Passo 45

Estude

     

സംഖ്യാപുസ്തകം 10:11-36

11 അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തിയ്യതി മേഘം സാക്ഷ്യനിവാസത്തിന്മേല്‍നിന്നു പൊങ്ങി.

12 അപ്പോള്‍ യിസ്രായേല്‍മക്കള്‍ സീനായിമരുഭൂമിയില്‍നിന്നു യാത്രപുറപ്പെട്ടു; മേഘം പാറാന്‍ മരുഭൂമിയില്‍ വന്നുനിന്നു.

13 യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവര്‍ ഇങ്ങനെ ആദ്യമായി യാത്രപുറപ്പെട്ടു.

14 യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകന്‍ നഹശോന്‍ .

15 യിസ്സാഖാര്‍മക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകന്‍ നെഥനയേല്‍.

16 സെബൂലൂന്‍ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകന്‍ എലീയാബ്.

17 അപ്പോള്‍ തിരുനിവാസം അഴിച്ചു താഴ്ത്തി; ഗേര്‍ശോന്യരും മെരാര്‍യ്യരും തിരുനിവാസം ചുമന്നുകൊണ്ടു പുറപ്പെട്ടു.

18 പിന്നെ രൂബേന്റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്റെ മകന്‍ എലീസൂര്‍.

19 ശിമെയോന്‍ മക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂരിശദ്ദായിയുടെ മകന്‍ ശെലൂമിയേല്‍.

20 ഗാദ് മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകന്‍ എലീയാസാഫ്.

21 അപ്പോള്‍ കെഹാത്യര്‍ വിശുദ്ധസാധനങ്ങള്‍ ചമന്നുകൊണ്ടു പുറപ്പെട്ടു; ഇവര്‍ എത്തുമ്പോഴേക്കു തിരുനിവാസം നിവിര്‍ത്തുകഴിയും.

22 പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകന്‍ എലീശാമാ.

23 മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകന്‍ ഗമലീയേല്‍.

24 ബെന്യാമീന്‍ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഗിദെയോനിയുടെ മകന്‍ അബീദാന്‍ .

25 പിന്നെ അവരുടെ എല്ലാപാളയങ്ങളിലും ഒടുവിലത്തേതായിരുന്ന ദാന്‍ മക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേര്‍.

26 ആശേര്‍മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകന്‍ പഗീയേല്‍.

27 നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകന്‍ അഹീര.

28 യിസ്രായേല്‍മക്കള്‍ യാത്ര പുറപ്പെട്ടപ്പോള്‍ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.

29 പിന്നെ മോശെ തന്റെ അമ്മായപ്പനായ രെയൂവേല്‍ എന്ന മിദ്യാനന്റെ മകനായ ഹോബാബിനോടുനിങ്ങള്‍ക്കു ഞാന്‍ തരുമെന്നു യഹോവ അരുളിച്ചെയ്ത ദേശത്തേക്കു ഞങ്ങള്‍ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിന്നു നന്മ ചൊല്ലിയിരിക്കകൊണ്ടു നീ ഞങ്ങളോടുകൂടെ വരിക; ഞങ്ങള്‍ നിനക്കു നന്മചെയ്യും എന്നു പറഞ്ഞു.

30 അവന്‍ അവനോടുഞാന്‍ വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാര്‍ച്ചക്കാരുടെ അടുക്കലേക്കും ഞാന്‍ പോകുന്നു എന്നു പറഞ്ഞു.

31 അതിന്നു അവന്‍ ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയില്‍ ഞങ്ങള്‍ പാളയമിറങ്ങേണ്ടതു എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങള്‍ക്കു കണ്ണായിരിക്കും.

32 ഞങ്ങളോടുകൂടെ പോന്നാല്‍ യഹോവ ഞങ്ങള്‍ക്കു ചെയ്യുന്ന നന്മപോലെ തന്നേ ഞങ്ങള്‍ നിനക്കും ചെയ്യും എന്നു പറഞ്ഞു.

33 അനന്തരം അവര്‍ യഹോവയുടെ പര്‍വ്വതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവര്‍ക്കും വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന്നു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി.

34 പാളയം പുറപ്പെട്ടപ്പോള്‍ യഹോവയുടെ മേഘം പകല്‍ സമയം അവര്‍ക്കും മീതെ ഉണ്ടായിരുന്നു.

35 പെട്ടകം പുറപ്പെടുമ്പോള്‍ മോശെയഹോവേ, എഴുന്നേല്‍ക്കേണമേ; നിന്റെ ശത്രുക്കള്‍ ചിതറുകയും നിന്നെ പകെക്കുന്നവര്‍ നിന്റെ മുമ്പില്‍ നിന്നു ഔടിപ്പോകയും ചെയ്യട്ടെ എന്നു പറയും.

36 അതു വിശ്രമിക്കുമ്പോള്‍ അവന്‍ യഹോവേ, അനേകായിരമായ യിസ്രായേലിന്റെ അടുക്കല്‍ മടങ്ങിവരേണമേ എന്നു പറയും.

സംഖ്യാപുസ്തകം 11

1 അനന്തരം ജനം യഹോവേക്കു അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ടു അവന്റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയില്‍ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.

2 ജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോടു പ്രാര്‍ത്ഥിച്ചുഅപ്പോള്‍ തീ കെട്ടുപോയി.

3 യഹോവയുടെ തീ അവരുടെ ഇടയില്‍ കത്തുകയാല്‍ ആ സ്ഥലത്തിന്നു തബേരാ എന്നു പേരായി.

4 പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേല്‍മക്കളും വീണ്ടും കരഞ്ഞുകൊണ്ടുഞങ്ങള്‍ക്കു തിന്മാന്‍ ഇറച്ചി ആര്‍ തരും?

5 ഞങ്ങള്‍ മിസ്രയീമില്‍ വെച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തെങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങള്‍ ഔര്‍ക്കുംന്നു.

6 ഇപ്പോഴോ ഞങ്ങളുടെ പ്രാണന്‍ പൊരിഞ്ഞിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്നു പറഞ്ഞു.

7 മന്നയോ കൊത്തമ്പാലരിപോലെയും അതിന്റെ നിറം ഗുല്ഗുലുവിന്റേതുപോലെയും ആയിരുന്നു.

8 ജനം നടന്നു പെറുക്കി തിരികല്ലില്‍ പൊടിച്ചിട്ടോ ഉരലില്‍ ഇടിച്ചിട്ടോ കലത്തില്‍ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണചേര്‍ത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.

9 രാത്രി പാളയത്തില്‍ മഞ്ഞു പൊഴിയുമ്പോള്‍ മന്നയും പൊഴിയും.

10 ജനം കുടുംബംകുടുംബമായി ഔരോരുത്തന്‍ താന്താന്റെ കൂടാരവാതില്‍ക്കല്‍വെച്ചു കരയുന്നതു മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി.

11 അപ്പോള്‍ മോശെ യഹോവയോടു പറഞ്ഞതുനീ അടിയനെ വലെച്ചതു എന്തു? നിനക്കു എന്നോടു കൃപ തോന്നാതെ ഈ സര്‍വ്വജനത്തിന്റെയും ഭാരം എന്റെമേല്‍ വെച്ചതെന്തു?

12 മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാന്‍ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു എന്റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്നു എന്നോടു കല്പിപ്പാന്‍ ഈ ജനത്തെ ഒക്കെയും ഞാന്‍ ഗര്‍ഭംധരിച്ചുവോ? ഞാന്‍ അവരെ പ്രസവിച്ചുവോ?

13 ഈ ജനത്തിന്നു ഒക്കെയും കൊടുപ്പാന്‍ എനിക്കു എവിടെനിന്നു ഇറച്ചി കിട്ടും? അവര്‍ ഇതാഞങ്ങള്‍ക്കു തിന്മാന്‍ ഇറച്ചി തരിക എന്നു എന്നോടു പറഞ്ഞു കരയുന്നു.

14 ഏകനായി ഈ സര്‍വ്വജനത്തെയും വഹിപ്പാന്‍ എന്നെക്കൊണ്ടു കഴിയുന്നതല്ല; അതു എനിക്കു അതിഭാരം ആകുന്നു.

15 ഇങ്ങനെ എന്നോടു ചെയ്യുന്ന പക്ഷം ദയവിചാരിച്ചു എന്നെ കൊന്നുകളയേണമേ. എന്റെ അരിഷ്ടത ഞാന്‍ കാണരുതേ.

16 അപ്പോള്‍ യഹോവ മോശെയോടു കല്പിച്ചതുയിസ്രായേല്‍മൂപ്പന്മാരില്‍വെച്ചു ജനത്തിന്നു പ്രമാണികളും മേല്‍വിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനക്കുടാരത്തിന്നരികെ നിന്നോടു കൂടെ നില്‍ക്കേണ്ടതിന്നു എന്റെ അടുക്കല്‍ കൂട്ടിക്കൊണ്ടു വരിക.

17 അവിടെ ഞാന്‍ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാന്‍ നിന്റെമേലുള്ള ആത്മാവില്‍ കുറെ എടുത്തു അവരുടെ മേല്‍ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവര്‍ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.

18 എന്നാല്‍ ജനത്തോടു നീ പറയേണ്ടതുനാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിന്‍ ; എന്നാല്‍ നിങ്ങള്‍ ഇറച്ചി തിന്നും; ഞങ്ങള്‍ക്കു തിന്മാന്‍ ഇറച്ചി ആര്‍ തരും? മിസ്രയീമില്‍ ഞങ്ങള്‍ക്കു നന്നായിരുന്നു എന്നു നിങ്ങള്‍ പറഞ്ഞു യഹോവ കേള്‍ക്കെ കരഞ്ഞുവല്ലോ; ആകയാല്‍ യഹോവ നിങ്ങള്‍ക്കു ഇറച്ചി തരികയും നിങ്ങള്‍ തിന്നുകയും ചെയ്യും.

19 ഒരു ദിവസമല്ല, രണ്ടു ദിവസമല്ല, അഞ്ചു ദിവസമല്ല, പത്തു ദിവസമല്ല, ഇരുപതു ദിവസവുമല്ല, ഒരു മാസം മുഴുവനും തന്നേ;

20 അതു നിങ്ങളുടെ മൂക്കില്‍കൂടി പുറപ്പെട്ടു നിങ്ങള്‍ക്കു ഔക്കാനം വരുവോളം നിങ്ങള്‍ തിന്നും; നിങ്ങളുടെ ഇടയില്‍ ഉള്ള യഹോവയെ നിങ്ങള്‍ നിരസിക്കയുംഞങ്ങള്‍ മിസ്രയീമില്‍നിന്നു എന്തിന്നു പുറപ്പെട്ടുപോന്നു എന്നു പറഞ്ഞു അവന്റെ മുമ്പാകെ കരകയും ചെയ്തിരിക്കുന്നുവല്ലോ.

21 അപ്പോള്‍ മോശെഎന്നോടുകൂടെയുള്ള ജനം ആറുലക്ഷം കാലാള്‍ ഉണ്ടു; ഒരു മാസം മുഴുവന്‍ തിന്മാന്‍ ഞാന്‍ അവര്‍ക്കും ഇറച്ചി കൊടുക്കുമെന്നു നീ അരുളിച്ചെയ്യുന്നു.

22 അവര്‍ക്കും മതിയാകുംവണ്ണം ആടുകളെയും മാടുകളെയും അവര്‍ക്കുംവേണ്ടി അറുക്കുമോ? അവര്‍ക്കും മതിയാകുംവണ്ണം സമുദ്രത്തിലെ മത്സ്യത്തെ ഒക്കെയും അവര്‍ക്കും വേണ്ടി പിടിച്ചുകൂട്ടുമോ എന്നു ചോദിച്ചു.

23 യഹോവ മോശെയോടുയഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോള്‍ കാണും എന്നു കല്പിച്ചു.

24 അങ്ങനെ മോശെ ചെന്നു യഹോവയുടെ വചനങ്ങളെ ജനത്തോടു പറഞ്ഞു, ജനത്തിന്റെ മൂപ്പന്മാരില്‍ എഴുപതു പുരുഷന്മാരെ കൂട്ടി കൂടാരത്തിന്റെ ചുറ്റിലും നിറുത്തി.

25 എന്നാറെ യഹോവ ഒരു മേഘത്തില്‍ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവില്‍ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാര്‍ക്കും കൊടുത്തു; ആത്മാവു അവരുടെ മേല്‍ ആവസിച്ചപ്പോള്‍ അവര്‍ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.

26 എന്നാല്‍ ആ പുരഷന്മാരില്‍ രണ്ടു പേര്‍ പാളയത്തില്‍ തന്നേ താമസിച്ചിരുന്നു; ഒരുത്തന്നു എല്‍ദാദ് എന്നും മറ്റവന്നു മേദാദ് എന്നും പേര്‍. ആത്മാവു അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരില്‍ ഉള്ളവര്‍ ആയിരുന്നു എങ്കിലും കൂടാരത്തിലേക്കു ചെന്നിരുന്നില്ല; അവര്‍ പാളയത്തില്‍ വെച്ചു പ്രവചിച്ചു.

27 അപ്പോള്‍ ഒരു ബാല്യക്കാരന്‍ മോശെയുടെ അടുക്കല്‍ ഔടിച്ചെന്നുഎല്‍ദാദും മേദാദും പാളയത്തില്‍വെച്ചു പ്രവചിക്കുന്നു എന്നു അറിയിച്ചു.

28 എന്നാറെ നൂന്റെ മകനായി ബാല്യംമുതല്‍ മോശെയുടെ ശുശ്രൂഷക്കാരനായിരുന്ന യോശുവഎന്റെ യജമാനനായ മോശെയേ, അവരെ വിരോധിക്കേണമേ എന്നു പറഞ്ഞു.

29 മോശെ അവനോടുഎന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേല്‍ പകരുകയും ചെയ്തെങ്കില്‍ കൊള്ളായിരുന്നു എന്നു പറഞ്ഞു.

30 പിന്നെ മോശെയും യിസ്രായേല്‍മൂപ്പന്മാരും പാളയത്തില്‍ വന്നു ചേര്‍ന്നു.

31 അനന്തരം യഹോവ അയച്ച ഒരു കാറ്റു ഊതി കടലില്‍നിന്നു കാടയെ കൊണ്ടുവന്നു പാളയത്തിന്റെ സമീപത്തു ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോടു ഏകദേശം രണ്ടു മുഴം അടുത്തു പറന്നുനിലക്കുമാറാക്കി.

32 ജനം എഴുന്നേറ്റു അന്നു പകല്‍ മുഴുവനും രാത്രി മുഴുവനും പിറ്റെന്നാള്‍ മുഴുവനും കാടയെ പിടിച്ചു കൂട്ടി; നന്നാ കുറെച്ചു പിടിച്ചവന്‍ പത്തു പറ പിടിച്ചുകൂട്ടി; അവര്‍ അവയെ പാളയത്തിന്റെ ചുറ്റിലും ചിക്കി.

33 എന്നാല്‍ ഇറച്ചി അവരുടെ പല്ലിന്നിടയില്‍ ഇരിക്കുമ്പോള്‍ അതു ചവെച്ചിറക്കും മുമ്പെ തന്നേ യഹോവയുടെ കോപം ജനത്തിന്റെ നേരെ ജ്വലിച്ചു, യഹോവ ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു.

34 ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ടു ആ സ്ഥലത്തിന്നു കിബ്രോത്ത്-ഹത്താവ എന്നു പേരായി.

35 കിബ്രോത്ത്-ഹത്താവ വിട്ടു ജനം ഹസേരോത്തിലേക്കു പുറപ്പെട്ടു ചെന്നു ഹസേരോത്തില്‍ പാര്‍ത്തു.

സംഖ്യാപുസ്തകം 12

1 മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ടു കൂശ്യസ്ത്രീനിമിത്തം മിര്‍യ്യാമും അഹരോനും അവന്നു വിരോധമായി സംസാരിച്ചു

2 യഹോവ മോശെ മുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങള്‍ മുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ എന്നു പറഞ്ഞു; യഹോവ അതു കേട്ടു.

3 മോശെ എന്ന പുരുഷനോ ഭൂതലത്തില്‍ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു.

4 പെട്ടെന്നു യഹോവ മോശെയോടും അഹരോനോടും മിര്‍യ്യാമിനോടുംനിങ്ങള്‍ മൂവരും സമാഗമനക്കുടാരത്തിങ്കല്‍ വരുവിന്‍ എന്നു കല്പിച്ചു; അവര്‍ മൂവരും ചെന്നു.

5 യഹോവ മേഘസ്തംഭത്തില്‍ ഇറങ്ങി കൂടാരവാതില്‍ക്കല്‍ നിന്നു അഹരോനെയും മിര്‍യ്യാമിനെയും വിളിച്ചു; അവര്‍ ഇരുവരും അങ്ങോട്ടു ചെന്നു.

6 പിന്നെ അവന്‍ അരുളിച്ചെയ്തതുഎന്റെ വചനങ്ങളെ കേള്‍പ്പിന്‍ ; നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടെങ്കില്‍ യഹോവയായ ഞാന്‍ അവന്നു ദര്‍ശനത്തില്‍ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തില്‍ അവനോടു അരുളിച്ചെയ്കയും ചെയ്യും.

7 എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവന്‍ എന്റെ ഗൃഹത്തില്‍ ഒക്കെയും വിശ്വസ്തന്‍ ആകുന്നു.

8 അവനോടു ഞാന്‍ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവന്‍ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങള്‍ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാന്‍ ശങ്കിക്കാഞ്ഞതു എന്തു?

9 യഹോവയുടെ കോപം അവരുടെ നേരെ ജ്വലിച്ചു അവന്‍ മറഞ്ഞു.

10 മേഘവും കൂടാരത്തിന്മേല്‍ നിന്നു നീങ്ങിപ്പോയി. മിര്‍യ്യാം ഹിമംപോലെ വെളുത്തു കുഷ്ഠരോഗിണിയായി; അഹരോന്‍ മിര്‍യ്യാമിനെ നോക്കിയപ്പോള്‍ അവള്‍ കുഷ്ടരോഗിണി എന്നു കണ്ടു.

11 അഹരോന്‍ മോശെയോടുഅയ്യോ യജമാനനേ, ഞങ്ങള്‍ ഭോഷത്വമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേല്‍ വെക്കരുതേ.

12 അമ്മയുടെ ഗര്‍ഭത്തില്‍നിന്നു പുറപ്പെടുമ്പോള്‍ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവള്‍ ആകരുതേ എന്നു പറഞ്ഞു.

13 അപ്പോള്‍ മോശെ യഹോവയോടുദൈവമേ, അവളെ സൌഖ്യമാക്കേണമേ എന്നു നിലവിളിച്ചു.

14 യഹോവ മോശെയോടുഅവളുടെ അപ്പന്‍ അവളുടെ മുഖത്തു തുപ്പിയെങ്കില്‍ അവള്‍ ഏഴുദിവസം ലജ്ജിച്ചിരിക്കയില്ലയോ? അവളെ ഏഴു ദിവസത്തേക്കു പാളയത്തിന്നു പുറത്തു അടെച്ചിടേണം; പിന്നത്തേതില്‍ അവളെ ചേര്‍ത്തുകൊള്ളാം എന്നു കല്പിച്ചു.

15 ഇങ്ങനെ മിര്‍യ്യാമിനെ ഏഴു ദിവസം പാളയത്തിന്നു പുറത്തു ആക്കി അടെച്ചിട്ടു; അവളെ വീണ്ടും അംഗീകരിച്ചതുവരെ ജനം യാത്ര ചെയ്യാതിരുന്നു.

16 അതിന്റെ ശേഷം ജനം ഹസേരോത്തില്‍നിന്നു പുറപ്പെട്ടു പാരാന്‍ മരുഭൂമിയില്‍ പാളയമിറങ്ങി.

സംഖ്യാപുസ്തകം 13:1-16

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

2 യിസ്രായേല്‍മക്കള്‍ക്കു ഞാന്‍ കൊടുപ്പാനിരിക്കുന്ന കനാന്‍ ദേശം ഒറ്റുനോക്കേണ്ടതിന്നു ആളുകളെ അയക്ക; അതതു ഗോത്രത്തില്‍നിന്നു ഔരോ ആളെ അയക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം.

3 അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാന്‍ മരുഭൂമിയില്‍നിന്നു അവരെ അയച്ചു; ആ പുരുഷന്മാര്‍ ഒക്കെയും യിസ്രായേല്‍മക്കളില്‍ തലവന്മാര്‍ ആയിരുന്നു.

4 അവരുടെ പേര്‍ ആവിതുരൂബേന്‍ ഗോത്രത്തില്‍ സക്ക്കുറിന്റെ മകന്‍ ശമ്മൂവ.

5 ശിമേയോന്‍ ഗോത്രത്തില്‍ ഹോരിയുടെ മകന്‍ ശഫാത്ത്.

6 യെഹൂദാഗോത്രത്തില്‍ യെഫുന്നയുടെ മകന്‍ കാലേബ്.

7 യിസ്സാഖാര്‍ഗോത്രത്തില്‍ യോസേഫിന്റെ മകന്‍ ഈഗാല്‍.

8 എഫ്രയീംഗോത്രത്തില്‍ നൂന്റെ മകന്‍ ഹോശേയ.

9 ബെന്യാമീന്‍ ഗോത്രത്തില്‍ രാഫൂവിന്റെ മകന്‍ പല്‍തി.

10 സെബൂലൂന്‍ ഗോത്രത്തില്‍ സോദിയുടെ മകന്‍ ഗദ്ദീയേല്‍.

11 യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തില്‍ സൂസിയുടെ മകന്‍ ഗദ്ദി.

12 ദാന്‍ ഗോത്രത്തില്‍ ഗെമല്ലിയുടെ മകന്‍ അമ്മീയേല്‍.

13 ആശേര്‍ഗോത്രത്തില്‍ മിഖായേലിന്റെ മകന്‍ സെഥൂര്‍.

14 നഫ്താലിഗോത്രത്തില്‍ വൊപ്സിയുടെ മകന്‍ നഹ്ബി.

15 ഗാദ് ഗോത്രത്തില്‍ മാഖിയുടെ മകന്‍ ഗയൂവേല്‍.

16 ദേശം ഒറ്റു നോക്കുവാന്‍ മോശെ അയച്ച പുരുഷന്മാരുടെ പേര്‍ ഇവ തന്നേ. എന്നാല്‍ മോശെ നൂന്റെ മകനായ ഹോശേയെക്കു യോശുവ എന്നു പേരിട്ടു.