Korak 34

Studija

     

ലേവ്യപുസ്തകം 11:9-47

9 വെള്ളത്തിലുള്ള എല്ലാറ്റിലുംവെച്ചു നിങ്ങള്‍ക്കു തിന്നാകുന്നവ ഇവകടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചിറകും ചെതുമ്പലും ഉള്ളവ ഒക്കെയും നിങ്ങള്‍ക്കു തിന്നാം.

10 എന്നാല്‍ കടലുകളിലും നദികളിലും ള്ളള വെള്ളത്തില്‍ ചലനംചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം.

11 അവ നിങ്ങള്‍ക്കു അറെപ്പായി തന്നേ ഇരിക്കേണം. അവയുടെ മാംസം തിന്നരുതു; അവയുടെ പിണം നിങ്ങള്‍ക്കു അറെപ്പായിരിക്കേണം.

12 ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തില്‍ ഉള്ളതൊക്കെയും നിങ്ങള്‍ക്കു അറെപ്പു ആയിരിക്കേണം.

13 പക്ഷികളില്‍ നിങ്ങള്‍ക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവഅവയെ തിന്നരുതു; അവ അറെപ്പു ആകുന്നുകഴുകന്‍ , ചെമ്പരുന്തു,

14 കടല്‍റാഞ്ചന്‍ , ഗൃദ്ധം, അതതു വിധം പരുന്തു,

15 അതതു വിധം കാക്ക, ഒട്ടകപ്പക്ഷി,

16 പുള്ളു, കടല്‍കാക്ക, അതതു വിധം പ്രാപ്പിടിയന്‍ ,

17 നത്തു, നീര്‍ക്കാക്ക, ക്കുമന്‍ , മൂങ്ങ,

18 വേഴാമ്പല്‍, കുടുമ്മച്ചാത്തന്‍ , പെരിഞാറ,

19 അതതതു വിധം കൊകൂ, കുളക്കോഴി, നരിച്ചീര്‍ എന്നിവയും

20 ചിറകുള്ള ഇഴജാതിയില്‍ നാലുകാല്‍കൊണ്ടു നടക്കുന്നതു ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം.

21 എങ്കിലും ചിറകുള്ള ഇഴജാതിയില്‍ നാലുകാല്‍ കൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിന്നു കാലിന്മേല്‍ തുട ഉള്ളവയെ നിങ്ങള്‍ക്കു തിന്നാം.

22 ഇവയില്‍ അതതു വിധം വെട്ടുക്കിളി, അതതു വിധം വിട്ടില്‍, അതതു വിധം ചീവീടു, അതതു വിധം തുള്ളന്‍ എന്നിവയെ നിങ്ങള്‍ക്കു തിന്നാം.

23 ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതി ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം.

24 അവയാല്‍ നിങ്ങള്‍ അശുദ്ധരാകുംഅവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.

25 അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.

26 കുളമ്പു പിളര്‍ന്നതെങ്കിലും കുളമ്പു രണ്ടായി പിരിയാതെയും അയവിറക്കാതെയും ഇരിക്കുന്ന സകലമൃഗവും നിങ്ങള്‍ക്കു അശുദ്ധം; അവയെ തൊടുന്നവനെല്ലാം അശുദ്ധന്‍ ആയിരിക്കേണം.

27 നാലുകാല്‍കൊണ്ടു നടക്കുന്ന സകലമൃഗങ്ങളിലും ഉള്ളങ്കാല്‍ പതിച്ചു നടക്കുന്നവ ഒക്കെയും നിങ്ങള്‍ക്കു അശുദ്ധം; അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.

28 അവയുടെ പിണം വഹിക്കുന്നവന്‍ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവ നിങ്ങള്‍ക്കു അശുദ്ധം.

29 നിലത്തു ഇഴയുന്ന ഇഴജാതിയില്‍നിങ്ങള്‍ക്കു അശുദ്ധമായവ ഇവ

30 പെരിച്ചാഴി, എലി, അതതു വിധം ഉടുമ്പു, അളുങ്കു, ഔന്തു, പല്ലി, അരണ, തുരവന്‍ .

31 എല്ലാ ഇഴജാതിയിലുംവെച്ചു ഇവ നിങ്ങള്‍ക്കു അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.

32 ചത്തശേഷം അവയില്‍ ഒന്നു ഏതിന്മേല്‍ എങ്കിലും വീണാല്‍ അതൊക്കെയും അശുദ്ധമാകും; അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാകൂശീലയോ വേലെക്കു ഉപയോഗിക്കുന്ന പാത്രമോ എന്തായാലും വെള്ളത്തില്‍ ഇടേണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കേണം; പിന്നെ ശുദ്ധമാകും.

33 അവയില്‍ യാതൊന്നെങ്കിലും ഒരു മണ്‍പാത്രത്തിന്നകത്തു വീണാല്‍ അതിന്നകത്തുള്ളതു ഒക്കെയും അശുദ്ധമാകും; നിങ്ങള്‍ അതു ഉടെച്ചുകളയേണം.

34 തിന്നുന്ന വല്ല സാധനത്തിന്മേലും ആ വെള്ളം വീണാല്‍ അതു അശുദ്ധമാകും; കുടിക്കുന്ന വല്ല പാനീയവും ആ വക പാത്രത്തില്‍ ഉണ്ടെങ്കില്‍ അതു അശുദ്ധമാകും;

35 അവയില്‍ ഒന്നിന്റെ പിണം വല്ലതിന്മേലും വീണാല്‍ അതു ഒക്കെയും അശുദ്ധമാകുംഅടുപ്പോ തീച്ചട്ടിയോ ഇങ്ങനെ എന്തായാലും അതു തകര്‍ത്തുകളയേണം; അവ അശുദ്ധം ആകുന്നു; അവ നിങ്ങള്‍ക്കു അശുദ്ധം ആയിരിക്കേണം.

36 എന്നാല്‍ നീരുറവും വെള്ളമുള്ള കിണറും ശുദ്ധമായിരിക്കും; പിണം തൊടുന്നവനോ അശുദ്ധനാകും.

37 വിതെക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയില്‍ ഒന്നിന്റെ പിണം വീണാലും അതു ശുദ്ധമായിരിക്കും.

38 എന്നാല്‍ വിത്തില്‍ വെള്ളം ഒഴിച്ചിട്ടു അവയില്‍ ഒന്നിന്റെ പിണം അതിന്മേല്‍ വീണാല്‍ അതു അശുദ്ധം.

39 നിങ്ങള്‍ക്കു തിന്നാകുന്ന ഒരു മൃഗം ചത്താല്‍ അതിന്റെ പിണം തൊടുന്നവന്‍ സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.

40 അതിന്റെ പിണം തിന്നുന്നവന്‍ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അതിന്റെ പിണം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.

41 നിലത്തു ഇഴയുന്ന ഇഴജാതിയെല്ലാം അറെപ്പാകുന്നു; അതിനെ തിന്നരുതു.

42 ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലുകാല്‍കൊണ്ടു നടക്കുന്നതും അല്ലെങ്കില്‍ അനേകം കാലുള്ളതായി നിലത്തു ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങള്‍ തിന്നരുതു; അവ അറെപ്പാകുന്നു.

43 യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെ തന്നേ അറെപ്പാക്കരുതു; അവയാല്‍ നിങ്ങള്‍ മലിനപ്പെടുമാറു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു.

44 ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം; ഭൂമിയില്‍ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെ തന്നേ അശുദ്ധമാക്കരുതു.

45 ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.

46 ശുദ്ധവും അശുദ്ധവും തമ്മിലും തിന്നാകുന്ന മൃഗത്തെയും തിന്നരുതാത്ത മൃഗത്തെയും തമ്മിലും

47 വകതിരിക്കേണ്ടതിന്നു ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തില്‍ ചലനം ചെയ്യുന്ന സകല ജന്തുക്കളെയും നിലത്തു ഇഴയുന്ന ജന്തുക്കളെയും പറ്റിയുള്ള പ്രമാണം ആകുന്നു.

ലേവ്യപുസ്തകം 12

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

2 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഒരു സ്ത്രീ ഗര്‍ഭംധരിച്ചു ആണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവള്‍ അശുദ്ധയായിരിക്കേണം.

3 എട്ടാം ദിവസം അവന്റെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്യേണം.

4 പിന്നെ അവള്‍ മുപ്പത്തുമൂന്നു ദിവസം തന്റെ രക്ത ശുദ്ധീകരണത്തില്‍ ഇരിക്കേണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവള്‍ യാതൊരു വിശുദ്ധവസ്തുവും തൊടരുതു; വിശുദ്ധ മന്ദിരത്തിലേക്കു വരികയും അരുതു.

5 പെണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ രണ്ടു ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കേണം; പിന്നെ അറുപത്താറു ദിവസം തന്റെ രക്തശുദ്ധീകരണത്തില്‍ ഇരിക്കേണം.

6 മകന്നു വേണ്ടിയോ മകള്‍ക്കു വേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞശേഷം അവള്‍ ഒരു വയസ്സുപ്രായമുള്ള ആട്ടിന്‍ കുട്ടിയെ ഹോമയാഗത്തിന്നായിട്ടും ഒരു പ്രാവിന്‍ കുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിന്നായിട്ടും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ പുരോഹിത തന്റെ അടുക്കല്‍ കൊണ്ടുവരേണം.

7 അവന്‍ അതു യഹോവയുടെ സന്നിധിയില്‍ അര്‍പ്പിച്ചു പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അവളുടെ രക്തസ്രവം നിന്നിട്ടു അവള്‍ ശുദ്ധയാകും. ഇതു ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ പ്രസവിച്ചവള്‍ക്കുള്ള പ്രമാണം.

8 ആട്ടിന്‍ കുട്ടിക്കു അവളുടെ പക്കല്‍ വകയില്ല എങ്കില്‍ അവള്‍ രണ്ടു കുറു പ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ ഔന്നിനെ ഹോമയാഗത്തിന്നും മറ്റേതിനെ പാപയാഗത്തിന്നുമായി കൊണ്ടുവരേണം; പുരോഹിതന്‍ അവള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അവള്‍ ശുദ്ധയാകും.

ലേവ്യപുസ്തകം 13:1-39

1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാല്‍

2 ഒരു മനുഷ്യന്റെ ത്വക്കിന്മേല്‍ തിണര്‍പ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാല്‍ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരില്‍ ഒരുത്തന്റെ അടുക്കലോ കൊണ്ടുവരേണം.

3 പുരോഹിതന്‍ ത്വക്കിന്മേല്‍ ഉള്ള വടു നോക്കേണം; വടുവിന്നകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാള്‍ കുഴിഞ്ഞതും ആയി കണ്ടാല്‍ അതു കുഷ്ടലക്ഷണം; പുരോഹിതന്‍ അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം.

4 അവന്റെ ത്വക്കിന്മേല്‍ പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിന്നകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാല്‍ പുരോഹിതന്‍ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടക്കേണം.

5 ഏഴാം ദിവസം പുരോഹിതന്‍ അവനെ നോക്കേണം. വടു ത്വക്കിന്മേല്‍ പരക്കാതെ, കണ്ട സ്ഥിതിയില്‍ നിലക്കുന്നു എങ്കില്‍ പുരോഹിതന്‍ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

6 ഏഴാം ദിവസം പുരോഹിതന്‍ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേല്‍ പരക്കാതെയും കണ്ടാല്‍ പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവന്‍ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവന്‍ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.

7 അവന്‍ ശുദ്ധീകരണത്തിന്നായി തന്നെത്താന്‍ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങു ത്വക്കിന്മേല്‍ അധികമായി പരന്നാല്‍ അവന്‍ പിന്നെയും തന്നെത്താന്‍ പുരോഹിതനെ കാണിക്കേണം.

8 ചുണങ്ങു ത്വക്കിന്മേല്‍ പരക്കുന്നു എന്നു പുരോഹിതന്‍ കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നേ.

9 കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനില്‍ ഉണ്ടായാല്‍ അവനെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണം.

10 പുരോഹിതന്‍ അവനെ നോക്കേണം; ത്വക്കിന്മേല്‍ വെളുത്ത തിണര്‍പ്പുണ്ടായിരിക്കയും അതിലെ രോമം വെളുത്തിരിക്കയും തിണര്‍പ്പില്‍ പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കയും ചെയ്താല്‍

11 അതു അവന്റെ ത്വക്കില്‍ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതന്‍ അവനെ അശുദ്ധന്‍ എന്നു വിധിക്കേണം; അവന്‍ അശുദ്ധനാകകൊണ്ടു അവനെ അകത്താക്കി അടെക്കരുതു.

12 കുഷ്ഠം ത്വക്കില്‍ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാല്‍വരെ പുരോഹിതന്‍ കാണുന്നേടത്തൊക്കെയും വടു ത്വക്കില്‍ ആസകലം മൂടിയിരിക്കുന്നു എങ്കില്‍ പുരോഹിതന്‍ നോക്കേണം;

13 കുഷ്ഠം അവന്റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാല്‍ അവന്‍ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; ആസകാലം വെള്ളയായി തീര്‍ന്നു; അവന്‍ ശുദ്ധിയുള്ളവന്‍ ആകുന്നു.

14 എന്നാല്‍ പച്ചമാംസം അവനില്‍ കണ്ടാല്‍ അവന്‍ അശുദ്ധന്‍ .

15 പുരോഹിതന്‍ പച്ചമാംസം നോക്കി അവനെ അശുദ്ധനെന്നു വിധിക്കേണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠം തന്നേ.

16 എന്നാല്‍ പച്ചമാംസം മാറി വെള്ളയായി തീര്‍ന്നാല്‍ അവന്‍ പുരോഹിതന്റെ അടുക്കല്‍ വരേണം.

17 പുരോഹിതന്‍ അവനെ നോക്കേണം; വടു വെള്ളയായി തീര്‍ന്നു എങ്കില്‍ പുരോഹിതന്‍ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവന്‍ ശുദ്ധിയുള്ളവന്‍ തന്നേ.

18 ദേഹത്തിന്റെ ത്വക്കില്‍ പരുവുണ്ടായിരുന്നിട്ടു

19 സൌഖ്യമായ ശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണര്‍പ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാല്‍ അതു പുരോഹിതനെ കാണിക്കേണം.

20 പുരോഹിതന്‍ അതു നോക്കേണം; അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പരുവില്‍നിന്നുണ്ടായ കുഷ്ഠരോഗം.

21 എന്നാല്‍ പുരോഹിതന്‍ അതുനോക്കി അതില്‍ വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാല്‍ പുരോഹിതന്‍ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

22 അതു ത്വക്കിന്മേല്‍ അധികം പരന്നാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.

23 എന്നാല്‍ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയില്‍ തന്നേ നിന്നു എങ്കില്‍ അതു പരുവിന്റെ വടു അത്രേ. പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.

24 അല്ലെങ്കില്‍ ദേഹത്തിന്റെ ത്വക്കില്‍ തീപ്പൊള്ളല്‍ ഉണ്ടായി പൊള്ളലിന്റെ വടു ചുവപ്പോടുകൂടി വെളുത്തോ വെളുത്ത തന്നേയോ ഇരിക്കുന്ന പുള്ളി ആയി തീര്‍ന്നാല്‍

25 പുരോഹിതന്‍ അതു നോക്കേണം; പുള്ളിയിലെ രോമം വെള്ളയായി തീര്‍ന്നു ത്വക്കിനെക്കാള്‍ കുഴിഞ്ഞുകണ്ടാല്‍ പൊള്ളലില്‍ ഉണ്ടായ കുഷ്ഠം; ആകയാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.

26 എന്നാല്‍ പുരോഹിതന്‍ അതു നോക്കീട്ടു പുള്ളിയില്‍ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാല്‍ പുരോഹിതന്‍ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

27 ഏഴാം ദിവസം പുരോഹിതന്‍ അവനെ നോക്കേണംഅതു ത്വക്കിന്മേല്‍ പരന്നിരുന്നാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.

28 എന്നാല്‍ പുള്ളി ത്വക്കിന്മേല്‍ പരക്കാതെ, കണ്ട നിലയില്‍ തന്നേ നില്‍ക്കയും നിറം മങ്ങിയിരിക്കയും ചെയ്താല്‍ അതു തീപ്പൊള്ളലിന്റെ തിണര്‍പ്പു ആകുന്നു; പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അതു തീപ്പൊള്ളലിന്റെ തിണര്‍പ്പത്രേ.

29 ഒരു പുരുഷന്നു എങ്കിലും ഒരു സ്ത്രിക്കു എങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാല്‍ പുരോഹിതന്‍ വടു നോക്കേണം.

30 അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞും അതില്‍ പൊന്‍ നിറമായ നേര്‍മ്മയുള്ള രോമം ഉള്ളതായും കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നേ.

31 പുരോഹിതന്‍ പുറ്റിന്റെ വടുവിനെ നോക്കുമ്പോള്‍ അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും അതില്‍ കറുത്ത രോമം ഇല്ലാതെയും കണ്ടാല്‍ പുരോഹിതന്‍ പുറ്റുവടുവുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

32 ഏഴാം ദിവസം പുരോഹിതന്‍ വടുവിനെ നോക്കേണം; പുറ്റു പരക്കാതെയും അതില്‍ പൊന്‍ നിറമുള്ള രോമം ഇല്ലാതെയും പുറ്റിന്റെ കാഴ്ച ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും ഇരുന്നാല്‍ അവന്‍ ക്ഷൌരം ചെയ്യിക്കേണം;

33 എന്നാല്‍ പുറ്റില്‍ ക്ഷൌരം ചെയ്യരുതു; പുരോഹിതന്‍ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

34 ഏഴാം ദിവസം പുരോഹിതന്‍ പുറ്റു നോക്കേണം; പുറ്റു ത്വക്കിന്മേല്‍ പരക്കാതെയും കാഴ്ചെക്കു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും ഇരുന്നാല്‍ പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവന്‍ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.

35 എന്നാല്‍ അവന്റെ ശുദ്ധീകരണത്തിന്റെ ശേഷം പുറ്റു ത്വക്കിന്മേല്‍ പരന്നാല്‍

36 പുരോഹിതന്‍ അവനെ നോക്കേണം; പുറ്റു ത്വക്കിന്മേല്‍ പരന്നിരുന്നാല്‍ പുരോഹിതന്‍ പൊന്‍ നിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവന്‍ അശുദ്ധന്‍ തന്നേ.

37 എന്നാല്‍ പുറ്റു കണ്ട നിലയില്‍ തന്നേ നിലക്കുന്നതായും അതില്‍ കറുത്ത രോമം മുളെച്ചതായും കണ്ടാല്‍ പുറ്റു സൌഖ്യമായി; അവന്‍ ശുദ്ധിയുള്ളവന്‍ ; പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.

38 ഒരു പുരുഷന്നോ സ്ത്രീക്കോ ദേഹത്തിന്റെ ത്വക്കില്‍ വെളുത്ത പുള്ളി ഉണ്ടായാല്‍

39 പുരോഹിതന്‍ നോക്കേണം; ദേഹത്തിന്റെ ത്വക്കില്‍ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാല്‍ അതു ത്വക്കില്‍ ഉണ്ടാകുന്ന ചുണങ്ങു; അവന്‍ ശുദ്ധിയുള്ളവന്‍ .