Schritt 189

Lernen

     

സങ്കീർത്തനങ്ങൾ 105:25-45

25 തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും അവന്‍ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.

26 അവന്‍ തന്റെ ദാസനായ മോശെയെയും താന്‍ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.

27 ഇവര്‍ അവരുടെ ഇടയില്‍ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.

28 അവന്‍ ഇരുള്‍ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവര്‍ അവന്റെ വചനത്തോടു മറുത്തതുമില്ല;

29 അവന്‍ അവരുടെ വെള്ളത്തെ രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.

30 അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളില്‍പോലും നിറഞ്ഞു.

31 അവന്‍ കല്പിച്ചപ്പോള്‍ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;

32 അവന്‍ അവര്‍ക്കും മഴെക്കു പകരം കല്‍മഴയും അവരുടെ ദേശത്തില്‍ അഗ്നിജ്വാലയും അയച്ചു.

33 അവന്‍ അവരുടെ മുന്തിരിവള്ളികളും അത്തി വൃക്ഷങ്ങളും തകര്‍ത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.

34 അവന്‍ കല്പിച്ചപ്പോള്‍ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,

35 അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.

36 അവന്‍ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും അവരുടെ സര്‍വ്വവീര്യത്തിന്‍ ആദ്യഫലത്തെയും സംഹരിച്ചു.

37 അവന്‍ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളില്‍ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.

38 അവര്‍ പുറപ്പെട്ടപ്പോള്‍ മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേല്‍ വീണിരുന്നു.

39 അവന്‍ തണലിന്നായി ഒരു മേഘം വിരിച്ചു; രാത്രിയില്‍ വെളിച്ചത്തിന്നായി തീ നിറുത്തി.

40 അവര്‍ ചോദിച്ചപ്പോള്‍ അവന്‍ കാടകളെ കൊടുത്തു; സ്വര്‍ഗ്ഗീയഭോജനംകൊണ്ടും അവര്‍ക്കും തൃപ്തിവരുത്തി.

41 അവന്‍ പാറയെ പിളര്‍ന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.

42 അവന്‍ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഔര്‍ത്തു.

43 അവന്‍ തന്റെ ജനത്തെ സന്തോഷത്തോടും താന്‍ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടെ പുറപ്പെടുവിച്ചു.

44 അവര്‍ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു

45 അവന്‍ ജാതികളുടെ ദേശങ്ങളെ അവര്‍ക്കും കൊടുത്തു; അവര്‍ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിന്‍ .

സങ്കീർത്തനങ്ങൾ 106:1-33

1 യഹോവയെ സ്തുതിപ്പിന്‍ ; യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു.

2 യഹോവയുടെ വീര്യപ്രവൃത്തികളെ ആര്‍ വര്‍ണ്ണിക്കും? അവന്റെ സ്തുതിയെ ഒക്കെയും ആര്‍ വിവരിക്കും?

3 ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവര്‍ത്തിക്കുന്നവനും ഭാഗ്യവാന്മാര്‍.

4 യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാന്‍ കാണേണ്ടതിന്നും നിന്റെ ജനത്തിന്റെ സന്തോഷത്തില്‍ സന്തോഷിക്കേണ്ടതിന്നും നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിന്നും

5 നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഔര്‍ത്തു, നിന്റെ രക്ഷകൊണ്ടു എന്നെ സന്ദര്‍ശിക്കേണമേ.

6 ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങള്‍ അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചു.

7 ഞങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീമില്‍വെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഔര്‍ക്കാതെയും കടല്‍ക്കരയില്‍, ചെങ്കടല്‍ക്കരയില്‍വെച്ചു തന്നേ മത്സരിച്ചു.

8 എന്നിട്ടും അവന്‍ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.

9 അവന്‍ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി; അവന്‍ അവരെ മരുഭൂമിയില്‍കൂടി എന്നപോലെ ആഴിയില്‍കൂടി നടത്തി.

10 അവന്‍ പകയന്റെ കയ്യില്‍നിന്നു അവരെ രക്ഷിച്ചു; ശത്രുവിന്റെ കയ്യില്‍നിന്നു അവരെ വീണ്ടെടുത്തു.

11 വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരില്‍ ഒരുത്തനും ശേഷിച്ചില്ല.

12 അവര്‍ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതിപാടുകയും ചെയ്തു.

13 എങ്കിലും അവര്‍ വേഗത്തില്‍ അവന്റെ പ്രവൃത്തികളെ മറന്നു; അവന്റെ ആലോചനെക്കു കാത്തിരുന്നതുമില്ല.

14 മരുഭൂമിയില്‍വെച്ചു അവര്‍ ഏറ്റവും മോഹിച്ചു; നിര്‍ജ്ജനപ്രദേശത്തു അവര്‍ ദൈവത്തെ പരീക്ഷിച്ചു.

15 അവര്‍ അപേക്ഷിച്ചതു അവന്‍ അവര്‍ക്കുംകൊടുത്തു; എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു.

16 പാളയത്തില്‍വെച്ചു അവര്‍ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.

17 ഭൂമി പിളര്‍ന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.

18 അവരുടെ കൂട്ടത്തില്‍ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.

19 അവര്‍ ഹോരേബില്‍വെച്ചു ഒരു കാളകൂട്ടിയെ ഉണ്ടാക്കി; വാര്‍ത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.

20 ഇങ്ങനെ അവര്‍ തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീര്‍ത്തു.

21 മിസ്രയീമില്‍ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും

22 ചെങ്കടലിങ്കല്‍ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവര്‍ മറന്നുകളഞ്ഞു.

23 ആകയാല്‍ അവരെ നശിപ്പിക്കുമെന്നു അവന്‍ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാന്‍ അവന്റെ സന്നിധിയില്‍ പിളര്‍പ്പില്‍ നിന്നില്ലെങ്കില്‍ അവന്‍ അവരെ നശിപ്പിച്ചുകളയുമായിരുന്നു.

24 അവര്‍ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല.

25 അവര്‍ തങ്ങളുടെ കൂടാരങ്ങളില്‍വെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേള്‍ക്കാതെയിരുന്നു.

26 അതുകൊണ്ടു അവന്‍ മരുഭൂമിയില്‍ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയില്‍ നശിപ്പിക്കുമെന്നും

27 അവരെ ദേശങ്ങളില്‍ ചിതറിച്ചുകളയുമെന്നും അവര്‍ക്കും വിരോധമായി തന്റെ കൈ ഉയര്‍ത്തി സത്യംചെയ്തു.

28 അനന്തരം അവര്‍ ബാല്‍പെയോരിനോടു ചേര്‍ന്നു; പ്രേതങ്ങള്‍ക്കുള്ള ബലികളെ തിന്നു.

29 ഇങ്ങനെ അവര്‍ തങ്ങളുടെ ക്രിയകളാല്‍ അവനെ കോപിപ്പിച്ചു; പെട്ടെന്നു ഒരു ബാധ അവര്‍ക്കും തട്ടി.

30 അപ്പോള്‍ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിര്‍ത്തലാകയും ചെയ്തു.

31 അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു.

32 മെരീബാവെള്ളത്തിങ്കലും അവര്‍ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.

33 അവര്‍ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവന്‍ അധരങ്ങളാല്‍ അവിവേകം സംസാരിച്ചുപോയി.