Step 212

Study

     

സദൃശ്യവാക്യങ്ങൾ 24

1 ദുഷ്ടന്മാരോടു അസൂയപ്പെടരുതു; അവരോടുകൂടെ ഇരിപ്പാന്‍ ആഗ്രഹിക്കയുമരുതു.

2 അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു.

3 ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ടു അതു സ്ഥിരമായിവരുന്നു.

4 പരിജ്ഞാനംകൊണ്ടു അതിന്റെ മുറികളില്‍ വലിയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞുവരുന്നു.

5 ജ്ഞാനിയായ പുരുഷന്‍ ബലവാനാകുന്നു; പരിജ്ഞാനമുള്ളവന്‍ ബലം വര്‍ദ്ധിപ്പിക്കുന്നു.

6 ഭരണസാമര്‍ത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തില്‍ രക്ഷയുണ്ടു.

7 ജ്ഞാനം ഭോഷന്നു അത്യുന്നതമായിരിക്കുന്നു; അവന്‍ പട്ടണവാതില്‍ക്കല്‍ വായ് തുറക്കുന്നില്ല.

8 ദോഷം ചെയ്‍വാന്‍ നിരൂപിക്കുന്നവനെ ദുഷ്കര്‍മ്മി എന്നു പറഞ്ഞുവരുന്നു;

9 ഭോഷന്റെ നിരൂപണം പാപം തന്നേ; പരിഹാസി മനുഷ്യര്‍ക്കും വെറുപ്പാകുന്നു.

10 കഷ്ടകാലത്തു നീ കുഴഞ്ഞുപോയാല്‍ നിന്റെ ബലം നഷ്ടം തന്നേ.

11 മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക; കുലെക്കായി വിറെച്ചു ചെല്ലുന്നവരെ രക്ഷിപ്പാന്‍ നോക്കുക.

12 ഞങ്ങള്‍ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാല്‍ ഹൃദയങ്ങളെ തൂക്കിനോക്കുന്നവന്‍ ഗ്രഹിക്കയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവന്‍ അറികയില്ലയോ? അവന്‍ മനുഷ്യന്നു പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?

13 മകനേ, തേന്‍ തിന്നുക; അതു നല്ലതല്ലോ; തേങ്കട്ട നിന്റെ അണ്ണാക്കിന്നു മധുരമത്രേ.

14 ജ്ഞാനവും നിന്റെ ഹൃദയത്തിന്നു അങ്ങനെ തന്നേ എന്നറിക; നീ അതു പ്രാപിച്ചാല്‍ പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.

15 ദുഷ്ടാ, നീ നീതിമാന്റെ പാര്‍പ്പിടത്തിന്നു പതിയിരിക്കരുതു; അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കയുമരുതു.

16 നീതിമാന്‍ ഏഴുപ്രാവശ്യം വീണാലും എഴുന്നേലക്കും; ദുഷ്ടന്മാരോ അനര്‍ത്ഥത്തില്‍ നശിച്ചുപോകും.

17 നിന്റെ ശത്രു വീഴുമ്പോള്‍ സന്തോഷിക്കരുതു; അവന്‍ ഇടറുമ്പോള്‍ നിന്റെ ഹൃദയം ആനന്ദിക്കരുതു.

18 യഹോവ കണ്ടിട്ടു അവന്നു ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കല്‍നിന്നു മാറ്റിക്കളവാനും മതി.

19 ദുഷ്പ്രവൃത്തിക്കാര്‍ നിമിത്തം മുഷിയരുതു; ദുഷ്ടന്മാരോടു അസൂയപ്പെടുകയും അരുതു.

20 ദോഷിക്കു പ്രതിഫലമുണ്ടാകയില്ല; ദുഷ്ടന്റെ വിളകൂ കെട്ടുപോകും.

21 മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോടു ഇടപെടരുതു.

22 അവരുടെ ആപത്തു പെട്ടെന്നു വരും; രണ്ടു കൂട്ടര്‍ക്കും വരുന്ന നാശം ആരറിയുന്നു?

23 ഇവയും ജ്ഞാനികളുടെ വാക്യങ്ങള്‍. ന്യായവിസ്താരത്തില്‍ മുഖദാക്ഷിണ്യം നന്നല്ല.

24 ദുഷ്ടനോടു നീ നീതിമാന്‍ എന്നു പറയുന്നവനെ ജാതികള്‍ ശപിക്കയും വംശങ്ങള്‍ വെറുക്കുകയും ചെയ്യും.

25 അവനെ ശാസിക്കുന്നവര്‍ക്കോ നന്മ ഉണ്ടാകും; നല്ലോരനുഗ്രഹം അവരുടെ മേല്‍ വരും.

26 നേരുള്ള ഉത്തരം പറയുന്നവന്‍ അധരങ്ങളെ ചുംബനം ചെയ്യുന്നു.

27 വെളിയില്‍ നിന്റെ വേല ചെയ്ക; വയലില്‍ എല്ലാം തീര്‍ക്കുംക; പിന്നെത്തേതില്‍ നിന്റെ വീടു പണിയുക.

28 കാരണം കൂടാതെ കൂട്ടുകാരന്നു വിരോധമായി സാക്ഷിനില്‍ക്കരുതു; നിന്റെ അധരംകൊണ്ടു ചതിക്കയും അരുതു.

29 അവന്‍ എന്നോടു ചെയ്തതുപോലെ ഞാന്‍ അവനോടു ചെയ്യുമെന്നും ഞാന്‍ അവന്നു അവന്റെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും നീ പറയരുതു.

30 ഞാന്‍ മടിയന്റെ കണ്ടത്തിന്നരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന്നു സമീപെയും കൂടി പോയി.

31 അവിടെ മുള്ളു പടര്‍ന്നുപിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതില്‍ ഇടിഞ്ഞുകിടക്കുന്നതും കണ്ടു.

32 ഞാന്‍ അതു നോക്കി വിചാരിക്കയും അതു കണ്ടു ഉപദേശം പ്രാപിക്കയും ചെയ്തു.

33 കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക.

34 അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.

സദൃശ്യവാക്യങ്ങൾ 25

1 ഇവയും ശലോമോന്റെ സദൃശവാക്യങ്ങള്‍; യെഹൂദാരാജാവായ ഹിസ്കീയാവിന്റെ ആളുകള്‍ അവയെ ശേഖരിച്ചിരിക്കുന്നു.

2 കാര്യം മറെച്ചുവെക്കുന്നതു ദൈവത്തിന്റെ മഹത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം.

3 ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അഗോചരം.

4 വെള്ളിയില്‍നിന്നു കീടം നീക്കിക്കളഞ്ഞാല്‍ തട്ടാന്നു ഒരു ഉരുപ്പടി കിട്ടും.

5 രാജസന്നിധിയില്‍നിന്നു ദുഷ്ടനെ നീക്കിക്കളഞ്ഞാല്‍ അവന്റെ സിംഹാസനം നീതിയാല്‍ സ്ഥിരപ്പെടും.

6 രാജസന്നിധിയില്‍ വമ്പു കാണിക്കരുതു; മഹാന്മാരുടെ സ്ഥാനത്തു നില്‍ക്കയും അരുതു.

7 നീ കണ്ടിരുന്ന പ്രഭുവിന്റെ മുമ്പില്‍ നിനക്കു താഴ്ച ഭവിക്കുന്നതിനെക്കാള്‍ ഇവിടെ കയറിവരിക എന്നു നിന്നോടു പറയുന്നതു നല്ലതു.

8 ബദ്ധപ്പെട്ടു വ്യവഹാരത്തിന്നു പുറപ്പെടരുതു; അല്ലെങ്കില്‍ ഒടുക്കം കൂട്ടുകാരന്‍ നിന്നെ ലജ്ജിപ്പിച്ചാല്‍ നീ എന്തു ചെയ്യും?

9 നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീര്‍ക്ക; എന്നാല്‍ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുതു.

10 കേള്‍ക്കുന്നവന്‍ നിന്നെ നിന്ദിപ്പാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുതു.

11 തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തില്‍ പൊന്‍ നാരങ്ങാപോലെ.

12 കേട്ടനുസരിക്കുന്ന കാതിന്നു ജ്ഞാനിയായോരു ശാസകന്‍ പൊന്‍ കടുക്കനും തങ്കം കൊണ്ടുള്ള ആഭരണവും ആകുന്നു.

13 വിശ്വസ്തനായ ദൂതന്‍ തന്നെ അയക്കുന്നവര്‍ക്കും കൊയ്ത്തു കാലത്തു ഹിമത്തിന്റെ തണുപ്പുപോലെ; അവന്‍ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.

14 ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവന്‍ മഴയില്ലാത്ത മേഘവും കാറ്റും പോലെയാകുന്നു.

15 ദീര്‍ഘക്ഷാന്തികൊണ്ടു ന്യായാധിപന്നു സമ്മതം വരുന്നു; മൃദുവായുള്ള നാവു അസ്ഥിയെ നുറുക്കുന്നു.

16 നിനക്കു തേന്‍ കിട്ടിയാല്‍ വേണ്ടുന്നതേ ഭുജിക്കാവു; അധികം നിറഞ്ഞിട്ടു ഛര്‍ദ്ദിപ്പാന്‍ ഇടവരരുതു.

17 കൂട്ടുകാരന്‍ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്നു അവന്റെ വീട്ടില്‍ കൂടക്കൂടെ ചെല്ലരുതു.

18 കൂട്ടുകാരന്നു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യന്‍ മുട്ടികയും വാളും കൂര്‍ത്ത അമ്പും ആകുന്നു.

19 കഷ്ടകാലത്തു വിശ്വാസപാതകനെ ആശ്രയിക്കുന്നതു മുറിഞ്ഞ പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു.

20 വിഷാദമുള്ള ഹൃദയത്തിന്നു പാട്ടു പാടുന്നവന്‍ ശീതകാലത്തു വസ്ത്രം കളയുന്നതുപോലെയും യവക്ഷാരത്തിന്മേല്‍ ചൊറുക്ക പകരുന്നതു പോലെയും ആകുന്നു.

21 ശത്രുവിന്നു വിശക്കുന്നു എങ്കില്‍ അവന്നു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നു എങ്കില്‍ കുടിപ്പാന്‍ കൊടുക്ക.

22 അങ്ങനെ നീ അവന്റെ തലമേല്‍ തീക്കനല്‍ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നലകുകയും ചെയ്യും.

23 വടതിക്കാറ്റു മഴ കൊണ്ടുവരുന്നു; ഏഷണിവാക്കു കോപഭാവത്തെ ജനിപ്പിക്കുന്നു;

24 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടില്‍ പാര്‍ക്കുംന്നതിനെക്കാള്‍ മേല്‍പുരയുടെ ഒരു കോണില്‍ പാര്‍ക്കുംന്നതു നല്ലതു.

25 ദാഹമുള്ളവന്നു തണ്ണീര്‍ കിട്ടുന്നതും ദൂരദേശത്തുനിന്നു നല്ല വര്‍ത്തമാനം വരുന്നതും ഒരുപോലെ.

26 ദുഷ്ടന്റെ മുമ്പില്‍ കുലുങ്ങിപ്പോയ നീതിമാന്‍ കലങ്ങിയ കിണറ്റിന്നും മലിനമായ ഉറവിന്നും സമം.

27 തേന്‍ ഏറെ കുടിക്കുന്നതു നന്നല്ല; പ്രയാസമുള്ളതു ആരായുന്നതോ മഹത്വം.

28 ആത്മസംയമം ഇല്ലാത്ത പുരുഷന്‍ മതില്‍ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണം പോലെയാകുന്നു.

സദൃശ്യവാക്യങ്ങൾ 26

1 വേനല്‍കാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല.

2 കുരികില്‍ പാറിപ്പോകുന്നതും മീവല്‍പക്ഷിപറന്നുപോകുന്നതും പോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.

3 കുതിരെക്കു ചമ്മട്ടി, കഴുതെക്കു കടിഞ്ഞാണ്‍, മൂഢന്മാരുടെ മുതുകിന്നു വടി.

4 നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു.

5 മൂഢന്നു താന്‍ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വത്തിന്നു ഒത്തവണ്ണം അവനോടു ഉത്തരം പറക.

6 മൂഢന്റെ കൈവശം വര്‍ത്തമാനം അയക്കുന്നവന്‍ സ്വന്തകാല്‍ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു.

7 മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാല്‍ ഞാന്നു കിടക്കുന്നതുപോലെ.

8 മൂഢന്നു ബഹുമാനം കൊടുക്കുന്നതു കവിണയില്‍ കല്ലു കെട്ടി മുറുക്കുന്നതുപോലെ.

9 മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്റെ കയ്യിലെ മുള്ളുപോലെ.

10 എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും മൂഢനെ കൂലിക്കു നിര്‍ത്തുന്നവനും കണ്ടവരെ കൂലിക്കു നിര്‍ത്തുന്നവനും ഒരുപോലെ.

11 നായി ഛര്‍ദ്ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢന്‍ തന്റെ ഭോഷത്വം ആവര്‍ത്തിക്കുന്നതും ഒരുപോലെ.

12 തനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.

13 വഴിയില്‍ കേസരി ഉണ്ടു, തെരുക്കളില്‍ സിംഹം ഉണ്ടു എന്നിങ്ങനെ മടിയന്‍ പറയുന്നു.

14 കതകു ചുഴിക്കുറ്റിയില്‍ എന്നപോലെ മടിയന്‍ തന്റെ കിടക്കയില്‍ തിരിയുന്നു.

15 മടിയന്‍ തന്റെ കൈ തളികയില്‍ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം.

16 ബുദ്ധിയോടെ പ്രതിവാദിപ്പാന്‍ പ്രാപ്തിയുള്ള ഏഴു പേരിലും താന്‍ ജ്ഞാനി എന്നു മടിയന്നു തോന്നുന്നു.

17 തന്നെ സംബന്ധിക്കാത്ത വഴക്കില്‍ ഇടപെടുന്നവന്‍ വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.

18 കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യന്‍

19 തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.

20 വിറകു ഇല്ലാഞ്ഞാല്‍ തീ കെട്ടു പോകും; നുണയന്‍ ഇല്ലാഞ്ഞാല്‍ വഴക്കും ഇല്ലാതെയാകും.

21 കരി കനലിന്നും വിറകു തീക്കും എന്നപോലെ വഴക്കുകാരന്‍ കലഹം ജ്വലിക്കുന്നതിന്നു കാരണം.

22 ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെ; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.

23 സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മണ്‍കുടംപോലെയാകുന്നു.

24 പകെക്കുന്നവന്‍ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവന്‍ ചതിവു സംഗ്രഹിച്ചു വെക്കുന്നു.

25 അവന്‍ ഇമ്പമായി സംസാരിക്കുമ്പോള്‍ അവനെ വിശ്വസിക്കരുതു; അവന്റെ ഹൃദയത്തില്‍ ഏഴു വെറുപ്പു ഉണ്ടു.

26 അവന്റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പില്‍ വെളിപ്പെട്ടുവരും.

27 കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും; കല്ലു ഉരുട്ടുന്നവന്റെമേല്‍ അതു തിരിഞ്ഞുരുളും.

28 ഭോഷകു പറയുന്ന നാവു അതിനാല്‍ തകര്‍ന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായി നാശം വരുത്തുന്നു.

സദൃശ്യവാക്യങ്ങൾ 27:1-10

1 നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു; ഒരു ദിവസത്തില്‍ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ.

2 നിന്റെ വായല്ല മറ്റൊരുത്തന്‍ , നിന്റെ അധരമല്ല വേറൊരുത്തന്‍ നിന്നെ സ്തുതിക്കട്ടെ.

3 കല്ലു ഘനമുള്ളതും മണല്‍ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയതു.

4 ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആര്‍ക്കും നില്‍ക്കാം?

5 മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലൂ.

6 സ്നേഹിതന്‍ വരുത്തുന്ന മുറിവുകള്‍ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം.

7 തിന്നു തൃപ്തനായവന്‍ തേന്‍ കട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവന്നോ കൈപ്പുള്ളതൊക്കെയും മധുരം.

8 കൂടുവിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.

9 തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ.

10 നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുതു; തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടില്‍ പോകയും അരുതു; ദൂരത്തെ സഹോദരനിലും സമീപത്തെ അയല്‍ക്കാരന്‍ നല്ലതു.