Schritt 160

Lernen

     

സങ്കീർത്തനങ്ങൾ 27:7-14

7 യഹോവേ, ഞാന്‍ ഉറക്കെ, വിളിക്കുമ്പോള്‍ കേള്‍ക്കേണമേ; എന്നോടു കൃപചെയ്തു എനിക്കുത്തരമരുളേണമേ.

8 “എന്റെ മുഖം അന്വേഷിപ്പിന്” എന്നു നിങ്കല്‍നിന്നു കല്പന വന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാന്‍ നിന്റെ മുഖം അന്വേഷിക്കുന്നു.

9 നിന്റെ മുഖം എനിക്കു മറെക്കരുതേ; അടിയനെകോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ.

10 എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേര്‍ത്തുകൊള്ളും.

11 യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കള്‍നിമിത്തം നേരെയുള്ള പാതയില്‍ എന്നെ നടത്തേണമേ.

12 എന്റെ വൈരികളുടെ ഇഷ്ടത്തിന്നു എന്നെ ഏല്പിച്ചുകൊടുക്കരുതേ; കള്ളസാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോടു എതിര്‍ത്തുനിലക്കുന്നു.

13 ഞാന്‍ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കില്‍ കഷ്ടം!

14 യഹോവയിങ്കല്‍ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കല്‍ പ്രത്യാശവെക്കുക.

സങ്കീർത്തനങ്ങൾ 28

1 യഹോവേ, ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായുള്ളോവേ, നീ കേള്‍ക്കാതിരിക്കരുതേ; നീ മിണ്ടാതിരുന്നിട്ടു ഞാന്‍ കുഴിയില്‍ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ തന്നേ.

2 ഞാന്‍ എന്റെ കൈകളെ വിശുദ്ധാന്തര്‍മ്മന്ദിരത്തിങ്കലേക്കുയര്‍ത്തി നിന്നോടു നിലവിളിക്കുമ്പോള്‍ എന്റെ യാചനകളുടെ ശബ്ദം കേള്‍ക്കേണമേ.

3 ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടെ എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവര്‍ കൂട്ടുകാരോടു സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തില്‍ ദുഷ്ടത ഉണ്ടു.

4 അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവര്‍ക്കും കൊടുക്കേണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ; അവര്‍ക്കും തക്കതായ പ്രതിഫലം കൊടുക്കേണമേ;

5 യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും അവര്‍ വിവേചിക്കായ്കകൊണ്ടു അവന്‍ അവരെ പണിയാതെ ഇടിച്ചുകളയും.

6 യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; അവന്‍ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.

7 യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കല്‍ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാന്‍ അവനെ സ്തുതിക്കുന്നു.

8 യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവന്‍ രക്ഷാദുര്‍ഗ്ഗം തന്നേ.

9 നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കേണമേ.

സങ്കീർത്തനങ്ങൾ 29

1 ദൈവപുത്രന്മാരേ, യഹോവേക്കു കൊടുപ്പിന്‍ , യഹോവേക്കു മഹത്വവും ശക്തിയും കൊടുപ്പിന്‍ .

2 യഹോവേക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിന്‍ ; വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിന്‍ .

3 യഹോവയുടെ ശബ്ദം വെള്ളത്തിന്മീതെ മുഴങ്ങുന്നു; പെരുവെള്ളത്തിന്മീതെ യഹോവ, മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു.

4 യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.

5 യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകര്‍ക്കുംന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകര്‍ക്കുംന്നു.

6 അവന്‍ അവയെ കാളകൂട്ടിയെപ്പോലെയും ലെബാനോനെയും സിര്‍യ്യോനെയും കാട്ടുപോത്തിന്‍ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.

7 യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.

8 യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുവിനെ നടുക്കുന്നു.

9 യഹോവയുടെ ശബ്ദം മാന്‍ പേടകളെ പ്രസവിക്കുമാറാക്കുന്നു; അതു വനങ്ങളെ തോലുരിക്കുന്നു; അവന്റെ മന്ദിരത്തില്‍ സകലവും മഹത്വം എന്നു ചൊല്ലുന്നു.

10 യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.

11 യഹോവ തന്റെ ജനത്തിന്നു ശക്തി നലകും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.

സങ്കീർത്തനങ്ങൾ 30

1 യഹോവേ, ഞാന്‍ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സന്തോഷിപ്പാന്‍ നീ ഇടയാക്കിയതുമില്ല.

2 എന്റെ ദൈവമായ യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; നീ എന്നെ സൌഖ്യമാക്കുകയും ചെയ്തു.

3 യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തില്‍നിന്നു കരേറ്റിയിരിക്കുന്നു; ഞാന്‍ കുഴിയില്‍ ഇറങ്ങിപ്പോകാതിരിക്കേണ്ടതിന്നു നീ എനിക്കു ജീവരക്ഷ വരുത്തിയിരിക്കുന്നു.

4 യഹോവയുടെ വിശുദ്ധന്മാരേ, അവന്നു സ്തുതിപാടുവിന്‍ ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിന്‍ .

5 അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കല്‍ കരച്ചല്‍ വന്നു രാപാര്‍ക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.

6 ഞാന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്നു എന്റെ സുഖകാലത്തു ഞാന്‍ പറഞ്ഞു.

7 യഹോവേ, നിന്റെ പ്രസാദത്താല്‍ നീ എന്റെ പര്‍വ്വതത്തെ ഉറെച്ചു നിലക്കുമാറാക്കി; നീ നിന്റെ മുഖത്തെ മറെച്ചു, ഞാന്‍ ഭ്രമിച്ചുപോയി.

8 യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാന്‍ യാചിച്ചു.

9 ഞാന്‍ കുഴിയില്‍ ഇറങ്ങിപ്പോയാല്‍ എന്റെ രക്തംകൊണ്ടു എന്തു ലാഭമുള്ളു? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ?

10 യഹോവേ, കേള്‍ക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ.

11 നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീര്‍ത്തു; എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു.

12 ഞാന്‍ മൌനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിന്നു തന്നേ. എന്റെ ദൈവമായ യഹോവേ, ഞാന്‍ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.

സങ്കീർത്തനങ്ങൾ 31:1-5

1 യഹോവേ, ഞാന്‍ നിന്നെ ശരണം പ്രാപിക്കുന്നു; ഞാന്‍ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.

2 നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിന്നു കോട്ടയായും ഇരിക്കേണമേ;

3 നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ. നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ;

4 അവര്‍ എനിക്കായി ഒളിച്ചുവെച്ചിരിക്കുന്ന വലയില്‍നിന്നു എന്നെ വിടുവിക്കേണമേ; നീ എന്റെ ദുര്‍ഗ്ഗമാകുന്നുവല്ലോ.

5 നിന്റെ കയ്യില്‍ ഞാന്‍ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.