Корак 181

Студија

     

സങ്കീർത്തനങ്ങൾ 83

1 ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ.

2 ഇതാ, നിന്റെ ശത്രുക്കള്‍ കലഹിക്കുന്നു; നിന്നെ പകെക്കുന്നവര്‍ തല ഉയര്‍ത്തുന്നു.

3 അവര്‍ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു.

4 വരുവിന്‍ , യിസ്രായേല്‍ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേര്‍ ഇനി ആരും ഔര്‍ക്കരുതു എന്നു അവര്‍ പറഞ്ഞു.

5 അവര്‍ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു.

6 ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്‍യ്യരും കൂടെ,

7 ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോര്‍നിവാസികളും;

8 അശ്ശൂരും അവരോടു യോജിച്ചു; അവര്‍ ലോത്തിന്റെ മക്കള്‍ക്കു സഹായമായിരുന്നു സേലാ.

9 മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോന്‍ തോട്ടിങ്കല്‍വെച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നേ.

10 അവര്‍ എന്‍ ദോരില്‍വെച്ചു നശിച്ചുപോയി; അവര്‍ നിലത്തിന്നു വളമായി തീര്‍ന്നു.

11 അവരുടെ കുലീനന്മാരെ ഔരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നവരെപ്പോലെയും ആക്കേണമേ.

12 നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക എന്നു അവര്‍ പറഞ്ഞുവല്ലോ.

13 എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിര്‍പോലെയും ആക്കേണമേ.

14 വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പര്‍വ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും

15 നിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ; നിന്റെ ചുഴലിക്കാറ്റുകൊണ്ടു അവരെ ഭ്രമിപ്പിക്കേണമേ.

16 യഹോവേ, അവര്‍ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു നീ അവരുടെ മുഖത്തെ ലജ്ജാപൂര്‍ണ്ണമാക്കേണമേ.

17 അവര്‍ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ.

18 അങ്ങനെ അവര്‍ യഹോവ എന്നു നാമമുള്ള നീ മാത്രം സര്‍വ്വഭൂമിക്കുംമീതെ അത്യുന്നതന്‍ എന്നു അറിയും. (സംഗീതപ്രമാണിക്കു; ഗഥ്യരാഗത്തില്‍; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം.)

സങ്കീർത്തനങ്ങൾ 84

1 സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!

2 എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു. എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.

3 കുരികില്‍ ഒരു വീടും, മീവല്‍പക്ഷി കുഞ്ഞുങ്ങള്‍ക്കു ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗ പീഠങ്ങളെ തന്നേ.

4 നിന്റെ ആലയത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.

5 ബലം നിന്നില്‍ ഉള്ള മനുഷ്യന്‍ ഭാഗ്യവാന്‍ ; ഇങ്ങിനെയുള്ളവരുടെ മനസ്സില്‍ സീയോനിലേക്കുള്ള പെരുവഴികള്‍ ഉണ്ടു.

6 കണ്ണുനീര്‍ താഴ്വരയില്‍കൂടി കടക്കുമ്പോള്‍ അവര്‍ അതിനെ ജലാശയമാക്കിത്തീര്‍ക്കുംന്നു. മുന്മഴയാല്‍ അതു അനുഗ്രഹപൂര്‍ണ്ണമായ്തീരുന്നു.

7 അവര്‍ മേലക്കുമേല്‍ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനില്‍ ദൈവസന്നിധിയില്‍ ചെന്നെത്തുന്നു.

8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളേണമേ. സേലാ.

9 ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ; നിന്റെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കേണമേ;

10 നിന്റെ പ്രാകാരങ്ങളില്‍ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാള്‍ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളില്‍ പാര്‍ക്കുംന്നതിനെക്കാള്‍ എന്റെ ദൈവത്തിന്റെ ആലയത്തില്‍ വാതില്‍ കാവല്‍ക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം.

11 യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നലകുന്നു; നേരോടെ നടക്കുന്നവര്‍ക്കും അവന്‍ ഒരു നന്മയും മുടക്കുകയില്ല.

12 സൈന്യങ്ങളുടെ യഹോവേ, നിന്നില്‍ ആശ്രയിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ . (സംഗീതപ്രമാണിക്കു; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം.)

സങ്കീർത്തനങ്ങൾ 85

1 യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്റെ പ്രവാസികളെ തിരിച്ചുവരുത്തിയിരിക്കുന്നു.

2 നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപം ഒക്കെയും നീ മൂടിക്കളഞ്ഞു. സേലാ.

3 നിന്റെ ക്രോധം മുഴുവനും നീ അടക്കിക്കളഞ്ഞു; നിന്റെ ഉഗ്രകോപം നീ വിട്ടുതിരിഞ്ഞിരിക്കുന്നു.

4 ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കേണമേ.

5 നീ എന്നും ഞങ്ങളോടു കോപിക്കുമോ? തലമുറതലമുറയോളം നിന്റെ കോപം ദീര്‍ഘിച്ചിരിക്കുമോ?

6 നിന്റെ ജനം നിന്നില്‍ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?

7 യഹോവേ, നിന്റെ ദയ ഞങ്ങളെ കാണിക്കേണമേ; നിന്റെ രക്ഷ ഞങ്ങള്‍ക്കു നല്കേണമേ.

8 യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവര്‍ ഭോഷത്വത്തിലേക്കു വീണ്ടും തിരിയാതിരിക്കേണ്ടതിന്നു അവന്‍ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും.

9 തിരുമഹത്വം നമ്മുടെ ദേശത്തില്‍ വസിക്കേണ്ടതിന്നു അവന്റെ രക്ഷ അവന്റെ ഭക്തന്മാരോടു അടുത്തിരിക്കുന്നു നിശ്ചയം.

10 ദയയും വിശ്വസ്തതയും തമ്മില്‍ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മില്‍ ചുംബിച്ചിരിക്കുന്നു.

11 വിശ്വസ്തത ഭൂമിയില്‍നിന്നു മുളെക്കുന്നു; നീതി സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കുന്നു.

12 യഹോവ നന്മ നലകുകയും നമ്മുടെ ദേശം വിളതരികയും ചെയ്യും.

13 നീതി അവന്നു മുമ്പായി നടക്കയും അവന്റെ കാല്‍ചുവടുകളുടെ വഴി നോക്കുകയും ചെയ്യും. (ദാവീദിന്റെ ഒരു പ്രാര്‍ത്ഥന.)

സങ്കീർത്തനങ്ങൾ 86

1 യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; ഞാന്‍ എളിയവനും ദരിദ്രനും ആകുന്നു.

2 എന്റെ പ്രാണനെ കാക്കേണമേ; ഞാന്‍ നിന്റെ ഭക്തനാകുന്നു; എന്റെ ദൈവമേ, നിന്നില്‍ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.

3 കര്‍ത്താവേ, എന്നോടു കൃപയുണ്ടാകേണമേ; ഇടവിടാതെ ഞാന്‍ നിന്നോടു നിലവിളിക്കുന്നു.

4 അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ; യഹോവേ, നിങ്കലേക്കു ഞാന്‍ എന്റെ ഉള്ളം ഉയര്‍ത്തുന്നു.

5 കര്‍ത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു.

6 യഹോവേ, എന്റെ പ്രാര്‍ത്ഥനയെ ചെവിക്കൊള്ളേണമേ. എന്റെ യാചനകളെ ശ്രദ്ധിക്കേണമേ.

7 നീ എനിക്കുത്തരമരുളുകയാല്‍ എന്റെ കഷ്ടദിവസത്തില്‍ ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു.

8 കര്‍ത്താവേ, ദേവന്മാരില്‍ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികള്‍ക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.

9 കര്‍ത്താവേ, നീ ഉണ്ടാക്കിയ സകലജാതികളും തിരുമുമ്പില്‍ വന്നു നമസ്കരിക്കും; അവര്‍ നിന്റെ നാമത്തെ മഹത്വപ്പെടുത്തും.

10 നീ വലിയവനും അത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.

11 യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാല്‍ ഞാന്‍ നിന്റെ സത്യത്തില്‍ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാന്‍ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.

12 എന്റെ ദൈവമായ കര്‍ത്താവേ, ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.

13 എന്നോടുള്ള നിന്റെ ദയ വലിയതല്ലോ; നീ എന്റെ പ്രാണനെ അധമപാതാളത്തില്‍ നിന്നു രക്ഷിച്ചിരിക്കുന്നു.

14 ദൈവമേ, അഹങ്കാരികള്‍ എന്നോടു എതിര്‍ത്തിരിക്കുന്നു. ഘോരന്മാരുടെ കൂട്ടം എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു. അവര്‍ നിന്നെ ലക്ഷ്യമാക്കുന്നതുമില്ല.

15 നീയോ കര്‍ത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീര്‍ഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവന്‍ തന്നേ.

16 എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപയുണ്ടാകേണമേ; നിന്റെ ദാസന്നു നിന്റെ ശക്തി തന്നു, നിന്റെ ദാസിയുടെ പുത്രനെ രക്ഷിക്കേണമേ.

17 എന്നെ പകെക്കുന്നവര്‍ കണ്ടു ലജ്ജിക്കേണ്ടതിന്നു നന്മെക്കായി ഒരു അടയാളം എനിക്കു തരേണമേ; യഹോവേ, നീ എന്നെ സഹായിച്ചു ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ. (കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)