ഘട്ടം 182

പഠനം

     

സങ്കീർത്തനങ്ങൾ 87

1 യഹോവ വിശുദ്ധപര്‍വ്വതത്തില്‍ സ്ഥാപിച്ച നഗരത്തെ,

2 സീയോന്റെ പടിവാതിലുകളെ തന്നേ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.

3 ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്വമുള്ള കാര്യങ്ങള്‍ അരുളിച്ചെയ്തിരിക്കുന്നു. സേലാ.

4 ഞാന്‍ എന്റെ പരിചയക്കാരുടെ കൂട്ടത്തില്‍ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യര്‍, സോര്‍, കൂശ് എന്നിവരെയും പ്രസ്താവിക്കും; ഇവന്‍ അവിടെ ജനിച്ചു.

5 ഇവനും അവനും അവിടെ ജനിച്ചു എന്നും സീയോനെക്കുറിച്ചു പറയും; അത്യുന്നതന്‍ തന്നേ അതിനെ സ്ഥാപിച്ചിരിക്കുന്നു.

6 യഹോവ വംശങ്ങളെ എഴുതുമ്പോള്‍ഇവന്‍ അവിടെ ജനിച്ചു എന്നിങ്ങനെ എണ്ണും സേലാ.

7 എന്റെ ഉറവുകള്‍ ഒക്കെയും നിന്നില്‍ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും. (ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം; സംഗീതപ്രമാണിക്കു; മഹലത്ത് രാഗത്തില്‍ പ്രതിഗാനത്തിന്നായി; എസ്രാഹ്യനായ ഹേമാന്റെ ഒരു ധ്യാനം.)

സങ്കീർത്തനങ്ങൾ 88

1 എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാന്‍ രാവും പകലും തിരുസന്നിധിയില്‍ നിലവിളിക്കുന്നു;

2 എന്റെ പ്രാര്‍ത്ഥന നിന്റെ മുമ്പില്‍ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ.

3 എന്റെ പ്രാണന്‍ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്റെ ജീവന്‍ പാതാളത്തോടു സമീപിക്കുന്നു.

4 കുഴിയില്‍ ഇറങ്ങുന്നവരുടെ കൂട്ടത്തില്‍ എന്നെ എണ്ണിയിരിക്കുന്നു; ഞാന്‍ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.

5 ശവകൂഴിയില്‍ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഔര്‍ക്കുംന്നില്ല; അവര്‍ നിന്റെ കയ്യില്‍നിന്നു അറ്റുപോയിരിക്കുന്നു.

6 നീ എന്നെ ഏറ്റവും താണ കുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.

7 നിന്റെ ക്രോധം എന്റെമേല്‍ ഭാരമായിരിക്കുന്നു. നിന്റെ എല്ലാതിരകളുംകൊണ്ടു നീ എന്നെ വലെച്ചിരിക്കുന്നു. സേലാ.

8 എന്റെ പരിചയക്കാരെ നീ എന്നോടു അകറ്റി, എന്നെ അവര്‍ക്കും വെറുപ്പാക്കിയിരിക്കുന്നു; പുറത്തിറങ്ങുവാന്‍ കഴിയാതവണ്ണം എന്നെ അടെച്ചിരിക്കുന്നു.

9 എന്റെ കണ്ണു കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാന്‍ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും എന്റെ കൈകളെ നിങ്കലേക്കു മലര്‍ത്തുകയും ചെയ്യുന്നു.

10 നീ മരിച്ചവര്‍ക്കും അത്ഭുതങ്ങള്‍ കാണിച്ചുകൊടുക്കുമോ? മൃതന്മാര്‍ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ? സേലാ.

11 ശവകൂഴിയില്‍ നിന്റെ ദയയെയും വിനാശത്തില്‍ നിന്റെ വിശ്വസ്തതയെയും വര്‍ണ്ണിക്കുമോ?

12 അന്ധകാരത്തില്‍ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതയും വെളിപ്പെടുമോ?

13 എന്നാല്‍ യഹോവേ, ഞാന്‍ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാര്‍ത്ഥന തിരുസന്നിധിയില്‍ വരുന്നു.

14 യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്നു? നിന്റെ മുഖത്തെ എനിക്കു മറെച്ചുവെക്കുന്നതും എന്തിന്നു?

15 ബാല്യംമുതല്‍ ഞാന്‍ അരിഷ്ടനും മരിപ്പാറായവനും ആകുന്നു; ഞാന്‍ നിന്റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു.

16 നിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു; നിന്റെ ഘോരത്വങ്ങള്‍ എന്നെ സംഹരിച്ചിരിക്കുന്നു.

17 അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു.

18 സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോടകറ്റിയിരിക്കുന്നു; എന്റെ പരിചയക്കാര്‍ അന്ധകാരമത്രേ. (എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനം.)

സങ്കീർത്തനങ്ങൾ 89:1-37

1 യഹോവയുടെ കൃപകളെക്കുറിച്ചു ഞാന്‍ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും.

2 ദയ എന്നേക്കും ഉറച്ചുനിലക്കും എന്നു ഞാന്‍ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വര്‍ഗ്ഗത്തില്‍ സ്ഥിരമാക്കിയിരിക്കുന്നു.

3 എന്റെ വൃതനോടു ഞാന്‍ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.

4 നിന്റെ സന്തതിയെ ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ.

5 യഹോവേ, സ്വര്‍ഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയില്‍ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും.

6 സ്വര്‍ഗ്ഗത്തില്‍ യഹോവയോടു സദൃശനായവന്‍ ആര്‍? ദേവപുത്രന്മാരില്‍ യഹോവേക്കു തുല്യനായവന്‍ ആര്‍?

7 ദൈവം വിശുദ്ധന്മാരുടെ സംഘത്തില്‍ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവര്‍ക്കും മീതെ ഭയപ്പെടുവാന്‍ യോഗ്യനും ആകുന്നു.

8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാന്‍ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.

9 നീ സമുദ്രത്തിന്റെ ഗര്‍വ്വത്തെ അടക്കിവാഴുന്നു. അതിലെ തിരകള്‍ പൊങ്ങുമ്പോള്‍ നീ അവയെ അമര്‍ത്തുന്നു.

10 നീ രഹബിനെ ഒരു ഹതനെപ്പോലെ തകര്‍ത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ടു നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.

11 ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; ഭൂതലവും അതിന്റെ പൂര്‍ണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.

12 ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെര്‍മ്മോനും നിന്റെ നാമത്തില്‍ ആനന്ദിക്കുന്നു;

13 നിനക്കു വീര്യമുള്ളോരു ഭുജം ഉണ്ടു; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു.

14 നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.

15 ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവര്‍ നിന്റെ മുഖപ്രകാശത്തില്‍ നടക്കും.

16 അവര്‍ ഇടവിടാതെ നിന്റെ നാമത്തില്‍ ഘോഷിച്ചുല്ലസിക്കുന്നു. നിന്റെ നീതിയില്‍ അവര്‍ ഉയര്‍ന്നിരിക്കുന്നു.

17 നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താല്‍ ഞങ്ങളുടെ കൊമ്പു ഉയര്‍ന്നിരിക്കുന്നു.

18 നമ്മുടെ പരിച യഹോവേക്കുള്ളതും നമ്മുടെ രാജാവു യിസ്രായേലിന്റെ പരിശുദ്ധന്നുള്ളവന്നും ആകുന്നു.

19 അന്നു നീ ദര്‍ശനത്തില്‍ നിന്റെ ഭക്തന്മാരോടു അരുളിച്ചെയ്തതു; ഞാന്‍ വീരനായ ഒരുത്തന്നു സഹായം നലകുകയും ജനത്തില്‍നിന്നു ഒരു വൃതനെ ഉയര്‍ത്തുകയും ചെയ്തു.

20 ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു.

21 എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.

22 ശത്രു അവനെ തോല്പിക്കയില്ല; വഷളന്‍ അവനെ പീഡിപ്പിക്കയും ഇല്ല.

23 ഞാന്‍ അവന്റെ വൈരികളെ അവന്റെ മുമ്പില്‍ തകര്‍ക്കും; അവനെ പകെക്കുന്നവരെ സംഹരിക്കും,

24 എന്നാല്‍ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തില്‍ അവന്റെ കൊമ്പു ഉയര്‍ന്നിരിക്കും.

25 അവന്റെ കയ്യെ ഞാന്‍ സമുദ്രത്തിന്മേലും അവന്റെ വലങ്കയ്യെ നദികളുടെമേലും നീട്ടുമാറാക്കും.

26 അവന്‍ എന്നോടുനീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.

27 ഞാന്‍ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരില്‍ ശ്രേഷ്ഠനുമാക്കും.

28 ഞാന്‍ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നിലക്കും.

29 ഞാന്‍ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിര്‍ത്തും.

30 അവന്റെ പുത്രന്മാര്‍ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും

31 എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താല്‍

32 ഞാന്‍ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദര്‍ശിക്കും.

33 എങ്കിലും എന്റെ ദയയെ ഞാന്‍ അവങ്കല്‍ നിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല.

34 ഞാന്‍ എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളില്‍നിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല.

35 ഞാന്‍ ഒരിക്കല്‍ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാന്‍ ഭോഷകു പറകയില്ല.

36 അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പില്‍ സൂര്യനെപ്പോലെയും ഇരിക്കും.

37 അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. സേലാ.