Hakbang 342

pag-aaral

     

ഗലാത്യർ 4:12-31

12 സഹോദരന്മാരേ, ഞാന്‍ നിങ്ങളേപ്പോലെ ആകയാല്‍ നിങ്ങളും എന്നെപ്പോലെ ആകുവാന്‍ ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു. നിങ്ങള്‍ എന്നോടു ഒരു അന്യായവും ചെയ്തിട്ടില്ല.

13 ഞാന്‍ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാന്‍ സംഗതിവന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.

14 എന്റെ ശരീരസംബന്ധമായി നിങ്ങള്‍ക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങള്‍ നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ , ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊള്‍കയത്രേ ചെയ്തതു.

15 നിങ്ങളുടെ ഭാഗ്യപ്രശംസ എവിടെ? കഴിയും എങ്കില്‍ നിങ്ങളുടെ കണ്ണു ചൂന്നെടുത്തു എനിക്കു തരുമായിരുന്നു എന്നതിന്നു ഞാന്‍ സാക്ഷി.

16 അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ടു ഞാന്‍ നിങ്ങള്‍ക്കു ശത്രുവായിപ്പോയോ?

17 അവര്‍ നിങ്ങളെക്കറിച്ചു എരിവു കാണിക്കുന്നതു ഗുണത്തിന്നായിട്ടല്ല; നിങ്ങളും അവരെക്കുറിച്ചു എരിവു കാണിക്കേണ്ടതിന്നു അവര്‍ നിങ്ങളെ പുറത്തിട്ടു അടെച്ചുകളവാന്‍ ഇച്ഛിക്കയത്രെ ചെയ്യുന്നതു.

18 ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തില്‍ എരിവു കാണിക്കുന്നതു നന്നു.

19 ക്രിസ്തു നിങ്ങളില്‍ ഉരുവാകുവോളം ഞാന്‍ പിന്നെയും പ്രസവവേദനപ്പെടുന്നവരായ എന്റെ കുഞ്ഞുങ്ങളേ,

20 ഇന്നു നിങ്ങളുടെ അടുക്കല്‍ ഇരുന്നു എന്റെ ശബ്ദം മാറ്റുവന്‍ കഴിഞ്ഞിരുന്നു എങ്കില്‍ കൊള്ളായിരുന്നു; ഞാന്‍ നിങ്ങളെക്കുറിച്ചു വിഷമിക്കുന്നു.

21 ന്യായപ്രമാണത്തിന്‍ കീഴിരിപ്പാന്‍ ഇച്ഛിക്കുന്നവരേ, നിങ്ങള്‍ ന്യായപ്രമാണം കേള്‍ക്കുന്നില്ലയോ?

22 എന്നോടു പറവിന്‍ . അബ്രാഹാമിന്നു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു; ഒരുവന്‍ ദാസി പ്രസവിച്ചവന്‍ , ഒരുവന്‍ സ്വതന്ത്ര പ്രസവിച്ചവന്‍ എന്നു എഴുതിയിരിക്കുന്നുവല്ലോ.

23 ദാസിയുടെ മകന്‍ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു.

24 ഇതു സാദൃശ്യമാകുന്നു. ഈ സ്ത്രീകള്‍ രണ്ടു നിയമങ്ങള്‍ അത്രേ; ഒന്നു സീനായ്മലയില്‍നിന്നു ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗര്‍.

25 ഹാഗര്‍ എന്നുതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു.

26 മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവള്‍ തന്നേ നമ്മുടെ അമ്മ.

27 “പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആര്‍ക്കുംക; ഏകാകിനിയുടെ മക്കള്‍ ഭര്‍ത്താവുള്ളവളുടെ മക്കളെക്കാള്‍ അധികം” എന്നു എഴുതിയിരിക്കുന്നുവല്ലോ.

28 നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താല്‍ ജനിച്ച മക്കള്‍ ആകുന്നു.

29 എന്നാല്‍ അന്നു ജഡപ്രകാരം ജനിച്ചവന്‍ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നു കാണുന്നു.

30 തിരുവെഴുത്തോ എന്തുപറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകന്‍ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല.

31 അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.

ഗലാത്യർ 5

1 സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാല്‍ അതില്‍ ഉറെച്ചുനില്പിന്‍ ; അടിമനുകത്തില്‍ പിന്നെയും കുടുങ്ങിപ്പോകരുതു.

2 നിങ്ങള്‍ പരിച്ഛേദന ഏറ്റാല്‍ ക്രിസ്തുവിനെക്കൊണ്ടു നിങ്ങള്‍ക്കു ഒരു പ്രയോജനവുമില്ല എന്നു പൌലൊസായ ഞാന്‍ നിങ്ങളോടു പറയുന്നു.

3 പരിച്ഛേദന ഏലക്കുന്ന ഏതു മനുഷ്യനോടുംഅവന്‍ ന്യായപ്രമാണം മുഴുവനും നിവര്‍ത്തിപ്പാന്‍ കടമ്പെട്ടിരിക്കുന്നു എന്നു ഞാന്‍ പിന്നെയും സാക്ഷീകരിക്കുന്നു.

4 ന്യായപ്രമാണത്താല്‍ നീതീകരിക്കപ്പെടുവാന്‍ ഇച്ഛിക്കുന്ന നിങ്ങള്‍ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങള്‍ കൃപയില്‍നിന്നു വീണുപോയി.

5 ഞങ്ങളോ വിശ്വാസത്താല്‍ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാല്‍ കാത്തിരിക്കുന്നു.

6 ക്രിസ്തുയേശുവില്‍ പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല സ്നേഹത്താല്‍ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.

7 നിങ്ങള്‍ നന്നായി ഔടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാന്‍ നിങ്ങളെ ആര്‍ തടുത്തു കളഞ്ഞു?

8 ഇങ്ങനെ നിങ്ങളെ അനുസരിപ്പിച്ചതു നിങ്ങളെ വിളിച്ചവന്റെ പ്രവൃത്തിയല്ല.

9 അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു.

10 നിങ്ങള്‍ക്കു ഭിന്നാഭിപ്രായമുണ്ടാകയില്ല എന്നു ഞാന്‍ കര്‍ത്താവില്‍ ഉറെച്ചിരിക്കുന്നു; എന്നാല്‍ നിങ്ങളെ കലക്കുന്നവന്‍ ആരായാലും ശിക്ഷാവിധി ചുമക്കും.

11 ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികില്‍ ഇനിയും ഉപദ്രവം സഹിക്കുന്നതു എന്തു? അങ്ങനെ എങ്കില്‍ ക്രൂശിന്റെ ഇടര്‍ച്ച നീങ്ങിപ്പോയല്ലോ.

12 നിങ്ങളെ കലഹിപ്പിക്കുന്നവര്‍ അംഗച്ഛേദം ചെയ്തുകൊണ്ടാല്‍ കൊള്ളായിരുന്നു.

13 സഹോദരന്മാരേ, നിങ്ങള്‍ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താല്‍ അന്യോന്യം സേവിപ്പിന്‍ .

14 കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. എന്നുള്ള ഏകവാക്യത്തില്‍ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.

15 നിങ്ങള്‍ അന്യോന്യം കടിക്കയും തിന്നുകളയും ചെയ്താലോ ഒരുവനാല്‍ ഒരുവന്‍ ഒടുങ്ങിപ്പോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .

16 ആത്മാവിനെ അനുസരിച്ചുനടപ്പിന്‍ ; എന്നാല്‍ നിങ്ങള്‍ ജഡത്തിന്റെ മോഹം നിവര്‍ത്തിക്കയില്ല എന്നു ഞാന്‍ പറയുന്നു.

17 ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു. നിങ്ങള്‍ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മില്‍ പ്രതിക്കുലമല്ലോ.

18 ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കില്‍ നിങ്ങള്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവരല്ല.

19 ജഡത്തിന്റെ പ്രവൃത്തികളോ ദുര്‍ന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന,

20 ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,

21 ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവര്‍ത്തിക്കുന്നവന്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാന്‍ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുന്‍ കൂട്ടി പറയുന്നു.

22 ആത്മാവിന്റെ ഫലമോസ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,

23 ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.

24 ക്രിസ്തുയേശുവിന്നുള്ളവര്‍ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.

25 ആത്മാവിനാല്‍ നാം ജീവിക്കുന്നു എങ്കില്‍ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.

26 നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികള്‍ ആകരുതു.

ഗലാത്യർ 6

1 സഹോദരന്മാരേ, ഒരു മനുഷ്യന്‍ വല്ലതെറ്റിലും അകപെട്ടുപോയെങ്കില്‍ ആത്മികരായ നിങ്ങള്‍ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവില്‍ യഥാസ്ഥാനപ്പെടുത്തുവിന്‍ ; നീയും പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.

2 തമ്മില്‍ തമ്മില്‍ ഭാരങ്ങളെ ചുമപ്പിന്‍ ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവര്‍ത്തിപ്പിന്‍ .

3 താന്‍ അല്പനായിരിക്കെ മഹാന്‍ ആകുന്നു എന്നു ഒരുത്തന്‍ നിരൂപിച്ചാല്‍ തന്നെത്താന്‍ വഞ്ചിക്കുന്നു.

4 ഔരോരുത്തന്‍ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാല്‍ അവന്‍ തന്റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നില്‍ തന്നേ അടക്കി വേക്കും.

5 ഔരോരുത്തന്‍ താന്താന്റെ ചുമടു ചുമക്കുമല്ലോ.

6 വചനം പഠിക്കുന്നവന്‍ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഔഹരി കൊടുക്കേണം.

7 വഞ്ചനപ്പെടാതിരിപ്പിന്‍ ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യന്‍ വിതെക്കുന്നതു തന്നേ കൊയ്യും.

8 ജഡത്തില്‍ വിതെക്കുന്നവന്‍ ജഡത്തില്‍നിന്നു നാശം കൊയ്യും; ആത്മാവില്‍ വിതെക്കുന്നവന്‍ ആത്മാവില്‍ നിന്നു നിത്യജീവനെ കൊയ്യും.

9 നന്മ ചെയ്കയില്‍ നാം മടുത്തുപോകരുതു; തളര്‍ന്നുപോകാഞ്ഞാല്‍ തക്കസമയത്തു നാം കൊയ്യും.

10 ആകയാല്‍ അവസരം കിട്ടുംപോലെ നാം എല്ലാവര്‍ക്കും, വിശേഷാല്‍ സഹവിശ്വാസികള്‍ക്കും നന്മ ചെയ്ക

11 നോക്കുവിന്‍ എത്ര വലിയ അക്ഷരമായി ഞാന്‍ നിങ്ങള്‍ക്കു സ്വന്തകൈകൊണ്ടു തന്നേ എഴുതിയിരിക്കുന്നു.

12 ജഡത്തില്‍ സുമുഖം കാണിപ്പാന്‍ ഇച്ഛിക്കുന്നവര്‍ ഒക്കെയും ക്രിസ്തുവിന്റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാന്‍ നിര്‍ബ്ബന്ധിക്കുന്നു.

13 പരിച്ഛേദനക്കാര്‍ തന്നേയും ന്യായപ്രമാണം ആചരിക്കുന്നില്ലല്ലോ; നിങ്ങളുടെ ജഡത്തില്‍ പ്രശംസിക്കേണം എന്നുവെച്ചു നിങ്ങള്‍ പരിച്ഛേദന ഏല്പാന്‍ അവര്‍ ഇച്ഛിക്കുന്നതേയുള്ള.

14 എനിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്രൂശില്‍ അല്ലാതെ പ്രശംസിപ്പാന്‍ ഇടവരരുതു; അവനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.

15 പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.

16 ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവര്‍ക്കും ദൈവത്തിന്റെ യിസ്രായേലിന്നും സമാധാനവും കരുണയും ഉണ്ടാകട്ടെ.

17 ഇനി ആരും എനിക്കു പ്രയാസം വരുത്തരുതു; ഞാന്‍ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തില്‍ വഹിക്കുന്നു.

18 സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടു ഇരിക്കുമാറാകട്ടെ. ആമേന്‍ .