Korak 334

Studija

     

കൊരിന്ത്യർ 1 1

1 ദൈവേഷ്ടത്താല്‍ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൌലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു,

2 ക്രിസ്തുയേശുവില്‍ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവര്‍ക്കും തന്നേ, എഴുതുന്നതു;

3 നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

4 നിങ്ങള്‍ക്കു ക്രിസ്തുയേശുവില്‍ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാന്‍ എന്റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു.

5 ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളില്‍ ഉറപ്പായിരിക്കുന്നതുപോലെ

6 അവനില്‍ നിങ്ങള്‍ സകലത്തിലും വിശേഷാല്‍ സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീര്‍ന്നു.

7 ഇങ്ങനെ നിങ്ങള്‍ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു.

8 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാളില്‍ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവന്‍ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.

9 തന്റെ പുത്രനും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തന്‍ .

10 സഹോദരന്മാരേ, നിങ്ങള്‍ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയില്‍ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്നു ഞാന്‍ നിങ്ങളെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു.

11 സഹോദരന്മാരേ, നിങ്ങളുടെ ഇടയില്‍ പിണക്കം ഉണ്ടെന്നു ക്ളോവയുടെ ആളുകളാല്‍ എനിക്കു അറിവു കിട്ടിയിരിക്കുന്നു.

12 നിങ്ങളില്‍ ഔരോരുത്തന്‍ ഞാന്‍ പൌലൊസിന്റെ പക്ഷക്കാരന്‍ , ഞാന്‍ അപ്പൊല്ലോസിന്റെ പക്ഷക്കാരന്‍ , ഞാന്‍ കേഫാവിന്റെ പക്ഷക്കാരന്‍ , ഞാന്‍ ക്രിസ്തുവിന്റെ പക്ഷക്കാരന്‍ എന്നിങ്ങനെ പറയുന്നു പോല്‍.

13 ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങള്‍ക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൌലൊസിന്റെ നാമത്തില്‍ നിങ്ങള്‍ സ്നാനം ഏറ്റുവോ?

14 എന്റെ നാമത്തില്‍ ഞാന്‍ സ്നാനം കഴിപ്പിച്ചു എന്നു ആരും പറയാതവണ്ണം

15 ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളില്‍ ആരെയും ഞാന്‍ സ്നാനം കഴിപ്പിക്കായ്കയാല്‍ ഞാന്‍ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.

16 സ്തെഫനാസിന്റെ ഭവനക്കാരെയും ഞാന്‍ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാന്‍ ഔര്‍ക്കുംന്നില്ല.

17 സ്നാനം കഴിപ്പിപ്പാന്‍ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യര്‍ത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും.

18 ക്രൂശിന്റെ വചനം നശിച്ചുപോകുന്നവര്‍ക്കും ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.

19 “ജ്ഞാനികളുടെ ജ്ഞാനം ഞാന്‍ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുര്‍ബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.

20 ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താര്‍ക്കികന്‍ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?

21 ദൈവത്തിന്റെ ജ്ഞാനത്തില്‍ ലോകം ജ്ഞാനത്താല്‍ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താല്‍ രക്ഷിപ്പാന്‍ ദൈവത്തിന്നു പ്രസാദം തോന്നി.

22 യെഹൂദന്മാര്‍ അടയാളം ചോദിക്കയും യവനന്മാര്‍ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;

23 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാര്‍ക്കും ഇടര്‍ച്ചയും

24 ജാതികള്‍ക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവര്‍ക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.

25 ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാള്‍ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാള്‍ ബലമേറിയതും ആകുന്നു.

26 സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിന്‍ ലോകാഭിപ്രായപ്രകാരം ജ്ഞാനികള്‍ ഏറെയില്ല, ബലവാന്മാര്‍ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.

27 ജ്ഞാനികളെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ബലഹീനമായതു തിരഞ്ഞെടുത്തു.

28 ഉള്ളതിനെ ഇല്ലായ്മയാക്കുവാന്‍ ദൈവം ലോകത്തില്‍ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു;

29 ദൈവസന്നിധിയില്‍ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ.

30 നിങ്ങളോ അവനാല്‍ ക്രിസ്തുയേശുവില്‍ ഇരിക്കുന്നു. അവന്‍ നമുക്കു ദൈവത്തിങ്കല്‍ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീര്‍ന്നു.

31 “പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ” എന്നു എഴുതിയിരിക്കുന്നതുപോലെ ആകേണ്ടതിന്നു തന്നേ.

കൊരിന്ത്യർ 1 2

1 ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാന്‍ വന്നതു.

2 ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയില്‍ ഇരിക്കേണം എന്നു ഞാന്‍ നിര്‍ണ്ണയിച്ചു.

3 ഞാന്‍ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയില്‍ ഇരുന്നു.

4 നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു

5 എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാല്‍ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദര്‍ശനത്താലത്രേ ആയിരുന്നതു.

6 എന്നാല്‍ തികഞ്ഞവരുടെ ഇടയില്‍ ഞങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല;

7 ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മര്‍മ്മമായി ഞങ്ങള്‍ പ്രസ്താവിക്കുന്നു.

8 അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാര്‍ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കില്‍ അവര്‍ തേജസ്സിന്റെ കര്‍ത്താവിനെ ക്രൂശിക്കയില്ലായിരുന്നു.

9 “ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കും ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.

10 നമുക്കോ ദൈവം തന്റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.

11 മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.

12 നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തില്‍നിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.

13 അതു ഞങ്ങള്‍ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാല്‍ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാല്‍ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാര്‍ക്കും ആത്മികമായതു തെളിയിക്കുന്നു.

14 എന്നാല്‍ പ്രാകൃത മനുഷ്യന്‍ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാല്‍ അതു അവന്നു ഗ്രഹിപ്പാന്‍ കഴിയുന്നതുമല്ല.

15 ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താന്‍ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.

16 കര്‍ത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവന്‍ ആര്‍? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവര്‍ ആകുന്നു.

കൊരിന്ത്യർ 1 3

1 എന്നാല്‍ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവില്‍ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാന്‍ കഴിഞ്ഞുള്ളു.

2 ഭക്ഷണമല്ല, പാല്‍ അത്രേ ഞാന്‍ നിങ്ങള്‍ക്കു തന്നതു; ഭക്ഷിപ്പാന്‍ നിങ്ങള്‍ക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങള്‍ ജഡികന്മാരല്ലോ.

3 നിങ്ങളുടെ ഇടയില്‍ ഈര്‍ഷ്യയും പിണക്കവും ഇരിക്കെ, നിങ്ങള്‍ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?

4 ഒരുത്തന്‍ ഞാന്‍ പൌലൊസിന്റെ പക്ഷക്കാരന്‍ എന്നും മറ്റൊരുത്തന്‍ ഞാന്‍ അപ്പൊല്ലോസിന്റെ പക്ഷക്കാരന്‍ എന്നും പറയുമ്പോള്‍ നിങ്ങള്‍ സാധാരണമനുഷ്യരല്ലയോ?

5 അപ്പൊല്ലോസ് ആര്‍? പൌലൊസ് ആര്‍? തങ്ങള്‍ക്കു കര്‍ത്താവു നല്കിയതുപോലെ നിങ്ങള്‍ വിശ്വസിപ്പാന്‍ കാരണമായിത്തീര്‍ന്ന ശുശ്രൂഷക്കാരത്രേ.

6 ഞാന്‍ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു.

7 ആകയാല്‍ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല.

8 നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഔരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും.

9 ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാര്‍; നിങ്ങള്‍ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിര്‍മ്മാണം.

10 എനിക്കു ലഭിച്ച ദൈവകൃപെക്കു ഒത്തവണ്ണം ഞാന്‍ ജ്ഞാനമുള്ളോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തന്‍ മീതെ പണിയുന്നു; താന്‍ എങ്ങനെ പണിയുന്നു എന്നു ഔരോരുത്തനും നോക്കിക്കൊള്ളട്ടെ.

11 യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാന്‍ ആര്‍ക്കും കഴികയില്ല.

12 ആ അടിസ്ഥാനത്തിന്മേല്‍ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോല്‍ എന്നിവ പണിയുന്നു എങ്കില്‍ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും;

13 ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഔരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും.

14 ഒരുത്തന്‍ പണിത പ്രവൃത്തി നിലനിലക്കും എങ്കില്‍ അവന്നു പ്രതിഫലം കിട്ടും.

15 ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കില്‍ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാല്‍ തീയില്‍കൂടി എന്നപോലെ അത്രേ.

16 നിങ്ങള്‍ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലയോ?

17 ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.

18 ആരും തന്നെത്താന്‍ വഞ്ചിക്കരുതു; താന്‍ ഈ ലോകത്തില്‍ ജ്ഞാനി എന്നു നിങ്ങളില്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവന്‍ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ.

19 ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയില്‍ ഭോഷത്വമത്രേ. “അവന്‍ ജ്ഞാനികളെ അവരുടെ കൌശലത്തില്‍ പിടിക്കുന്നു” എന്നും

20 “കര്‍ത്താവു ജ്ഞാനികളുടെ വിചാരം വ്യര്‍ത്ഥം എന്നറിയുന്നു” എന്നും എഴുതിയിരിക്കുന്നുവല്ലോ.

21 ആകയാല്‍ ആരും മനുഷ്യരില്‍ പ്രശംസിക്കരുതു; സകലവും നിങ്ങള്‍ക്കുള്ളതല്ലോ.

22 പൌലൊസോ, അപ്പൊല്ലൊസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങള്‍ക്കുള്ളതു.

23 നിങ്ങളോ ക്രിസ്തുവിന്നുള്ളവര്‍; ക്രിസ്തു ദൈവത്തിന്നുള്ളവന്‍ .

കൊരിന്ത്യർ 1 4:1-13

1 ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമര്‍മ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഔരോരുത്തന്‍ എണ്ണിക്കൊള്ളട്ടെ.

2 ഗൃഹവിചാരകന്മാരില്‍ അന്വേഷിക്കുന്നതോ അവര്‍ വിശ്വസ്തരായിരിക്കേണം എന്നത്രേ.

3 നിങ്ങളോ മനുഷ്യര്‍ കഴിക്കുന്ന വല്ല വിസ്താരത്തിലോ എന്നെ വിധിക്കുന്നതു എനിക്കു എത്രയും ലഘുകാര്‍യ്യം; ഞാന്‍ എന്നെത്തന്നേ വിധിക്കുന്നതുമില്ല.

4 എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാല്‍ ഞാന്‍ നീതിമാന്‍ എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കര്‍ത്താവു ആകുന്നു.

5 ആകയാല്‍ കര്‍ത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവന്‍ ഇരുട്ടില്‍ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഔരോരുത്തന്നു ദൈവത്തിങ്കല്‍നിന്നു പുകഴ്ച ഉണ്ടാകും.

6 സഹോദരന്മാരേ, ഇതു ഞാന്‍ നിങ്ങള്‍നിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതുഎഴുതിയിരിക്കുന്നതിന്നു അപ്പുറം (ഭാവിക്കാതിരിപ്പാന്‍ ) ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിന്നും ആരും ഒരുത്തന്നു അനുകൂലമായും മറ്റൊരുവന്നു പ്രതിക്കുലമായും ചീര്‍ത്തുപോകാതിരിക്കേണ്ടതിന്നും തന്നേ.

7 നിന്നെ വിശേഷിപ്പിക്കുന്നതു ആര്‍? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു? ഇത്ര ക്ഷണത്തില്‍ നിങ്ങള്‍ തൃപ്തന്മാരായി;

8 ഇത്ര ക്ഷണത്തില്‍ നിങ്ങള്‍ സമ്പന്നന്മാരായി; ഞങ്ങളെ കൂടാതെ വാഴുന്നവരായി; അയ്യോ, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിന്നു നിങ്ങള്‍ വാണു എങ്കില്‍ കൊള്ളായിരുന്നു.

9 ഞങ്ങള്‍ ലോകത്തിന്നു, ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും തന്നേ, കൂത്തുകാഴ്ചയായി തീര്‍ന്നിരിക്കയാല്‍ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയില്‍ ഉള്‍പ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.

10 ഞങ്ങള്‍ ക്രിസ്തുനിമിത്തം ഭോഷന്മാര്‍; നിങ്ങള്‍ ക്രിസ്തുവില്‍ വിവേകികള്‍; ഞങ്ങള്‍ ബലഹീനര്‍, നിങ്ങള്‍ ബലവാന്മാര്‍; നിങ്ങള്‍ മഹത്തുക്കള്‍, ഞങ്ങള്‍ മാനഹീനര്‍ അത്രേ.

11 ഈ നാഴികവരെ ഞങ്ങള്‍ വിശന്നും ദാഹിച്ചും ഉടുപ്പാന്‍ ഇല്ലാതെയും കുത്തുകൊണ്ടും സ്ഥിരവാസം കൂടാതെയും ഇരിക്കുന്നു.

12 സ്വന്തകയ്യാല്‍ വേലചെയ്തു അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ടു ആശീര്‍വ്വദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ലവാക്കു പറയുന്നു.

13 ഞങ്ങള്‍ ലോകത്തിന്റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്റെയും അഴുക്കായും തീര്‍ന്നിരിക്കുന്നു.