വിശുദ്ധ തിരുവെഴുത്തുകളുടെ ഉപദേശം #9

Ngu Emanuel Swedenborg

Funda lesi Sigaba

  
Yiya esigabeni / 118  
  

9. 2 മുഴുവചനത്തിലും അതിന്‍റെ എല്ലാഭാഗത്തും ആത്മീകാര്‍ത്ഥം ആണ്. ചുവടേ ചേര്‍ത്തിരിക്കുന്ന ദൃഷ്ടാന്തങ്ങളിലൂടെയല്ലാതെ കൂടുതല്‍ മെച്ചമായി ഇത് കണ്ടെത്താന്‍ കഴിയുന്നതല്ല. വെളിപ്പാട് പുസ്തകത്തില്‍ യോഹന്നാന്‍ ഇപ്രകാരം പറയുന്നുവല്ലോ.

അനന്തരം സ്വര്‍ഗ്ഗം തുറന്നിരിക്കുന്നത് ഞാന്‍ കണ്ടു. ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേല്‍ ഇരിക്കുന്നവന്ന് വിശ്വസ്തനും സത്യവാനും എന്നുപേര്‍. അവന്‍ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. അവന്‍റെ കണ്ണ് അഗ്നിജ്വാല, തലയില്‍ അനേകം രാജമുടികള്‍, എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ട്. അത് അവന്നല്ലാതെ ആര്‍ക്കും അറിഞ്ഞുകൂടാ. അവന്‍ രക്തം തളിച്ച ഉടുപ്പ് ധരിച്ചിരിക്കുന്നു. അവന്ന് ദൈവവചനം എന്ന് പേര്‍ പറയുന്നു. സ്വര്‍ഗ്ഗത്തിലെ സൈന്യം നിര്‍മ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ച് വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു. ജാതികളെ വെട്ടുവാന്‍ അവന്‍റെ വായില്‍ നിന്ന് മൂര്‍ച്ചയുള്ള വാള്‍ പുറപ്പടുന്നു. അവന്‍ ഇരുമ്പുകോല്‍ കൊണ്ട് അവരെ മേയ്ക്കും. സര്‍വ്വശക്തിയുള്ള ദൈവത്തിന്‍റെ കോപവും ക്രോധവുമായ മദ്യത്തിന്‍റെ ചക്ക് അവന്‍ മെതിക്കുന്നു. രാജാധിരാജാവും, കര്‍ത്താധികര്‍ത്താവും എന്ന നാമം അവന്‍റെ ഉടുപ്പന്മേലും തുടമേലും എഴുതിയിരിക്കുന്നു. ഒരു ദൂതന്‍ സൂര്യനില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അവന്‍ ആകാശ മദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും, രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും, സ്വതന്ത്രന്മാരും ദാസന്മാരും, ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാന്‍ മഹാദൈവത്തിന്‍റെ അത്താഴത്തിന്ന് വന്നുകൂടുവിന്‍ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. (വെളിപ്പാട് 19:11-18)

ആത്മീക അര്‍ത്ഥത്തിലൂടെ അല്ലാതെ യാതൊരാള്‍ക്കും ഇവയെല്ലാം ദ്യോതിപ്പിക്കുന്നത് എന്താണെന്ന് ഗ്രഹിപ്പാന്‍ സാധ്യമല്ല. അതുപോലെതന്നെ, സാദൃശ്യാശയജ്ഞാനം ഇല്ലാതെ ആത്മീകാര്‍ത്ഥം കണ്ടെത്താനും കഴിയുന്നതല്ല. എന്തു കൊണ്ടെന്നാല്‍ ഈ വചനത്തിലെ പദങ്ങള്‍ എല്ലാം സാദൃശ്യാശയം ഉള്ളവയാകുന്നു. ഏതൊരു പദവും അര്‍ത്ഥമില്ലാത്തത് ഇല്ല. പരസ്പരബന്ധത്തിന്‍റെ ശാസ്ത്രം വെള്ളക്കുതിരയുടെയും, വെള്ളക്കുതിരയുടെ മുകളിലിരിക്കുന്നവന്‍റെയും അഗ്നിജ്വാലയെപ്പോലുള്ള അവന്‍റെ കണ്ണുകളുടെയും അവന്‍റെ തലയില്‍ വെച്ചിരിക്കുന്ന കിരീടങ്ങളുടെയും, രക്തത്തില്‍ മുക്കിയതായ അവന്‍റെ ഉടുപ്പിന്‍റെയും നിര്‍മ്മലവും ശുഭ്രവുമായ വിശേഷ വസ്ത്രം ധരിച്ച് വെള്ളക്കുതിരമേല്‍ കയറിയ സൈന്യത്തിന്‍റെയും, സൂര്യനില്‍ നില്‍ക്കുന്ന ദൂതന്‍റെയും, മഹാദൈവത്തിന്‍റെ അത്താഴത്തിന് വന്നുചേരുവാനുള്ള അത്താഴത്തിന്‍റെയും രാജാക്കന്മാരുടെയും, സഹസ്രാധിപന്മാരുടെയും, വീരന്മാരുടെയും, മറ്റ് എല്ലാവരുടെയും മാംസത്തിന്‍റെയും ആത്മീകാര്‍ത്ഥങ്ങള്‍ എന്തെല്ലാമാണെന്ന് നമ്മെ പഠിപ്പിക്കുന്നതാണ്.

വെള്ളക്കുതിരയെ സംബന്ധിച്ചുള്ള ലഘുഗ്രന്ഥത്തില്‍ നല്‍കിയിരിക്കുന്ന വിവരണത്തില്‍ നിന്ന്, ഇവയോരോന്നും ആത്മീയാര്‍ത്ഥത്തില്‍ എന്താണ് ദ്യോതിപ്പിക്കുന്നതെന്തെന്ന് കണ്ടെത്താനാകുന്നതാണ്. ആകയാല്‍ അവയെക്കുറിച്ച് ഇവിടെ കൂടുതല്‍ വിവരിക്കേണ്ട ആവശ്യമില്ലല്ലോ. ആ വ്യാഖ്യാനഗ്രന്ഥത്തില്‍ കര്‍ത്താവിനെ വചനവുമായി സാദൃശ്യപ്പടുത്തിയിരിക്കുന്നുവെന്ന് വിവരിച്ചിരിക്കുന്നു. അഗ്നിജ്വാലയ്ക്ക് സമാനമായ അവന്‍റെ കണ്ണുകള്‍, അവന്‍റെ തലയില്‍ വച്ചിരുന്ന കിരീടങ്ങള്‍, അവനല്ലാതെ മറ്റാര്‍ക്കും അറിഞ്ഞുകൂടാത്ത അവന്‍റെ നാമം, എന്നിവയെല്ലാം വചനത്തിന്‍റെ ആത്മീയാര്‍ത്ഥത്തെ ദ്യോതിപ്പിക്കുന്നു. അത് കര്‍ത്താവും അവന്‍ വെളിപ്പെടുത്തിക്കൊടുപ്പാന്‍ ആഗ്രഹിക്കുന്നവനും മാത്രമല്ലാതെ മറ്റാരും അറിയുന്നില്ല. രക്തം തളിച്ച അവന്‍റെ ഉടുപ്പ് ദ്യോതിപ്പിക്കുന്നത് വചനത്തിന്‍റെ പ്രകൃതിതല, സ്വാഭാവിക അര്‍ത്ഥമാണ്. അത് അക്ഷരീക അര്‍ത്ഥം അതിനോട് അതിക്രമം ചെയ്തിരിക്കയാണ്.

വചനമാണ് അപ്രകാരം വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമായി വെളിപ്പെട്ടിരിക്കുകയാണ്. എന്തുകൊണ്ടെന്നാല്‍, അവന്‍റെ നാമം ദൈവവചനം എന്ന് വിളിക്കപ്പട്ടിരിക്കുന്നു എന്നും അവിടെ വിവക്ഷിക്കുന്നത് കര്‍ത്താവിനെയാണെന്നും വ്യക്തമായി വെളിപ്പെടുത്തപ്പെട്ടിട്ടുണ്ടല്ലോ. എന്തുകൊണ്ടെന്നാല്‍ വെള്ളക്കുതിരപ്പുറത്ത് ഇരുന്നവന്‍റെ നാമം രാജാധിരാജാവും, കര്‍ത്താധികര്‍ത്താവും എന്നാണെന്ന് അരുളിച്ചെയ്യപ്പെട്ടിരിക്കയാണ്. സഭയുടെ അന്ത്യത്തിലാണ് വചനത്തിന്‍റെ ആത്മീകാര്‍ത്ഥം അനാവരണം ചെയ്യപ്പെടാന്‍ പോകുന്നതെന്നത് വെള്ളക്കുതിരയാലും, കുതിരപ്പുറത്ത് ഇരിക്കുന്നവനാലും മാത്രമല്ല ദ്യോതിപ്പിക്കപ്പെടുന്നത്, പ്രത്യുത സൂര്യനില്‍ നില്‍ക്കുന്ന ദൂതന്‍ സര്‍വ്വരെയും വിരുന്നിന് വരുവാന്‍ ക്ഷണിക്കുന്ന മഹാ അത്താഴത്താലും ആകുന്നു. പ്രസ്തുത അത്താഴത്തില്‍ രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും, വീരന്മാരുടെ മാംസവും, കുതിരകളുടെയും കുതിരപ്പുറത്ത് ഇരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും, ദാസന്മാരും, ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാന്‍ സര്‍വ്വരും വന്നു കൂടുവിന്‍ എന്ന് ദൂതന്‍ ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു. ദേഹി ദേഹത്തില്‍ എന്നപോലെ, ഈ വചനങ്ങളിലെല്ലാം ആത്മീകമായ എന്തെങ്കിലും സ്ഥിതിചെയ്യുന്നില്ലെങ്കില്‍, ഈ പദപ്രയോഗങ്ങള്‍ എല്ലാം പൊള്ളയായതും, ശൂന്യമായും ആയിരിക്കുകയേ ഉള്ളൂ. ജീവനും ആത്മാവും ചൈതന്യവും ഉള്ളവ ആയിരിക്കുകയും ഇല്ലതന്നെ.

  
Yiya esigabeni / 118