Стъпка 121

Проучване

     

ദിനവൃത്താന്തം 1 16

1 ഇങ്ങനെ അവര്‍ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്നകത്തു വെച്ചു; പിന്നെ അവര്‍ ദൈവത്തിന്റെ സന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.

2 ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീര്‍ന്നശേഷം ജനത്തെ യഹോവയുടെ നാമത്തില്‍ അനുഗ്രഹിച്ചു.

3 അവന്‍ യിസ്രായേലില്‍ ഔരോ പുരുഷന്നും സ്ത്രീക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടവീതം വിഭാഗിച്ചുകൊടുത്തു.

4 അവന്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു കീര്‍ത്തനവും വന്ദനവും സ്തോത്രവും ചെയ്‍വാന്‍ ലേവ്യരില്‍നിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.

5 ആസാഫ് തലവന്‍ ; രണ്ടാമന്‍ സെഖര്‍യ്യാവു; പിന്നെ യെയീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, മത്ഥിഥ്യാവു, എലീയാബ്, ബെനായാവു, ഔബേദ്-എദോം, യെയീയേല്‍ എന്നിവര്‍ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.

6 പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പില്‍ നിരന്തരം കാഹളം ഊതി.

7 അന്നു, ആ ദിവസം തന്നേ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവേക്കു സ്തോത്രം ചെയ്യേണ്ടതിന്നു ആദ്യം നിയമിച്ചതെന്തെന്നാല്‍

8 യഹോവേക്കു സ്തോത്രം ചെയ്തു; അവന്റെ നാമത്തെ ആരാധിപ്പിന്‍ ; ജാതികളുടെ ഇടയില്‍ അവന്റെ പ്രവൃത്തികളെ അറിയിപ്പിന്‍ ;

9 അവന്നു പാടി കീര്‍ത്തനം ചെയ്‍വിന്‍ ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വര്‍ണ്ണിപ്പിന്‍ .

10 അവന്റെ വിശുദ്ധനാമത്തില്‍ പുകഴുവിന്‍ ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.

11 യഹോവയെയും അവന്റെ ശക്തിയെയും തേടുവിന്‍ ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിന്‍ .

12 അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,

13 അവന്‍ ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഔര്‍ത്തുകൊള്‍വിന്‍ .

14 അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്റെ ന്യായവിധികള്‍ സര്‍വ്വഭൂമിയിലുമുണ്ടു.

15 അവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഔര്‍ത്തുകൊള്‍വിന്‍ .

16 അബ്രാഹാമോടു അവന്‍ ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.

17 അതിനെ അവന്‍ യാക്കോബിന്നു ഒരു പ്രമാണമായും യിസ്രായേലിന്നൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.

18 ഞാന്‍ നിനക്കു അവകാശമായി കനാന്‍ ദേശത്തെ തരും എന്നു കല്പിച്ചു.

19 നിങ്ങള്‍ എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും

20 അവര്‍ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും

21 ആരും അവരെ പീഡിപ്പിപ്പാന്‍ അവന്‍ സമ്മതിച്ചില്ല; അവര്‍നിമിത്തം രാജാക്കന്മാരെയും ശാസിച്ചതു

22 എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകര്‍ക്കും ദോഷം ചെയ്കയുമരുതു.

23 സര്‍വ്വഭൂവാസികളേ, യഹോവേക്കു പാടുവിന്‍ ; നാള്‍ക്കുനാള്‍ അവന്റെ രക്ഷയെ പ്രസ്താവിപ്പിന്‍ .

24 ജാതികളുടെ നടുവില്‍ അവന്റെ മഹത്വവും സര്‍വ്വവംശങ്ങളുടെയും മദ്ധ്യേ അവന്റെ അത്ഭുതങ്ങളും കഥിപ്പിന്‍ .

25 യഹോവ വലിയവനും അത്യന്തം സ്തുത്യനും സര്‍വ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.

26 ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങള്‍ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവന്‍ .

27 യശസ്സും തേജസ്സും അവന്റെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ടു.

28 ജാതികളുടെ കുലങ്ങളേ, യഹോവേക്കു കൊടുപ്പിന്‍ ;

29 യഹോവേക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിന്‍ ; കാഴ്ചയുമായി അവന്റെ സന്നിധിയില്‍ ചെല്ലുവിന്‍ ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിന്‍ .

30 സര്‍വ്വഭൂമിയേ, അവന്റെ സന്നിധിയില്‍ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.

31 സ്വര്‍ഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.

32 സമുദ്രവും അതിന്റെ പൂര്‍ണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ.

33 അന്നു വനത്തിലെ വൃക്ഷങ്ങള്‍ യഹോവയുടെ മുമ്പില്‍ ആര്‍ക്കും; അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നുവല്ലോ.

34 യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.

35 ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയില്‍ പുകഴുവാന്‍ ജാതികളുടെ ഇടയില്‍നിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിന്‍ .

36 യിസ്രായേലിന്‍ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ . സകലജനവും ആമേന്‍ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.

37 ഇങ്ങനെ പെട്ടകത്തിന്റെ മുമ്പില്‍ ദിവസംപ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന്നു ആസാഫിനെയും അവന്റെ സഹോദരന്മാരെയും

38 ഒബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടുപേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഔബേദ്-എദോമിനെയും ഹോസയെയും വാതില്‍കാവല്‍ക്കാരായും നിര്‍ത്തി.

39 പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയില്‍ യഹോവയുടെ തിരുനിവാസത്തിന്മുമ്പില്‍ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള

40 അവന്റെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേല്‍ യഹോവേക്കു

41 ഹോമയാഗം കഴിപ്പാനും അവരോടുകൂടെ ഹേമാന്‍ , യെദൂഥൂന്‍ മുതലായി പേര്‍വിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവേക്കു സ്തോത്രം ചെയ്‍വാനും നിയമിച്ചു.

42 അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിന്നായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന്നു നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാര്‍ വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു;

43 പിന്നെ സര്‍വ്വജനവും ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാന്‍ മടങ്ങിപ്പോയി.

ദിനവൃത്താന്തം 1 17

1 ദാവീദ് തന്റെ അരമനയില്‍ വസിച്ചിരിക്കുംകാലത്തു ഒരുനാള്‍ നാഥാന്‍ പ്രവാചകനോടുഇതാ ഞാന്‍ ദേവദാരുകൊണ്ടുള്ള അരമനയില്‍ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകള്‍ക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു.

2 നാഥാന്‍ ദാവീദിനോടുനിന്റെ താല്പര്യംപോലെയൊക്കെയും ചെയ്താലും; യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.

3 എന്നാല്‍ അന്നു രാത്രി നാഥാന്നു ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തെന്നാല്‍

4 നീ ചെന്നു എന്റെ ദാസനായ ദാവീദിനോടു പറകയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; എനിക്കു വസിപ്പാനുള്ള ആലയം പണിയേണ്ടതു നീയല്ല.

5 ഞാന്‍ യിസ്രായേലിനെ കൊണ്ടുവന്ന നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ ഒരു ആലയത്തില്‍ വാസം ചെയ്യാതെ കൂടാരത്തില്‍നിന്നു കൂടരത്തിലേക്കും നിവാസത്തില്‍നിന്നു നിവാസത്തിലേക്കും സഞ്ചരിച്ചു.

6 എല്ലായിസ്രായേലിനോടുംകൂടെ സഞ്ചരിച്ചുവന്ന സ്ഥലങ്ങളില്‍ എവിടെവെച്ചെങ്കിലും എന്റെ ജനത്തെ മേയിപ്പാന്‍ ഞാന്‍ കല്പിച്ചാക്കിയ യിസ്രായേല്‍ ന്യായാധിപതിമാരില്‍ ആരോടെങ്കിലുംനിങ്ങള്‍ എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതെയിരിക്കുന്നതു എന്തു എന്നു ഒരു വാക്കു ഞാന്‍ കല്പിച്ചിട്ടുണ്ടോ?

7 ആകയാല്‍ നീ എന്റെ ഭൃത്യനായ ദാവീദിനോടു പറയേണ്ടതെന്തെന്നാല്‍സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കേണ്ടതിന്നു ഞാന്‍ നിന്നെ പുല്പുറത്തുനിന്നു, ആടുകളെ നോക്കുമ്പോള്‍ തന്നേ എടുത്തു.

8 നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാന്‍ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പില്‍നിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാന്‍ നിനക്കു ഉണ്ടാക്കും. ഞാന്‍ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവര്‍ സ്വന്തസ്ഥലത്തു പാര്‍ത്തു അവിടെനിന്നു ഇളകാതവണ്ണം അവരെ നടുകയും ചെയ്യും; പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാന്‍ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാര്‍ അവരെ ക്ഷയിപ്പിക്കയില്ല.

9 ഞാന്‍ നിന്റെ സകലശത്രുക്കളെയും അടക്കും; യഹോവ നിനക്കു ഒരു ഗൃഹം പണിയുമെന്നും ഞാന്‍ നിന്നോടു അറിയിക്കുന്നു.

10 നീ നിന്റെ പിതാക്കന്മാരുടെ അടുക്കല്‍ പോകേണ്ടതിന്നു നിന്റെ ജീവകാലം തികയുമ്പോള്‍ ഞാന്‍ നിന്റെ ശേഷം നിന്റെ പുത്രന്മാരില്‍ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും.

11 അവന്‍ എനിക്കു ഒരു ആലയം പണിയും; ഞാന്‍ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.

12 ഞാന്‍ അവന്നു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും; നിന്റെ മുന്‍ വാഴ്ചക്കാരനോടു ഞാന്‍ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോടു അതിനെ എടുത്തുകളകയില്ല.

13 ഞാന്‍ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിര്‍ത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.

14 ഈ വാക്കുകളും ഈ ദര്‍ശനവും എല്ലാം നാഥാന്‍ ദാവീദിനോടു പ്രസ്താവിച്ചു.

15 അപ്പോള്‍ ദാവീദ് രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയില്‍ ഇരുന്നു പറഞ്ഞതെന്തെന്നാല്‍യഹോവയായ ദൈവമേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍ ഞാന്‍ ആര്‍? എന്റെ ഗൃഹവും എന്തുള്ളു?

16 ദൈവമേ, ഇതും പോരാ എന്നു തോന്നീട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീര്‍ഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്കയും ശ്രേഷ്ഠപദവിയിലുള്ള മനുഷ്യന്റെ അവസ്ഥെക്കൊത്തവണ്ണം എന്നെ ആദരിക്കയും ചെയ്തിരിക്കുന്നു.

17 അടിയന്നു ചെയ്ത ബഹുമാനത്തെക്കുറിച്ചു ദാവീദ് ഇനി എന്തു പറയേണ്ടു? നീ അടിയനെ അറിയുന്നുവല്ലോ.

18 യഹോവേ, അടിയന്‍ നിമിത്തവും നിന്റെ പ്രസാദപ്രകാരവും നീ ഈ മഹിമ ഒക്കെയും പ്രവര്‍ത്തിച്ചു ഈ വങ്കാര്യം എല്ലാം അറിയിച്ചുതന്നിരിക്കുന്നു.

19 ഞങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഔര്‍ത്താല്‍ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല.

20 മിസ്രയീമില്‍നിന്നു നീ ഉദ്ധരിച്ച നിന്റെ ജനത്തിന്റെ മുമ്പില്‍നിന്നു ജാതികളെ നീക്കിക്കളകയില്‍ വലിയതും ഭയങ്കരവുമായ കാര്യങ്ങളാല്‍ നിനക്കു ഒരു നാമം സമ്പാദിക്കേണ്ടതിന്നുദൈവമേ നീ ചെന്നു നിനക്കു സ്വന്തജനമായി വിണ്ടെടുത്ത നിന്റെ ജനമായ യിസ്രായേലിനെപ്പോലെ ഭൂമിയില്‍ ഏതൊരു ജാതിയുള്ളു?

21 നിന്റെ ജനമായ യിസ്രായേലിനെ നീ എന്നേക്കും നിനക്കു സ്വന്തജനമാക്കുകയും യഹോവേ, നീ അവര്‍ക്കും ദൈവമായ്തീരുകയും ചെയ്തുവല്ലോ.

22 ആകയാല്‍ യഹോവേ, ഇപ്പോള്‍ നീ അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ചു അരുളിച്ചെയ്ത വചനം എന്നേക്കും സ്ഥിരമായിരിക്കട്ടെ; അരുളിച്ചെയ്തതുപോലെ തന്നേ ചെയ്യേണമേ.

23 സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്റെ ദൈവമാകുന്നു; യിസ്രായേലിന്നു ദൈവം തന്നേ എന്നിങ്ങനെ നിന്റെ നാമം എന്നേക്കും സ്ഥിരപ്പെട്ടു മഹത്വപ്പെടുകയും നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ നിലനില്‍ക്കയും ചെയ്യുമാറാകട്ടെ.

24 എന്റെ ദൈവമേ, അടിയന്നു നീ ഒരു ഗൃഹം പണിയുമെന്നു വെളിപ്പെടുത്തിത്തന്നിരിക്കുന്നു; അതുകൊണ്ടു അടിയന്‍ തിരുസന്നിധിയില്‍ പ്രാര്‍ത്ഥിപ്പാന്‍ ധൈര്യംപ്രാപിച്ചു.

25 ആകയാല്‍ യഹോവേ, നീ തന്നേ ദൈവം; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.

26 അതുകൊണ്ടു അടിയന്റെ ഗൃഹം തിരുമുമ്പാകെ എന്നേക്കും ഇരിക്കേണ്ടതിന്നു അതിനെ അനുഗ്രഹിപ്പാന്‍ നിനക്കു പ്രസാദം തോന്നിയിരിക്കുന്നു; യഹോവേ, നീ അനുഗ്രഹിച്ചിരിക്കുന്നു; അതു എന്നേക്കും അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നുവല്ലോ.

ദിനവൃത്താന്തം 1 18

1 അതിന്റെശേഷം ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചു അടക്കി, ഗത്തും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും ഫെലിസ്ത്യരുടെ കയ്യില്‍ നിന്നു പിടിച്ചു.

2 പിന്നെ അവന്‍ മോവാബിനെ തോല്പിച്ചു; മോവാബ്യര്‍ ദാവീദിന്റെ ദാസന്മാരായി കാഴ്ചകൊണ്ടുവന്നു.

3 സോബാരാജാവായ ഹദദേസെര്‍ ഫ്രാത്ത് നദീതീരത്തിങ്കല്‍ തന്റെ ആധിപത്യം ഉറപ്പിപ്പാന്‍ പോയപ്പോള്‍ ദാവീദ് അവനെയും ഹമാത്തില്‍വെച്ചു തോല്പിച്ചുകളഞ്ഞു.

4 അവന്റെ വക ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; ദാവീദ് അവയില്‍ നൂറു രഥകൂതിരകളെ വെച്ചുകൊണ്ടുശേഷം രഥകൂതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.

5 സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാന്‍ ദമ്മേശെക്കിലെ അരാമ്യര്‍ വന്നപ്പോള്‍ ദാവീദ് അരാമ്യരില്‍ ഇരുപതിനായിരം പേരെ നിഗ്രഹിച്ചു.

6 പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേര്‍ന്ന അരാമില്‍ കാവല്പട്ടാളങ്ങളെ പാര്‍പ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായി കാഴ്ചകൊണ്ടുവന്നു; ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.

7 ഹദദേസെരിന്റെ ദാസന്മാര്‍ക്കുംണ്ടായിരുന്ന പൊന്‍ പരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.

8 ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തില്‍നിന്നും കൂനില്‍നിന്നും അനവധി താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോന്‍ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.

9 എന്നാല്‍ ദാവീദ് സോബാരാജാവായ ഹദദേസെരിന്റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത്രാജാവായ തോവൂ കേട്ടപ്പോള്‍

10 അവന്‍ ദാവീദ്‍രാജാവിനോടു കുശലും ചോദിപ്പാനും അവന്‍ ഹദദേസെരിനോടു യുദ്ധം ചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മില്‍ കൂടക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവന്‍ പൊന്നു, വെള്ളി താമ്രം ഇവകൊണ്ടുള്ള സകലവിധസാധനങ്ങളെയും കൊണ്ടു വന്നു.

11 ദാവീദ്‍രാജാവു അവയെ താന്‍ ഏദോം, മോവാബ്, അമ്മോന്യര്‍, ഫെലിസ്ത്യര്‍, അമാലേക്‍ മുതലായ സകലജാതികളുടെ പക്കല്‍നിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവേക്കു വിശുദ്ധീകരിച്ചു.

12 സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയില്‍വെച്ചു എദോമ്യരില്‍ പതിനെണ്ണായിരംപേരെ സംഹരിച്ചു.

13 ദാവീദ് എദോമില്‍ കാവല്പട്ടാളങ്ങളെ ആക്കി; എദോമ്യര്‍ എല്ലാവരും അവന്നു ദാസന്മാര്‍ ആയ്തീര്‍ന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.

14 ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണു; തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിവന്നു.

15 സെരൂയയുടെ മകനായ യോവാബ് സേനാധിപതി ആയിരുന്നു; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രിയും

16 അഹീത്തൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും ശവ്ശാ രായസക്കാരനും

17 യെഹോയാദയുടെ മകനായ ബെനായാവു ക്രേത്യര്‍ക്കും പ്ളേത്യര്‍ക്കും അധിപതിയും ആയിരുന്നു; ദാവീദിന്റെ പുത്രന്മാര്‍ രാജാവിന്റെ അടുക്കല്‍ പ്രധാനപരിചാരകന്മാരായിരുന്നു.

ദിനവൃത്താന്തം 1 19:1-9

1 അതിന്റെ ശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അവന്റെ മകന്‍ അവന്നു പകരം രാജാവായി.

2 അപ്പോള്‍ ദാവീദ്നാഹാശ് എനിക്കു ദയ കാണിച്ചതു കൊണ്ടു അവന്റെ മകനായ ഹാനൂന്നു ഞാനും ദയ കാണിക്കും എന്നു പറ്ഞ്ഞു. അങ്ങനെ അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാന്‍ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്റെ ദൂതന്മാര്‍ അമ്മോന്യരുടെ ദേശത്തു ഹാനൂന്റെ അടുക്കല്‍ അവനെ ആശ്വസിപ്പിപ്പാന്‍ വന്നപ്പോള്‍

3 അമ്മോന്യ പ്രഭുക്കന്മാര്‍ ഹാനൂനോടുദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു നിന്റെ അടുക്കല്‍ ആശ്വസിപ്പിക്കുന്നവരെ അയച്ചിരിക്കുന്നതു എന്നു നിനക്കു തോന്നുന്നുവോ? ദേശത്തെ പരിശോധിപ്പാനും മുടിപ്പാനും ഒറ്റുനോക്കുവാനും അല്ലയോ അവന്റെ ഭൃത്യന്മാര്‍ നിന്റെ അടുക്കല്‍ വന്നിരിക്കുന്നതു എന്നു പറഞ്ഞു.

4 അപ്പോള്‍ ഹാനൂന്‍ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൌരം ചെയ്യിച്ചു അവരുടെ അങ്കികളെ നടുവില്‍ ആസനംവരെ മുറിച്ചുകളഞ്ഞു വിട്ടയച്ചു.

5 ചിലര്‍ ചെന്നു ആ പുരുഷന്മാരുടെ വസ്തുത ദാവീദിനെ അറിയിച്ചു; അവര്‍ ഏറ്റവും ലജ്ജിച്ചിരിക്കയാല്‍ അവന്‍ അവരെ എതിരേല്പാന്‍ ആളയച്ചു; നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവില്‍ പാര്‍ത്തിട്ടു മടങ്ങിവരുവിന്‍ എന്നു രാജാവു പറയിച്ചു.

6 തങ്ങള്‍ ദാവീദിന്നു വെറുപ്പായി എന്നു അമ്മോന്യര്‍ കണ്ടപ്പോള്‍ ഹാനൂനും അമ്മോന്യരും മെസൊപൊതാമ്യയില്‍നിന്നും മയഖയോടു ചേര്‍ന്ന അരാമില്‍നിന്നും സോബയില്‍നിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.

7 അവര്‍ മുപ്പത്തീരായിരം രഥങ്ങളെയും മയഖാരാജാവിനെയും അവന്റെ പടജ്ജനത്തെയും കൂലിക്കു വാങ്ങി; അവര്‍ വന്നു മെദേബെക്കു മുമ്പില്‍ പാളയമിറങ്ങി; അമ്മോന്യരും അവരുടെ പട്ടണങ്ങളില്‍നിന്നു വന്നുകൂടി പടെക്കു പുറപ്പെട്ടു.

8 ദാവീദ് അതു കേട്ടപ്പോള്‍ യോവാബിനെയും വീരന്മാരുടെ സകലസൈന്യത്തെയും അയച്ചു.

9 അമ്മോന്യര്‍ പുറപ്പെട്ടു പട്ടണത്തിന്റെ പടിവാതില്‍ക്കല്‍ പടെക്കു അണിനിരന്നു; വന്ന രാജാക്കന്മാരോ തനിച്ചു വെളിന്‍ പ്രദേശത്തായിരുന്നു.