ステップ _9713

勉強

     

സങ്കീർത്തനങ്ങൾ 57:4-11

4 എന്റെ പ്രാണന്‍ സിംഹങ്ങളുടെ ഇടയില്‍ ഇരിക്കുന്നു; അഗ്നിജ്വലിക്കുന്നവരുടെ നടുവില്‍ ഞാന്‍ കിടക്കുന്നു; പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂര്‍ച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയില്‍ തന്നെ.

5 ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്റെ മഹത്വം സര്‍വ്വഭൂമിയിലും പരക്കട്ടെ.

6 അവര്‍ എന്റെ കാലടികള്‍ക്കു ഒരു വലവിരിച്ചു, എന്റെ മനസ്സു ഇടിഞ്ഞിരിക്കുന്നു; അവര്‍ എന്റെ മുമ്പില്‍ ഒരു കുഴി കുഴിച്ചു; അതില്‍ അവര്‍ തന്നെ വീണു. സേലാ.

7 എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാന്‍ പാടും; ഞാന്‍ കീര്‍ത്തനം ചെയ്യും.

8 എന്‍ മനമേ, ഉണരുക; വീണയും കിന്നരവുമായുള്ളോവേ ഉണരുവിന്‍ ! ഞാന്‍ അതികാലത്തെ ഉണരും.

9 കര്‍ത്താവേ, വംശങ്ങളുടെ ഇടയില്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാന്‍ നിനക്കു കീര്‍ത്തനം ചെയ്യും.

10 നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ.

11 ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്റെ മഹത്വം സര്‍വ്വഭൂമിയിലും പരക്കട്ടെ. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്‍; ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം.)

സങ്കീർത്തനങ്ങൾ 58

1 ദേവന്മാരേ, നിങ്ങള്‍ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ? മനുഷ്യപുത്രന്മാരേ, നിങ്ങള്‍ പരമാര്‍ത്ഥമായി വിധിക്കുന്നുവോ?

2 നിങ്ങള്‍ ഹൃദയത്തില്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നു; ഭൂമിയില്‍ നിങ്ങളുടെ കൈകളുടെ നിഷ്ഠുരത തൂക്കിക്കൊടുക്കുന്നു.

3 ദുഷ്ടന്മാര്‍ ഗര്‍ഭംമുതല്‍ ഭ്രഷ്ടന്മാരായിരിക്കുന്നു; അവര്‍ ജനനംമുതല്‍ ഭോഷകു പറഞ്ഞു തെറ്റി നടക്കുന്നു.

4 അവരുടെ വിഷം സര്‍പ്പവിഷംപോലെ; അവര്‍ ചെവിയടഞ്ഞ പൊട്ടയണലിപോലെയാകുന്നു.

5 എത്ര സാമര്‍ത്ഥ്യത്തോടെ മന്ത്രം ചൊല്ലിയാലും മന്ത്രവാദികളുടെ വാക്കു അതു കേള്‍ക്കയില്ല.

6 ദൈവമേ, അവരുടെ വായിലെ പല്ലുകളെ തകര്‍ക്കേണമേ; യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകളെ തകര്‍ത്തുകളയേണമേ.

7 ഒഴുകിപ്പോകുന്ന വെള്ളംപോലെ അവര്‍ ഉരുകിപ്പോകട്ടെ. അവന്‍ തന്റെ അമ്പുകളെ തൊടുക്കുമ്പോള്‍ അവ ഒടിഞ്ഞുപോയതുപോലെ ആകട്ടെ.

8 അലിഞ്ഞു പോയ്പോകുന്ന അച്ചുപോലെ അവര്‍ ആകട്ടെ; ഗര്‍ഭം അലസിപ്പോയ സ്ത്രീയുടെ പ്രജപോലെ അവര്‍ സൂര്യനെ കാണാതിരിക്കട്ടെ.

9 നിങ്ങളുടെ കലങ്ങള്‍ക്കു മുള്‍തീ തട്ടുമ്മുമ്പെ പച്ചയും വെന്തതുമെല്ലാം ഒരുപോലെ അവന്‍ ചുഴലിക്കാറ്റിനാല്‍ പാറ്റിക്കളയും

10 നീതിമാന്‍ പ്രതിക്രിയ കണ്ടു ആനന്ദിക്കും; അവന്‍ തന്റെ കാലുകളെ ദുഷ്ടന്മാരുടെ രക്തത്തില്‍ കഴുകും.

11 ആകയാല്‍നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം; ഭൂമിയില്‍ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം എന്നു മനുഷ്യര്‍ പറയും. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്‍; ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം. അവനെ കൊല്ലേണ്ടതിന്നു ശൌല്‍ അയച്ചു ആളുകള്‍ വീടു കാത്തിരുന്ന കാലത്തു ചമെച്ചതു.)

സങ്കീർത്തനങ്ങൾ 59

1 എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ; എന്നോടു എതിര്‍ക്കുംന്നവരുടെ വശത്തുനിന്നു എന്നെ ഉദ്ധരിക്കേണമേ.

2 നീതികേടു പ്രവര്‍ത്തിക്കുന്നവരുടെ കയ്യില്‍ നിന്നു എന്നെ വിടുവിച്ചു രക്തപാതകന്മാരുടെ പക്കല്‍നിന്നു എന്നെ രക്ഷിക്കേണമേ.

3 ഇതാ, അവര്‍ എന്റെ പ്രാണന്നായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാര്‍ എന്റെ നേരെ കൂട്ടം കൂടുന്നതു എന്റെ അതിക്രമം ഹേതുവായിട്ടല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല.

4 എന്റെ പക്കല്‍ അകൃത്യം ഇല്ലാതെ അവര്‍ ഔടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാന്‍ ഉണര്‍ന്നു കടാക്ഷിക്കേണമേ.

5 സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകലജാതികളെയും സന്ദര്‍ശിക്കേണ്ടതിന്നു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളില്‍ ആരോടും കൃപ ഉണ്ടാകരുതേ. സേലാ.

6 സന്ധ്യാസമയത്തു അവര്‍ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ടു അവര്‍ പട്ടണത്തിന്നു ചുറ്റും നടക്കുന്നു.

7 അവര്‍ തങ്ങളുടെ വായ്കൊണ്ടു ശകാരിക്കുന്നു; വാളുകള്‍ അവരുടെ അധരങ്ങളില്‍ ഉണ്ടു; ആര്‍ കേള്‍ക്കും എന്നു അവര്‍ പറയുന്നു.

8 എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.

9 എന്റെ ബലമായുള്ളോവേ, ഞാന്‍ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.

10 എന്റെ ദൈവം തന്റെ ദയയാല്‍ എന്നെ എതിരേലക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.

11 അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന്നു തന്നേ; ഞങ്ങളുടെ പരിചയാകുന്ന കര്‍ത്താവേ, നിന്റെ ശക്തികൊണ്ടു അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ.

12 അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തവും അവര്‍ പറയുന്ന ശാപവും ഭോഷകുംനിമിത്തവും അവര്‍ തങ്ങളുടെ അഹങ്കാരത്തില്‍ പിടിപ്പെട്ടുപോകട്ടെ.

13 കോപത്തോടെ അവരെ സംഹരിക്കേണമേ; അവര്‍ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബില്‍ വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ.

14 സന്ധ്യാസമയത്തു അവര്‍ മടങ്ങിവരുന്നു; നായെപ്പോലെ കുരെച്ചുംകൊണ്ടു അവര്‍ നഗരത്തിന്നു ചുറ്റും നടക്കുന്നു.

15 അവര്‍ ആഹാരത്തിന്നായി ഉഴന്നുനടക്കുന്നു, തൃപ്തിയായില്ലെങ്കില്‍ അവര്‍ രാത്രിമുഴുവനും താമസിക്കുന്നു.

16 ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാന്‍ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.

17 എന്റെ ബലമായുള്ളോവേ, ഞാന്‍ നിനക്കു സ്തുതിപാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ. (സംഗീതപ്രമാണിക്കു; സാക്ഷ്യസാരസം എന്ന രാഗത്തില്‍; അഭ്യസിപ്പിപ്പാനുള്ള ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം. യോവാബ് മെസൊപൊത്താമ്യയിലെ അരാമ്യരോടും സോബയിലെ അരാമ്യരോടും യുദ്ധം ചെയ്തു മടങ്ങിവന്ന ശേഷം ഉപ്പുതാഴ്വരയില്‍ പന്തീരായിരം എദോമ്യരെ സംഹരിച്ചുകളഞ്ഞ സമയത്തു ചമെച്ചതു.)

സങ്കീർത്തനങ്ങൾ 60

1 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ചിതറിച്ചിരിക്കുന്നു; നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കേണമേ.

2 നീ ദേശത്തെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; അതു കുലുങ്ങുകയാല്‍ അതിന്റെ ഭിന്നങ്ങളെ നന്നാക്കേണമേ.

3 നീ നിന്റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; പരിഭ്രമത്തിന്റെ വീഞ്ഞു നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.

4 സത്യം നിമിത്തം ഉയര്‍ത്തേണ്ടതിന്നു നീ നിന്റെ ഭക്തന്മാര്‍ക്കും ഒരു കൊടി നല്കിയിരിക്കുന്നു. സേലാ.

5 നിനക്കു പ്രിയമുള്ളവര്‍ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങള്‍ക്കു ഉത്തരമരുളേണമേ.

6 ദൈവം തന്റെ വിശുദ്ധിയില്‍ അരുളിച്ചെയ്തതുകൊണ്ടു ഞാന്‍ ആനന്ദിക്കും; ഞാന്‍ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്വരയെ അളക്കും.

7 ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.

8 മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേല്‍ ഞാന്‍ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത്യദേശമേ, നീ എന്റെനിമിത്തം ജയഘോഷം കൊള്ളുക!

9 ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആര്‍ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആര്‍ വഴി നടത്തും?

10 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.

11 വൈരിയുടെനേരെ ഞങ്ങള്‍ക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യര്‍ത്ഥമല്ലോ.

12 ദൈവത്താല്‍ നാം വീര്യം പ്രവര്‍ത്തിക്കും; അവന്‍ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.)