Hapi 36

Studimi

     

ലേവ്യപുസ്തകം 15

1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു

2 നിങ്ങള്‍ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ആര്‍ക്കെങ്കിലും തന്റെ അംഗത്തില്‍ ശുക്ളസ്രവം ഉണ്ടായാല്‍ അവന്‍ സ്രവത്താല്‍ അശുദ്ധന്‍ ആകുന്നു.

3 അവന്റെ സ്രവത്താലുള്ള അശുദ്ധിയാവിതുഅവന്റെ അംഗം സ്രവിച്ചുകൊണ്ടിരുന്നാലും അവന്റെ അംഗം സ്രവിക്കാതെ അടഞ്ഞിരുന്നാലും അതു അശുദ്ധി തന്നേ.

4 സ്രവക്കാരന്‍ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധം; അവന്‍ ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം.

5 അവന്റെ കിടക്ക തൊടുന്ന മനുഷ്യന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

6 സ്രവക്കാരന്‍ ഇരുന്ന സാധനത്തിന്മേല്‍ ഇരിക്കുന്നവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കയും വേണം.

7 സ്രവക്കാരന്റെ ദേഹം തൊടുന്നവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

8 സ്രവക്കാരന്‍ ശുദ്ധിയുള്ളവന്റെമേല്‍ തുപ്പിയാല്‍ അവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

9 സ്രവക്കാരന്‍ കയറിപ്പോകുന്ന ഏതു വാഹനവും അശുദ്ധമാകും.

10 അവന്റെ കീഴെ ഇരുന്ന ഏതിനെയും തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവയെ വഹിക്കുന്നവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

11 സ്രവക്കാരന്‍ വെള്ളംകൊണ്ടു കൈകഴുകാതെ ആരെ എങ്കിലും തൊട്ടാല്‍ അവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

12 സ്രവക്കാരന്‍ തൊട്ട മണ്‍പാത്രം ഉടെച്ചുകളയേണം; മരപ്പാത്രമെല്ലാം വെള്ളം കൊണ്ടു കഴുകേണം.

13 സ്രവക്കാരന്‍ സ്രവം മാറി ശുദ്ധിയുള്ളവന്‍ ആകുമ്പോള്‍ ശുദ്ധികരണത്തിന്നായി ഏഴുദിവസം എണ്ണീട്ടു വസ്ത്രം അലക്കി ദേഹം ഒഴുക്കുവെള്ളത്തില്‍ കഴുകേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവന്‍ ആകും.

14 എട്ടാം ദിവസം അവന്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ എടുത്തു സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ വന്നു അവയെ പുരോഹിതന്റെ പക്കല്‍ കൊടുക്കേണം.

15 പുരോഹിതന്‍ അവയില്‍ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്നുവേണ്ടി യഹോവയുടെ സന്നിധിയില്‍ അവന്റെ സ്രവത്തിന്നു പ്രായശ്ചിത്തം കഴിക്കേണം.

16 ഒരുത്തന്നു ബീജം പോയാല്‍ അവന്‍ തന്റെ ദേഹം മുഴുവനും വെള്ളത്തില്‍ കഴുകുകയും സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കയും വേണം.

17 ബീജം വീണസകലവസ്ത്രവും എല്ലാതോലും വെള്ളത്തില്‍ കഴുകുകയും അതു സന്ധ്യവരെ അശുദ്ധമായിരിക്കയും വേണം.

18 പുരുഷനും സ്ത്രീയും തമ്മില്‍ ബീജസ്ഖലനത്തോടുകൂടെ ശയിച്ചാല്‍ ഇരുവരും വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധരായിരിക്കയും വേണം.

19 ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം.

20 അവളുടെ അശുദ്ധിയില്‍ അവള്‍ ഏതിന്മേലെങ്കിലും കിടന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം; അവള്‍ ഏതിന്മേലെങ്കിലും ഇരുന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം.

21 അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

22 അവള്‍ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.

23 അവളുടെ കിടക്കമേലോ അവള്‍ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കേണം.

24 ഒരുത്തന്‍ അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേല്‍ ആകയും ചെയ്താല്‍ അവന്‍ ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവന്‍ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും.

25 ഒരു സ്ത്രീക്കു ഋതുകാലത്തല്ലാതെ രക്തസ്രവം ഏറിയ ദിവസം ഉണ്ടാകയോ ഋതുകാലം കവിഞ്ഞു സ്രവിക്കയോ ചെയ്താല്‍ അവളുടെ അശുദ്ധിയുടെ സ്രവകാലം ഒക്കെയും ഋതുകാലംപോലെ ഇരിക്കേണം; അവള്‍ അശുദ്ധയായിരിക്കേണം.

26 രക്തസ്രവമുള്ള കാലത്തെല്ലാം അവള്‍ കിടക്കുന്ന കിടക്കയൊക്കെയും ഋതുകാലത്തിലെ കിടക്കപോലെ ഇരിക്കേണം; അവള്‍ ഇരിയക്കുന്ന സാധനമൊക്കെയും ഋതുകാലത്തിലെ അശുദ്ധിപോലെ അശുദ്ധമായിരിക്കേണം.

27 അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം

28 രക്തസ്രവം മാറി ശുദ്ധിയുള്ളവളായാല്‍ അവള്‍ ഏഴു ദിവസം എണ്ണിക്കൊള്ളേണം; അതിന്റെ ശേഷം അവള്‍ ശുദ്ധിയുള്ളവളാകും.

29 എട്ടാം ദിവസം അവള്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ എടുത്തു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണം.

30 പുരോഹിതന്‍ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവള്‍ക്കു വേണ്ടി യഹോവയുടെ സന്നിധിയില്‍ അവളുടെ അശുിദ്ധയുടെ രക്തസ്രവംനിമിത്തം പ്രായശ്ചിത്തം കഴിക്കേണം.

31 യിസ്രായേല്‍മക്കളുടെ നടുവിലുള്ള എന്റെ നിവാസം അവര്‍ അശുദ്ധമാക്കീട്ടു തങ്ങളുടെ അശുദ്ധികളില്‍ മരിക്കാതിരിക്കേണ്ടതിന്നു നിങ്ങള്‍ അവരുടെ അശുദ്ധിയെക്കുറിച്ചു അവരെ ഇങ്ങനെ പ്രബോധിപ്പിക്കേണം.

32 ഇതു സ്രവക്കാരന്നും ബീജസ്ഖലനത്താല്‍ അശുദ്ധനായവനും

33 ഋതുസംബന്ധമായ ദീനമുള്ളവള്‍ക്കും സ്രവമുള്ള പുരുഷന്നും സ്ത്രീക്കും അശുദ്ധയോടുകൂടെ ശയിക്കുന്നവന്നും ഉള്ള പ്രമാണം.

ലേവ്യപുസ്തകം 16

1 അഹരോന്റെ രണ്ടുപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ അടുത്തുചെന്നിട്ടു മരിച്ചുപോയ ശേഷം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍

2 കൃപാസനത്തിന്മീതെ മേഘത്തില്‍ ഞാന്‍ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോന്‍ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തില്‍ തിരശ്ശീലെക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിന്‍ മുമ്പില്‍ എല്ലാസമയത്തും വരരുതു എന്നു അവനോടു പറയേണം.

3 പാപയാഗത്തിന്നു ഒരു കാളക്കിടാവിനോടും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനോടും കൂടെ അഹരോന്‍ വിശുദ്ധമന്ദിരത്തില്‍ കടക്കേണം.

4 അവന്‍ പഞ്ഞിനൂല്‍കൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തില്‍ പഞ്ഞിനൂല്‍കൊണ്ടുള്ള കാല്‍ചട്ട ഇട്ടു പഞ്ഞിനൂല്‍കൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂല്‍കൊണ്ടുള്ള മുടിയും വെക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാല്‍ അവന്‍ ദേഹം വെള്ളത്തില്‍ കഴുകീട്ടു അവയെ ധരിക്കേണം.

5 അവന്‍ യിസ്രായേല്‍മക്കളുടെ സഭയുടെ പക്കല്‍നിന്നു പാപയാഗത്തിന്നു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനെയും വാങ്ങേണം.

6 തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോന്‍ അര്‍പ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

7 അവന്‍ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തേണം.

8 പിന്നെ അഹരോന്‍ യഹോവേക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം.

9 യഹോവേക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോന്‍ കൊണ്ടുവന്നു പാപയാഗമായി അര്‍പ്പിക്കേണം.

10 അസസ്സേലിന്നു ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, അതിനാല്‍ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നും അതിനെ അസസ്സേലിന്നു മരുഭൂമിയിലേക്കു വിട്ടയക്കേണ്ടതിന്നുമായി യഹോവയുടെ സന്നിധിയില്‍ ജീവനോടെ നിര്‍ത്തേണം.

11 പിന്നെ തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോന്‍ അര്‍പ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കേണം.

12 അവന്‍ യഹോവയുടെ സന്നിധിയില്‍ യാഗപീഠത്തിന്മേല്‍ ഉള്ള തീക്കനല്‍ ഒരു കലശത്തില്‍നിറെച്ചു സൌരഭ്യമുള്ള ധൂപവര്‍ഗ്ഗചൂര്‍ണ്ണം കൈനിറയ എടുത്തു തിരശ്ശീലക്കകത്തു കൊണ്ടുവരേണം.

13 താന്‍ മരിക്കാതിരിക്കേണ്ടതിന്നു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറെപ്പാന്‍ തക്കവണ്ണം അവന്‍ യഹോവയുടെ സന്നിധിയില്‍ ധൂപവര്‍ഗ്ഗം തീയില്‍ ഇടേണം.

14 അവന്‍ കാളയുടെ രക്തം കുറെ എടുത്തു വിരല്‍കൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേല്‍ തളിക്കേണം; അവന്‍ രക്തം കുറെ തന്റെ വിരല്‍കൊണ്ടു കൃപാസനത്തിന്റെ മുമ്പിലും ഏഴു പ്രവാശ്യം തളിക്കേണം.

15 പിന്നെ അവന്‍ ജനത്തിന്നുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലെക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്തു അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം.

16 യിസ്രായേല്‍മക്കളുടെ അശുദ്ധികള്‍നിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങള്‍നിമിത്തവും അവന്‍ വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയില്‍ അവരുടെ അശുദ്ധിയുടെ നടുവില്‍ ഇരിക്കുന്ന സമാഗമനക്കുടാരത്തിന്നും അവന്‍ അങ്ങനെ തന്നേ ചെയ്യേണം.

17 അവന്‍ വിശുദ്ധമന്ദിരത്തില്‍ പ്രായശ്ചിത്തം കഴിപ്പാന്‍ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനക്കുടാരത്തില്‍ ആരും ഉണ്ടായിരിക്കരുതു; ഇങ്ങനെ അവന്‍ തനിക്കും കുടുംബത്തിന്നും യിസ്രായേലിന്റെ സര്‍വ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

18 പിന്നെ അവന്‍ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കല്‍ ചെന്നു അതിന്നും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്റെ രക്തവും കുറേശ്ശ എടുത്തു പീഠത്തിന്റെ കൊമ്പുകളില്‍ ചുറ്റും പുരട്ടേണം.

19 അവന്‍ രക്തം കുറെ വിരല്‍കൊണ്ടു ഏഴു പ്രാവശ്യം അതിന്മേല്‍ തളിച്ചു യിസ്രായേല്‍മക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം.

20 അവന്‍ വിശുദ്ധമന്ദിരത്തിന്നും സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീര്‍ന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടു വരേണം.

21 ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയില്‍ അഹരോന്‍ കൈ രണ്ടും വെച്ചു യിസ്രായേല്‍മക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയില്‍ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം.

22 കോലാട്ടുകൊറ്റന്‍ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവന്‍ കോലാട്ടുകൊറ്റനെ മരുഭൂമിയില്‍ വിടേണം.

23 പിന്നെ അഹരോന്‍ സമാഗമനക്കുടാരത്തില്‍ വന്നു താന്‍ വിശുദ്ധമന്ദിരത്തില്‍ കടന്നപ്പോള്‍ ധരിച്ചിരുന്ന പഞ്ഞിനൂല്‍വസ്ത്രം നീക്കി അവിടെ വെച്ചേക്കണം.

24 അവന്‍ ഒരു വിശുദ്ധസ്ഥലത്തുവെച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തു വന്നു തന്റെ ഹോമയാഗവും ജനത്തിന്റെ ഹോമയാഗവും അര്‍പ്പിച്ചു തനിക്കും ജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

25 അവന്‍ പാപയാഗത്തിന്റെ മേദസ്സു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം.

26 ആട്ടുകൊറ്റനെ അസസ്സേലിന്നു കൊണ്ടുപോയി വിട്ടവന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകീട്ടു മാത്രമേ പാളയത്തില്‍ വരാവു.

27 വിശുദ്ധമന്ദിരത്തില്‍ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു രക്തം കൊണ്ടുപോയ പാപയാഗത്തിന്റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിന്നു പുറത്തു കൊണ്ടുപോകേണം; അവയുടെ തോലും മാംസവും ചാണകവും തീയില്‍ ഇട്ടു ചുട്ടുകളയേണം.

28 അവയെ ചുട്ടുകളഞ്ഞവന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകീട്ടു മാത്രമേ പാളയത്തില്‍ വരാവു.

29 ഇതു നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തിയ്യതി നിങ്ങള്‍ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിയും യാതൊരു വേലെയും ചെയ്യരുതു.

30 ആ ദിവസത്തില്‍ അല്ലോ യഹോവയുടെ സന്നിധിയില്‍ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിന്നു നിങ്ങള്‍ക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കയും ചെയ്യുന്നതു.

31 അതു നിങ്ങള്‍ക്കു വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങള്‍ ആത്മ തപനം ചെയ്യേണം; അതു നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടമാകുന്നു.

32 അപ്പന്നു പകരം പുരോഹിതശുശ്രൂഷചെയ്‍വാന്‍ അഭിഷേകം പ്രാപിക്കയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതന്‍ തന്നേ പ്രായശ്ചിത്തം കഴിക്കേണം.

33 അവന്‍ വിശുദ്ധവസ്ത്രമായ പഞ്ഞിനൂല്‍വസ്ത്രം ധരിച്ചു വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിക്കേണം; പുരോഹിതന്മാര്‍ക്കും സഭയിലെ സകലജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.

34 സംവത്സരത്തില്‍ ഒരിക്കല്‍ യിസ്രായേല്‍മക്കള്‍ക്കുവേണ്ടി അവരുടെ സകലപാപങ്ങള്‍ക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഇതു നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവന്‍ ചെയ്തു.

ലേവ്യപുസ്തകം 17

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

2 നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേല്‍മക്കളോടും പറയേണ്ടതു എന്തെന്നാല്‍യഹോവ കല്പിച്ച കാര്യം ആവിതു

3 യിസ്രായേല്‍ഗൃഹത്തില്‍ ആരെങ്കിലും കാളയെയോ ആട്ടിന്‍ കുട്ടിയെയോ കോലാടിനെയോ പാളയത്തില്‍വെച്ചെങ്കിലും പാളയത്തിന്നു പുറത്തുവെച്ചെങ്കിലും അറുക്കയും

4 അതിനെ യഹോവയുടെ കൂടാരത്തിന്റെ മുമ്പില്‍ യഹോവേക്കു വഴിപാടായി അര്‍പ്പിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവരാതിരിക്കയും ചെയ്താല്‍ അതു അവന്നു രക്തപാതകമായി എണ്ണേണം; അവന്‍ രക്തം ചൊരിയിച്ചു; ആ മനുഷ്യനെ അവന്റെ ജനത്തിന്റെ നടുവില്‍നിന്നു ഛേദിച്ചുകളയേണം.

5 യിസ്രായേല്‍മക്കള്‍ വെളിന്‍ പ്രദേശത്തുവെച്ചു അര്‍പ്പിച്ചു വരുന്ന യാഗങ്ങളെ യഹോവേക്കു സമാധാനയാഗങ്ങളായി അര്‍പ്പിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ പുരോഹിതന്റെ അടുക്കല്‍ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവരേണ്ടതാകുന്നു.

6 പുരോഹിതന്‍ അവയുടെ രക്തം സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ യാഗപീഠത്തിന്മേല്‍ തളിച്ചു മേദസ്സു യഹോവേക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം.

7 അവര്‍ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങള്‍ക്കു ഇനി തങ്ങളുടെ ബലികള്‍ അര്‍പ്പിക്കരുതു; ഇതു തലമുറതലമുറയായി അവര്‍ക്കും എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

8 നീ അവരോടു പറയേണ്ടതു എന്തെന്നാല്‍യിസ്രായേല്‍ഗൃഹത്തിലോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശികളിലോ ആരെങ്കിലും ഹോമയാഗമോ ഹനനയാഗമോ അര്‍പ്പിക്കയും

9 അതു യഹോവേക്കു അര്‍പ്പിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവരാതിരിക്കയും ചെയ്താല്‍ അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.

10 യിസ്രായേല്‍ഗൃഹത്തിലോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാല്‍ രക്തം ഭക്ഷിച്ചവന്റെ നേരെ ഞാന്‍ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിന്റെ ഇടയില്‍നിന്നു ഛേദിച്ചുകളയും.

11 മാംസത്തിന്റെ ജീവന്‍ രക്തത്തില്‍ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേല്‍ നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഞാന്‍ അതു നിങ്ങള്‍ക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവന്‍ മൂലമായി പ്രായശ്ചിത്തം ആകുന്നതു.

12 അതുകൊണ്ടത്രേ നിങ്ങളില്‍ യാതൊരുത്തനും രക്തം ഭക്ഷിക്കരുതു; നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിയും രക്തം ഭക്ഷിക്കരുതു എന്നു ഞാന്‍ യിസ്രായേല്‍ മക്കളോടു കല്പിച്ചതു.

13 യിസ്രായേല്‍മക്കളിലോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശികളിലോ ആരെങ്കിലും തിന്നാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാല്‍ അവന്‍ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം.

14 സകലജഡത്തിന്റെയും ജീവന്‍ അതിന്റെ ജീവാധാരമായ രക്തം തന്നേ. അതുകൊണ്ടത്രേ ഞാന്‍ യിസ്രായേല്‍മക്കളോടുയാതൊരു ജഡത്തിന്റെ രക്തവും നിങ്ങള്‍ ഭക്ഷിക്കരുതു എന്നു കല്പിച്ചതു; സകലജഡത്തിന്റെയും ജീവന്‍ അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം.

15 താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നുന്നവനൊക്കെയും സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം; പിന്നെ അവന്‍ ശുദ്ധിയുള്ളവനാകും.

16 വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാല്‍ അവന്‍ കുറ്റം വഹിക്കേണം.

ലേവ്യപുസ്തകം 18:1-18

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

2 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;

3 നിങ്ങള്‍ പാര്‍ത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങള്‍ നടക്കരുതു; ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന കനാന്‍ ദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു.

4 എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

5 ആകയാല്‍ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങള്‍ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും; ഞാന്‍ യഹോവ ആകുന്നു.

6 നിങ്ങളില്‍ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാന്‍ തക്കവണ്ണം അവരോടു അടുക്കരുതു; ഞാന്‍ യഹോവ ആകുന്നു.

7 നിന്റെ അപ്പന്റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുതു. അവള്‍ നിന്റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുതു.

8 അപ്പന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ അപ്പന്റെ നഗ്നതയല്ലോ.

9 അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ നിന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; വീട്ടില്‍ ജനിച്ചവരായാലും പുറമെ ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുതു.

10 നിന്റെ മകന്റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുതു; അവരുടെ നഗ്നത നിന്റേതു തന്നേയല്ലോ.

11 നിന്റെ അപ്പന്നു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്റെ സഹോദരിയല്ലോ.

12 അപ്പന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ അപ്പന്റെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ.

13 അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്റെ അമ്മയുടെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ.

14 അപ്പന്റെ സഹോദരന്റെ നഗ്നത അനാവൃതമാക്കരുതു; അവന്റെ ഭാര്യയോടു അടുക്കയുമരുതു; അവള്‍ നിന്റെ ഇളയമ്മയല്ലോ.

15 നിന്റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്റെ മകന്റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുതു.

16 സഹോദരന്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്റെ സഹോദരന്റെ നഗ്നതയല്ലോ.

17 ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുതു; അവളുടെ മകന്റെയോ മകളുടെയോ മകളുടെ നഗ്നത അനാവൃതമാക്കുമാറു അവരെ പരിഗ്രഹിക്കരുതുഅവര്‍ അടുത്ത ചാര്‍ച്ചക്കാരല്ലോ; അതു ദുഷ്കര്‍മ്മം.

18 ഭാര്യ ജീവനോടിരിക്കുമ്പോള്‍ അവളെ ദുഃഖീപ്പിപ്പാന്‍ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറു അവളെ കൂടെ പരിഗ്രഹിക്കരുതു.