步骤 50

学习

     

സംഖ്യാപുസ്തകം第24章

1 യിസ്രായേലിനെ അനുഗ്രഹിക്കുന്നതു യഹോവേക്കു പ്രസാദമെന്നു ബിലെയാം കണ്ടപ്പോള്‍ അവന്‍ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാന്‍ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു.

2 ബിലെയാം തല ഉയര്‍ത്തി യിസ്രായേല്‍ ഗോത്രംഗോത്രമായി പാര്‍ക്കുംന്നതു കണ്ടു; ദൈവത്തിന്റെ ആത്മാവു അവന്റെമേല്‍ വന്നു;

3 അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയതുബെയോരിന്റെ മകനായ ബിലെയാം പറയുന്നു.

4 കണ്ണടച്ചിരിക്കുന്ന പുരുഷന്‍ പറയുന്നു; ദൈവത്തിന്റെ അരുളപ്പാടു കേള്‍ക്കുന്നവന്‍ , സര്‍വ്വശക്തന്റെ ദര്‍ശനം ദര്‍ശിക്കുന്നവന്‍ , വീഴുമ്പോള്‍ കണ്ണു തുറന്നിരിക്കുന്നവന്‍ പറയുന്നതു

5 യാക്കോബേ, നിന്റെ കൂടാരങ്ങള്‍ യിസ്രായേലേ, നിന്റെ നിവാസങ്ങള്‍ എത്ര മനോഹരം!

6 താഴ്വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങള്‍പോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങള്‍ പോലെ, ജലാന്തികേയുള്ള ദേവദാരുക്കള്‍പോലെ തന്നേ.

7 അവന്റെ തൊട്ടികളില്‍നിന്നു വെള്ളം ഒഴുകുന്നു; അവന്റെ വിത്തിന്നു വെള്ളം ധാരാളം; അവന്റെ അരചന്‍ ആഗാഗിലും ശ്രേഷ്ഠന്‍ ; അവന്റെ രാജത്വം ഉന്നതം തന്നേ.

8 ദൈവം അവനെ മിസ്രയീമില്‍നിന്നു കൊണ്ടു വരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു; ശത്രുജാതികളെ അവന്‍ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവന്‍ തകര്‍ക്കുംന്നു; അസ്ത്രം എയ്തു അവരെ തുളെക്കുന്നു.

9 അവന്‍ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹികണക്കെത്തന്നേ; ആര്‍ അവനെ ഉണര്‍ത്തും? നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ ; നിന്നെ ശപിക്കുന്നവന്‍ ശപീക്കപ്പെട്ടവന്‍ .

10 അപ്പോള്‍ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവന്‍ കൈ ഞെരിച്ചു ബിലെയാമിനോടുഎന്റെ ശത്രുക്കളെ ശപിപ്പാന്‍ ഞാന്‍ നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീര്‍വ്വദിക്കയത്രേ ചെയ്തിരിക്കുന്നു.

11 ഇപ്പോള്‍ നിന്റെ സ്ഥലത്തേക്കു ഔടിപ്പോക; നിന്നെ ഏറ്റവും ബഹുമാനിപ്പാന്‍ ഞാന്‍ വിചാരിച്ചിരുന്നു; എന്നാല്‍ യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു എന്നു പറഞ്ഞു.

12 അതിന്നു ബിലെയാം ബാലാക്കിനോടു പറഞ്ഞതുബാലാക്‍ തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ചു ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്‍വാന്‍ എനിക്കു കഴിയുന്നതല്ല; യഹോവ അരുളിച്ചെയ്യുന്നതു മാത്രമേ

13 ഞാന്‍ പറകയുള്ളു എന്നു എന്റെ അടുക്കല്‍ നീ അയച്ച ദൂതന്മാരോടു ഞാന്‍ പറഞ്ഞില്ലയോ?

14 ഇപ്പോള്‍ ഇതാ ഞാന്‍ എന്റെ ജനത്തിന്റെ അടുക്കലേക്കു പോകുന്നു; വരിക, ഭാവികാലത്തു ഈ ജനം നിന്റെ ജനത്തോടു എന്തു ചെയ്യുമെന്നു ഞാന്‍ നിന്നെ അറിയിക്കാം.

15 പിന്നെ അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാല്‍ബെയോരിന്റെ മകന്‍ ബിലെയാം പറയുന്നു; കണ്ണടെച്ചിരിക്കുന്ന പുരുഷന്‍ പറയുന്നു;

16 ദൈവത്തിന്റെ അരുളപ്പാടു കേള്‍ക്കുന്നവന്‍ അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവന്‍ , സര്‍വ്വശക്തന്റെ ദര്‍ശനം ദര്‍ശിക്കുന്നവന്‍ , വീഴുമ്പോള്‍ കണ്ണു തുറന്നിരിക്കുന്നവന്‍ പറയുന്നതു

17 ഞാന്‍ അവനെ കാണും, ഇപ്പോള്‍ അല്ലതാനും; ഞാന്‍ അവനെ ദര്‍ശിക്കും, അടുത്തല്ലതാനും. യാക്കോബില്‍നിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലില്‍നിന്നു ഒരു ചെങ്കോല്‍ ഉയരും. അതു മോവാബിന്റെ പാര്‍ശ്വങ്ങളെയെല്ലാം തകര്‍ക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.

18 എദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവര്‍ത്തിക്കും.

19 യാക്കോബില്‍നിന്നു ഒരുത്തന്‍ ഭരിക്കും; ഒഴിഞ്ഞുപോയവരെ അവന്‍ നഗരത്തില്‍നിന്നു നശിപ്പിക്കും.

20 അവന്‍ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയതുഅമാലേക്‍ ജാതികളില്‍ മുമ്പന്‍ ; അവന്റെ അവസാനമോ നാശം അത്രേ.

21 അവന്‍ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയതുനിന്റെ നിവാസം ഉറപ്പുള്ളതുനിന്റെ കൂടു പാറയില്‍ വെച്ചിരിക്കുന്നു.

22 എങ്കിലും കേന്യന്നു നിര്‍മ്മൂലനാശം ഭവിക്കും; അശ്ശൂര്‍ നിന്നെ പിടിച്ചുകൊണ്ടുപോവാന്‍ ഇനിയെത്ര?

23 പിന്നെ അവന്‍ ഈ സുഭാഷിതം ചൊല്ലിയതുഹാ, ദൈവം ഇതു നിവര്‍ത്തിക്കുമ്പോള്‍ ആര്‍ ജീവിച്ചിരിക്കും?

24 കിത്തീംതീരത്തുനിന്നു കപ്പലുകള്‍ വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവന്നും നിര്‍മ്മൂലനാശം ഭവിക്കും

25 അതിന്റെ ശേഷം ബിലെയാം പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്കു പോയി.

സംഖ്യാപുസ്തകം第25章

1 യിസ്രായേല്‍ ശിത്തീമില്‍ പാര്‍ക്കുംമ്പോള്‍ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി.

2 അവര്‍ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു.

3 യിസ്രായേല്‍ ബാല്‍പെയോരിനോടു ചേര്‍ന്നു, യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു.

4 യഹോവ മോശെയോടുജനത്തിന്റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു.

5 മോശെ യിസ്രായേല്‍ ന്യായാധിപന്മാരോടുനിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ ആളുകളില്‍ ബാല്‍പെയോരിനോടു ചേര്‍ന്നവരെ കൊല്ലുവിന്‍ എന്നു പറഞ്ഞു.

6 എന്നാല്‍ മോശെയും സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും കാണ്‍കെ, ഒരു യിസ്രായേല്യന്‍ തന്റെ സഹോദരന്മാരുടെ മദ്ധത്തിലേക്കു ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു.

7 അഹരോന്‍ പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസ് അതു കണ്ടപ്പോള്‍ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യില്‍ ഒരു കുന്തം എടുത്തു,

8 ആ യിസ്രായേല്യന്റെ പിന്നാലെ അന്ത:പുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോള്‍ ബാധ യിസ്രായേല്‍ മക്കളെ വിട്ടുമാറി.

9 ബാധകൊണ്ടു മരിച്ചുപോയവര്‍ ഇരുപത്തുനാലായിരം പേര്‍.

10 പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു

11 ഞാന്‍ എന്റെ തീക്ഷ്ണതയില്‍ യിസ്രായേല്‍മക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു അഹരോന്‍ പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസ് അവരുടെ ഇടയില്‍ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേല്‍ മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു.

12 ആകയാല്‍ ഇതാ, ഞാന്‍ അവന്നു എന്റെ സമാധാനനിയമം കൊടുക്കുന്നു.

13 അവന്‍ തന്റെ ദൈവത്തിന്നുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേല്‍മക്കള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ടു അതു അവന്നും അവന്റെ സന്തതിക്കും നിത്യപൌരോഹിത്യത്തിന്റെ നിയമമാകുന്നു എന്നു നീ പറയേണം.

14 മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന്നു സിമ്രി എന്നു പേര്‍; അവന്‍ ശിമെയോന്‍ ഗോത്രത്തില്‍ ഒരു പ്രഭുവായ സാലൂവിന്റെ മകന്‍ ആയിരുന്നു.

15 കൊല്ലപ്പെട്ട മിദ്യാന്യ സ്ത്രീക്കു കൊസ്ബി എന്നു പേര്‍; അവള്‍ ഒരു മിദ്യാന്യഗോത്രത്തില്‍ ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു.

16 പെയോരിന്റെ സംഗതിയിലും പെയോര്‍ നിമിത്തം ഉണ്ടായ ബാധയുടെ നാളില്‍ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്റെ മകള്‍ കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യര്‍ നിങ്ങളെ ചതിച്ചു ഉപായങ്ങളാല്‍ വലെച്ചിരിക്കകൊണ്ടു,

17 നിങ്ങള്‍ അവരെ വലെച്ചു സംഹരിപ്പിന്‍

18 എന്നു യഹോവ മോശെയോടു അരുളിച്ചെയ്തു.

സംഖ്യാപുസ്തകം第26章:1-34

1 ബാധ കഴിഞ്ഞശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകന്‍ എലെയാസാരിനോടും

2 യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയെയും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രം ഗോത്രമായി എണ്ണി തുക എടുപ്പിന്‍ എന്നു കല്പിച്ചു.

3 അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയില്‍ വെച്ചു അവരോടു

4 യഹോവ മോശെയോടും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേല്‍മക്കളോടും കല്പിച്ചതുപോലെ ഇരുപതു വയസ്സുമുതല്‍ മേലോട്ടുള്ളവരുടെ തുകയെടുപ്പിന്‍ എന്നു പറഞ്ഞു.

5 യിസ്രായേലിന്റെ ആദ്യജാതന്‍ രൂബേന്‍ ; രൂബേന്റെ പുത്രന്മാര്‍ഹനോക്കില്‍നിന്നു ഹനോക്ക്യകുടുംബം; പല്ലൂവില്‍നിന്നു പല്ലൂവ്യകുടുംബം;

6 ഹെസ്രോനില്‍നിന്നു ഹെസ്രോന്യ കുടുംബം; കര്‍മ്മിയില്‍നിന്നു കര്‍മ്മ്യകുടുംബം.

7 ഇവയാകുന്നു രൂബേന്യകുടുംബങ്ങള്‍; അവരില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തിമൂവായിരത്തെഴുനൂറ്റി മുപ്പതു പേര്‍.

8 പല്ലൂവിന്റെ പുത്രന്മാര്‍എലീയാബ്.

9 എലീയാബിന്റെ പുത്രന്മാര്‍നെമൂവേല്‍, ദാഥാന്‍ , അബീരാം. യഹോവേക്കു വിരോധമായി കലഹിച്ചപ്പോള്‍ കോരഹിന്റെ കൂട്ടത്തില്‍ മോശെക്കും അഹരോന്നും വിരോധമായി കലഹിച്ച സംഘ സദസ്യന്മാരായ ദാഥാനും അബീരാമും ഇവര്‍ തന്നേ;

10 ഭൂമി വായി തുറന്നു അവരെയും കേരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതു പേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവര്‍ ഒരു അടയാളമായ്തീര്‍ന്നു.

11 എന്നാല്‍ കോരഹിന്റെ പുത്രന്മാര്‍ മരിച്ചില്ല.

12 ശിമെയോന്റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍നെമൂവേലില്‍നിന്നു നെമൂവേല്യകുടുംബം; യാമീനില്‍നിന്നു യാമീന്യകുടുംബം; യാഖീനില്‍നിന്നു യാഖീന്യകുടുംബം;

13 സേരഹില്‍നിന്നു സേരഹ്യകുടുംബം; ശാവൂലില്‍നിന്നു ശാവൂല്യകുടുംബം.

14 ശിമെയോന്യകുടുംബങ്ങളായ ഇവര്‍ ഇരുപത്തീരായിരത്തിരുനൂറു പേര്‍.

15 ഗാദിന്റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍സെഫോനില്‍നിന്നു സെഫോന്യകുടുംബം; ഹഗ്ഗിയില്‍നിന്നു ഹഗ്ഗീയകുടുംബം; ശൂനിയില്‍നിന്നു ശൂനീയകുടുംബം;

16 ഒസ്നിയില്‍നിന്നു ഒസ്നീയകുടുംബം; ഏരിയില്‍നിന്നു ഏര്‍യ്യകുടുംബം;

17 അരോദില്‍നിന്നു അരോദ്യകുടുംബം; അരേലിയില്‍നിന്നു അരേല്യകുടുംബം.

18 അവരില്‍ എണ്ണപ്പെട്ടവരായി ഗാദ് പുത്രന്മാരുടെ കുടുംബങ്ങളായ ഇവര്‍ നാല്പതിനായിരത്തഞ്ഞൂറു പേര്‍.

19 യെഹൂദയുടെ പുത്രന്മാര്‍ ഏരും ഔനാനും ആയിരുന്നു; ഏരും ഒനാനും കനാന്‍ ദേശത്തു വെച്ചു മരിച്ചുപോയി.

20 യെഹൂദയുടെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍ശേലയില്‍നിന്നു ശേലാന്യകുടുംബം; ഫേരെസില്‍നിന്നു ഫേരെസ്യകുടുംബം; സേരഹില്‍നിന്നു സേരഹ്യകുടുംബം.

21 ഫേരെസിന്റെ പുത്രന്മാര്‍ഹെസ്രോനില്‍നിന്നു ഹെസ്രോന്യകുടുംബം; ഹാമൂലില്‍നിന്നു ഹാമൂല്യകുടുംബം.

22 അവരില്‍ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവര്‍ എഴുപത്താറായിരത്തഞ്ഞൂറു പേര്‍.

23 യിസ്സാഖാരിന്റെ പുത്രന്മാര്‍ കുടുംബം കുടുംബമായി ആരെന്നാല്‍തോലാവില്‍ നിന്നു തോലാവ്യകുടുംബം; പൂവയില്‍നിന്നു പൂവ്യകുടുംബം;

24 യാശൂബില്‍നിന്നു യാശൂബ്യകുടുംബം; ശിമ്രോനില്‍നിന്നു ശിമ്രോന്യകുടുംബം.

25 അവരില്‍ എണ്ണപ്പെട്ടവരായി യിസ്സാഖാര്‍കുടുംബങ്ങളായ ഇവര്‍ അറുപത്തു നാലായിരത്തി മുന്നൂറു പേര്‍.

26 സെബൂലൂന്റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍സേരെദില്‍നിന്നു സേരെദ്യകുടുംബം; ഏലോനില്‍നിന്നു ഏലോന്യ കുടുംബം; യഹ്ളേലില്‍നിന്നു യഹ്ളേല്യകുടുംബം.

27 അവരില്‍ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവര്‍ അറുപതിനായിരത്തഞ്ഞൂറു പേര്‍.

28 യോസേഫിന്റെ പുത്രന്മാര്‍ കുടുംബം കുടുംബമായി ആരെന്നാല്‍മനശ്ശെയും എഫ്രയീമും.

29 മനശ്ശെയുടെ പുത്രന്മാര്‍മാഖീരില്‍നിന്നു മാഖീര്‍യ്യകുടുംബം; മാഖീര്‍ ഗിലെയാദിനെ ജനിപ്പിച്ചു; ഗിലെയാദില്‍നിന്നു ഗിലെയാദ്യകുടുംബം.

30 ഗിലെയാദിന്റെ പുത്രന്മാര്‍ ആരെന്നാല്‍ഈയേസെരില്‍ നിന്നു ഈയേസെര്‍യ്യകുടുംബം; ഹേലെക്കില്‍നിന്നു ഹേലെക്ക്യകുടുംബം.

31 അസ്രീയേലില്‍നിന്നു അസ്രീയേല്യകുടുംബം; ശേഖെമില്‍ നിന്നാു ശേഖെമ്യകുടുംബം;

32 ശെമീദാവില്‍നിന്നു ശെമീദാവ്യകുടുംബം; ഹേഫെരില്‍ നിന്നു ഹേഫെര്‍യ്യകുടുംബം.

33 ഹേഫെരിന്റെ മകനായ സെലോഫഹാദിന്നു പുത്രിമാര്‍ അല്ലാതെ പുത്രന്മാര്‍ ഉണ്ടായില്ല; സെലോഫഹാദിന്റെ പുത്രിമാര്‍ മഹ്ളാ, നോവാ, ഹൊഗ്ള, മില്‍ക്കാ, തിര്‍സാ എന്നിവരായിരുന്നു.

34 അവരില്‍ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവര്‍ അമ്പത്തീരായിരത്തെഴുനൂറു പേര്‍.