Korak 272

 

Studija

     

ഓബദ്യാവു 1

1 ഔബദ്യാവിന്റെ ദര്‍ശനം. യഹോവയായ കര്‍ത്താവു എദോമിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു; നാം യഹോവയിങ്കല്‍നിന്നു ഒരു വര്‍ത്തമാനം കേട്ടിരിക്കുന്നു; ജാതികളുടെ ഇടയില്‍ ഒരു ദൂതനെ അയച്ചിരിക്കുന്നു; എഴുന്നേല്പിന്‍ ; നാം അവളുടെ നേരെ യുദ്ധത്തിന്നു പറപ്പെടുക.

2 ഞാന്‍ നിന്നെ ജാതികളുടെ ഇടയില്‍ അല്പമാക്കിയിരിക്കുന്നു; നീ അത്യന്തം ധിക്കരിക്കപ്പെട്ടിരിക്കുന്നു.

3 പാറപ്പിളര്‍പ്പുകളില്‍ പാര്‍ക്കുംന്നവനും ഉന്നതവാസമുള്ളവനും ആര്‍ എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തില്‍ പറയുന്നവനുമായവനേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു.

4 നീ കഴുകനേപ്പോലെ ഉയര്‍ന്നാലും, നക്ഷത്രങ്ങളുടെ ഇടയില്‍ കൂടുവെച്ചാലും, അവിടെനിന്നു ഞാന്‍ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.

5 കള്ളന്മാര്‍ നിന്റെ അടുക്കല്‍ വന്നാലോ, രാത്രിയില്‍ പിടിച്ചുപറിക്കാര്‍ വന്നാലോ--നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു--അവര്‍ തങ്ങള്‍ക്കു മതിയാകുവോളം മോഷ്ടിക്കയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവര്‍ നിന്റെ അടുക്കല്‍ വന്നാല്‍ അവര്‍ ഏതാനും കാലാപ്പഴം ശേഷിപ്പിക്കയില്ലയോ?

6 ഏശാവിന്നുള്ളവരെ കണ്ടുപിടിച്ചിരിക്കുന്നതും അവന്റെ നിക്ഷേപങ്ങളെ തിരഞ്ഞു കണ്ടിരിക്കുന്നതും എങ്ങനെ?

7 നിന്നോടു സഖ്യതയുള്ളവരൊക്കെയും നിന്നെ അതിരോളം അയച്ചുകളഞ്ഞു; നിന്നോടു സന്ധിയുള്ളവര്‍ നിന്നെ ചതിച്ചു തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവര്‍ നിനക്കു കണിവെക്കുന്നു; അവന്നു ബുദ്ധി ഒട്ടും ഇല്ല.

8 അന്നാളില്‍ ഞാന്‍ എദോമില്‍നിന്നു ജ്ഞാനികളെയും ഏശാവിന്റെ പര്‍വ്വതത്തില്‍ നിന്നു വിവേകത്തെയും നശിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.

9 ഏശാവിന്റെ പര്‍വ്വതത്തില്‍ ഏവനും കുലയാല്‍ ഛേദിക്കപ്പെടുവാന്‍ തക്കവണ്ണം തേമാനേ, നിന്റെ വീരന്മാര്‍ ഭ്രമിച്ചുപോകും.

10 നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത സാഹസംനിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.

11 നീ എതിരെ നിന്ന നാളില്‍ അന്യജാതിക്കാര്‍ അവന്റെ സമ്പത്തു അപഹരിച്ചു കൊണ്ടുപോകയും അന്യദേശക്കാര്‍ അവന്റെ ഗോപുരങ്ങളില്‍ കടന്നു യെരൂശലേമിന്നു ചീട്ടിടുകയും ചെയ്ത നാളില്‍ തന്നേ, നീയും അവരില്‍ ഒരുത്തനെപ്പോലെ ആയിരുന്നു.

12 നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനര്‍ത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ചു അവരുടെ അപായദിവസത്തില്‍ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തില്‍ നീ വമ്പു പറയേണ്ടതല്ല.

13 എന്റെ ജനത്തിന്റെ അപായദിവസത്തില്‍ നീ അവരുടെ വാതിലിന്നകത്തു കടക്കേണ്ടതല്ല; അവരുടെ അപായദിവസത്തില്‍ നീ അവരുടെ അനര്‍ത്ഥം കണ്ടു രസിക്കേണ്ടതല്ല; അവരുടെ അപായദിവസത്തില്‍ അവരുടെ സമ്പത്തിന്മേല്‍ നീ കൈ വെക്കേണ്ടതല്ല.

14 അവന്റെ പലായിതന്മാരെ ഛേദിച്ചുകളവാന്‍ നീ വഴിത്തലെക്കല്‍ നില്‍ക്കേണ്ടതല്ല; കഷ്ടദിവസത്തില്‍ അവന്നു ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കേണ്ടതുമല്ല.

15 സകലജാതികള്‍ക്കും യഹോവയുടെ നാള്‍ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേല്‍ തന്നേ മടങ്ങിവരും.

16 നിങ്ങള്‍ എന്റെ വിശുദ്ധപര്‍വ്വതത്തില്‍വെച്ചു കുടിച്ചതുപോലെ സകലജാതികളും ഇടവിടാതെ കുടിക്കും; അവര്‍ മോന്തിക്കുടിക്കയും ജനിക്കാത്തവരെപ്പോലെ ആകയും ചെയ്യും.

17 എന്നാല്‍ സീയോന്‍ പര്‍വ്വതത്തില്‍ ഒരു രക്ഷിത ഗണം ഉണ്ടാകും; അതു വിശുദ്ധമായിരിക്കും; യാക്കോബ്ഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും.

18 അന്നു യാക്കോബ് ഗൃഹം തീയും യോസേഫ്ഗൃഹം ജ്വാലയും ഏശാവുഗൃഹം താളടിയും ആയിരിക്കും; അവര്‍ അവരെ കത്തിച്ചു ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിന്നു ശേഷിപ്പു ഉണ്ടാകയില്ല; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

19 തെക്കേ ദേശക്കാര്‍ ഏശാവിന്റെ പര്‍വ്വതവും താഴ്വീതിയിലുള്ളവര്‍ ഫെലിസ്ത്യദേശവും കൈവശമാക്കും; അവര്‍ എഫ്രയീംപ്രദേശത്തെയും ശമര്‍യ്യാപ്രദേശത്തെയും കൈവശമാക്കും; ബെന്യാമീനോ ഗിലെയാദിനെ കൈവശമാക്കും.

20 ഈ കോട്ടയില്‍നിന്നു പ്രവാസികളായി പോയ യിസ്രായേല്‍മക്കള്‍ സാരെഫാത്ത്വരെ കനാന്യര്‍ക്കുംള്ളതും സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികള്‍ തെക്കെദേശത്തെ പട്ടണങ്ങളും കൈവശമാക്കും.

21 ഏശാവിന്റെ പര്‍വ്വതത്തെ ന്യായംവിധിക്കേണ്ടതിന്നു രക്ഷകന്മാര്‍ സീയോന്‍ പര്‍വ്വതത്തില്‍ കയറിച്ചെല്ലും; രാജത്വം യഹോവേക്കു ആകും.