Шаг 66

Учиться

     

യോശുവ 1

1 യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോടു അരുളിച്ചെയ്തതു

2 എന്റെ ദാസനായ മോശെ മരിച്ചു; ആകയാല്‍ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോര്‍ദ്ദാന്നക്കരെ ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിന്‍ .

3 നിങ്ങളുടെ ഉള്ളങ്കാല്‍ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാന്‍ മോശെയോടു കല്പിച്ചതുപോലെ നിങ്ങള്‍ക്കു തന്നിരിക്കുന്നു.

4 മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും.

5 നിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നില്‍ക്കയില്ല; ഞാന്‍ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാന്‍ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.

6 ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാന്‍ അവര്‍ക്കും കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന്നു അവകാശമായി വിഭാഗിക്കും.

7 എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.

8 ഈ ന്യായപ്രാമണപുസ്തകത്തിലുള്ളതു നിന്റെ വായില്‍നിന്നു നീങ്ങിപ്പോകരുതു; അതില്‍ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാല്‍ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാര്‍ത്ഥനായും ഇരിക്കും.

9 നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാന്‍ നിന്നോടു കല്പിച്ചുവല്ലോ.

10 എന്നാറെ യോശുവ ജനത്തിന്റെ പ്രമാണികളോടു കല്പിച്ചതു

11 പാളയത്തില്‍ കൂടി കടന്നു ജനത്തോടുനിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു അവകാശമായി തരുന്ന ദേശം കൈവശമാക്കുവാന്‍ ചെല്ലേണ്ടതിന്നു നിങ്ങള്‍ മൂന്നു ദിവസം കഴിഞ്ഞിട്ടു യോര്‍ദ്ദാന്നക്കരെ കടക്കേണ്ടതാകയാല്‍ ഭക്ഷണസാധനം ഒരുക്കിക്കൊള്‍വിന്‍ എന്നു കല്പിപ്പിന്‍ .

12 പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞതു എന്തെന്നാല്‍

13 യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ച വചനം ഔര്‍ത്തുകൊള്‍വിന്‍ ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു സ്വസ്ഥത നല്കി ഈ ദേശവും തന്നിരിക്കുന്നു.

14 നിങ്ങളുടെ ഭാര്യമാരും കുഞ്ഞുകുട്ടികളും നിങ്ങളുടെ കന്നുകാലികളും യോര്‍ദ്ദാന്നിക്കരെ മോശെ നിങ്ങള്‍ക്കു തന്നിട്ടുള്ള ദേശത്തിരിക്കട്ടെ; എന്നാല്‍ നിങ്ങളില്‍ യുദ്ധപ്രാപ്തന്മാരായവര്‍ ഒക്കെയും സന്നദ്ധരായി നിങ്ങളുടെ സഹോദരന്മാര്‍ക്കും മുമ്പായി കടന്നുചെന്നു

15 യഹോവ നിങ്ങള്‍ക്കു എന്നപോലെ നിങ്ങളുടെ സഹോദരന്മാര്‍ക്കും സ്വസ്ഥത നലകുകയും നിങ്ങളുടെ ദൈവമായ യഹോവ അവര്‍ക്കും കൊടുക്കുന്ന ദേശം അവര്‍ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കേണം; അതിന്റെ ശേഷം നിങ്ങള്‍ യഹോവയുടെ ദാസനായ മോശെ കിഴക്കു യോര്‍ദ്ദാന്നിക്കരെ നിങ്ങള്‍ക്കു തന്നിട്ടുള്ള അവകാശദേശത്തേക്കു മടങ്ങി വന്നു അതിനെ അനുഭവിച്ചുകൊള്ളേണം.

16 അവര്‍ യോശുവയോടുനീ ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങള്‍ ചെയ്യും; ഞങ്ങളെ അയക്കുന്നേടത്തൊക്കെയും ഞങ്ങള്‍ പോകും.

17 ഞങ്ങള്‍ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാല്‍ മതി.

18 ആരെങ്കിലും നിന്റെ കല്പന മറുക്കയും നീ കല്പിക്കുന്ന യാതൊന്നിലും നിന്റെ വാക്കു അനുസരിക്കാതിരിക്കയും ചെയ്താല്‍ അവന്‍ മരിക്കേണം; ഉറപ്പും ധൈര്യവുമുള്ളവനായി മാത്രംഇരുന്നാലും എന്നു ഉത്തരം പറഞ്ഞു.

യോശുവ 2

1 അനന്തരം നൂന്റെ മകനായ യോശുവ രഹസ്യമായി ഒറ്റുനോക്കേണ്ടതിന്നു ശിത്തീമില്‍നിന്നു രണ്ടുപേരെ അയച്ചുനിങ്ങള്‍ പോയി ദേശവും യെരീഹോപട്ടണവും നോക്കിവരുവിന്‍ എന്നു പറഞ്ഞു. അവര്‍ പുറപ്പെട്ടു രാഹാബ് എന്നു പേരുള്ളോരു വേശ്യയുടെ വീട്ടില്‍ ചെന്നു അവിടെ പാര്‍ത്തു.

2 യിസ്രായേല്‍മക്കളില്‍ ചിലര്‍ ദേശത്തെ ശോധനചെയ്‍വാന്‍ രാത്രിയില്‍ ഇവിടെ വന്നരിക്കന്നു എന്നു യെരീഹോരാജാവിന്നു അറിവു കിട്ടി.

3 യെരീഹോരാജാവു രാഹാബിന്റെ അടുക്കല്‍ ആളയച്ചുനിന്റെ അടുക്കല്‍ വന്നു വീട്ടില്‍ കയറിയിരിക്കുന്ന മനുഷ്യരെ പുറത്തിറക്കിത്തരിക; അവര്‍ ദേശമൊക്കെയും ഒറ്റുനോക്കുവാന്‍ വന്നവരാകുന്നു എന്നു പറയിച്ചു.

4 ആ സ്ത്രീ അവരെ രണ്ടുപേരെയും കൂട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചിട്ടുഅവര്‍ എന്റെ അടുക്കല്‍ വന്നിരുന്നു എങ്കിലും എവിടത്തുകാര്‍ എന്നു ഞാന്‍ അറിഞ്ഞില്ല;

5 ഇരുട്ടായപ്പോള്‍ പട്ടണവാതില്‍ അടെക്കുന്ന സമയത്തു, അവര്‍ പുറപ്പെട്ടുപോയി; എവിടേക്കു പോയി എന്നു ഞാന്‍ അറിയുന്നില്ല; വേഗത്തില്‍ അവരുടെ പിന്നാലെ ചെല്ലുവിന്‍ ; എന്നാല്‍ അവരെ കണ്ടുപിടിക്കാം എന്നു പറഞ്ഞു.

6 എന്നാല്‍ അവള്‍ അവരെ വീട്ടിന്‍ മുകളില്‍ കൊണ്ടുപോയി അവിടെ അടുക്കിവെച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയില്‍ ഒളിപ്പിച്ചിരുന്നു.

7 ആ ആളുകള്‍ യോര്‍ദ്ദാനിലേക്കുള്ള വഴിയായി കടവുകള്‍വരെ അവരെ തിരഞ്ഞുചെന്നു; തിരഞ്ഞുചെന്നവര്‍ പുറപ്പെട്ട ഉടനെ പട്ടണവാതില്‍ അടെച്ചു.

8 എന്നാല്‍ അവര്‍ കിടപ്പാന്‍ പോകുംമുമ്പെ അവള്‍ മുകളില്‍ അവരുടെ അടുക്കല്‍ ചെന്നു അവരോടു പറഞ്ഞതു

9 യഹോവ ഈ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു; നിങ്ങളെയുള്ള ഭീതി ഞങ്ങളുടെമേല്‍ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികള്‍ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാന്‍ അറിയുന്നു.

10 നിങ്ങള്‍ മിസ്രയീമില്‍ നിന്നു പുറപ്പെട്ടുവരുമ്പോള്‍ യഹോവ നിങ്ങള്‍ക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോര്‍ദ്ദാന്നക്കരെവെച്ചു നിങ്ങള്‍ നിര്‍മ്മൂലമാക്കിയ സീഹോന്‍ , ഔഗ് എന്ന രണ്ടു അമോര്‍യ്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങള്‍ കേട്ടു.

11 കേട്ടപ്പോള്‍ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവര്‍ക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വര്‍ഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.

12 ആകയാല്‍ ഞാന്‍ നിങ്ങളോടു ദയ ചെയ്ക കൊണ്ടു നിങ്ങളും എന്റെ പിതൃഭവനത്തോടു ദയ ചെയ്തു.

13 എന്റെ അപ്പനെയും അമ്മയെയും എന്റെ സഹോദരന്മാരെയും സഹോദരിമാരെയും അവര്‍ക്കുംള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു ഞങ്ങളുടെ ജീവനെ മരണത്തില്‍നിന്നു വിടുവിക്കുമെന്നു യഹോവയെച്ചൊല്ലി എന്നോടു സത്യംചെയ്കയും ഉറപ്പുള്ള ഒരു ലക്ഷ്യം തരികയും വേണം.

14 അവര്‍ അവളോടുഞങ്ങളുടെ ഈ കാര്യം നിങ്ങള്‍ അറിയിക്കാതെയിരുന്നാല്‍ നിങ്ങളുടെ ജീവന്നു പകരം ഞങ്ങളുടെ ജീവന്‍ വെച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങള്‍ക്കു തരുമ്പോള്‍ ഞങ്ങള്‍ നിന്നോടു ദയയും വിശ്വസ്തതയും കാണിക്കും എന്നു ഉത്തരം പറഞ്ഞു.

15 എന്നാറെ അവള്‍ അവരെ കിളിവാതിലൂടെ ഒരു കയറുകെട്ടി ഇറക്കി; അവളുടെ വീടു കോട്ടമതിലിന്മേല്‍ ആയിരുന്നു; അവള്‍ മതിലിന്മേല്‍ പാര്‍ത്തിരുന്നു.

16 അവള്‍ അവരോടുതിരിഞ്ഞുപോയവര്‍ നിങ്ങളെ കണ്ടുപിടിക്കാതിരിക്കേണ്ടതിന്നു നിങ്ങള്‍ പര്‍വ്വതത്തില്‍ കയറി അവര്‍ മടങ്ങിപ്പോരുവോളം മൂന്നു ദിവസം അവിടെ ഒളിച്ചിരിപ്പിന്‍ ; അതിന്റെ ശേഷം നിങ്ങളുടെ വഴിക്കു പോകാം എന്നു പറഞ്ഞു.

17 അവര്‍ അവളോടു പറഞ്ഞതുഞങ്ങള്‍ ഈ ദേശത്തു വരുമ്പോള്‍ നീ ഞങ്ങളെ ഇറക്കിവിട്ട ഈ കിളിവാതില്‍ക്കല്‍

18 ഈ ചുവപ്പു ചരടു കെട്ടുകയും നിന്റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്റെ അടുക്കല്‍ വീട്ടില്‍ വരുത്തിക്കൊള്ളുകയും വേണം.

19 അല്ലെങ്കില്‍ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തില്‍നിന്നു ഞങ്ങള്‍ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിന്നു പുറത്തിറങ്ങിയാല്‍ അവന്റെ രക്തം അവന്റെ തലമേല്‍ ഇരിക്കും; ഞങ്ങള്‍ കുറ്റമില്ലാത്തവര്‍ ആകും; നിന്നോടുകൂടെ വീട്ടില്‍ ഇരിക്കുമ്പോള്‍ വല്ലവനും അവന്റെ മേല്‍ കൈവെച്ചാല്‍ അവന്റെ രക്തം ഞങ്ങളുടെ തലമേല്‍ ഇരിക്കും.

20 എന്നാല്‍ നീ ഞങ്ങളുടെ കാര്യം അറിയിച്ചാല്‍ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തില്‍ നിന്നു ഞങ്ങള്‍ ഒഴിവുള്ളവര്‍ ആകും.

21 അതിന്നു അവള്‍നിങ്ങള്‍ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു അവരെ അയച്ചു; അങ്ങനെ അവര്‍ പോയി; അവള്‍ ആ ചുവപ്പുചരടു കിളിവാതില്‍ക്കല്‍ കെട്ടി.

22 അവര്‍ പുറപ്പെട്ടു പര്‍വ്വതത്തില്‍ ചെന്നു; തിരഞ്ഞുപോയവര്‍ മടങ്ങിപ്പോരുംവരെ മൂന്നു ദിവസം അവിടെ താമസിച്ചു; തിരഞ്ഞുപോയവര്‍ വഴിനീളേ അവരെ അന്വേഷിച്ചു; കണ്ടില്ലതാനും.

23 അങ്ങനെ അവര്‍ ഇരുവരും പര്‍വ്വതത്തില്‍നിന്നു ഇറങ്ങി അക്കരെ കടന്നു നൂന്റെ മകനായ യോശുവയുടെ അടുക്കല്‍ ചെന്നു തങ്ങള്‍ക്കു സംഭവിച്ചതു ഒക്കെയും അവനെ അറിയിച്ചു.

24 യഹോവ ദേശമൊക്കെയും നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു നിശ്ചയം; ദേശത്തിലെ നിവാസികള്‍ എല്ലാവരും നമ്മുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു അവര്‍ യോശുവയോടു പറഞ്ഞു.

യോശുവ 3

1 അനന്തരം യോശുവ അതികാലത്തു എഴുന്നേറ്റു, അവനും യിസ്രായേല്‍മക്കള്‍ എല്ലാവരും ശിത്തീമില്‍നിന്നു പുറപ്പെട്ടു യോര്‍ദ്ദാന്നരികെ വന്നു മറുകര കടക്കുംമുമ്പെ അവിടെ താമസിച്ചു.

2 മൂന്നു ദിവസം കഴിഞ്ഞിട്ടു പ്രമാണികള്‍ പാളയത്തില്‍കൂടി നടന്നു ജനത്തോടു കല്പിച്ചതെന്തെന്നാല്‍

3 നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങള്‍ കാണുമ്പോള്‍ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ടു അതിന്റെ പിന്നാലെ ചെല്ലേണം.

5 പിന്നെ യോശുവ ജനത്തോടു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിന്‍ ; യഹോവ നാളെ നിങ്ങളുടെ ഇടയില്‍ അതിശയം പ്രവര്‍ത്തിക്കും എന്നു പറഞ്ഞു.

6 പുരോഹിതന്മാരോടു യോശുവനിങ്ങള്‍ നിയമപെട്ടകം എടുത്തു ജനത്തിന്നു മുമ്പായി അക്കരെ കടപ്പിന്‍ എന്നു പറഞ്ഞു. അങ്ങനെ അവര്‍ നിയമപ്പെട്ടകം എടുത്തു ജനത്തിന്നു മുമ്പായി നടന്നു.

7 പിന്നെ യഹോവ യോശുവയോടുഞാന്‍ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്നു യിസ്രായേല്‍ എല്ലാം അറിയേണ്ടതിന്നു ഞാന്‍ ഇന്നു അവര്‍ കാണ്‍കെ നിന്നെ വലിയവനാക്കുവാന്‍ തുടങ്ങും.

8 നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാനിലെ വെള്ളത്തിന്റെ വക്കത്തു എത്തുമ്പോള്‍ യോര്‍ദ്ദാനില്‍ നില്പാന്‍ കല്പിക്ക എന്നു അരുളിച്ചെയ്തു.

9 യോശുവ യിസ്രായേല്‍മക്കളോടുഇവിടെ വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേള്‍പ്പിന്‍ എന്നു പറഞ്ഞു.

10 യോശുവ പറഞ്ഞതെന്തെന്നാല്‍ജീവനുള്ള ദൈവം നിങ്ങളുടെ ഇടയില്‍ ഉണ്ടു; അവന്‍ നിങ്ങളുടെ മുമ്പില്‍നിന്നു കനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരിസ്യര്‍, ഗിര്‍ഗ്ഗശ്യര്‍, അമോര്‍യ്യര്‍, യെബൂസ്യര്‍ എന്നിവരെ നീക്കിക്കളയും എന്നു നിങ്ങള്‍ ഇതിനാല്‍ അറിയും.

11 ഇതാ, സര്‍വ്വഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങള്‍ക്കു മുമ്പായി യോര്‍ദ്ദാനിലേക്കു കടക്കുന്നു.

12 ആകയാല്‍ ഔരോ ഗോത്രത്തില്‍നിന്നു ഔരോ ആള്‍വീതം യിസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു പന്ത്രണ്ടു ആളെ കൂട്ടുവിന്‍ .

13 സര്‍വ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ യോര്‍ദ്ദാനിലെ വെള്ളത്തില്‍ ചവിട്ടുമ്പോള്‍ ഉടനെ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ടു മേല്‍നിന്നു ഒഴുകുന്ന വെള്ളം ചിറപോലെ നിലക്കും.

14 അങ്ങനെ ജനം യോര്‍ദ്ദാന്നക്കരെ കടപ്പാന്‍ തങ്ങളുടെ കൂടാരങ്ങളില്‍നിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ ജനത്തിന്നു മുമ്പായി പെട്ടകം ചുമന്നുകൊണ്ടു യോര്‍ദ്ദാന്നരികെ വന്നു.

15 കൊയിത്തുകാലത്തൊക്കെയും യോര്‍ദ്ദാന്‍ തീരമെല്ലാം കവിഞ്ഞു ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല്‍ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോള്‍ മേല്‍ വെള്ളത്തിന്റെ ഒഴുകൂ നിന്നു;

16 സാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാര്‍ന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു.

17 യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്റെ നടുവില്‍ ഉണങ്ങിയ നിലത്തു ഉറെച്ചുനിന്നു; യിസ്രായേല്‍ജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി.

യോശുവ 4

1 ജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നുതീര്‍ന്നശേഷം യഹോവ യോശുവയോടു കല്പിച്ചതു എന്തെന്നാല്‍

2 നിങ്ങള്‍ ഔരോ ഗോത്രത്തില്‍ നിന്നു ഔരോ ആള്‍ വീതം ജനത്തില്‍നിന്നു പന്ത്രണ്ടുപേരെ കൂട്ടി അവരോടു

3 യോര്‍ദ്ദാന്റെ നടുവില്‍ പുരോഹിതന്മാരുടെ കാല്‍ ഉറച്ചുനിന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു എടുത്തു കരെക്കു കൊണ്ടുവന്നു ഈ രാത്രി നിങ്ങള്‍ പാര്‍ക്കുംന്ന സ്ഥലത്തു വെപ്പാന്‍ കല്പിപ്പിന്‍ .

4 അങ്ങനെ യോശുവ യിസ്രായേല്‍മക്കളുടെ ഔരോ ഗോത്രത്തില്‍നിന്നു ഔരോ ആള്‍ വീതം നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു.

5 യോശുവ അവരോടു പറഞ്ഞതുയോര്‍ദ്ദാന്റെ നടുവില്‍ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന്നു മുമ്പില്‍ ചെന്നു യിസ്രായേല്‍മക്കളുടെ ഗോത്രസംഖ്യകൂ ഒത്തവണ്ണം നിങ്ങളില്‍ ഔരോരുത്തന്‍ ഔരോ കല്ലു ചുമലില്‍ എടുക്കേണം.

6 ഇതു നിങ്ങളുടെ ഇടയില്‍ ഒരു അടയാളമായിരിക്കേണം; ഈ കല്ലു എന്തു എന്നു നിങ്ങളുടെ മക്കള്‍ വരുങ്കാലത്തു ചോദിക്കുമ്പോള്‍

7 യോര്‍ദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പില്‍ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ എന്നു അവരോടു പറയേണം. അതു യോര്‍ദ്ദാനെ കടന്നപ്പോള്‍ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ടു ഈ കല്ലു യിസ്രായേല്‍മക്കള്‍ക്കു എന്നേക്കും ജ്ഞാപകമായിരിക്കേണം.

8 യോശുവ കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ ചെയ്തു; യഹോവ യോശുവയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കളുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു യോര്‍ദ്ദാന്റെ നടുവില്‍നിന്നു എടുത്തു തങ്ങള്‍ പാര്‍ത്ത സ്ഥലത്തു കൊണ്ടുപോയി വെച്ചു.

9 യോര്‍ദ്ദാന്റെ നടുവിലും നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല്‍ നിന്ന സ്ഥലത്തു യോശുവ പന്ത്രണ്ടു കല്ലു നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ടു.

10 മോശെ യോശുവയോടു കല്പിച്ചതു ഒക്കെയും ജനത്തോടു പറവാന്‍ യഹോവ യോശുവയോടു കല്പിച്ചതൊക്കെയും ചെയ്തുതീരുവോളം പെട്ടകം ചുമന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്റെ നടുവില്‍ നിന്നു; ജനം വേഗത്തില്‍ മറുകര കടന്നു.

11 ജനമൊക്കെയും കടന്നു തീര്‍ന്നപ്പോള്‍ ജനം കാണ്‍കെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു.

12 മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്‍മക്കള്‍ക്കു മുമ്പായി യുദ്ധസന്നദ്ധരായി കടന്നു.

13 ഏകദേശം നാല്പതിനായിരം പേര്‍ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു യെരീഹോസമഭൂമിയില്‍ കടന്നു.

14 അന്നു യഹോവ യോശുവയെ എല്ലായിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി;

15 അവര്‍ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും അവന്റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു.

16 യഹോവ യോശുവയോടുസാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടു യോര്‍ദ്ദാനില്‍നിന്നു കയറുവാന്‍ കല്പിക്ക എന്നു അരുളിച്ചെയ്തു.

17 അങ്ങനെ യോശുവ പുരോഹിതന്മാരോടു യോര്‍ദ്ദാനില്‍നിന്നു കയറുവാന്‍ കല്പിച്ചു.

18 യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്റെ നടുവില്‍നിന്നു കയറി; പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ കരെക്കു പൊക്കിവെച്ച ഉടനെ യോര്‍ദ്ദാനിലെ വെള്ളം വീണ്ടും അതിന്റെ സ്ഥലത്തേക്കു വന്നു മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞു ഒഴുകി.

19 ഒന്നാം മാസം പത്താം തിയ്യതി ജനം യോര്‍ദ്ദാനില്‍നിന്നു കയറി യെരീഹോവിന്റെ കിഴക്കെ അതിരിലുള്ള ഗില്ഗാലില്‍ പാളയം ഇറങ്ങി.

20 യോര്‍ദ്ദാനില്‍നിന്നു എടുത്ത പന്ത്രണ്ടു കല്ലു യോശുവ ഗില്ഗാലില്‍ നാട്ടി,

21 യിസ്രായേല്‍മക്കളോടു പറഞ്ഞതു എന്തെന്നാല്‍; ഈ കല്ലു എന്തു എന്നു വരുങ്കാലത്തു നിങ്ങളുടെ മക്കള്‍ പിതാക്കന്മാരോടു ചോദിച്ചാല്‍

22 യിസ്രായേല്‍ ഉണങ്ങിയ നിലത്തുകൂടി ഈ യോര്‍ദ്ദാന്നിക്കരെ കടന്നു എന്നു നിങ്ങളുടെ മക്കളോടു പറയേണം.

23 ഭൂമിയിലെ സകലജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്നു അറിഞ്ഞു നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന്നു

24 ഞങ്ങള്‍ ഇക്കരെ കടപ്പാന്‍ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പില്‍ ചെങ്കടല്‍ വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ ഇക്കരെ കടപ്പാന്‍ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പില്‍ യോര്‍ദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു.