Isinyathelo 74

Funda

     

ന്യായാധിപന്മാർ 3

1 കനാനിലെ യുദ്ധങ്ങളൊന്നും അറിഞ്ഞിട്ടില്ലാത്ത യിസ്രായേലിനെ ഒക്കെയും പരീക്ഷിക്കേണ്ടതിന്നും

2 യുദ്ധം അറിഞ്ഞിട്ടില്ലാത്ത യിസ്രായേല്‍മക്കളുടെ തലമുറകളെ യുദ്ധം അഭ്യസിപ്പിക്കേണ്ടതിന്നുമായി യഹോവ വെച്ചിരുന്ന ജാതികളാവിതു

3 ഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും എല്ലാ കനാന്യരും സീദോന്യരും ബാല്‍ ഹെര്‍മ്മോന്‍ പര്‍വ്വതംമുതല്‍ ഹമാത്തിലേക്കുള്ള പ്രവേശനംവരെ ലെബാനോന്‍ പര്‍വ്വതത്തില്‍ പാര്‍ത്തിരുന്ന ഹിവ്യരും തന്നേ.

4 മോശെമുഖാന്തരം യഹോവ അവരുടെ പിതാക്കന്മാരോടു കല്പിച്ച കല്പനകള്‍ അനുസരിക്കുമോ എന്നു അവരെക്കൊണ്ടു യിസ്രായേലിനെ പരീക്ഷിച്ചറിവാന്‍ ആയിരുന്നു ഇവരെ വെച്ചിരുന്നതു.

5 കനാന്യര്‍, ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ഇടയില്‍ യിസ്രായേല്‍മക്കള്‍ പാര്‍ത്തു.

6 അവരുടെ പുത്രിമാരെ തങ്ങള്‍ക്കു ഭാര്യമാരായിട്ടു എടുക്കയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കും കൊടുക്കയും അവരുടെ ദേവന്മാരെ സേവിക്കയും ചെയ്തു.

7 ഇങ്ങനെ യിസ്രായേല്‍മക്കള്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാല്‍വിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും സേവിച്ചു.

8 അതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവന്‍ അവരെ മെസോപൊത്താമ്യയിലെ ഒരു രാജാവായ കൂശന്‍ രീശാഥയീമിന്നു വിറ്റുകളഞ്ഞു; യിസ്രായേല്‍മക്കള്‍ കൂശന്‍ രിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു.

9 എന്നാല്‍ യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നിയേലിനെ യിസ്രായേല്‍മക്കള്‍ക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവന്‍ അവരെ രക്ഷിച്ചു.

10 അവന്റെ മേല്‍ യഹോവയുടെ ആത്മാവു വന്നു; അവന്‍ യിസ്രായേലിന്നു ന്യായാധിപനായി യുദ്ധത്തിന്നു പുറപ്പെട്ടാറെ യഹോവ മെസോപൊത്താമ്യയിലെ രാജാവായ കൂശന്‍ രിശാഥയീമിനെ അവന്റെ കയ്യില്‍ ഏല്പിച്ചു; അവന്‍ കൂശന്‍ രീശാഥയീമിനെ ജയിച്ചു.

11 ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.

12 കെനസിന്റെ മകനായ ഒത്നീയേല്‍ മരിച്ചശേഷം യിസ്രായേല്‍മക്കള്‍ വീണ്ടും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്കകൊണ്ടു യഹോവ മോവാബ്രാജാവായ എഗ്ളോനെ യിസ്രായേലിന്നു വിരോധമായി ബലപ്പെടുത്തി.

13 അവന്‍ അമ്മോന്യരെയും അമാലേക്യരെയും കൂട്ടിക്കൊണ്ടുവന്നു യിസ്രായേലിനെ തോല്പിച്ചു, അവര്‍ ഈന്തപട്ടണവും കൈവശമാക്കി.

14 അങ്ങനെ യിസ്രായേല്‍ മക്കള്‍ മോവാബ് രാജാവായ എഗ്ളോനെ പതിനെട്ടു സംവത്സരം സേവിച്ചു.

15 യിസ്രായേല്‍ മക്കള്‍ യഹോയോടു നിലവിളിച്ചപ്പോള്‍ യഹോവ അവര്‍ക്കും ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേല്‍മക്കള്‍ മോവാബ് രാജാവായ എഗ്ളോന്നു കാഴ്ച കൊടുത്തയച്ചു.

16 എന്നാല്‍ ഏഹൂദ്, ഇരുവായ്ത്തലയും ഒരു മുഴം നീളവും ഉള്ള ഒരു ചുരിക ഉണ്ടാക്കി; അതു വസ്ത്രത്തിന്റെ ഉള്ളില്‍ വലത്തെ തുടെക്കു കെട്ടി.

17 അവന്‍ മോവാബ് രാജാവായ എഗ്ളോന്റെ അടുക്കല്‍ കാഴ്ച കൊണ്ടു ചെന്നു; എഗ്ളോന്‍ ഏറ്റവും സ്ഥൂലിച്ചവന്‍ ആയിരുന്നു.

18 കാഴ്ചവെച്ചു കഴിഞ്ഞശേഷം കാഴ്ച ചുമന്നുകൊണ്ടു വന്നവരെ അവന്‍ അയച്ചുകളഞ്ഞു.

19 എന്നാല്‍ അവന്‍ ഗില്ഗാലിന്നരികെയുള്ള വിഗ്രഹങ്ങളുടെ അടുക്കല്‍നിന്നു മടങ്ങിച്ചെന്നുരാജാവേ, എനിക്കു ഒരു സ്വകാര്യം ഉണ്ടു എന്നു പറഞ്ഞു. ക്ഷമിക്ക എന്നു അവന്‍ പറഞ്ഞു; ഉടനെ അടുക്കല്‍ നിന്നിരുന്ന എല്ലാവരും അവനെ വിട്ടു പുറത്തുപോയി.

20 ഏഹൂദ് അടുത്തുചെന്നു. എന്നാല്‍ അവന്‍ തന്റെ ഗ്രീഷ്മഗൃഹത്തില്‍ തനിച്ചു ഇരിക്കയായിരുന്നു. എനിക്കു ദൈവത്തിന്റെ അരുളപ്പാടു അറിയിപ്പാന്‍ ഉണ്ടു എന്നു ഏഹൂദ് പറഞ്ഞു; ഉടനെ അവന്‍ ആസനത്തില്‍നിന്നു എഴുന്നേറ്റു.

21 എന്നാറെ ഏഹൂദ് ഇടങ്കൈ നീട്ടി വലത്തെ തുടയില്‍ നിന്നു ചുരിക ഊരി അവന്റെ വയറ്റില്‍ കുത്തിക്കടത്തി.

22 അലകോടുകൂടെ പിടിയും അകത്തു ചെന്നു; അവന്റെ വയറ്റില്‍നിന്നു ചുരിക അവന്‍ വലിച്ചെടുക്കായ്കയാല്‍ മേദസ്സു അലകിന്മേല്‍ പൊതിഞ്ഞടെഞ്ഞു, അതു പൃഷ്ഠഭാഗത്തു പുറപ്പെട്ടു.

23 പിന്നെ ഏഹൂദ് പൂമുഖത്തു ഇറങ്ങി പുറകെ മാളികയുടെ വാതില്‍ അടെച്ചുപൂട്ടി.

24 അവന്‍ പുറത്തു ഇറങ്ങിപ്പോയശേഷം എഗ്ളോന്റെ ഭൃത്യന്മാര്‍ വന്നു; അവര്‍ നോക്കി മാളികയുടെ വാതില്‍ പൂട്ടിയിരിക്കുന്നതു കണ്ടപ്പോള്‍അവന്‍ ഗ്രീഷ്മഗൃഹത്തില്‍ വിസര്‍ജ്ജനത്തിന്നു ഇരിക്കയായിരിക്കും എന്നു അവര്‍ പറഞ്ഞു.

25 അവര്‍ കാത്തിരുന്നു വിഷമിച്ചു; അവന്‍ മുറിയുടെ വാതില്‍ തുറക്കായ്കകൊണ്ടു അവര്‍ താക്കോല്‍ എടുത്തു തുറന്നു;

26 തമ്പുരാന്‍ നിലത്തു മരിച്ചുകിടക്കുന്നതു കണ്ടു. എന്നാല്‍ അവര്‍ കാത്തിരുന്നതിന്നിടയില്‍ ഏഹൂദ് ഔടിപ്പോയി വിഗ്രഹങ്ങളെ കടന്നു സെയീരയില്‍ ചെന്നുചേര്‍ന്നു.

27 അവിടെ എത്തിയശേഷം അവന്‍ എഫ്രയീംപര്‍വ്വതത്തില്‍ കാഹളം ഊതി; യിസ്രായേല്‍മക്കള്‍ അവനോടുകൂടെ പര്‍വ്വതത്തില്‍നിന്നു ഇറങ്ങി അവന്‍ അവര്‍ക്കും നായകനായി.

28 അവന്‍ അവരോടുഎന്റെ പിന്നാലെ വരുവിന്‍ ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു; അവര്‍ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോര്‍ദ്ദാന്റെ കടവുകള്‍ പിടിച്ചു; ആരെയും കടപ്പാന്‍ സമ്മതിച്ചതുമില്ല.

29 അവര്‍ ആ സമയം മോവാബ്യരില്‍ ഏകദേശം പതിനായിരം പേരെ വെട്ടിക്കളഞ്ഞു; അവര്‍ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു;

30 ഒരുത്തനും ചാടിപ്പോയില്ല. അങ്ങനെ ആ കാലത്തു മോവാബ് യിസ്രായേലിന്നു കീഴടങ്ങി; ദേശത്തിന്നു എണ്പതു സംവത്സരം സ്വസ്ഥതയുണ്ടാകയും ചെയ്തു..

31 അവന്റെ ശേഷം അനാത്തിന്റെ മകനായ ശംഗര്‍ എഴുന്നേറ്റു; അവന്‍ ഒരു മുടിങ്കോല്‍കൊണ്ടു ഫെലിസ്ത്യരില്‍ അറുനൂറുപേരെ കൊന്നു; അവനും യിസ്രായേലിനെ രക്ഷിച്ചു.

ന്യായാധിപന്മാർ 4

1 ഏഹൂദ് മരിച്ചശേഷം യിസ്രായേല്‍മക്കള്‍ വീണ്ടും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.

2 യഹോവ അവരെ ഹാസോരില്‍വാണ കനാന്യരാജാവായ യാബീന്നു വിറ്റുകളഞ്ഞു; അവന്റെ സേനാപതി ജാതികളുടെ ഹരോശെത്തില്‍ പാര്‍ത്തിരുന്ന സീസെരാ ആയിരുന്നു.

3 അവന്നു തൊള്ളായിരം ഇരിമ്പുരഥം ഉണ്ടായിരുന്നു. അവന്‍ യിസ്രായേല്‍മക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു.

4 ആ കാലത്തു ലപ്പീദോത്തിന്റെ ഭാര്യയായ ദെബോരാ എന്ന പ്രവാചകി യിസ്രായേലില്‍ ന്യായപാലനം ചെയ്തു.

5 അവള്‍ എഫ്രയീംപര്‍വ്വതത്തില്‍ രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴില്‍ പാര്‍ത്തിരുന്നു; യിസ്രായേല്‍മക്കള്‍ ന്യായവിസ്താരത്തിന്നു അവളുടെ അടുക്കല്‍ ചെല്ലുക പതിവായിരുന്നു.

6 അവള്‍ അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്--നഫ്താലിയില്‍നിന്നു വിളിപ്പിച്ചു അവനോടുനീ പുറപ്പെട്ടു താബോര്‍പര്‍വ്വതത്തില്‍ ചെന്നു നഫ്താലിയുടെയും സെബൂലൂന്റെയും മക്കളില്‍ പതിനായിരം പേരെ കൂട്ടിക്കൊള്‍ക;

7 ഞാന്‍ യാബീന്റെ സേനാപതി സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോന്‍ തോട്ടിന്നരികെ നിന്റെ അടുക്കല്‍ കൊണ്ടുവന്നു നിന്റെ കയ്യില്‍ ഏല്പിക്കുമെന്നു യിസ്രായേലിന്റെ ദൈവമായ യഹോവ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.

8 ബാരാക്‍ അവളോടുനീ എന്നോടു കൂടെ വരുന്നെങ്കില്‍ ഞാന്‍ പോകാം; നീ വരുന്നില്ല എങ്കില്‍ ഞാന്‍ പോകയില്ല എന്നു പറഞ്ഞു.

9 അതിന്നു അവള്‍ഞാന്‍ നിന്നോടുകൂടെ പോരാം; എന്നാല്‍ നീ പേകുന്ന യാത്രയാല്‍ ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യില്‍ ഏല്പിച്ചുകൊടുക്കും എന്നു പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റു ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി.

10 ബാരാക്‍ സെബൂലൂനെയും നഫ്താലിയെയും കേദെശില്‍ വിളിച്ചുകൂട്ടി; അവനോടുകൂടെ പതിനായിരംപേര്‍ കയറിച്ചെന്നു; ദെബോരയുംകൂടെ കയറിച്ചെന്നു.

11 എന്നാല്‍ കേന്യനായ ഹേബെര്‍ മോശെയുടെ അളിയന്‍ ഹോബാബിന്റെ മക്കളായ കേന്യരെ വിട്ടുപിരിഞ്ഞു കേദെശിന്നരികെയുള്ള സാനന്നീമിലെ കരുവേലകംവരെ കൂടാരം അടിച്ചിരുന്നു.

12 അബീനോവാബിന്റെ മകനായ ബാരാക്‍ താബോര്‍പര്‍വ്വതത്തില്‍ കയറിയിരിക്കുന്നു എന്നു സീസെരെക്കു അറിവുകിട്ടി.

13 സീസെരാ തന്റെ തൊള്ളായിരം ഇരിമ്പുരഥവുമായി തന്റെ എല്ലാ പടജ്ജനത്തെയും ജാതികളുടെ ഹരോശെത്തില്‍നിന്നു കീശോന്‍ തോട്ടിന്നരികെ വിളിച്ചുകൂട്ടി.

14 അപ്പോള്‍ ദെബോരാ ബാരാക്കിനോടുപുറപ്പെട്ടുചെല്ലുക; യഹോവ ഇന്നു സീസെരയെ നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ ബാരാക്കും അവന്റെ പിന്നാലെ പതിനായിരംപേരും താബോര്‍പര്‍വ്വതത്തില്‍ നിന്നു ഇറങ്ങിച്ചെന്നു,

15 യഹോവ സീസെരയെയും അവന്റെ സകലരഥങ്ങളെയും സൈന്യത്തെയും ബാരാക്കിന്റെ മുമ്പില്‍ വാളിന്റെ വായ്ത്തലയാല്‍ തോല്പിച്ചു; സീസെരാ രഥത്തില്‍നിന്നു ഇറങ്ങി കാല്‍നടയായി ഔടിപ്പോയി.

16 ബാരാക്‍ രഥങ്ങളെയും സൈന്യത്തെയും ജാതികളുടെ ഹരോശെത്ത്വരെ ഔടിച്ചു സീസെരയുടെ സൈന്യമൊക്കെയും വാളിന്റെ വായ്ത്തലയാല്‍ വീണു; ഒരുത്തനും ശേഷിച്ചില്ല.

17 എന്നാല്‍ സീസെരാ കാല്‍നടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്കു ഔടിപ്പോയി; കേന്യനായ ഹേബെരിന്റെ ഗൃഹവും ഹാസോര്‍ രാജാവായ യാബീനും തമ്മില്‍ സമാധാനം ആയിരുന്നു.

18 യായേല്‍ സീസെരയെ എതിരേറ്റുചെന്നു അവനോടുഇങ്ങോട്ടു കയറിക്കൊള്‍ക, യജമാനനേ, ഇങ്ങോട്ടു കയറിക്കൊള്‍ക; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവന്‍ അവളുടെ അടുക്കല്‍ കൂടാരത്തില്‍ കയറിച്ചെന്നു; അവള്‍ അവനെ ഒരു പരവതാനികൊണ്ടു മൂടി.

19 അവന്‍ അവളോടുഎനിക്കു ദാഹിക്കുന്നു; കുടിപ്പാന്‍ കുറെ വെള്ളം തരേണമേ എന്നു പറഞ്ഞു; അവള്‍ പാല്‍തുരുത്തി തുറന്നു അവന്നു കുടിപ്പാന്‍ കൊടുത്തു; പിന്നെയും അവനെ മൂടി.

20 അവന്‍ അവളോടുനീ കൂടാരവാതില്‍ക്കല്‍ നില്‍ക്ക; വല്ലവനും വന്നു ഇവിടെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു പറയേണം എന്നു പറഞ്ഞു.

21 എന്നാല്‍ ഹേബെരിന്റെ ഭാര്യ യായേല്‍ കൂടാരത്തിന്റെ ഒരു കുറ്റി എടുത്തു കയ്യില്‍ ചുറ്റികയും പിടിച്ചു പതുക്കെ അവന്റെ അടുക്കല്‍ ചെന്നു കുറ്റി അവന്റെ ചെന്നിയില്‍ തറെച്ചു; അതു നിലത്തു ചെന്നു ഉറെച്ചു; അവന്നു ഗാഢനിദ്ര ആയിരുന്നു; അവന്‍ ബോധംകെട്ടു മരിച്ചുപോയി.

22 ബാരാക്‍ സീസെരയെ തിരഞ്ഞു ചെല്ലുമ്പോള്‍ യായേല്‍ അവനെ എതിരേറ്റു അവനോടുവരിക, നീ അന്വേഷിക്കുന്ന ആളെ ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു. അവന്‍ അവളുടെ അടുക്കല്‍ ചെന്നപ്പോള്‍ സീസെരാ ചെന്നിയില്‍ കുറ്റിയുമായി മരിച്ചുകിടക്കുന്നതു കണ്ടു.

23 ഇങ്ങനെ ദൈവം അന്നു കനാന്യ രാജാവായ യാബീനെ യിസ്രായേല്‍മക്കള്‍ക്കു കീഴടക്കി.

24 യിസ്രായേല്‍മക്കള്‍ കനാന്യരാജാവായ യാബീനെ നിര്‍മ്മൂലമാക്കുംവരെ അവരുടെ കൈ കനാന്യരാജാവായ യാബീന്നു മേലക്കുമേല്‍ ഭാരമായിത്തീര്‍ന്നു.

ന്യായാധിപന്മാർ 5

1 അന്നു ദെബോരയും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയതു എന്തെന്നാല്‍

2 നായകന്മാര്‍ യിസ്രായേലിനെ നയിച്ചതിന്നും ജനം സ്വമേധയാ സേവിച്ചതിന്നും യഹോവയെ വാഴ്ത്തുവിന്‍ .

3 രാജാക്കന്മാരേ, കേള്‍പ്പിന്‍ ; പ്രഭുക്കന്മാരേ, ചെവിതരുവിന്‍ ; ഞാന്‍ പാടും യഹോവേക്കു ഞാന്‍ പാടും; യിസ്രായേലിന്‍ ദൈവമായ യഹോവേക്കു കീര്‍ത്തനം ചെയ്യും.

4 യഹോവേ, നീ സേയീരില്‍നിന്നു പുറപ്പെടുകയില്‍, ഏദോമ്യദേശത്തുകൂടി നീ നടകൊള്‍കയില്‍, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങള്‍ വെള്ളം ചൊരിഞ്ഞു,

5 യഹോവാസന്നിധിയില്‍ മലകള്‍ കുലുങ്ങി, യിസ്രായേലിന്‍ ദൈവമായ യഹോവേക്കു മുമ്പില്‍ ആ സീനായി തന്നേ.

6 അനാത്തിന്‍ പുത്രനാം ശംഗരിന്‍ നാളിലും, യായേലിന്‍ കാലത്തും പാതകള്‍ ശൂന്യമായി. വഴിപോക്കര്‍ വളഞ്ഞ വഴികളില്‍ നടന്നു.

7 ദെബോരയായ ഞാന്‍ എഴുന്നേലക്കുംവരെ, യിസ്രായേലില്‍ മാതാവായെഴുന്നേലക്കുംവരെ നായകന്മാര്‍ യിസ്രായേലില്‍ അശേഷം അറ്റുപോയിരുന്നു.

8 അവര്‍ നൂതനദേവന്മാരെ വരിച്ചു; ഗോപുരദ്വാരത്തിങ്കല്‍ യുദ്ധംഭവിച്ചു. യിസ്രായേലിന്റെ നാല്പതിനായിരത്തിന്‍ മദ്ധ്യേ പരിചയും കുന്തവും കണ്ടതേയില്ല.

9 എന്റെ ഹൃദയം യിസ്രായേല്‍നായകന്മാരോടു പറ്റുന്നു; ജനത്തിലെ സ്വമേധാസേവകരേ, യഹോവയെ വാഴ്ത്തുവിന്‍ .

10 വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളില്‍ ഇരിക്കുന്നവരേ, കാല്‍നടയായി പോകുന്നവരേ, വര്‍ണ്ണിപ്പിന്‍ !

11 വില്ലാളികളുടെ ഞാണൊലിയോടകലേ നീര്‍പ്പാത്തിക്കിടയില്‍ അവിടെ അവര്‍ യഹോവയുടെ നീതികളെ യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കല്‍ ചെന്നു.

12 ഉണരുക, ഉണരുക, ദെബോരയേ, ഉണരുക, ഉണര്‍ന്നു, പാട്ടുപാടുക. എഴുന്നേല്‍ക്ക, ബാരാക്കേ, അബീനോവാമാത്മജാ. നിന്റെ ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോക.

13 അന്നു ശ്രേഷ്ഠന്മാരുടെ ശിഷ്ടവും പടജ്ജനവും ഇറങ്ങിവന്നു. വീരന്മാരുടെ മദ്ധ്യേ യഹോവയും എനിക്കായി ഇറങ്ങിവന്നു.

14 എഫ്രയീമില്‍നിന്നു അമാലേക്കില്‍ വേരുള്ളവരും, ബെന്യാമീനേ, നിന്റെ പിന്നാലെ നിന്റെ ജനസമൂഹത്തില്‍ മാഖീരില്‍നിന്നു അധിപന്മാരും സെബൂലൂനില്‍നിന്നു നായകദണ്ഡധാരികളും വന്നു.

15 യിസ്സാഖാര്‍ പ്രഭുക്കന്മാര്‍ ദെബോരയോടുകൂടെ യിസ്സാഖാര്‍ എന്നപോലെ ബാരാക്കും താഴ്വരയില്‍ അവനോടുകൂടെ ചാടി പുറപ്പെട്ടു. രൂബേന്റെ നീര്‍ച്ചാലുകള്‍ക്കരികെ ഘനമേറിയ മനോനിര്‍ണ്ണയങ്ങള്‍ ഉണ്ടായി.

16 ആട്ടിന്‍ കൂട്ടങ്ങള്‍ക്കരികെ കുഴലൂത്തു കേള്‍പ്പാന്‍ നീ തൊഴുത്തുകള്‍ക്കിടയില്‍ പാര്‍ക്കുംന്നതെന്തു? രൂബേന്റെ നീര്‍ച്ചാലുകള്‍ക്കരികെ ഘനമേറിയ മനോനിര്‍ണ്ണയങ്ങള്‍ ഉണ്ടായി.

17 ഗിലെയാദ് യോര്‍ദ്ദാന്നക്കരെ പാര്‍ത്തു. ദാന്‍ കപ്പലുകള്‍ക്കരികെ താമസിക്കുന്നതു എന്തു? ആശേര്‍ സമുദ്രതീരത്തു അനങ്ങാതിരുന്നു തുറമുഖങ്ങള്‍ക്കകത്തു പാര്‍ത്തുകൊണ്ടിരുന്നു.

18 സെബൂലൂന്‍ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോര്‍ക്കളമേടുകളില്‍ തന്നേ.

19 രാജാക്കന്മാര്‍ വന്നു പൊരുതുതാനാക്കില്‍വെച്ചു മെഗിദ്ദോവെള്ളത്തിന്നരികെ കനാന്യഭൂപന്മാര്‍ അന്നു പൊരുതു, വെള്ളിയങ്ങവര്‍ക്കും കൊള്ളയായില്ല.

20 ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ പൊരുതു അവ സീസെരയുമായി സ്വഗതികളില്‍ പൊരുതു.

21 കീശോന്‍ തോടു പുരാതനനദിയാം കീശോന്‍ തോടു തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടു പോയി. എന്‍ മനമേ, നീ ബലത്തോടെ നടകൊള്‍ക.

22 അന്നു വല്ഗിതത്താല്‍, ശൂരവല്ഗിതത്താല്‍ കുതിരകൂളമ്പുകള്‍ ഘട്ടനം ചെയ്തു.

23 മേരോസ് നഗരത്തെ ശപിച്ചുകൊള്‍വിന്‍ , അതിന്‍ നിവാസികളെ ഉഗ്രമായി ശപിപ്പിന്‍ എന്നു യഹോവാദൂതന്‍ അരുളിച്ചെയ്തു. അവര്‍ യഹോവേക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാര്‍ക്കെതിരെ യഹോവേക്കു തുണയായി തന്നേ.

24 കേന്യനാം ഹേബേരിന്‍ ഭാര്യയാം യായേലോ നാരീജനത്തില്‍ അനുഗ്രഹം ലഭിച്ചവള്‍, കൂടാരവാസിനീജനത്തില്‍ അനുഗ്രഹം ലഭിച്ചവള്‍.

25 തണ്ണീര്‍ അവന്‍ ചോദിച്ചു, പാല്‍ അവള്‍ കൊടുത്തു; രാജകീയപാത്രത്തില്‍ അവള്‍ ക്ഷീരം കൊടുത്തു.

26 കുറ്റിയെടുപ്പാന്‍ അവള്‍ കൈനീട്ടി തന്റെ വലങ്കൈ പണിക്കാരുടെ ചുറ്റികെക്കുനീട്ടി; സീസെരയെ തല്ലി അവന്റെ തല തകര്‍ത്തു അവന്റെ ചെന്നി കുത്തിത്തുളെച്ചു.

27 അവളുടെ കാല്‍ക്കല്‍ അവന്‍ കുനിഞ്ഞുവീണു, അവളുടെ കാല്‍ക്കല്‍ അവന്‍ കുനിഞ്ഞുവീണു കിടന്നു; കുനിഞ്ഞേടത്തു തന്നേ അവന്‍ ചത്തുകിടന്നു.

28 സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞുനിന്നു നോക്കിക്കൊണ്ടിരുന്നു. ജാലകത്തൂടെ വിളിച്ചുപറഞ്ഞിതുഅവന്റെ തേര്‍ വരുവാന്‍ വൈകുന്നതു എന്തു? രഥചക്രങ്ങള്‍ക്കു താമസം എന്തു?

29 ജ്ഞാനമേറിയ നായകിമാര്‍ അതിന്നുത്തരം പറഞ്ഞു; താനും തന്നോടു മറുപടി ആവര്‍ത്തിച്ചു

30 കിട്ടിയ കൊള്ള അവര്‍ പങ്കിടുകയല്ലെയോ? ഔരോ പുരുഷന്നു ഒന്നും രണ്ടും പെണ്ണുങ്ങള്‍, സീസെരെക്കു കൊള്ള വിചിത്രവസ്ത്രം വിചിത്രത്തയ്യലായ കൊള്ളയും കൂടെ. കൊള്ളക്കാരുടെ കഴുത്തില്‍ വിചിത്രശീല ഈരണ്ടു കാണും.

31 യഹോവേ, നിന്റെ ശത്രുക്കള്‍ ഒക്കെയും ഇവ്വണം നശിക്കട്ടെ. അവനെ സ്നേഹിക്കുന്നവരോ സൂര്യന്‍ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ തന്നേ. പിന്നെ ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.