Schritt 163

Lernen

     

സങ്കീർത്തനങ്ങൾ 35:22-28

22 യഹോവേ, നീ കണ്ടുവല്ലോ; മൌനമായിരിക്കരുതേ; കര്‍ത്താവേ, എന്നോടകന്നിരിക്കരുതേ,

23 എന്റെ ദൈവവും എന്റെ കര്‍ത്താവുമായുള്ളോവേ, ഉണര്‍ന്നു എന്റെ ന്യായത്തിന്നും വ്യവഹാരത്തിന്നും ജാഗരിക്കേണമേ.

24 എന്റെ ദൈവമായ യഹോവേ, നിന്റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചു തരേണമേ; അവര്‍ എന്നെക്കുറിച്ചു സന്തോഷിക്കരുതേ.

25 അവര്‍ തങ്ങളുടെ ഹൃദയത്തില്‍നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങള്‍ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ.

26 എന്റെ അനര്‍ത്ഥത്തില്‍ സന്തോഷിയക്കുന്നവര്‍ ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ, എന്റെ നേരെ വമ്പുപറയുന്നവര്‍ ലജ്ജയും അപമാനവും ധരിക്കട്ടെ.

27 എന്റെ നീതിയില്‍ പ്രസാദിക്കുന്നവര്‍ ഘോഷിച്ചാനന്ദിക്കട്ടെ. തന്റെ ദാസന്റെ ശ്രേയസ്സില്‍ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവന്‍ എന്നിങ്ങനെ അവര്‍ എപ്പോഴും പറയട്ടെ.

28 എന്റെ നാവു നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വര്‍ണ്ണിക്കും.

സങ്കീർത്തനങ്ങൾ 36

1 ദുഷ്ടന്നു തന്റെ ഹൃദയത്തില്‍ പാപാദേശമുണ്ടു; അവന്റെ ദൃഷ്ടിയില്‍ ദൈവഭയമില്ല.

2 തന്റെ കുറ്റം തെളിഞ്ഞു വെറുപ്പായ്തീരുകയില്ല എന്നിങ്ങനെ അവ തന്നോടു തന്നേ മധുരവാക്കു പറയുന്നു.

3 അവന്റെ വായിലെ വാക്കുകള്‍ അകൃത്യവും വഞ്ചനയും ആകുന്നു; ബുദ്ധിമാനായിരിക്കുന്നതും നന്മചെയ്യുന്നതും അവന്‍ വിട്ടുകളഞ്ഞിരിക്കുന്നു.

4 അവന്‍ തന്റെ കിടക്കമേല്‍ അകൃത്യം ചിന്തിക്കുന്നു; കൊള്ളരുതാത്ത വഴിയില്‍ അവന്‍ നിലക്കുന്നു; ദോഷത്തെ വെറുക്കുന്നതുമില്ല.

5 യഹോവേ, നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.

6 നിന്റെ നീതി ദിവ്യപര്‍വ്വതങ്ങളെപ്പോലെയും നിന്റെ ന്യായവിധികള്‍ വലിയ ആഴിയെപ്പോലെയും ആകുന്നു; യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.

7 ദൈവമേ, നിന്റെ ദയ എത്ര വിലയേറിയതു! മനുഷ്യപുത്രന്മാര്‍ നിന്റെ ചിറകിന്‍ നിഴലില്‍ ശരണം പ്രാപിക്കുന്നു.

8 നിന്റെ ആലയത്തിലെ പുഷ്ടി അവര്‍ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു; നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.

9 നിന്റെ പക്കല്‍ ജീവന്റെ ഉറവുണ്ടല്ലോ; നിന്റെ പ്രകാശത്തില്‍ ഞങ്ങള്‍ പ്രകാശം കാണുന്നു.

10 നിന്നെ അറിയുന്നവര്‍ക്കും നിന്റെ ദയയും ഹൃദയപരമാര്‍ത്ഥികള്‍ക്കു നിന്റെ നീതിയും ദീര്‍ഘമാക്കേണമേ.

11 ഡംഭികളുടെ കാല്‍ എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ.

12 ദുഷ്പ്രവൃത്തിക്കാര്‍ അവിടെത്തന്നേ വീഴുന്നുഅവര്‍ മറിഞ്ഞു വീഴുന്നു; എഴുന്നേല്പാന്‍ കഴിയുന്നതുമില്ല.

സങ്കീർത്തനങ്ങൾ 37:1-26

1 ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു.

2 അവര്‍ പുല്ലുപോലെ വേഗത്തില്‍ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.

3 യഹോവയില്‍ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാര്‍ത്തു വിശ്വസ്തത ആചരിക്ക. യഹോവയില്‍ തന്നേ രസിച്ചുകൊള്‍ക;

4 അവന്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.

5 നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനില്‍ തന്നേ ആശ്രയിക്ക; അവന്‍ അതു നിര്‍വ്വഹിക്കും.

6 അവന്‍ നിന്റെ നീതിയെ പ്രഭാതംപോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.

7 യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.

8 കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞു പോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.

9 ദുഷ്പ്രവൃത്തിക്കാര്‍ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.

10 കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടന്‍ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.

11 എന്നാല്‍ സൌമ്യതയുള്ളവര്‍ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയില്‍ അവര്‍ ആനന്ദിക്കും.

12 ദുഷ്ടന്‍ നീതിമാന്നു ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവന്‍ പല്ലു കടിക്കുന്നു.

13 കർത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.

14 എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാർഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാർ വാളൂരി വില്ലു കുലെച്ചിരിക്കുന്നു.

15 അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നേ കടക്കും; അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും.

16 അനേകദുഷ്ടന്മാർക്കുംള്ള സമൃദ്ധിയെക്കാൾ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.

17 ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും.

18 യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.

19 ദുഷ്കാലത്തു അവര്‍ ലജ്ജിച്ചു പോകയില്ല; ക്ഷാമകാലത്തു അവര്‍ തൃപ്തരായിരിക്കും,

20 എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലേയുള്ളു; അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.

21 ദുഷ്ടൻ വായ്പ വാങ്ങുന്നു തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.

22 അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.

23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.

24 അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.

25 ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.

26 അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.