Hapi 322

Studimi

     

പ്രവൃത്തികൾ 7:30-60

30 നാല്പതാണ്ടു കഴിഞ്ഞപ്പോള്‍ സീനായ്മലയുടെ മരുഭൂമിയില്‍ ഒരു ദൈവദൂതന്‍ മുള്‍പടര്‍പ്പിലെ അഗ്നിജ്വാലയില്‍ അവന്നു പ്രത്യക്ഷനായി.

31 മോശെ ആ ദര്‍ശനം കണ്ടു ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാന്‍ അടുത്തുചെല്ലുമ്പോള്‍

32 ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്നു കര്‍ത്താവിന്റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാന്‍ തുനിഞ്ഞില്ല.

33 കര്‍ത്താവു അവനോടുനീ നിലക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാല്‍ കാലില്‍നിന്നു ചെരിപ്പു ഊരിക്കളക.

34 മിസ്രയീമില്‍ എന്റെ ജനത്തിന്റെ പീഡ ഞാന്‍ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാന്‍ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോള്‍ വരിക; ഞാന്‍ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.

35 നിന്നെ അധികാരിയും ന്യായകര്‍ത്താവും ആക്കിയതാര്‍ എന്നിങ്ങനെ അവര്‍ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുള്‍പടര്‍പ്പില്‍ പ്രത്യക്ഷനായ ദൂതന്‍ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.

36 അവന്‍ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു.

37 ദൈവം നിങ്ങളുടെ സഹോദരന്മാരില്‍ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേല്‍ മക്കളോടു പറഞ്ഞ മോശെ അവന്‍ തന്നേ.

38 സീനായ്മലയില്‍ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയില്‍ ഇരുന്നവനും നമുക്കു തരുവാന്‍ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവന്‍ തന്നേ.

39 നമ്മുടെ പിതാക്കന്മാര്‍ അവന്നു കീഴ്പെടുവാന്‍ മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞു ഹൃദയംകെണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു, അഹരോനോടു

40 ഞങ്ങള്‍ക്കു മുമ്പായി നടപ്പാന്‍ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമില്‍നിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങള്‍ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.

41 അന്നേരം അവര്‍ ഒരു കാളകൂട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയില്‍ ഉല്ലസിച്ചുകൊണ്ടിരുന്നു.

42 ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാന്‍ അവരെ കൈവിട്ടു.

43 “യിസ്രായേല്‍ ഗൃഹമേ, നിങ്ങള്‍ മരുഭൂമിയില്‍ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചുവോ? നിങ്ങള്‍ നമസ്കരിപ്പാന്‍ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാന്‍ ദേവന്റെ നക്ഷത്രവും നിങ്ങള്‍ എടുത്തു നടന്നുവല്ലോ; എന്നാല്‍ ഞാന്‍ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

44 നീ കണ്ട മാതിരിക്കൊത്തവണ്ണം അതിനെ തീര്‍ക്കേണം എന്നു മോശെയോടു അരുളിച്ചെയ്തവന്‍ കല്പിച്ചതു പോലെ നമ്മുടെ പിതാക്കന്മാര്‍ക്കും മരുഭൂമിയില്‍ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു.

45 നമ്മുടെ പിതാക്കന്മാര്‍ അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വെച്ചിരുന്നു.

46 അവന്‍ ദൈവത്തിന്റെ മുമ്പാകെ കൃപലഭിച്ചു, യാക്കോബിന്റെ ദൈവത്തിന്നു ഒരു വാസസ്ഥലം ഉണ്ടാക്കുവാന്‍ അനുവാദം അപേക്ഷിച്ചു.

47 ശലോമോന്‍ അവന്നു ഒരു ആലയം പണിതു.

48 അത്യുന്നതന്‍ കൈപ്പണിയായതില്‍ വസിക്കുന്നില്ലതാനും

49 “സ്വര്‍ഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങള്‍ എനിക്കു പണിയുന്ന ആലയം ഏതുവിധം?

50 എന്റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകന്‍ പറയുന്നുവല്ലോ.

51 ശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നിലക്കുന്നു.

52 പ്രവാചകന്മാരില്‍ ഏവനെ നിങ്ങളുടെ പിതാക്കന്മാര്‍ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവന്റെ വരവിനെക്കുറിച്ചു മുന്‍ അറിയിച്ചവരെ അവര്‍ കൊന്നുകളഞ്ഞു.

53 അവന്നു നിങ്ങള്‍ ഇപ്പോള്‍ ദ്രോഹികളും കുലപാതകരും ആയിത്തീര്‍ന്നു; നിങ്ങള്‍ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല.

54 ഇതു കേട്ടപ്പോള്‍ അവര്‍ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു.

55 അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗ്ഗത്തിലേക്കു ഉറ്റുനോക്കീ, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നിലക്കുന്നതും കണ്ടു

56 ഇതാ, സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തു ഭാഗത്തു നിലക്കുന്നതും ഞാന്‍ കാണുന്നു എന്നു പറഞ്ഞു.

57 അവര്‍ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞുചെന്നു,

58 അവനെ നഗരത്തില്‍നിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികള്‍ തങ്ങളുടെ വസ്ത്രം ശൌല്‍ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാല്‍ക്കല്‍ വെച്ചു.

59 കര്‍ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയില്‍ അവര്‍ അവനെ കല്ലെറിഞ്ഞു.

60 അവനോ മുട്ടുകുത്തികര്‍ത്താവേ, അവര്‍ക്കും ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തില്‍ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവന്‍ നിദ്രപ്രാപിച്ചു.

പ്രവൃത്തികൾ 8

1 അവനെ കുലചെയ്തതു ശൌലിന്നു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാര്‍ ഒഴികെ എല്ലാവരും യെഹുദ്യ ശമര്യ ദേശങ്ങളില്‍ ചിതറിപ്പോയി.

2 ഭക്തിയുള്ള പുരുഷന്മാര്‍ സ്തെഫാനൊസിനെ അടക്കം ചെയ്തു. അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു.

3 എന്നാല്‍ ശൌല്‍ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവില്‍ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു.

4 ചിതറിപ്പോയവര്‍ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു.

5 ഫിലിപ്പൊസ് ശമര്യപട്ടണത്തില്‍ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു.

6 ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങള്‍ കേള്‍ക്കയും കാണ്‍കയും ചെയ്കയാല്‍ അവന്‍ പറയുന്നതു ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

7 അശുദ്ധാത്മാക്കള്‍ ബാധിച്ച പലരില്‍നിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാത ക്കാരും മുടന്തരും സൌഖ്യം പ്രാപിച്ചു.

8 അങ്ങനെ ആ പട്ടണത്തില്‍ വളരെ സന്തോഷം ഉണ്ടായി.

9 എന്നാല്‍ ശിമോന്‍ എന്നു പേരുള്ളോരു പുരുഷന്‍ ആ പട്ടണത്തില്‍ ആഭിചാരം ചെയ്തു, താന്‍ മഹാന്‍ എന്നു പറഞ്ഞു ശമര്യ ജാതിയെ ഭ്രമിപ്പിച്ചുപോന്നു.

10 ഇവന്‍ മഹതി എന്ന ദൈവശക്തി ആകുന്നു എന്നും പറഞ്ഞു ആബാലവൃദ്ധം എല്ലാവരും അവനെ ശ്രദ്ധിച്ചുവന്നു.

11 ഇവന്‍ ആഭിചാരംകൊണ്ടു ഏറിയ കാലം അവരെ ഭ്രമിപ്പിക്കയാല്‍ അത്രേ അവര്‍ അവനെ ശ്രദ്ധിച്ചതു.

12 എന്നാല്‍ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവര്‍ വിശ്വസിച്ചപ്പോള്‍ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.

13 ശിമോന്‍ താനും വിശ്വസിച്ചു സ്നാനം ഏറ്റു ഫിലിപ്പൊസിനോടു ചേര്‍ന്നു നിന്നു, വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ടു ഭ്രമിച്ചു.

14 അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാര്‍, ശമര്യര്‍ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കല്‍ അയച്ചു.

15 അവര്‍ ചെന്നു, അവര്‍ക്കും പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവര്‍ക്കായി പ്രാര്‍ത്ഥിച്ചു.

16 അന്നുവരെ അവരില്‍ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവര്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ സ്നാനം ഏറ്റിരുന്നതേയുള്ളു.

17 അവര്‍ അവരുടെമേല്‍ കൈ വെച്ചപ്പോള്‍ അവര്‍ക്കും പരിശുദ്ധാത്മാവു ലഭിച്ചു.

18 അപ്പൊസ്തലന്മാര്‍ കൈ വെച്ചതിനാല്‍ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോന്‍ കണ്ടാറെ അവര്‍ക്കും ദ്രവ്യം കൊണ്ടു വന്നു

19 ഞാന്‍ ഒരുത്തന്റെ മേല്‍ കൈ വെച്ചാല്‍ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാന്‍ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു.

20 പത്രൊസ് അവനോടുദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.

21 നിന്റെ ഹൃദയം ദൈവ സന്നിധിയില്‍ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തില്‍ നിനക്കു പങ്കും ഔഹരിയുമില്ല.

22 നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കര്‍ത്താവിനോടു പ്രാര്‍ത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.

23 നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു.

24 എന്നു ഞാന്‍ കാണുന്നു എന്നു പറഞ്ഞു. അതിന്നു ശിമോന്‍ നിങ്ങള്‍ പറഞ്ഞതു ഒന്നും എനിക്കു ഭവിക്കാതിരിപ്പാന്‍ കര്‍ത്താവിനോടു എനിക്കുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍ എന്നു ഉത്തരം പറഞ്ഞു.

25 അവര്‍ കര്‍ത്താവിന്റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമര്യക്കാരുടെ അനേക ഗ്രാമങ്ങളില്‍ സുവിശേഷം അറിയിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.

26 അനന്തരം കര്‍ത്താവിന്റെ ദൂതന്‍ ഫിലിപ്പൊസിനോടുനീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമില്‍ നിന്നു ഗസെക്കുള്ള നിര്‍ജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.

27 അവന്‍ പുറപ്പെട്ടു ചെന്നപ്പോള്‍ കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേല്‍വിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു. അവന്‍ യെരൂശലേമില്‍ നമസ്കരിപ്പാന്‍ വന്നിട്ടു മടങ്ങിപ്പോകയില്‍

28 തേരില്‍ ഇരുന്നു യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കയായിരുന്നു.

29 ആത്മാവു ഫിലിപ്പൊസിനോടുനീ അടുത്തുചെന്നു തേരിനോടു ചേര്‍ന്നുനടക്ക എന്നു പറഞ്ഞു.

30 ഫിലിപ്പൊസ് ഔടിച്ചെല്ലുമ്പോള്‍ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതു കേട്ടുനീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു

31 ഒരുത്തന്‍ പൊരുള്‍ തിരിച്ചുതരാഞ്ഞാല്‍ എങ്ങനെ ഗ്രഹിക്കും എന്നു അവന്‍ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു.

32 തിരുവെഴുത്തില്‍ അവന്‍ വായിച്ച ഭാഗമാവിതു

33 “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവന്‍ വായ് തുറക്കാതിരുന്നു. അവന്റെ താഴ്ചയില്‍ അവന്നു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആര്‍ വിവരിക്കും? ഭൂമിയില്‍ നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ”

34 ഷണ്ഡന്‍ ഫിലിപ്പൊസിനോടുഇതു പ്രവാചകന്‍ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ.

35 ഫിലിപ്പൊസ് ഈ തിരുവെഴുത്തു ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാന്‍ തുടങ്ങി.

36 അവര്‍ ഇങ്ങനെ വഴിപോകയില്‍ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോള്‍ ഷണ്ഡന്‍ ഇതാ വെള്ളം ഞാന്‍ സ്നാനം ഏലക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.

37 (അതിന്നു ഫിലിപ്പൊസ്നീ പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കില്‍ ആകാം എന്നു പറഞ്ഞു. യേശു ക്രിസ്തു ദൈവപുത്രന്‍ എന്നു ഞാന്‍ വിശ്വസിക്കുന്നു എന്നു അവന്‍ ഉത്തരം പറഞ്ഞു)

38 അങ്ങനെ അവന്‍ തേര്‍ നിര്‍ത്തുവാന്‍ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തില്‍ ഇറങ്ങി, അവന്‍ അവനെ സ്നാനം കഴിപ്പിച്ചു;

39 അവര്‍ വെള്ളത്തില്‍ നിന്നു കയറിയപ്പോള്‍ കര്‍ത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡന്‍ അവനെ പിന്നെ കണ്ടില്ല; അവന്‍ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.

40 ഫിലിപ്പൊസിനെ പിന്നെ അസ്തോദില്‍ കണ്ടു; അവന്‍ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയില്‍ എത്തി.

പ്രവൃത്തികൾ 9:1-22

1 ശൌല്‍ കര്‍ത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കല്‍ ചെന്നു,

2 ദമസ്കൊസില്‍ ഈ മാര്‍ഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികള്‍ക്കു അവനോടു അധികാരപത്രം വാങ്ങി.

3 അവന്‍ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോള്‍ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി;

4 അവന്‍ നിലത്തു വീണു; ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.

5 നീ ആരാകുന്നു, കര്‍ത്താവേ, എന്നു അവന്‍ ചോദിച്ചതിന്നുനീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന്‍ .

6 നീ എഴുന്നേറ്റു പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവന്‍ പറഞ്ഞു.

7 അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു.

8 ശൌല്‍ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവര്‍ അവനെ കൈകൂ പിടിച്ചു ദമസ്കൊസില്‍ കൂട്ടിക്കൊണ്ടുപോയി;

9 അവന്‍ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.

10 എന്നാല്‍ അനന്യാസ് എന്നൊരു ശിഷ്യന്‍ ദമസ്കൊസില്‍ ഉണ്ടായിരുന്നുഅവനെ കര്‍ത്താവു ഒരു ദര്‍ശനത്തില്‍അനന്യാസേ എന്നു വിളിച്ചു. കര്‍ത്താവേ, അടിയന്‍ ഇതാ എന്നു അവന്‍ വിളികേട്ടു.

11 കര്‍ത്താവു അവനോടുനീ എഴുന്നേറ്റു നേര്‍വ്വീഥി എന്ന തെരുവില്‍ ചെന്നു, യൂദയുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൌല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക;

12 അവന്‍ പ്രാര്‍ത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷന്‍ അകത്തു വന്നു താന്‍ കാഴ്ച പ്രാപിക്കേണ്ടതിന്നു തന്റെ മേല കൈ വെക്കുന്നതു അവന്‍ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.

13 അതിന്നു അനന്യാസ്കര്‍ത്താവേ, ആ മനുഷ്യന്‍ യെരൂശലേമില്‍ നിന്റെ വിശുദ്ധന്മാര്‍ക്കും എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാന്‍ കേട്ടിരിക്കുന്നു.

14 ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാന്‍ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.

15 കര്‍ത്താവു അവനോടുനീ പോക; അവന്‍ എന്റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.

16 എന്റെ നാമത്തിന്നു വേണ്ടി അവന്‍ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാന്‍ അവനെ കാണിക്കും എന്നു പറഞ്ഞു.

17 അങ്ങനെ അനന്യാസ് ആ വീട്ടില്‍ ചെന്നു അവന്റെമേല്‍ കൈ വെച്ചുശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്‍ണ്ണന്‍ ആകേണ്ടതിന്നു നീ വന്ന വഴിയില്‍ നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.

18 ഉടനെ അവന്റെ കണ്ണില്‍ നിന്നു ചെതുമ്പല്‍ പോലെ വീണു; കാഴ്ച ലഭിച്ചു അവന്‍ എഴുന്നേറ്റു സ്നാനം ഏല്‍ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.

19 അവന്‍ ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാള്‍ പാര്‍ത്തു,

20 യേശു തന്നേ ദൈവപുത്രന്‍ എന്നു പള്ളികളില്‍ പ്രസംഗിച്ചു.

21 കേട്ടവര്‍ എല്ലാവരും വിസ്മയിച്ചുയെരൂശലേമില്‍ ഈ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ക്കും നാശം ചെയ്തവന്‍ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുപോകുവാനല്ലോ വന്നതു എന്നു പറഞ്ഞു.

22 ശൌലോ മേല്‍ക്കുമേല്‍ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസില്‍ പാര്‍ക്കുംന്ന യെഹൂദന്മാരെ മിണ്ടാതാക്കി.