Schritt 300

Lernen

     

ലൂക്കോസ് 1

1 ശ്രീമാനായ തെയോഫിലോസേ, ആദി മുതല്‍ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവര്‍ നമ്മെ ഭരമേല്പിച്ചതുപോലെ,

2 നമ്മുടെ ഇടയില്‍ പൂര്‍ണ്ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാന്‍ പലരും തുനിഞ്ഞിരിക്കകൊണ്ടു,

3 നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാര്‍ത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു

4 അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതല്‍ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.

5 യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്ക്കുറില്‍ സെഖര്‍യ്യാവു എന്നു പേരുള്ളോരു പുരോഹിതന്‍ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരില്‍ ഒരുത്തി ആയിരുന്നു; അവള്‍ക്കു എലീശബെത്ത് എന്നു പേര്‍.

6 ഇരുവരും ദൈവസന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.

7 എലീശബെത്ത് മച്ചിയാകകൊണ്ടു അവര്‍ക്കും സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.

8 അവന്‍ ക്കുറിന്റെ ക്രമപ്രകാരം ദൈവസന്നിധിയില്‍ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോള്‍

9 പൌരോഹിത്യമര്യാദപ്രകാരം കര്‍ത്താവിന്റെ മന്ദിരത്തില്‍ ചെന്നു ധൂപം കാട്ടുവാന്‍ അവന്നു നറുകൂ വന്നു.

10 ധൂപം കാട്ടുന്ന നാഴികയില്‍ ജനസമൂഹം ഒക്കെയും പുറത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

11 അപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ ധൂപപീഠത്തിന്റെ വലത്തു ഭാഗത്തു നില്‍ക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി.

12 സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി.

13 ദൂതന്‍ അവനോടു പറഞ്ഞതുസെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാര്‍ത്ഥനെക്കു ഉത്തരമായിനിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാന്‍ എന്നു പേര്‍ ഇടേണം.

14 നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കല്‍ പലരും സന്തോഷിക്കും.

15 അവന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ വലിയവന്‍ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗര്‍ഭത്തില്‍വെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.

16 അവന്‍ യിസ്രായേല്‍മക്കളില്‍ പലരെയും അവരുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുത്തും.

17 അവന്‍ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കര്‍ത്താവിന്നുവേണ്ടി ഒരുക്കുവാന്‍ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.

18 സെഖര്യാവു ദൂതനോടു; ഇതു ഞാന്‍ എന്തൊന്നിനാല്‍ അറിയും? ഞാന്‍ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.

19 ദൂതന്‍ അവനോടുഞാന്‍ ദൈവസന്നിധിയില്‍ നിലക്കുന്ന ഗബ്രിയേല്‍ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വര്‍ത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.

20 തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുംവരെ നീ സംസാരിപ്പാന്‍ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.

21 ജനം സെഖര്യാവിന്നായി കാത്തിരുന്നു, അവന്‍ മന്ദിരത്തില്‍ താമസിച്ചതിനാല്‍ ആശ്ചര്യപെട്ടു.

22 അവന്‍ പുറത്തു വന്നാറെ അവരോടു സംസാരിപ്പാന്‍ കഴിഞ്ഞില്ല; അതിനാല്‍ അവന്‍ മന്ദിരത്തില്‍ ഒരു ദര്‍ശനം കണ്ടു എന്നു അവര്‍ അറിഞ്ഞു; അവന്‍ അവര്‍ക്കും ആഗ്യം കാട്ടി ഊമനായി പാര്‍ത്തു.

23 അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവന്‍ വീട്ടിലേക്കു പോയി.

24 ആ നാളുകള്‍ കഴിഞ്ഞിട്ടു അവന്റെ ഭാര്യ എലീശബെത്ത് ഗര്‍ഭം ധരിച്ചു

25 മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാന്‍ കര്‍ത്താവു എന്നെ കടാക്ഷിച്ച നാളില്‍ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാര്‍ത്തു.

26 ആറാം മാസത്തില്‍ ദൈവം ഗബ്രീയേല്‍ദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തില്‍,

27 ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കല്‍ അയച്ചു; ആ കന്യകയുടെ പേര്‍ മറിയ എന്നു ആയിരുന്നു.

28 ദൂതന്‍ അവളുടെ അടുക്കല്‍ അകത്തു ചെന്നുകൃപലഭിച്ചവളേ, നിനക്കു വന്ദനം; കര്‍ത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.

29 അവള്‍ ആ വാക്കു കേട്ടു ഭ്രമിച്ചുഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.

30 ദൂതന്‍ അവളോടുമറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.

31 നീ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേര്‍ വിളിക്കേണം.

32 അവന്‍ വലിയവന്‍ ആകും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും; കര്‍ത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും

33 അവന്‍ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.

34 മറിയ ദൂതനോടുഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.

35 അതിന്നു ദൂതന്‍ പരിശുദ്ധാത്മാവു നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ നിഴലിടും; ആകയാല്‍ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.

36 നിന്റെ ചാര്‍ച്ചക്കാരത്തി എലീശബെത്തും വാര്‍ദ്ധക്യത്തില്‍ ഒരു മകനെ ഗര്‍ഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവള്‍ക്കു ഇതു ആറാം മാസം.

37 ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.

38 അതിന്നു മറിയഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതന്‍ അവളെ വിട്ടുപോയി.

39 ആ നാളുകളില്‍ മറിയ എഴുന്നേറ്റു മല നാട്ടില്‍ ഒരു യെഹൂദ്യപട്ടണത്തില്‍ ബദ്ധപ്പെട്ടു ചെന്നു,

40 സെഖര്യാവിന്റെ വീട്ടില്‍ എത്തി എലീശബെത്തിനെ വന്ദിച്ചു.

41 മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോള്‍ പിള്ള അവളുടെ ഗര്‍ഭത്തില്‍ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,

42 ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതുസ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍; നിന്റെ ഗര്‍ഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു

43 എന്റെ കര്‍ത്താവിന്റെ മാതാവു എന്റെ അടുക്കല്‍ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.

44 നിന്റെ വന്ദനസ്വരം എന്റെ ചെവിയില്‍ വീണപ്പോള്‍ പിള്ള എന്റെ ഗര്‍ഭത്തില്‍ ആനന്ദം കൊണ്ടു തുള്ളി.

45 കര്‍ത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി.

46 അപ്പോള്‍ മറിയ പറഞ്ഞതു“എന്റെ ഉള്ളം കര്‍ത്താവിനെ മഹിമപ്പെടുത്തുന്നു;

47 എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തില്‍ ഉല്ലസിക്കുന്നു.

48 അവന്‍ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.

49 ശക്തനായവന്‍ എനിക്കു വലിയവ ചെയ്തിരിക്കുന്നു.

50 അവനെ ഭയപ്പെടുന്നവര്‍ക്കും അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.

51 തന്റെ ഭുജംകൊണ്ടു അവന്‍ ബലം പ്രവര്‍ത്തിച്ചു, ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.

52 പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍ നിന്നു ഇറക്കി താണവരെ ഉയര്‍ത്തിയിരിക്കുന്നു.

53 വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.

54 നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഔര്‍ക്കേണ്ടതിന്നു,

55 തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.”

56 മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാര്‍ത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി.

57 എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോള്‍ അവള്‍ ഒരു മകനെ പ്രസവിച്ചു;

58 കര്‍ത്താവു അവള്‍ക്കു വലിയ കരുണ കാണിച്ചു എന്നു അയല്‍ക്കാരും ചാര്‍ച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.

59 എട്ടാം നാളില്‍ അവര്‍ പൈതലിനെ പരിച്ഛേദന ചെയ്‍വാന്‍ വന്നു; അപ്പന്റെ പേര്‍ പോലെ അവന്നു സെഖര്യാവു എന്നു പേര്‍ വിളിപ്പാന്‍ ഭാവിച്ചു.

60 അവന്റെ അമ്മയോഅല്ല, അവന്നു യോഹന്നാന്‍ എന്നു പേരിടേണം എന്നു പറഞ്ഞു.

61 അവര്‍ അവളോടുനിന്റെ ചാര്‍ച്ചയില്‍ ഈ പേരുള്ളവര്‍ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.

62 പിന്നെ അവന്നു എന്തു പേര്‍ വിളിപ്പാന്‍ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.

63 അവന്‍ ഒരു എഴുത്തു പലക ചോദിച്ചുഅവന്റെ പേര്‍ യോഹന്നാന്‍ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.

64 ഉടനെ അവന്റെ വായും നാവും തുറന്നു, അവന്‍ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.

65 ചുറ്റും പാര്‍ക്കുംന്നവര്‍ക്കും എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടില്‍ എങ്ങും ഈ വാര്‍ത്ത ഒക്കെയും പരന്നു.

66 കേട്ടവര്‍ എല്ലാവരും അതു ഹൃദയത്തില്‍ നിക്ഷേപിച്ചുഈ പൈതല്‍ എന്തു ആകും എന്നു പറഞ്ഞു; കര്‍ത്താവിന്റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു.

67 അവന്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു

68 “യിസ്രായേലിന്റെ ദൈവമായ കര്‍ത്താവു അനുഗ്രഹിക്കപ്പെട്ടവന്‍ . അവന്‍ തന്റെ ജനത്തെ സന്ദര്‍ശിച്ചു ഉദ്ധാരണം ചെയ്കയും

69 ആദിമുതല്‍ തന്റെ വിശുദ്ധപ്രവാചകന്മാര്‍ മുഖാന്തരം അരുളിച്ചെയ്തതുപോലെ

70 നമ്മുടെ ശത്രുക്കളുടെ വശത്തു നിന്നും നമ്മെ പകെക്കുന്ന ഏവരുടെയും കയ്യില്‍ നിന്നും നമ്മെ രക്ഷിപ്പാന്‍

71 തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തില്‍ നമുക്കു രക്ഷയുടെ കൊമ്പു ഉയര്‍ത്തുകയും ചെയ്തിരിക്കുന്നതു,

72 നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവര്‍ത്തിക്കേണ്ടതിന്നും

73 നമ്മുടെ ശത്രുക്കളുടെ കയ്യില്‍ നിന്നു രക്ഷിക്കപ്പെട്ടു

74 നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പില്‍ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാന്‍ നമുക്കു കൃപ നലകുമെന്നു

75 അവന്‍ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്റെ വിശുദ്ധ നിയമവും ഔര്‍ത്തതുകൊണ്ടും ആകുന്നു.

76 നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിന്റെ വഴി ഒരുക്കുവാനും

77 നമ്മുടെ ദൈവത്തിന്റെ ആര്‍ദ്രകരുണയാല്‍ അവന്റെ ജനത്തിന്നു പാപമോചനത്തില്‍ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.

78 ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്‍ക്കും പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാര്‍ഗ്ഗത്തില്‍ നടത്തേണ്ടതിന്നു

79 ആ ആര്‍ദ്രകരുണയാല്‍ ഉയരത്തില്‍നിന്നു ഉദയം നമ്മെ സന്ദര്‍ശിച്ചിരിക്കുന്നു.”

80 പൈതല്‍ വളര്‍ന്നു ആത്മാവില്‍ ബലപ്പെട്ടു; അവന്‍ യിസ്രായേലിന്നു തന്നെത്താന്‍ കാണിക്കും നാള്‍വരെ മരുഭൂമിയില്‍ ആയിരുന്നു.

ലൂക്കോസ് 2

1 ആ കാലത്തു ലോകം ഒക്കെയും പേര്‍വഴി ചാര്‍ത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു.

2 കുറേന്യൊസ് സുറിയനാടു വാഴുമ്പോള്‍ ഈ ഒന്നാമത്തെ ചാര്‍ത്തല്‍ ഉണ്ടായി.

3 എല്ലാവരും ചാര്‍ത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി.

4 അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവന്‍ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗര്‍ഭിണിയായ ഭാര്യയോടും കൂടെ ചാര്‍ത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറത്ത് പട്ടണം വിട്ടു,

5 യെഹൂദ്യയില്‍ ബേത്ളേഹെം എന്ന ദാവീദിന്‍ പട്ടണത്തിലേക്കു പോയി.

6 അവര്‍ അവിടെ ഇരിക്കുമ്പോള്‍ അവള്‍ക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു.

7 അവള്‍ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍ക്കും സ്ഥലം ഇല്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തി.

8 അന്നു ആ പ്രദേശത്തു ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍ കൂട്ടത്തെ കാവല്‍കാത്തു വെളിയില്‍ പാര്‍ത്തിരുന്നു.

9 അപ്പോള്‍ കര്‍ത്താവിന്റെ ഒരു ദൂതന്‍ അവരുടെ അരികെ നിന്നു, കര്‍ത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവര്‍ ഭയപരവശരായിതീര്‍ന്നു.

10 ദൂതന്‍ അവരോടുഭയപ്പെടേണ്ടാ; സര്‍വ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു.

11 കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു.

12 നിങ്ങള്‍ക്കു അടയാളമോ; ശീലകള്‍ ചുറ്റി പശുത്തൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും എന്നു പറഞ്ഞു.

13 പെട്ടെന്നു സ്വര്‍ഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേര്‍ന്നു ദൈവത്തെ പുകഴ്ത്തി.

14 “അത്യുന്നതങ്ങളില്‍ ദൈവത്തിന്നു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കും സമാധാനം” എന്നു പറഞ്ഞു.

15 ദൂതന്മാര്‍ അവരെ വിട്ടു സ്വര്‍ഗ്ഗത്തില്‍ പോയശേഷം ഇടയന്മാര്‍നാം ബേത്ത്ളേഹെമോളം ചെന്നു കര്‍ത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മില്‍ പറഞഞു.

16 അവര്‍ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു.

17 കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു.

18 കേട്ടവര്‍ എല്ലാവരും ഇടയന്മാര്‍ പറഞ്ഞതിനെക്കുറിച്ചു ആശ്ചര്യപ്പെട്ടു.

19 മറിയ ഈ വാര്‍ത്ത ഒക്കെയും ഹൃദയത്തില്‍ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.

20 തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാര്‍ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ടു മടങ്ങിപ്പോയി.

21 പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോള്‍ അവന്‍ ഗര്‍ഭത്തില്‍ ഉല്പാദിക്കുംമുമ്പെ ദൂതന്‍ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേര്‍ വിളിച്ചു.

22 മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോള്‍

23 കടിഞ്ഞൂലായ ആണൊക്കെയും കര്‍ത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കര്‍ത്താവിന്റെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ

24 അവനെ കര്‍ത്താവിന്നു അര്‍പ്പിപ്പാനും ഒരു ഇണ കുറപ്രാവിനെയോ രണ്ടു പ്രാകൂഞ്ഞിനെയോ കര്‍ത്താവിന്റെ ന്യായപ്രമാണത്തില്‍ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവര്‍ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.

25 യെരൂശലേമില്‍ ശിമ്യോന്‍ എന്നു പേരുള്ളൊരു മനുഷ്യന്‍ ഉണ്ടായിരുന്നു; ഈ മനുഷ്യന്‍ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേല്‍ ഉണ്ടായിരുന്നു.

26 കര്‍ത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാണ്കയില്ല എന്നു പരിശുദ്ധാത്മാവിനാല്‍ അവന്നു അരുളപ്പാടു ഉണ്ടായിരുന്നു.

27 അവന്‍ ആത്മനിയോഗത്താല്‍ ദൈവാലയത്തില്‍ ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്‍വാന്‍ അമ്മയപ്പന്മാര്‍ അവനെ അകത്തു കൊണ്ടുചെന്നപ്പോള്‍

28 അവന്‍ അവനെ കയ്യില്‍ ഏന്തി ദൈവത്തെ പുകഴ്ത്തി

29 “ഇപ്പോള്‍ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു.

30 ജാതികള്‍ക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി

31 നീ സകല ജാതികളുടെയും മുമ്പില്‍ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ

32 എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു.

33 ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതില്‍ അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു.

34 പിന്നെ ശിമ്യോന്‍ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടുഅനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലില്‍ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു.

35 നിന്റെ സ്വന്തപ്രാണനില്‍കൂടിയും ഒരു വാള്‍ കടക്കും എന്നു പറഞ്ഞു.

36 ആശേര്‍ ഗോത്രത്തില്‍ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവള്‍ കന്യാകാലത്തില്‍ പിന്നെ ഭര്‍ത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു എണ്പത്തുനാലു സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി

37 ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.

38 ആ നാഴികയില്‍ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു.

39 കര്‍ത്താവിന്റെ ന്യായപ്രമാണത്തില്‍ കല്പിച്ചുരിക്കുന്നതൊക്കെയും നിവര്‍ത്തിച്ചശേഷം അവര്‍ ഗലീലയില്‍ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി.

40 പൈതല്‍ വളര്‍ന്നു ജ്ഞാനം നിറഞ്ഞു, ആത്മാവില്‍ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേല്‍ ഉണ്ടായിരുന്നു.

41 അവന്റെ അമ്മയപ്പന്മാര്‍ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും.

42 അവന്നു പന്ത്രണ്ടു വയസ്സായപ്പോള്‍ അവര്‍ പതിവുപോലെ പെരുനാളിന്നു പോയി.

43 പെരുനാള്‍ കഴിഞ്ഞു മടങ്ങിപ്പോരുമ്പോള്‍ ബാലനായ യേശു യെരൂശലേമില്‍ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.

44 സഹയാത്രക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരിക്കും എന്നു അവര്‍ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ തിരഞ്ഞു.

45 കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.

46 മൂന്നു നാള്‍ കഴിഞ്ഞശേഷം അവന്‍ ദൈവാലയത്തില്‍ ഉപദേഷ്ടാക്കന്മാരുടെ നടുവില്‍ ഇരിക്കുന്നതും അവരുടെ ഉപദേശം കേള്‍ക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു.

47 അവന്റെ വാക്കു കേട്ടവര്‍ക്കെല്ലാവര്‍ക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവര്‍ അതിശയിച്ചു;

48 അമ്മ അവനോടുമകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.

49 അവന്‍ അവരോടുഎന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിന്നുള്ളതില്‍ ഞാന്‍ ഇരിക്കേണ്ടതു എന്നു നിങ്ങള്‍ അറിയുന്നില്ലയോ എന്നു പറഞ്ഞു.

50 അവന്‍ തങ്ങളോടു പറഞ്ഞ വാക്കു അവര്‍ ഗ്രഹിച്ചില്ല.

51 പിന്നെ അവന്‍ അവരോടുകൂടെ ഇറങ്ങി, നസറെത്തില്‍ വന്നു അവര്‍ക്കും കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങള്‍ എല്ലാം അവന്റെ അമ്മ ഹൃദയത്തില്‍ സംഗ്രഹിച്ചു.

52 യേശുവോ ജ്ഞാനത്തിലും വളര്‍ച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിര്‍ന്നു വന്നു.

ലൂക്കോസ് 3

1 തീബെര്‍യ്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില്‍ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോള്‍, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇരൂര്‍യ്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും

2 ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്‍യ്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയില്‍വെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.

3 അവന്‍ യോര്‍ദ്ദാന്നരികെയുള്ള നാട്ടില്‍ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.

4 “മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ വാക്കാവിതുകര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍ ; അവന്റെ പാത നിരപ്പാക്കുവിന്‍ .”

5 എല്ലാതാഴ്വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുര്‍ഘടമായതു നിരന്ന വഴിയായും തീരും; സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു പോലെ തന്നേ.

6 അവനാല്‍ സ്നാനം ഏല്പാന്‍ വന്ന പുരുഷാരത്തോടു അവന്‍ പറഞ്ഞതുസര്‍പ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഔടിപ്പോകുവാന്‍ നിങ്ങള്‍ക്കു ഉപദേശിച്ചുതന്നതു ആര്‍?

7 മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായിപ്പിന്‍ . അബ്രാഹാം ഞങ്ങള്‍ക്കു പിതാവായിട്ടുണ്ടു; എന്നു ഉള്ളം കൊണ്ടു പറവാന്‍ തുനിയരുതു; അബ്രാഹാമിന്നു ഈ കല്ലുകളില്‍ നിന്നു മക്കളെ ഉളവാക്കുവാന്‍ ദൈവത്തിന്നു കഴിയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

8 ഇപ്പോള്‍ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില്‍ ഇട്ടുകളയുന്നു.

9 എന്നാല്‍ ഞങ്ങള്‍ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു.

10 അതിന്നു അവന്‍ രണ്ടു വസ്ത്രമുള്ളവന്‍ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങള്‍ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.

11 ചുങ്കക്കാരും സ്നാനം ഏല്പാന്‍ വന്നുഗുരോ, ഞങ്ങള്‍ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു.

12 നിങ്ങളോടു കല്പിച്ചതില്‍ അധികം ഒന്നും പിരിക്കരുതു എന്നു അവന്‍ പറഞ്ഞു.

13 പടജ്ജനവും അവനോടുഞങ്ങള്‍ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നുആരെയും ബലാല്‍ക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിന്‍ എന്നു അവരോടു പറഞ്ഞു.

14 ജനം കാത്തു നിന്നു; അവന്‍ ക്രിസ്തുവോ എന്നു എല്ലാവരുംഹൃദയത്തില്‍ യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോള്‍

15 യോഹന്നാന്‍ എല്ലാവരോടും ഉത്തരം പറഞ്ഞതുഞാന്‍ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാല്‍ എന്നിലും ബലവാനായവന്‍ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല; അവന്‍ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.

16 അവന്നു വീശുമുറം കയ്യില്‍ ഉണ്ടു; അവന്‍ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില്‍ കൂട്ടിവെക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും.

17 മറ്റു പലതും അവന്‍ പ്രബോധിപ്പിച്ചു കൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു.

18 എന്നാല്‍ ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങള്‍ നിമിത്തവും യോഹന്നാന്‍ അവനെ ആക്ഷേപിക്കയാല്‍

19 അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവില്‍ ആക്കുകയും ചെയ്തു.

20 ജനം എല്ലാം സ്നാനം ഏലക്കുകയില്‍ യേശുവും സ്നാനം ഏറ്റു പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു,

21 പരിശുദ്ധാത്മാവു ദേഹരൂപത്തില്‍ പ്രാവു എന്നപോലെ അവന്റെമേല്‍ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രന്‍ ; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി.

22 യേശുവിന്നു താന്‍ പ്രവൃത്തി ആരംഭിക്കുമ്പോള്‍ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവന്‍ യോസേഫിന്റെ മകന്‍ എന്നു ജനം വിചാരിച്ചു;

23 യോസേഫ് ഹേലിയുടെ മകന്‍ , ഹേലി മത്ഥാത്തിന്റെ മകന്‍ , മത്ഥാത്ത് ലേവിയുടെ മകന്‍ , ലേവി മെല്‍ക്കിയുടെ മകന്‍ , മെല്‍ക്കി യന്നായിയുടെ മകന്‍ , യന്നായി

24 യോസേഫിന്റെ മകന്‍ , യോസേഫ് മത്തഥ്യൊസിന്റെ മകന്‍ , മത്തഥ്യൊസ് ആമോസിന്റെ മകന്‍ , ആമോസ് നാഹൂമിന്റെ മകന്‍ , നാഹൂം എസ്ളിയുടെ മകന്‍ , എസ്ളി നഗ്ഗായിയുടെ മകന്‍ ,

25 നഗ്ഗായി മയാത്തിന്റെ മകന്‍ , മയാത്ത് മത്തഥ്യൊസിന്റെ മകന്‍ , മത്തത്യൊസ് ശെമയിയുടെ മകന്‍ , ശെമയി യോസേഫിന്റെ മകന്‍ , യോസേഫ് യോദയുടെ മകന്‍ ,

26 യോദാ യോഹന്നാന്റെ മകന്‍ , യോഹന്നാന്‍ രേസയുടെ മകന്‍ , രേസ സൊരൊബാബേലിന്റെ മകന്‍ , സൊരൊബാബേല്‍ ശലഥീയേലിന്റെ മകന്‍ , ശലഥീയേല്‍ നേരിയുടെ മകന്‍ ,

27 നേരി മെല്‍ക്കിയുടെ മകന്‍ , മെല്‍ക്കി അദ്ദിയുടെ മകന്‍ , അദ്ദി കോസാമിന്റെ മകന്‍ , കോസാം എല്മാദാമിന്റെ മകന്‍ , എല്മാദാം ഏരിന്റെ മകന്‍ ,

28 ഏര്‍ യോസുവിന്റെ മകന്‍ , യോശു എലീയേസരിന്റെ മകന്‍ , എലീയേസര്‍ യോരീമിന്റെ മകന്‍ , യോരീം മത്ഥാത്തിന്റെ മകന്‍ , മത്ഥാത്ത് ലേവിയുടെ മകന്‍ ,

29 ലേവി ശിമ്യോന്റെ മകന്‍ , ശിമ്യോന്‍ യെഹൂദയുടെ മകന്‍ യെഹൂദാ യോസേഫിന്റെ മകന്‍ , യോസേഫ് യോനാമിന്റെ മകന്‍ , യോനാം എല്യാക്കീമിന്റെ മകന്‍ ,

30 എല്യാക്കീം മെല്യാവിന്റെ മകന്‍ , മെല്യാവു മെന്നയുടെ മകന്‍ , മെന്നാ മത്തഥയുടെ മകന്‍ , മത്തഥാ നാഥാന്റെ മകന്‍ , നാഥാന്‍ ദാവീദിന്റെ മകന്‍ ,

31 ദാവീദ് യിശ്ശായിയുടെ മകന്‍ , യിശ്ശായി ഔബേദിന്റെ മകന്‍ , ഔബേദ് ബോവസിന്റെ മകന്‍ , ബോവസ് സല്മോന്റെ മകന്‍ , സല്മോന്‍ നഹശോന്റെ മകന്‍ ,

32 നഹശോന്‍ അമ്മീനാദാബിന്റെ മകന്‍ , അമ്മീനാദാബ് അരാമിന്റെ മകന്‍ , അരാം എസ്രോന്റെ മകന്‍ , എസ്രോന്‍ പാരെസിന്റെ മകന്‍ , പാരെസ് യേഹൂദയുടെ മകന്‍ ,

33 യെഹൂദാ യാക്കോബിന്റെ മകന്‍ , യാക്കോബ് യിസ്ഹാക്കിന്റെ മകന്‍ , യിസ്ഹാക്‍ അബ്രാഹാമിന്റെ മകന്‍ , അബ്രാഹാം തേറഹിന്റെ മകന്‍ ,

34 തേറഹ് നാഹോരിന്റെ മകന്‍ , നാഹോര്‍ സെരൂഗിന്റെ മകന്‍ , സെരൂഗ് രെഗുവിന്റെ മകന്‍ , രെഗു ഫാലെഗിന്റെ മകന്‍ , ഫാലെഗ് ഏബെരിന്റെ മകന്‍ , ഏബെര്‍ ശലാമിന്റെ മകന്‍ , ശലാം കയിനാന്റെ മകന്‍ ,

35 കയിനാന്‍ അര്‍ഫക്സാദിന്റെ മകന്‍ , അര്‍ഫക്സാദ് ശേമിന്റെ മകന്‍ , ശേം നോഹയുടെ മകന്‍ , നോഹ, ലാമേക്കിന്റെ മകന്‍ ,

36 ലാമേക്ക്‍ മെഥൂശലയുടെ മകന്‍ , മെഥൂശലാ ഹാനോക്കിന്റെ മകന്‍ , ഹാനോക്ക്‍ യാരെദിന്റെ മകന്‍ , യാരെദ് മലെല്യേലിന്റെ മകന്‍ , മലെല്യേല്‍ കയിനാന്റെ മകന്‍ ,

37 കയിനാന്‍ എനോശിന്റെ മകന്‍ , എനോശ് ശേത്തിന്റെ മകന്‍ , ശേത്ത് ആദാമിന്റെ മകന്‍ , ആദാം ദൈവത്തിന്റെ മകന്‍ .