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ടു; ചന്തമായി നടക്കുന്നതു നാലുണ്ടു

30 മൃഗങ്ങളില്‍വെച്ചു ശക്തിയേറിയതും ഒന്നിന്നും വഴിമാറാത്തതുമായ സിംഹവും

31 നായാട്ടുനായും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നേ.

32 നീ നിഗളിച്ചു ഭോഷത്വം പ്രവര്‍ത്തിക്കയോ ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കില്‍ കൈകൊണ്ടു വായ് പൊത്തിക്കൊള്‍ക.

33 പാല്‍ കടഞ്ഞാല്‍ വെണ്ണയുണ്ടാകും; മൂകൂ ഞെക്കിയാല്‍ ചോര വരും; കോപം ഇളക്കിയാല്‍ വഴക്കുണ്ടാകും.

സദൃശ്യവാക്യങ്ങൾ 31

1 ലെമൂവേല്‍രാജാവിന്റെ വചനങ്ങള്‍; അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു.

2 മകനേ, എന്തു? ഞാന്‍ പ്രസവിച്ച മകനേ എന്തു? എന്റെ നേര്‍ച്ചകളുടെ മകനേ, എന്തു?

3 സ്ത്രീകള്‍ക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവര്‍ക്കും നിന്റെ വഴികളെയും കൊടുക്കരുതു.

4 വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാര്‍ക്കും കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാര്‍ക്കും അതു കൊള്ളരുതു; മദ്യസക്തി പ്രഭുക്കന്മാര്‍ക്കും കൊള്ളരുതു.

5 അവര്‍ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.

6 നശിക്കുമാറായിരിക്കുന്നവന്നു മദ്യവും മനോവ്യസനമുള്ളവന്നു വീഞ്ഞും കൊടുക്ക.

7 അവന്‍ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും തന്റെ അരിഷ്ടത ഔര്‍ക്കാതിരിക്കയും ചെയ്യട്ടെ.

8 ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തില്‍ തന്നേ.

9 നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക.

10 സാമര്‍ത്ഥ്യമുള്ള ഭാര്യയെ ആര്‍ക്കും കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.

11 ഭര്‍ത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.

12 അവള്‍ തന്റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.

13 അവള്‍ ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു.

14 അവള്‍ കച്ചവടക്കപ്പല്‍ പോലെയാകുന്നു; ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു.

15 അവള്‍ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവര്‍ക്കും ആഹാരവും വേലക്കാരത്തികള്‍ക്കു ഔഹരിയും കൊടുക്കുന്നു.

16 അവള്‍ ഒരു നിലത്തിന്മേല്‍ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവള്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.

17 അവള്‍ ബലംകൊണ്ടു അര മുറക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.

18 തന്റെ വ്യാപാരം ആദായമുള്ളതെന്നു അവള്‍ ഗ്രഹിക്കുന്നു; അവളുടെ വിളകൂ രാത്രിയില്‍ കെട്ടുപോകുന്നതുമില്ല.

19 അവള്‍ വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരല്‍ കതിര്‍ പിടിക്കുന്നു.

20 അവള്‍ തന്റെ കൈ എളിയവര്‍ക്കും തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.

21 തന്റെ വീട്ടുകാരെച്ചൊല്ലി അവള്‍ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവര്‍ക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.

22 അവള്‍ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.

23 ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോള്‍ അവളുടെ ഭര്‍ത്താവു പട്ടണവാതില്‍ക്കല്‍ പ്രസിദ്ധനാകുന്നു.

24 അവള്‍ ശണവസ്ത്രം ഉണ്ടാക്കി വിലക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.

25 ബലവും മഹിമയും അവളുടെ ഉടുപ്പു; ഭാവികാലം ഔര്‍ത്തു അവള്‍ പുഞ്ചിരിയിടുന്നു.

26 അവള്‍ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേല്‍ ഉണ്ടു.

27 വീട്ടുകാരുടെ പെരുമാറ്റം അവള്‍ സൂക്ഷിച്ചു നോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.

28 അവളുടെ മക്കള്‍ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭര്‍ത്താവും അവളെ പ്രശംസിക്കുന്നതു

29 അനേകം തരുണികള്‍ സാമര്‍ത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.

30 ലാവണ്യം വ്യാജവും സൌന്ദര്യം വ്യര്‍ത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.

31 അവളുടെ കൈകളുടെ ഫലം അവള്‍ക്കു കൊടുപ്പിന്‍ ; അവളുടെ സ്വന്തപ്രവൃത്തികള്‍ പട്ടണവാതില്‍ക്കല്‍ അവളെ പ്രശംസിക്കട്ടെ.