Step 30

Study

     

പുറപ്പാടു് 38

1 അവന്‍ ഖദിരമരംകൊണ്ടു ഹോമയാഗപീഠം ഉണ്ടാക്കി; അതു അഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഇങ്ങനെ സമചതുരവും മൂന്നു മുഴം ഉയരവുമുള്ളതായിരുന്നു.

2 അതിന്റെ നാലു കോണിലും നാലു കൊമ്പു ഉണ്ടാക്കി; കൊമ്പുകള്‍ അതില്‍നിന്നു തന്നേ ആയിരുന്നു. താമ്രംകൊണ്ടു അതു പൊതിഞ്ഞു.

3 ചട്ടി, ചട്ടുകം, കലശം, മുള്‍കൊളുത്തു, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കി.

4 അവന്‍ യാഗപീഠത്തിന്നു വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അതു താഴെ അതിന്റെ ചുറ്റുപടിക്കു കീഴെ അതിന്റെ പാതിയോളം എത്തി.

5 താമ്രജാലത്തിന്റെ നാലു അറ്റത്തിന്നും തണ്ടു ചെലുത്തുവാന്‍ നാലു വളയം വാര്‍ത്തു.

6 ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി താമ്രംകൊണ്ടു പൊതിഞ്ഞു.

7 യാഗപീഠം ചുമക്കേണ്ടതിന്നു അതിന്റെ പാര്‍ശ്വങ്ങളിലുള്ള വളയങ്ങളില്‍ ആ തണ്ടുകള്‍ ചെലുത്തി; യാഗപീഠം പലകകൊണ്ടു പൊള്ളയായി ഉണ്ടാക്കി.

8 സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ സേവ ചെയ്തുവന്ന സ്ത്രീകളുടെ ദര്‍പ്പണങ്ങള്‍കൊണ്ടു അവന്‍ താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി.

9 അവന്‍ പ്രാകാരവും ഉണ്ടാക്കി; തെക്കുവശത്തെ പ്രാകാരത്തിന്നു പിരിച്ച പഞ്ഞി നൂല്‍കൊണ്ടുള്ള നൂറു മുഴം മറശ്ശീല ഉണ്ടായിരുന്നു.

10 അതിന്നു ഇരുപതു തൂണും തൂണുകള്‍ക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേല്‍ചുറ്റുപടിയും വെള്ളി ആയിരുന്നു.

11 വടക്കുവശത്തു നൂറു മുഴം മറശ്ശീലയും അതിന്നു ഇരുപതു തൂണും തൂണുകള്‍ക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേല്‍ ചുറ്റുപടിയും വെള്ളി ആയിരുന്നു.

12 പടിഞ്ഞാറുവശത്തു അമ്പതു മുഴം മറശ്ശീലയും അതിന്നു പത്തു തൂണും തൂണുകള്‍ക്കു പത്തു ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേല്‍ചുറ്റുപടിയും വെള്ളി ആയിരുന്നു.

13 കിഴക്കുവശത്തു മറശ്ശീല അമ്പതു മുഴം ആയിരുന്നു.

14 വാതിലിന്റെ ഒരു വശത്തു മറശ്ശീല പതിനഞ്ചു മുഴവും അതിന്നു മൂന്നു തൂണും അവേക്കു മൂന്നു ചുവടും ഉണ്ടായിരുന്നു.

15 മറ്റെവശത്തും അങ്ങനെ തന്നേ; ഇങ്ങനെ പ്രാകാരവാതിലിന്റെ ഇപ്പുറത്തും അപ്പുറത്തും പതിനഞ്ചീതു മുഴം മറശ്ശീലയും അതിന്നു മുമ്മൂന്നു തൂണും മുമ്മൂന്നു ചുവടും ഉണ്ടായിരുന്നു.

16 ചുറ്റും പ്രാകാരത്തിന്റെ മറശ്ശീല ഒക്കെയും പിരിച്ച പഞ്ഞിനൂല്‍കൊണ്ടു ആയിരുന്നു.

17 തൂണുകള്‍ക്കുള്ള ചുവടു താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേല്‍ചുറ്റുപടിയും വെള്ളികൊണ്ടും കുമിഴുകള്‍ വെള്ളിപൊതിഞ്ഞവയും പ്രാകാരത്തിന്റെ തൂണുകള്‍ ഒക്കെയും വെള്ളികൊണ്ടു മേല്‍ചുറ്റുപടിയുള്ളവയും ആയിരുന്നു.

18 എന്നാല്‍ പ്രാകാരവാതിലിന്റെ മറശ്ശീല നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ചിത്രത്തയ്യല്‍പണി ആയിരുന്നു; അതിന്റെ നീളം ഇരുപതു മുഴവും അതിന്റെ ഉയരമായ വീതി പ്രാകാരത്തിന്റെ മറശ്ശീലെക്കു സമമായി അഞ്ചു മുഴവും ആയിരുന്നു.

19 അതിന്റെ തൂണു നാലും അവയുടെ ചുവടു നാലും താമ്രമായിരുന്നു; കൊളുത്തും കുമിഴുകള്‍ പൊതിഞ്ഞിരുന്ന തകിടും മേല്‍ചുറ്റുപടിയും വെള്ളി ആയിരുന്നു.

20 തിരുനിവാസത്തിന്നും പ്രാകാരത്തിന്നും നാലു പുറവുമുള്ള കുറ്റികള്‍ ഒക്കെയും താമ്രം ആയിരുന്നു.

22 യെഹൂദാഗോത്രത്തില്‍ ഹൂരിന്റെ മകനായ ഊരിയുടെ മകന്‍ ബെസലേല്‍ മോശെയോടു യഹോവ കല്പിച്ചതൊക്കെയും ഉണ്ടാക്കി.

23 അവനോടുകൂടെ ദാന്‍ ഗോത്രത്തില്‍ അഹീസാമാക്കിന്റെ മകനായി കൊത്തുപണിക്കാരനും കൌശലപ്പണിക്കാരനും നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍ എന്നിവ കൊണ്ടു ചിത്രത്തയ്യല്‍പണി ചെയ്യുന്നവനുമായ ഒഹൊലീയാബും ഉണ്ടായിരുന്നു.

24 വിശുദ്ധമന്ദിരത്തിന്റെ സകലപ്രവൃത്തിയുടെയും പണിക്കു വഴിപാടായി വന്നു ഉപയോഗിച്ച പൊന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ ഇരുപത്തൊമ്പതു താലന്തും എഴുനൂറ്റിമുപ്പതു ശേക്കെലും ആയിരുന്നു.

25 സഭയില്‍ ചാര്‍ത്തപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെലും ആയിരുന്നു.

26 ഇരുപതു വയസ്സുമുതല്‍ മേലോട്ടു പ്രായമുള്ളവരായി ചാര്‍ത്തപ്പെട്ടവരുടെ എണ്ണത്തില്‍ ഉള്‍പ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പതു പേരില്‍ ഔരോരുത്തന്നു ഔരോ ബെക്കാ വീതമായിരുന്നു; അതു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അരശേക്കെല്‍ ആകുന്നു.

27 വിശുദ്ധമന്ദിരത്തിന്റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാര്‍ക്കുംന്നതിന്നു ഒരു ചുവടിന്നു ഒരു താലന്തു വീതം നൂറു ചുവടിന്നു നൂറു താലന്തു വെള്ളി ചെലവായി.

28 ശേഷിപ്പുള്ള ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെല്‍കൊണ്ടു അവന്‍ തൂണുകള്‍ക്കു കൊളുത്തു ഉണ്ടാക്കുകയും കുമിഴ് പൊതികയും മേല്‍ചുറ്റുപടി ഉണ്ടാക്കുകയും ചെയ്തു.

29 വഴിപാടു വന്ന താമ്രം എഴുപതു താലന്തും രണ്ടായിരത്തിനാനൂറു ശേക്കെലും ആയിരുന്നു.

30 അതുകൊണ്ടു അവന്‍ സമാഗമനക്കുടാരത്തിന്റെ വാതിലിന്നുള്ള ചുവടുകളും താമ്രയാഗപീഠവും അതിന്റെ താമ്രജാലവും യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും

31 ചുറ്റും പ്രാകാരത്തിന്റെ ചുവടുകളും പ്രാകാരവാതിലിന്നുള്ള ചുവടുകളും തിരുനിവാസത്തിന്റെ എല്ലാകുറ്റികളും ചുറ്റും പ്രാകാരത്തിന്റെ കുറ്റികളും ഉണ്ടാക്കി.

പുറപ്പാടു് 39

1 യഹോവ മോശെയോടു കല്പിച്ചതുപോലെ അവര്‍ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവകൊണ്ടു വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കായി വിശേഷവസ്ത്രവും അഹരോന്നു വിശുദ്ധവസ്ത്രവും ഉണ്ടാക്കി.

2 പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ഏഫോദ് ഉണ്ടാക്കി.

3 നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍ എന്നിവയുടെ ഇടയില്‍ ചിത്രപ്പണിയായി നെയ്യേണ്ടതിന്നു അവര്‍ പൊന്നു അടിച്ചു നേരിയ തകിടാക്കി നൂലായി കണ്ടിച്ചു.

4 അവര്‍ അതിന്നു തമ്മില്‍ ഇണെച്ചിരിക്കുന്ന ചുമല്‍ക്കണ്ടങ്ങള്‍ ഉണ്ടാക്കിഅതു രണ്ടു അറ്റത്തും ഇണെച്ചിരുന്നു.

5 അതു കെട്ടി മുറുക്കുവാന്‍ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു, യഹോവ മോശെയോടു കല്പിച്ചതുപോലെ അതില്‍ നിന്നു തന്നേ, അതിന്റെ പണിപോലെ പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ആയിരുന്നു.

6 മുദ്രക്കൊത്തായിട്ടു യിസ്രായേല്‍മക്കളുടെപേര്‍ കൊത്തിയ ഗോമേദകക്കല്ലുകളെ അവര്‍ പൊന്തടങ്ങളില്‍ പതിച്ചു.

7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവന്‍ യിസ്രായേല്‍മക്കള്‍ക്കു വേണ്ടി ഏഫോദിന്റെ ചുമക്കണ്ടങ്ങളിന്മേല്‍ ഔര്‍മ്മക്കല്ലുകള്‍ വെച്ചു.

8 അവന്‍ ഏഫോദിന്റെ പണിപോലെ ചിത്രപ്പണിയായിട്ടു പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു പതക്കവും ഉണ്ടാക്കി.

9 അതു സമചതുരമായിരുന്നു; പതക്കം ഇരട്ടയായി ഉണ്ടാക്കി; അതു ഒരു ചാണ്‍ നീളവും ഒരു ചാണ്‍ വീതിയും ഉള്ളതായി ഇരട്ട ആയിരന്നു.

10 അവര്‍ അതില്‍ നാലു നിര രത്നം പതിച്ചുതാമ്രമണി, പീതരത്നം, മരതകം; ഇതു ഒന്നാമത്തെ നിര.

11 രണ്ടാമത്തെ നിരമാണിക്യം, നിലക്കല്ലു, വജ്രം,

12 മൂന്നാമത്തെ നിരപത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു.

13 നാലാമത്തെ നിരഗോമേദകം, പുഷ്പരാഗം, സൂര്യകാന്തം; അവ അതതു തടത്തില്‍ പൊന്നില്‍ പതിച്ചിരുന്നു.

14 ഈ കല്ലുകള്‍ യിസ്രായേല്‍മക്കളുടെ പേരുകളോടുകൂടെ അവരുടെ പേര്‍പോലെ പന്ത്രണ്ടു ആയിരുന്നു; പന്ത്രണ്ടു ഗോത്രങ്ങളില്‍ ഔരോന്നിന്റെ പേര്‍ അവയില്‍ മുദ്രക്കൊത്തായി കൊത്തിയിരുന്നു.

15 പതക്കത്തിന്നു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളികളും ഉണ്ടാക്കി.

16 പൊന്നുകൊണ്ടു രണ്ടു വളയവും രണ്ടു കണ്ണിയും ഉണ്ടാക്കി; വളയം രണ്ടും പതക്കത്തിന്റെ രണ്ടു അറ്റത്തും വെച്ചു.

17 പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവര്‍ പതക്കത്തിന്റെ അറ്റത്തു രണ്ടു വളയത്തിലും കൊളുത്തി.

18 രണ്ടു സരപ്പളിയുടെയും അറ്റം രണ്ടും അവര്‍ കണ്ണി രണ്ടിലും കൊളുത്തി ഏഫോദിന്റെ ചുമല്‍ക്കണ്ടങ്ങളിന്മേല്‍ മുന്‍ ഭാഗത്തു വെച്ചു.

19 അവര്‍ പൊന്നു കൊണ്ടു വേറെ രണ്ടു കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റെ രണ്ടു അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന്നു നേരെ അകത്തെ വിളുമ്പില്‍ വെച്ചു.

20 അവര്‍ വേറെ രണ്ടു പൊന്‍ കണ്ണി ഉണ്ടാക്കി ഏഫോദിന്റെ മുന്‍ ഭാഗത്തു രണ്ടു ചുമല്‍ക്കണ്ടങ്ങളില്‍ താഴെ അതിന്റെ ഇണെപ്പിന്നരികെ എഫോദിന്റെ നടുക്കെട്ടിന്നു മേലായി വെച്ചു.

21 പതക്കം ഏഫോദിന്റെ നടുക്കെട്ടിന്നു മേലായി ഇരിക്കേണ്ടതിന്നും അതു ഏഫോദില്‍ ആടാതിരിക്കേണ്ടതിന്നും ദൈവം മോശെയോടു കല്പിച്ചതുപോലെ അവര്‍ അതു കണ്ണികളാല്‍ ഏഫോദിന്റെ കണ്ണികളോടു നീലനാടകൊണ്ടു കെട്ടി.

22 അവന്‍ ഏഫോദിന്റെ അങ്കി മുഴുവനും നീലനൂല്‍കൊണ്ടു നെയ്ത്തുപണിയായി ഉണ്ടാക്കി.

23 അങ്കിയുടെ നടുവില്‍ കവചത്തിന്റെ ദ്വാരംപോലെ ഒരു ദ്വാരവും അതു കീറാതിരിക്കേണ്ടതിന്നു ചുറ്റും ഒരു നാടയും വെച്ചു.

24 അങ്കിയുടെ വിളുമ്പില്‍ നീലനൂല്‍ ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍, എന്നിവ കൊണ്ടു മാതളപ്പഴങ്ങള്‍ ഉണ്ടാക്കി.

25 തങ്കം കൊണ്ടു മണികളും ഉണ്ടാക്കി; മണികള്‍ അങ്കിയുടെ വിളുമ്പില്‍ ചുറ്റും മാതളപ്പഴങ്ങളുടെ ഇടയില്‍ വെച്ചു.

26 ശുശ്രൂഷെക്കുള്ള അങ്കിയുടെ വിളുമ്പില്‍ ചുറ്റും ഒരു മണിയും ഒരു മാതളപ്പഴവും ഒരു മണിയും ഒരു മാതളപ്പഴവും ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ വെച്ചു.

27 അഹരോന്നും പുത്രന്മാര്‍ക്കും പഞ്ഞിനൂല്‍കൊണ്ടു നെയ്ത്തുപണിയായ അങ്കിയും

28 പഞ്ഞിനൂല്‍കൊണ്ടു മുടിയും പഞ്ഞിനൂല്‍കൊണ്ടു അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂല്‍കൊണ്ടു കാല്‍ച്ചട്ടയും

29 പിരിച്ച പഞ്ഞിനൂല്‍, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവ കൊണ്ടു ചിത്രത്തയ്യല്‍പണിയായ നടുക്കെട്ടും യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ ഉണ്ടാക്കി.

30 അവര്‍ തങ്കംകൊണ്ടു വിശുദ്ധമുടിയുടെ നെറ്റിപ്പട്ടം ഉണ്ടാക്കി, അതില്‍ “യഹോവേക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായുള്ള ഒരു എഴുത്തു കൊത്തി.

31 അതു മുടിമേല്‍ കെട്ടേണ്ടതിന്നു അതില്‍ നീലനൂല്‍നാട കോര്‍ത്തുയഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

32 ഇങ്ങനെ സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്റെ പണി ഒക്കെയും തീര്‍ന്നു; യഹോവ മോശെയോടു കല്പിച്ചതു പോലെ ഒക്കെയും യിസ്രായേല്‍മക്കള്‍ ചെയ്തു. അങ്ങനെ തന്നേ അവര്‍ ചെയ്തു.

33 അവര്‍ തിരുനിവാസം മോശെയുടെ അടുക്കല്‍ കൊണ്ടുവന്നു; കൂടാരവും അതിന്റെ ഉപകരണങ്ങളൊക്കെയും കൊളുത്തു, പലക,

34 അന്താഴം, തൂണ്‍, ചുവടു, ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍കൊണ്ടുള്ള പുറമൂടി, തഹശൂതോല്‍കൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല,

35 സാക്ഷ്യപെട്ടകം, അതിന്റെ തണ്ടു,

36 കൃപാസനം, മേശ, അതിന്റെ ഉപകരണങ്ങളൊക്കെയും,

37 കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളകൂ, കത്തിച്ചുവെപ്പാനുള്ള ദീപങ്ങള്‍, അതിന്റെ ഉപകരണങ്ങളൊക്കെയും,

38 വെളിച്ചത്തിന്നു എണ്ണ, പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധ ധൂപവര്‍ഗ്ഗം, കൂടാരവാതിലിന്നുള്ള മറശ്ശീല,

39 താമ്രംകൊണ്ടുള്ള യാഗപീഠം, അതിന്റെ താമ്രജാലം, തണ്ടു, അതിന്റെ ഉപകരണങ്ങളൊക്കെയും, തൊട്ടി, അതിന്റെ കാല്‍,

40 പ്രാകാരത്തിന്റെ മറശ്ശീല, തൂണ്‍, അതിന്റെ ചുവടു, പ്രാകാരവാതിലിന്റെ മറശ്ശീല, അതിന്റെ കയറു, കുറ്റി, സമാഗമനക്കുടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും,

41 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കായി വിശേഷവസ്ത്രം, പുരോഹിതശുശ്രൂഷെക്കുള്ള അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രം

42 ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേല്‍മക്കള്‍ എല്ലാപണിയും തീര്‍ത്തു.

43 മോശെ പണി ഒക്കെയും നോക്കി, യഹോവ കല്പിച്ചതുപോലെ തന്നേ അവര്‍ അതു ചെയ്തു തീര്‍ത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു.

പുറപ്പാടു് 40

1 അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍

2 ഒന്നാം മാസം ഒന്നാം തിയ്യതി നീ സമാഗമനക്കുടാരമെന്ന തിരുനിവാസം നിവിര്‍ക്കേണം.

3 സാക്ഷ്യപെട്ടകം അതില്‍ വെച്ചു തിരശ്ശീലകൊണ്ടു പെട്ടകം മറെക്കേണം.

4 മേശ കോണ്ടുവന്നു അതിന്റെ സാധനങ്ങള്‍ ക്രമത്തില്‍ വെക്കേണം. നിലവിളകൂ കൊണ്ടുവന്നു അതിന്റെ ദീപം കൊളുത്തേണം.

5 ധൂപത്തിന്നുള്ള പൊമ്പീഠം സാക്ഷ്യപെട്ടകത്തിന്നു മുമ്പില്‍ വെച്ചു തിരുനിവാസവാതിലിന്റെ മിറശ്ശീല തൂക്കേണം.

6 സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുമ്പില്‍ ഹോമയാഗപീഠം വെക്കേണം.

7 സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും നടുവില്‍ തൊട്ടി വെച്ചു അതില്‍ വെള്ളം ഒഴിക്കേണം.

8 ചുറ്റും പ്രാകാരം നിവിര്‍ത്തു പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കേണം.

9 അഭിഷേകതൈലം എടുത്തു തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്തു അതും അതിന്റെ ഉപകരങ്ങളൊക്കെയും ശുദ്ധീകരിക്കേണം;

10 ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും അഭിഷേകം ചെയ്തു യാഗപീഠം ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം.

11 തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.

12 അഹരോനെയും പുത്രന്മാരെയും സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്നു അവരെ വെള്ളംകൊണ്ടു കഴുകേണം.

13 അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ചു, എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.

14 അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ചു,

15 എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യേണം; അവരുടെ അഭിഷേകം ഹേതുവായി അവര്‍ക്കും തലമുറതലമുറയോളം നിത്യ പൌരോഹിത്യം ഉണ്ടായിരിക്കേണം.

16 മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെ ഒക്കെയും അവന്‍ ചെയ്തു.

17 ഇങ്ങനെ രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി തിരുനിവാസം നിവിര്‍ത്തു.

18 മോശെ തിരുനിവാസം നിവിര്‍ക്കുംകയും അതിന്റെ ചുവടു ഉറപ്പിക്കയും പലക നിറുത്തുകയും അന്താഴം ചെലുത്തുകയും തൂണ്‍ നാട്ടുകയും ചെയ്തു.

19 അവന്‍ മൂടുവിരി തിരുനിവാസത്തിന്മേല്‍ വിരിച്ചു അതിന്മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവാ മോശെയോടു കല്പിച്ചതുപോലെ തന്നേ.

20 അവന്‍ സാക്ഷ്യം എടുത്തു പെട്ടകത്തില്‍ വെച്ചു; പെട്ടകത്തിന്നു തണ്ടു ചെലുത്തി പെട്ടകത്തിന്നു മീതെ കൃപാസനം വെച്ചു.

21 പെട്ടകം തിരുനിവാസത്തില്‍ കൊണ്ടുവന്നു മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

22 സമാഗമനക്കുടാരത്തില്‍ തിരുനിവാസത്തിന്റെ വടക്കുവശത്തു തിരശ്ശീലെക്കു പുറത്തായി മേശവെച്ചു.

23 അതിന്മേല്‍ യഹോവയുടെ സന്നിധിയില്‍ അപ്പം അടുക്കിവെച്ചു; യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.

24 സമാഗമനക്കുടാരത്തില്‍ മോശെക്കു നേരെ തിരുനിവാസത്തിന്റെ തെക്കുവശത്തു നിലവിളകൂ വെക്കയും യഹോവയുടെ സന്നിധിയില്‍ ദീപം കൊളുത്തുകയും ചെയ്തു;

25 യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.

26 സമാഗമനക്കുടാരത്തില്‍ തിരശ്ശീലയുടെ മുന്‍ വശത്തു പൊന്നുകൊണ്ടുള്ള ധൂപപീഠം വെക്കയും അതിന്മേല്‍ സുഗന്ധ ധൂപവര്‍ഗ്ഗം ധൂപിക്കയും ചെയ്തു;

27 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

28 അവന്‍ തിരുനിവാസത്തിന്റെ വാതിലിന്നുള്ള മറശ്ശീല തൂക്കി.

29 ഹോമയാഗപീഠം സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുന്‍ വശത്തു വെക്കയും അതിന്മേല്‍ ഹോമയാഗവും ഭോജനയാഗവും അര്‍പ്പിക്കയും ചെയ്തു. യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.

30 സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും നടുവില്‍ അവന്‍ തൊട്ടിവെക്കയും കഴുകേണ്ടതിന്നു അതില്‍ വെള്ളം ഒഴിക്കയും ചെയ്തു.

31 മോശെയും അഹരോനും അവന്റെ പുത്രന്മാരും അതില്‍ കയ്യും കാലും കഴുകി.

32 അവര്‍ സമാഗമനക്കുടാരത്തില്‍ കടക്കുമ്പോഴും യാഗപീഠത്തിങ്കല്‍ ചെല്ലുമ്പോഴും കൈകാലുകള്‍ കഴുകും; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

33 അവന്‍ തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റം പ്രാകാരം നിറുത്തി; പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കി. ഇങ്ങനെ മോശെ പ്രവൃത്തി സമാപിച്ചു.

34 അപ്പോള്‍ മേഘം സമാഗമനക്കുടാരത്തെ മൂടി, യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു.

35 മേഘം സമാഗമനക്കുടാരത്തിന്മേല്‍ അധിവസിക്കയും യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെക്കയും ചെയ്തതുകൊണ്ടു മോശെക്കു അകത്തു കടപ്പാന്‍ കഴിഞ്ഞില്ല.

36 യിസ്രായേല്‍മക്കള്‍ തങ്ങളുടെ സകലപ്രയാണങ്ങളിലും മേഘം തിരുനിവസത്തിന്മേല്‍നിന്നു ഉയരുമ്പോള്‍ യാത്ര പുറപ്പെടും.

37 മേഘം ഉയരാതിരുന്നാല്‍ അതു ഉയരുംനാള്‍വരെ അവര്‍ യാത്രപുറപ്പെടാതിരിക്കും.

38 യിസ്രായേല്യരുടെ സകലപ്രയാണങ്ങളിലും അവരെല്ലാവരും കാണ്‍കെ പകല്‍ സമയത്തു തിരുനിവാസത്തിന്മേല്‍ യഹോവയുടെ മേഘവും രാത്രിസമയത്തു അതില്‍ അഗ്നിയും ഉണ്ടായിരുന്നു.