Корак 143

Студија

     

ഇയ്യോബ് 1

1 ഊസ് ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.

2 അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.

3 അവന്നു ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏര്‍ കാളയും അഞ്ഞൂറു പെണ്‍ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവന്‍ സകലപൂര്‍വ്വദിഗ്വാസികളിലും മഹാനായിരുന്നു.

4 അവന്റെ പുത്രന്മാര്‍ ഔരോരുത്തന്‍ താന്താന്റെ ദിവസത്തില്‍ താന്താന്റെ വീട്ടില്‍ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്‍വാന്‍ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു.

5 എന്നാല്‍ വിരുന്നുനാളുകള്‍ വട്ടംതികയുമ്പോള്‍ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാര്‍ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യകൂ ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.

6 ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ നില്പാന്‍ ചെന്നു; അവരുടെ കൂട്ടത്തില്‍ സാത്താനും ചെന്നു.

7 യഹോവ സാത്താനോടുനീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താന്‍ യഹോവയോടുഞാന്‍ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.

8 യഹോവ സാത്താനോടുഎന്റെ ദാസനായ ഇയ്യോബിന്മേല്‍ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയില്‍ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു.

9 അതിന്നു സാത്താന്‍ യഹോവയോടുവെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു?

10 നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.

11 തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.

12 ദൈവം സാത്താനോടുഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യില്‍ ഇരിക്കുന്നു; അവന്റെ മേല്‍ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.

13 ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടില്‍ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍

14 ഒരു ദൂതന്‍ അവന്റെ അടുക്കല്‍വന്നുകാളകളെ പൂട്ടുകയും പെണ്‍കഴുതകള്‍ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു;

15 പെട്ടെന്നു ശെബായര്‍ വന്നു അവയെ പിടിച്ചു കൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാല്‍ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

16 അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ വേറൊരുത്തന്‍ വന്നു; ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന്നു ഇരയായ്പോയി; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

17 അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ മറ്റൊരുത്തന്‍ വന്നുപെട്ടെന്നു കല്ദയര്‍ മൂന്നു കൂട്ടമായി വന്നു ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാല്‍ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

18 അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരുത്തന്‍ വന്നു; നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടില്‍ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു.

19 പെട്ടെന്നു മരുഭൂമിയില്‍നിന്നു ഒരു കൊടുങ്കാറ്റു വന്നു വീട്ടിന്റെ നാലു മൂലെക്കും അടിച്ചുഅതു യൌവനക്കാരുടെമേല്‍ വീണു; അവര്‍ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാന്‍ ഞാനൊരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

20 അപ്പോള്‍ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു

21 നഗ്നനായി ഞാന്‍ എന്റെ അമ്മയുടെ ഗര്‍ഭത്തില്‍നിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.

22 ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല.

ഇയ്യോബ് 2

1 പിന്നെയും ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ നില്പാന്‍ ചെന്നു; സാത്താനും അവരുടെ കൂട്ടത്തില്‍ യഹോവയുടെ സന്നിധിയില്‍ നില്പാന്‍ ചെന്നു.

2 യഹോവ സാത്താനോടുനീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താന്‍ യഹോവയോടുഞാന്‍ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.

3 യഹോവ സാത്താനോടുഎന്റെ ദാസനായ ഇയ്യോബിന്റെമേല്‍ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയില്‍ ആരും ഇല്ലല്ലോ; അവന്‍ തന്റെ ഭക്തിമുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന്നു നീ എന്നെ സമ്മതിപ്പിച്ചു എന്നു അരുളിച്ചെയ്തു.

4 സാത്താന്‍ യഹോവയോടുത്വക്കിന്നു പകരം ത്വക്; മനുഷ്യന്‍ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും.

5 നിന്റെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നുത്തരം പറഞ്ഞു.

6 യഹോവ സാത്താനോടുഇതാ, അവന്‍ നിന്റെ കയ്യില്‍ ഇരിക്കുന്നു; അവന്റെ പ്രാണനെമാത്രം തൊടരുതു എന്നു കല്പിച്ചു.

7 അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടു ഇയ്യോബിനെ ഉള്ളങ്കാല്‍മുതല്‍ നെറുകവരെ വല്ലാത്ത പരുക്കളാല്‍ ബാധിച്ചു.

8 അവന്‍ ഒരു ഔട്ടിന്‍ കഷണം എടുത്തു തന്നെത്താന്‍ ചുരണ്ടിക്കൊണ്ടു ചാരത്തില്‍ ഇരുന്നു.

9 അവന്റെ ഭാര്യ അവനോടുനീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു.

10 അവന്‍ അവളോടുഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യില്‍നിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതില്‍ ഒന്നിലും ഇയ്യോബ് അധരങ്ങളാല്‍ പാപം ചെയ്തില്ല.

11 അനന്തരം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബില്‍ദാദ്, നയമാത്യനായ സോഫര്‍ എന്നിങ്ങിനെ ഇയ്യോബിന്റെ മൂന്നു സ്നേഹിതന്മാര്‍ ഈ അനര്‍ത്ഥമൊക്കെയും അവന്നു ഭവിച്ചതു കേട്ടപ്പോള്‍ അവര്‍ ഔരോരുത്തന്‍ താന്താന്റെ സ്ഥലത്തുനിന്നു പുറപ്പെട്ടു അവനോടു സഹതപിപ്പാനും അവനെ ആശ്വസിപ്പിപ്പാനും പോകേണമെന്നു തമ്മില്‍ പറഞ്ഞൊത്തു.

12 അവര്‍ അകലെവെച്ചു നോക്കിയാറെ അവനെ തിരിച്ചറിഞ്ഞില്ല; അവര്‍ ഉറക്കെ കരഞ്ഞു വസ്ത്രം കീറി പൊടി വാരി മേലോട്ടു തലയില്‍ വിതറി.

13 അവന്റെ വ്യസനം അതികഠിനമെന്നു കണ്ടിട്ടു അവര്‍ ആരും ഒരു വാക്കും മിണ്ടാതെ ഏഴു രാപ്പകല്‍ അവനോടുകൂടെ നിലത്തിരുന്നു.

ഇയ്യോബ് 3

1 അനന്തരം ഇയ്യോബ് വായി തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു.

2 ഇയ്യോബ് പറഞ്ഞതെന്തെന്നാല്‍

3 ഞാന്‍ ജനിച്ച ദിവസവും ഒരു ആണ്‍ ഉല്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.

4 ആ നാള്‍ ഇരുണ്ടുപോകട്ടെ; മേലില്‍നിന്നു ദൈവം അതിനെ കടാക്ഷിക്കരുതേ; പ്രകാശം അതിന്മേല്‍ ശോഭിക്കയുമരുതേ.

5 ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേല്‍ അമരട്ടെ; പകലിനെ ഇരുട്ടുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.

6 ആ രാത്രിയെ കൂരിരുള്‍ പിടിക്കട്ടെ; അതു ആണ്ടിന്റെ നാളുകളുടെ കൂട്ടത്തില്‍ സന്തോഷിക്കരുതു; മാസങ്ങളുടെ എണ്ണത്തില്‍ വരികയും അരുതു.

7 അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുതു.

8 മഹാസര്‍പ്പത്തെ ഇളക്കുവാന്‍ സമര്‍ത്ഥരായി ദിവസത്തെ ശപിക്കുന്നവര്‍ അതിനെ ശപിക്കട്ടെ.

9 അതിന്റെ സന്ധ്യാനക്ഷത്രങ്ങള്‍ ഇരുണ്ടു പോകട്ടെ. അതു വെളിച്ചത്തിന്നു കാത്തിരുന്നു കിട്ടാതെ പോകട്ടെ; അതു ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുതു.

10 അതു എനിക്കു ഗര്‍ഭദ്വാരം അടെച്ചില്ലല്ലോ; എന്റെ കണ്ണിന്നു കഷ്ടം മറെച്ചില്ലല്ലോ.

11 ഞാന്‍ ഗര്‍ഭപാത്രത്തില്‍വെച്ചു മരിക്കാഞ്ഞതെന്തു? ഉദരത്തില്‍നിന്നു പുറപ്പെട്ടപ്പോള്‍ തന്നേ പ്രാണന്‍ പോകാതിരുന്നതെന്തു?

12 മുഴങ്കാല്‍ എന്നെ ഏറ്റുകൊണ്ടതു എന്തിനു? എനിക്കു കുടിപ്പാന്‍ മുല ഉണ്ടായിരുന്നതെന്തിന്നു?

13 ഞാന്‍ ഇപ്പോള്‍ കിടന്നു വിശ്രമിക്കുമായിരുന്നു; ഞാന്‍ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.

14 തങ്ങള്‍ക്കു ഏകാന്തനിവാസങ്ങള്‍ പണിത ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും അഥവാ,

15 കനകസമ്പന്നരായി സ്വഭവനങ്ങള്‍ വെള്ളികൊണ്ടു നിറെച്ചുവെച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ.

16 അല്ലെങ്കില്‍, ഗര്‍ഭം അലസിപ്പോയിട്ടു കുഴിച്ചിട്ടുകളഞ്ഞ പിണ്ഡംപോലെയും വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാന്‍ ഇല്ലാതെ പോകുമായിരുന്നു.

17 അവിടെ ദുര്‍ജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു; അവിടെ ക്ഷീണിച്ചു പോയവര്‍ വിശ്രമിക്കുന്നു.

18 അവിടെ ബദ്ധന്മാര്‍ ഒരുപോലെ സുഖമായിരിക്കുന്നു; പീഡകന്റെ ശബ്ദം അവര്‍ കേള്‍ക്കാതിരിക്കുന്നു.

19 ചെറിയവനും വലിയവനും അവിടെ ഒരുപോലെ; ദാസന്നു യജമാനന്റെ കീഴില്‍നിന്നു വിടുതല്‍ കിട്ടിയിരിക്കുന്നു.

20 അരിഷ്ടനു പ്രകാശവും ദുഃഖിതന്മാര്‍ക്കും ജീവനും കൊടുക്കുന്നതെന്തിനു?

21 അവര്‍ മരണത്തിന്നായി കാത്തിരിക്കുന്നു, അതു വരുന്നില്ലതാനും; നിധിക്കായി ചെയ്യുന്നതിലുമധികം അവര്‍ അതിന്നായി കുഴിക്കുന്നു.

22 അവര്‍ ശവകൂഴി കണ്ടാല്‍ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും

23 വഴി മറഞ്ഞിരിക്കുന്ന പുരുഷന്നും ദൈവം നിരോധിച്ചിരിക്കുന്നവന്നും ജീവനെ കൊടുക്കുന്നതെന്തിനു?

24 ഭക്ഷണത്തിന്നു മുമ്പെ എനിക്കു നെടുവീര്‍പ്പു വരുന്നു; എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.

25 ഞാന്‍ പേടിച്ചതു തന്നേ എനിക്കു നേരിട്ടു; ഞാന്‍ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു.

26 ഞാന്‍ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; പിന്നെയും അതിവേദന എടുക്കുന്നു.

ഇയ്യോബ് 4

1 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാല്‍

2 നിന്നോടു സംസാരിപ്പാന്‍ തുനിഞ്ഞാല്‍ നീ മുഷിയുമോ? എന്നാല്‍ വാക്കടക്കുവാന്‍ ആര്‍ക്കും കഴിയും?

3 നീ പലരേയും ഉപദേശിച്ചു തളര്‍ന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.

4 വീഴുന്നവനെ നിന്റെ വാക്കു താങ്ങി കുഴയുന്ന മുഴങ്കാല്‍ നീ ഉറപ്പിച്ചിരിക്കുന്നു.

5 ഇപ്പോള്‍ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു; നിനക്കതു തട്ടീട്ടു നീ ഭ്രമിച്ചുപോകുന്നു.

6 നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ? നിന്റെ നടപ്പിന്റെ നിര്‍മ്മലത നിന്റെ പ്രത്യാശയല്ലയോ?

7 ഔര്‍ത്തു നോക്കുകനിര്‍ദ്ദോഷിയായി നശിച്ചവന്‍ ആര്‍? നേരുള്ളവര്‍ എവിടെ മുടിഞ്ഞുപോയിട്ടുള്ളു?

8 ഞാന്‍ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവര്‍ അതു തന്നേ കൊയ്യുന്നു.

9 ദൈവത്തിന്റെ ശ്വാസത്താല്‍ അവര്‍ നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാല്‍ മുടിഞ്ഞുപോകുന്നു.

10 സിംഹത്തിന്റെ ഗര്‍ജ്ജനവും കേസരിയുടെ നാദവും ബാലസിംഹങ്ങളുടെ ദന്തങ്ങളും അറ്റുപോയി.

11 സിംഹം ഇരയില്ലായ്കയാല്‍ നശിക്കുന്നു; സിംഹിയുടെ കുട്ടികള്‍ ചിതറിപ്പോകുന്നു;

12 എന്റെ അടുക്കല്‍ ഒരു ഗൂഢവചനം എത്തി; അതിന്റെ മന്ദസ്വരം എന്റെ ചെവിയില്‍ കടന്നു.

13 മനുഷ്യര്‍ക്കും ഗാഢനിദ്ര പിടിക്കുന്നേരം രാത്രിദര്‍ശനങ്ങളാലുള്ള മനോഭാവനകളില്‍ ഭയവും നടുക്കവും എന്നെ പിടിച്ചു.

14 എന്റെ അസ്ഥികള്‍ ഒക്കെയും കുലുങ്ങിപ്പോയി.

15 ഒരാത്മാവു എന്റെ മുഖത്തിന്നെതിരെ കടന്നു എന്റെ ദേഹത്തിന്നു രോമഹര്‍ഷം ഭവിച്ചു.

16 ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു; എങ്കിലും അതിന്റെ രൂപം ഞാന്‍ തിരിച്ചറിഞ്ഞില്ല; മന്ദമായോരു സ്വരം ഞാന്‍ കേട്ടതെന്തെന്നാല്‍

17 മര്‍ത്യന്‍ ദൈവത്തിലും നീതിമാന്‍ ആകുമോ? നരന്‍ സ്രഷ്ടാവിലും നിര്‍മ്മലനാകുമോ?

18 ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവന്‍ കുറ്റം ആരോപിക്കുന്നു.

19 പൊടിയില്‍നിന്നുത്ഭവിച്ചു മണ്പുരകളില്‍ പാര്‍ത്തു പുഴുപോലെ ചതെഞ്ഞു പോകുന്നവരില്‍ എത്ര അധികം!

20 ഉഷസ്സിന്നും സന്ധ്യെക്കും മദ്ധ്യേ അവര്‍ തകര്‍ന്നു പോകുന്നു; ആരും ഗണ്യമാക്കാതെ അവര്‍ എന്നേക്കും നശിക്കുന്നു.

21 അവരുടെ കൂടാരക്കയറു അറ്റുപോയിട്ടു അവര്‍ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?

ഇയ്യോബ് 5:1-16

1 വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ? നീ വിശുദ്ധന്മാരില്‍ ആരെ ശരണം പ്രാപിക്കും?

2 നീരസം ഭോഷനെ കൊല്ലുന്നു; ഈര്‍ഷ്യ മൂഢനെ ഹിംസിക്കുന്നു.

3 മൂഢന്‍ വേരൂന്നുന്നതു ഞാന്‍ കണ്ടു ക്ഷണത്തില്‍ അവന്റെ പാര്‍പ്പിടത്തെ ശപിച്ചു.

4 അവന്റെ മക്കള്‍ രക്ഷയോടകന്നിരിക്കുന്നു; അവര്‍ രക്ഷകനില്ലാതെ വാതില്‍ക്കല്‍വെച്ചു തകര്‍ന്നുപോകുന്നു.

5 അവന്റെ വിളവു വിശപ്പുള്ളവന്‍ തിന്നുകളയും; മുള്ളുകളില്‍നിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്തു ദാഹമുള്ളവര്‍ കപ്പിക്കളയും.

6 അനര്‍ത്ഥം ഉത്ഭവിക്കുന്നതു പൂഴിയില്‍നിന്നല്ല; കഷ്ടത മുളെക്കുന്നതു നിലത്തുനിന്നുമല്ല;

7 തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യന്‍ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു.

8 ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു; എന്റെ കാര്യം ദൈവത്തിങ്കല്‍ ഏല്പിക്കുമായിരുന്നു;

9 അവന്‍ , ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.

10 അവന്‍ ഭൂതലത്തില്‍ മഴപെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം വിടുന്നു.

11 അവന്‍ താണവരെ ഉയര്‍ത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.

12 അവന്‍ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകള്‍ കാര്യം സാധിപ്പിക്കയുമില്ല.

13 അവന്‍ ജ്ഞാനികളെ അവരുടെ കൌശലത്തില്‍ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.

14 പകല്‍സമയത്തു അവര്‍ക്കും ഇരുള്‍ നേരിടുന്നു; ഉച്ചസമയത്തു അവര്‍ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.

15 അവന്‍ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കല്‍നിന്നും ബലവാന്റെ കയ്യില്‍നിന്നും രക്ഷിക്കുന്നു.

16 അങ്ങനെ എളിയവന്നു പ്രത്യാശയുണ്ടു; നീതികെട്ടവനോ വായ്പൊത്തുന്നു.