ഘട്ടം 259

പഠനം

     

യേഹേസ്കേൽ 34:25-31

25 ഞാന്‍ അവയോടു ഒരു സമാധാന നിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയില്‍ നിര്‍ഭയമായി വസിക്കയും കാടുകളില്‍ ഉറങ്ങുകയും ചെയ്യും.

26 ഞാന്‍ അവയെയും എന്റെ കുന്നിന്നും ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കിവേക്കും; ഞാന്‍ തക്ക സമയത്തു മഴപെയ്യിക്കും; അതു അനുഗ്രഹകരമായ മഴ ആയിരിക്കും.

27 വയലിലെ വൃക്ഷം ഫലം കായ്ക്കയും നിലം നന്നായി വിളകയും അവര്‍ തങ്ങളുടെ ദേശത്തു നിര്‍ഭയമായി വസിക്കയും ഞാന്‍ അവരുടെ നുകക്കഴികളെ പൊട്ടിച്ചു, അവരെക്കൊണ്ടു പണി എടുപ്പിച്ചവരുടെ കയ്യില്‍നിന്നു അവരെ വിടുവിക്കയും ചെയ്യുമ്പോള്‍ ഞാന്‍ യഹോവ എന്നു അവര്‍ അറിയും.

28 അവര്‍ ഇനി ജാതികള്‍ക്കു കവര്‍ച്ച ആയിത്തീരുകയില്ല; കാട്ടുമൃഗം അവരെ കടിച്ചു കീറുകയില്ല; അവര്‍ നിര്‍ഭയമായി വസിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.

29 ഞാന്‍ അവര്‍ക്കും കീര്‍ത്തിയുള്ളോരു നടുതല വെച്ചുണ്ടാക്കും; അവര്‍ ഇനി ദേശത്തു പട്ടണി കിടന്നു നശിക്കയില്ല; ജാതികളുടെ നിന്ദ ഇനി വഹിക്കയുമില്ല.

30 ഇങ്ങനെ അവരുടെ ദൈവമായ യഹോവ എന്ന ഞാന്‍ അവരോടുകൂടെ ഉണ്ടെന്നും യിസ്രായേല്‍ഗൃഹമായിരിക്കുന്ന അവര്‍ എന്റെ ജനമാകുന്നു എന്നും അവര്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

31 എന്നാല്‍ എന്റെ മേച്ചല്‍പുറത്തെ ആടുകളായി എന്റെ ആടുകളായുള്ളോരേ, നിങ്ങള്‍ മനുഷ്യരത്രേ; ഞാനോ നിങ്ങളുടെ ദൈവം എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

യേഹേസ്കേൽ 35

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

2 മനുഷ്യപുത്രാ, നീ സെയീര്‍ പര്‍വ്വതത്തിന്നു നേരെ മുഖം തിരിച്ചു അതിനെക്കുറിച്ചു പ്രവചിച്ചു അതിനോടു പറയേണ്ടതു

3 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസെയീര്‍പര്‍വ്വതമേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; ഞാന്‍ നിന്റെ നേരെ കൈ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും.

4 ഞാന്‍ നിന്റെ പട്ടണങ്ങളെ ശൂന്യമാക്കും; നീ പാഴായിത്തീരും; ഞാന്‍ യഹോവയെന്നു നീ അറിയും.

5 നീ നിത്യവൈരം ഭാവിച്ചു, യിസ്രായേല്‍മക്കളുടെ അന്ത്യാകൃത്യകാലമായ അവരുടെ ആപത്തുകാലത്തു അവരെ വാളിന്നു ഏല്പിച്ചുവല്ലോ.

6 അതുകൊണ്ടുഎന്നാണ, ഞാന്‍ നിന്നെ രക്തമാക്കിത്തീര്‍ക്കുംകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; അതേ രക്തം നീ വെറുത്തിരിക്കുന്നു; രക്തം നിന്നെ പിന്തുടരും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

7 അങ്ങനെ ഞാന്‍ സെയീര്‍പര്‍വ്വതത്തെ പാഴും ശൂന്യവുമാക്കി, ഗതാഗതം ചെയ്യുന്നവരെ അതില്‍ നിന്നു ഛേദിച്ചുകളയും.

8 ഞാന്‍ അതിന്റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറെക്കും നിന്റെ കുന്നുകളിലും താഴ്വരകളിലും നിന്റെ സകലനദികളിലും വാളാല്‍ നിഹതന്മാരായവര്‍ വീഴും.

9 ഞാന്‍ നിന്നെ ശാശ്വതശൂന്യങ്ങളാക്കും; നിന്റെ പട്ടണങ്ങള്‍ നിവാസികള്‍ ഇല്ലാതെയിരിക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

10 യഹോവ അവിടെ ഉണ്ടായിരിക്കെഈ ജാതി രണ്ടും ഈ ദേശം രണ്ടും എനിക്കുള്ളവയാകും; ഞങ്ങള്‍ അതു കൈവശമാക്കും എന്നു നീ പറഞ്ഞിരിക്കകൊണ്ടു

11 എന്നാണ, നീ അവരോടു നിന്റെ ദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിന്നും അസൂയെക്കും ഒത്തവണ്ണം ഞാനും പ്രവര്‍ത്തിക്കും; ഞാന്‍ നിനക്കു ന്യായം വിധിക്കുമ്പോള്‍ ഞാന്‍ അവരുടെ ഇടയില്‍ എന്നെത്തന്നേ വെളിപ്പെടുത്തും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

12 യിസ്രായേല്‍പര്‍വ്വതങ്ങള്‍ ശൂന്യമായിരിക്കുന്നു; അവ ഞങ്ങള്‍ക്കു ഇരയായി നല്കപ്പെട്ടിരിക്കുന്നു എന്നിങ്ങനെ അവയെക്കുറിച്ചു നീ പറഞ്ഞിരിക്കുന്ന ദൂഷണങ്ങളെ ഒക്കെയും യഹോവയായ ഞാന്‍ കേട്ടിരിക്കുന്നു എന്നു നീ അറിയും.

13 നിങ്ങള്‍ വായ്കൊണ്ടു എന്റെ നേരെ വമ്പു പറഞ്ഞു എനിക്കു വിരോധമായി നിങ്ങളുടെ വാക്കുകളെ പെരുക്കി; ഞാന്‍ അതു കേട്ടിരിക്കുന്നു.

14 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസര്‍വ്വഭൂമിയും സന്തോഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നിന്നെ ശൂന്യമാക്കും.

15 യിസ്രായേല്‍ഗൃഹത്തിന്റെ അവകാശം ശൂന്യമായതില്‍ നീ സന്തോഷിച്ചുവല്ലോ; ഞാന്‍ നിന്നോടും അതുപോലെ ചെയ്യും; സെയീര്‍പര്‍വ്വതവും എല്ലാ ഏദോമുമായുള്ളാവേ, നീ ശൂന്യമായ്പോകും; ഞാന്‍ യഹോവയെന്നു അവര്‍ അറിയും.

യേഹേസ്കേൽ 36

1 നീയോ, മനുഷ്യപുത്രാ, യിസ്രായേല്‍പര്‍വ്വതങ്ങളോടു പ്രവചിച്ചുപറയേണ്ടതുയിസ്രായേല്‍പര്‍വ്വതങ്ങളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ !

2 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുശത്രു നിങ്ങളെക്കുറിച്ചുനന്നായി; പുരാതനഗിരികള്‍ ഞങ്ങള്‍ക്കു കൈവശം ആയിരിക്കുന്നു എന്നു പറയുന്നു.

3 അതുകൊണ്ടു നീ പ്രവചിച്ചുപറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ജാതികളില്‍ ശേഷിച്ചവര്‍ക്കുംു കൈവശമായിത്തീരത്തക്കവണ്ണം അവര്‍ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു കപ്പിക്കളയുന്നതുകൊണ്ടും നിങ്ങള്‍ വായാളികളുടെ അധരങ്ങളില്‍ അകപ്പെട്ടു ലോകരുടെ അപവാദവിഷയമായിത്തീര്‍ന്നിരിക്കകൊണ്ടും യിസ്രായേല്‍പര്‍വ്വതങ്ങളേ,

4 യഹോവയായ കര്‍ത്താവിന്റെ വചനം കേള്‍പ്പിന്‍ ! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിര്‍ജ്ജനവും ചുറ്റുമുള്ള ജാതികളില്‍ ശേഷിച്ചവര്‍ക്കും കവര്‍ച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു

5 അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുജാതികളില്‍ ശേഷിച്ചവരോടും എല്ലാ ഏദോമിനോടും ഞാന്‍ നിശ്ചയമായി എന്റെ തീക്ഷണതാഗ്നിയോടെ സംസാരിക്കും; അവര്‍ എന്റെ ദേശത്തെ കവര്‍ച്ചക്കായി തള്ളിക്കളവാന്‍ തക്കവണ്ണം അതിനെ പൂര്‍ണ്ണഹൃദയസന്തോഷത്തോടും നിന്ദാഭാവത്തോടും കൂടെ തങ്ങള്‍ക്കു അവകാശമായി നിയമിച്ചുവല്ലോ.

6 അതുകൊണ്ടു നീ യിസ്രായേല്‍ ദേശത്തെക്കുറിച്ചു പ്രവചിച്ചു മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ജാതികളുടെ നിന്ദയെ വഹിച്ചതുകൊണ്ടു ഞാന്‍ എന്റെ തീക്ഷണതയോടും എന്റെ ക്രോധത്തോടും കൂടെ സംസാരിക്കുന്നു.

7 അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ ചുറ്റുമുള്ള ജാതികള്‍ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യം ചെയ്യുന്നു.

8 നിങ്ങളോ, യിസ്രായേല്‍പര്‍വ്വതങ്ങളേ, എന്റെ ജനമായ യിസ്രായേല്‍ വരുവാന്‍ അടുത്തിരിക്കകൊണ്ടു കൊമ്പുകളെ നീട്ടി അവര്‍ക്കും വേണ്ടി ഫലം കായ്പിന്‍ .

9 ഞാന്‍ നിങ്ങള്‍ക്കു അനുകൂലമായിരിക്കുന്നു; ഞാന്‍ നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളില്‍ കൃഷിയും വിതയും നടക്കും.

10 ഞാന്‍ നിങ്ങളില്‍ മനുഷ്യരെ, യിസ്രായേല്‍ഗൃഹം മുഴുവനെയും തന്നേ, വര്‍ദ്ധിപ്പിക്കും; പട്ടണങ്ങളില്‍ നിവാസികള്‍ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.

11 ഞാന്‍ നിങ്ങളില്‍ മനുഷ്യരെയും മൃഗങ്ങളെയും വര്‍ദ്ധിപ്പിക്കും; അവര്‍ പെരുകി സന്താനപുഷ്ടിയുള്ളവരാകും; ഞാന്‍ നിങ്ങളില്‍ പണ്ടത്തെപ്പോലെ ആളെ പാര്‍പ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാള്‍ അധികം നന്മ ഞാന്‍ നിങ്ങള്‍ക്കു ചെയ്യും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

12 ഞാന്‍ നിങ്ങളില്‍ മനുഷ്യരെ, എന്റെ ജനമായ യിസ്രായേലിനെ തന്നേ, സഞ്ചരിക്കുമാറാക്കും; അവര്‍ നിന്നെ കൈവശമാക്കും; നീ അവര്‍ക്കും അവകാശമായിരിക്കും; നീ അവരെ ഇനി മക്കളില്ലാത്തവരാക്കുകയുമില്ല.

13 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; അര്‍ നിന്നോടുനീ മനുഷ്യരെ തിന്നുകളകയും നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു എന്നു പറയുന്നതുകൊണ്ടു,

14 നീ ഇനിമേല്‍ മനുഷ്യരെ തിന്നുകളകയില്ല; നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല; എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

15 ഞാന്‍ ഇനി നിന്നെ ജാതികളുടെ നിന്ദ കേള്‍പ്പിക്കയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കയില്ല; നീ ഇനി നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

16 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

17 മനുഷ്യപുത്രാ, യിസ്രായേല്‍ ഗൃഹം തങ്ങളുടെ ദേശത്തു പാര്‍ത്തിരുന്നപ്പോള്‍, അവര്‍ അതിനെ തങ്ങളുടെ നടപ്പുകൊണ്ടും പ്രവൃത്തികള്‍കൊണ്ടും മലിനമാക്കി; എന്റെ മുമ്പാകെ അവരുടെ നടപ്പു ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.

18 അവര്‍ ദേശത്തു ചൊരിഞ്ഞ രക്തംനിമിത്തവും അതിനെ തങ്ങളുടെ വിഗ്രഹങ്ങള്‍കൊണ്ടു മലിനമാക്കിയതുനിമിത്തവും ഞന്‍ എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു.

19 ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു; അവര്‍ ദേശങ്ങളില്‍ ചിതറിപ്പോയി; അവരുടെ നടപ്പിന്നും പ്രവൃത്തികള്‍ക്കും തക്കവണ്ണം ഞാന്‍ അവരെ ന്യായം വിധിച്ചു.

20 അവര്‍ ജാതികളുടെ ഇടയില്‍ ചെന്നുചേര്‍ന്നപ്പോള്‍, ഇവര്‍ യഹോവയുടെ ജനം, അവന്റെ ദേശം വിട്ടുപോകേണ്ടിവന്നവര്‍ എന്നു അവര്‍ അവരെക്കുറിച്ചു പറയുമാറാക്കിയതിനാല്‍ അവര്‍ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി.

21 എങ്കിലും യിസ്രായേല്‍ഗൃഹം ചെന്നുചേര്‍ന്ന ജാതികളുടെ ഇടയില്‍ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെക്കുറിച്ചു എനിക്കു അയ്യോഭാവം തോന്നി.

22 അതുകൊണ്ടു നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ ഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല, നിങ്ങള്‍ ചെന്നുചേര്‍ന്ന ജാതികളുടെ ഇടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയിരിക്കുന്ന എന്റെ വിശുദ്ധ നാമംനിമിത്തം അത്രേ ഞാന്‍ അങ്ങനെ ചെയ്യുന്നതു.

23 ജാതികളുടെ ഇടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയതായി അവരുടെ ഇടയില്‍ അശുദ്ധമായ്പോയിരിക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാന്‍ വിശുദ്ധീകരിക്കും; ജാതികള്‍ കാണ്‍കെ ഞാന്‍ എന്നെത്തന്നേ നിങ്ങളില്‍ വിശുദ്ധീകരിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു അവര്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

24 ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയില്‍നിന്നു കൂട്ടി സകലദേശങ്ങളില്‍നിന്നും നിങ്ങളെ ശേഖരിച്ചു സ്വന്തദേശത്തേക്കു വരുത്തും.

25 ഞാന്‍ നിങ്ങളുടെമേല്‍ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായി തീരും, ഞാന്‍ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും.

26 ഞാന്‍ നിങ്ങള്‍ക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും; കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും.

27 ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളില്‍ നടക്കുമാറാക്കും; നിങ്ങള്‍ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.

28 ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തു നിങ്ങള്‍ പാര്‍ക്കും; നിങ്ങള്‍ എനിക്കു ജനമായും ഞാന്‍ നിങ്ങള്‍ക്കു ദൈവമായും ഇരിക്കും.

29 ഞാന്‍ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാന്‍ നിങ്ങളുടെമേല്‍ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി വര്‍ദ്ധിപ്പിക്കും.

30 നിങ്ങള്‍ ഇനിമേല്‍ ജാതികളുടെ ഇടയില്‍ ക്ഷാമത്തിന്റെ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിന്നു ഞാന്‍ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്റെ വിളവും വര്‍ദ്ധിപ്പിക്കും.

31 അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെയും നന്നല്ലാത്ത പ്രവൃത്തികളെയും ഔര്‍ത്തു നിങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തവും മ്ളേച്ഛതകള്‍ നിമിത്തവും നിങ്ങള്‍ക്കു നിങ്ങളോടു തന്നേ വെറുപ്പു തോന്നും.

32 നിങ്ങളുടെ നിമിത്തമല്ല ഞാന്‍ ഇതു ചെയ്യുന്നതു എന്നു നിങ്ങള്‍ക്കു ബോധ്യമായിരിക്കട്ടെ എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു; യിസ്രായേല്‍ഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിപ്പിന്‍ .

33 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കുന്ന നാളില്‍ നിങ്ങളുടെ പട്ടണങ്ങളില്‍ ഞാന്‍ ആളെ പാര്‍പ്പിക്കും; ശൂന്യസ്ഥലങ്ങളെയും പണിയും.

34 വഴിപോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും.

35 ശൂന്യമായ്ക്കിടന്നിരുന്ന ദേശം ഏദെന്‍ തോട്ടം പോലെയായ്തീര്‍ന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങള്‍ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീര്‍ന്നുവല്ലോ എന്നു അവര്‍ പറയും.

36 ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാന്‍ പണിതു, ശൂന്യപ്രദേശത്തു നടുതല വെച്ചുണ്ടാക്കി എന്നു നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജാതികള്‍ അന്നു അറിയും; യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ നിവര്‍ത്തിക്കയും ചെയ്യും.

37 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹം എന്നോടു അപേക്ഷിച്ചിട്ടു ഞാന്‍ ഒന്നുകൂടെ ചെയ്യുംഞാന്‍ അവര്‍ക്കും ആളുകളെ ആട്ടിന്‍ കൂട്ടത്തെപ്പോലെ വര്‍ദ്ധിപ്പിച്ചുകൊടുക്കും.

38 ശൂന്യമായ്പോയിരുന്ന പട്ടണങ്ങള്‍ വിശുദ്ധമായ ആട്ടിന്‍ കൂട്ടംപോലെ, ഉത്സവങ്ങളില്‍ യെരൂശലേമിലെ ആട്ടിന്‍ കൂട്ടംപോലെ തന്നേ, മനുഷ്യരാകുന്ന ആട്ടിന്‍ കൂട്ടം കൊണ്ടു നിറയും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.

യേഹേസ്കേൽ 37

1 യഹോവയുടെ കൈ എന്റെമേല്‍ വന്നു യഹോവയുടെ ആത്മാവില്‍ എന്നെ പുറപ്പെടുവിച്ചു താഴ്വരയുടെ നടുവില്‍ നിറുത്തി; അതു അസ്ഥികള്‍കൊണ്ടു നിറഞ്ഞിരുന്നു.

2 അവന്‍ എന്നെ അവയുടെ ഇടയില്‍ കൂടി ചുറ്റിച്ചുറ്റി നടക്കുമാറാക്കി; അവ താഴ്വരയുടെ പരപ്പിന്‍ എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു.

3 അവന്‍ എന്നോടുമനുഷ്യപുത്രാ, ഈ അസ്ഥികള്‍ ജീവിക്കുമോ എന്നു ചോദിച്ചു; അതിന്നു ഞാന്‍ യഹോവയായ കര്‍ത്താവേ, നീ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.

4 അവന്‍ എന്നോടു കല്പിച്ചതുനീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ചു അവയോടു പറയേണ്ടതുഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ !

5 യഹോവയായ കര്‍ത്താവു ഈ അസ്ഥികളോടു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ജീവിക്കേണ്ടതിന്നു ഞാന്‍ നിങ്ങളില്‍ ശ്വാസം വരുത്തും.

6 ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുവെച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങള്‍ ജീവിക്കേണ്ടതിന്നു നിങ്ങളില്‍ ശ്വാസം വരുത്തും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

7 എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു; ഞാന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേര്‍ന്നു.

8 പിന്നെ ഞാന്‍ നോക്കിഅവയുടെ മേല്‍ ഞരമ്പും മാംസവും വന്നതും അവയുടെമേല്‍ ത്വകൂ പൊതിഞ്ഞതും കണ്ടു; എന്നാല്‍ ശ്വാസം അവയില്‍ ഇല്ലാതെയിരുന്നു.

9 അപ്പോള്‍ അവന്‍ എന്നോടു കല്പിച്ചതുകാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുശ്വാസമേ, നീ നാലു കാറ്റുകളില്‍നിന്നും വന്നു ഈ നിഹതന്മാര്‍ ജീവിക്കേണ്ടതിന്നു അവരുടെ മേല്‍ ഊതുക.

10 അവന്‍ എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചപ്പോള്‍ ശ്വാസം അവരില്‍ വന്നു; അവര്‍ ജീവിച്ചു ഏറ്റവും വലിയ സൈന്യമായി നിവിര്‍ന്നുനിന്നു.

11 പിന്നെ അവന്‍ എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ, ഈ അസ്ഥികള്‍ ഇസ്രായേല്‍ഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികള്‍ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശെക്കു ഭംഗം വന്നു, ഞങ്ങള്‍ തീരേ മുടിഞ്ഞിരിക്കുന്നു എന്നു അവര്‍ പറയുന്നു.

12 അതുകൊണ്ടു നീ പ്രവചിച്ചു അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ജനമേ, ഞാന്‍ നിങ്ങളുടെ ശവകൂഴി തുറന്നു നിങ്ങളെ ശവകൂഴിയില്‍നിന്നു കയറ്റി യിസ്രായേല്‍ദേശത്തേക്കു കൊണ്ടുപോകും.

13 അങ്ങനെ എന്റെ ജനമേ, ഞാന്‍ നിങ്ങളുടെ ശവകൂഴി തുറന്നു നിങ്ങളെ ശവകൂഴിയില്‍നിന്നു കയറ്റുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

14 നിങ്ങള്‍ ജീവക്കേണ്ടതിന്നു ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളില്‍ ആക്കും; ഞാന്‍ നിങ്ങളെ സ്വദേശത്തു പാര്‍പ്പിക്കും; യഹോവയായ ഞാന്‍ അരുളിച്ചെയ്തു നിവര്‍ത്തിച്ചുമിരിക്കുന്നു എന്നു നിങ്ങള്‍ അറിയും എന്നു യഹോവയുടെ അരുളപ്പാടു.

15 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

16 മനുഷ്യപുത്രാ, നീ ഒരു കോല്‍ എടുത്തു അതിന്മേല്‍യെഹൂദെക്കും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേല്‍മക്കള്‍ക്കും എന്നു എഴുതിവെക്ക; പിന്നെ മറ്റൊരു കോല്‍ എടുത്തു അതിന്മേല്‍എഫ്രയീമിന്റെ കോലായ യോസേഫിന്നും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേല്‍ഗൃഹത്തിന്നൊക്കെക്കും എന്നു എഴുതിവെക്ക.

17 പിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേര്‍ക്കുംക; അവ നിന്റെ കയ്യില്‍ ഒന്നായിത്തീരും.

18 ഇതിന്റെ താല്പര്യം എന്തെന്നു നീ ഞങ്ങളെ അറിയിക്കയില്ലയോ എന്നു നിന്റെ സ്വജാതിക്കാര്‍ നിന്നോടു ചോദിക്കുമ്പോള്‍, നീ അവരോടു പറയേണ്ടതു

19 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ എഫ്രയീമിന്റെ കയ്യിലുള്ള യോസേഫിന്‍ കോലിനെയും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേല്‍ഗോത്രങ്ങളെയും എടുത്തു അവരെ അവനോടു, യെഹൂദയുടെ കോലിനോടു തന്നേ, ചേര്‍ത്തു ഒരു കോലാക്കും; അവര്‍ എന്റെ കയ്യില്‍ ഒന്നായിരിക്കും.

20 നീ എഴുതിയ കോലുകള്‍ അവര്‍ കാണ്‍കെ നിന്റെ കയ്യില്‍ ഇരിക്കേണം.

21 പിന്നെ നീ അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ യിസ്രായേല്‍ മക്കളെ അവര്‍ ചെന്നു ചേര്‍ന്നിരിക്കുന്ന ജാതികളുടെ ഇടയില്‍നിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും.

22 ഞാന്‍ അവരെ ദേശത്തു, യിസ്രായേല്‍ പര്‍വ്വതങ്ങളില്‍ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവര്‍ക്കെല്ലാവര്‍ക്കും രാജാവായിരിക്കും; അവര്‍ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല.

23 അവര്‍ ഇനി വിഗ്രഹങ്ങളാലും മ്ളേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നേ മലിനമാക്കുകയില്ല; അവര്‍ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാന്‍ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കും ദൈവമായും ഇരിക്കും.

24 എന്റെ ദാസനായ ദാവീദ് അവര്‍ക്കും രാജാവായിരിക്കും; അവര്‍ക്കെല്ലാവര്‍ക്കും ഒരേ ഇടയന്‍ ഉണ്ടാകും; അവര്‍ എന്റെ വിധികളില്‍ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.

25 എന്റെ ദാസനായ യാക്കോബിന്നു ഞാന്‍ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാര്‍ പാര്‍ത്തിരുന്നതും ആയ ദേശത്തു അവര്‍ പാര്‍ക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവര്‍ക്കും പ്രഭുവായിരിക്കും.

26 ഞാന്‍ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവര്‍ക്കും ഒരു ശാശ്വതനിയമമായിരിക്കും; ഞാന്‍ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവില്‍ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.

27 എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാന്‍ അവര്‍ക്കും ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും.

28 എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവില്‍ ഇരിക്കുമ്പോള്‍ ഞാന്‍ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികള്‍ അറിയും.

യേഹേസ്കേൽ 38:1-9

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

2 മനുഷ്യപുത്രാ, രോശ്, മേശെക്, തൂബല്‍ എന്നിവയുടെ പ്രഭുവായി മാഗോഗ് ദേശത്തിലെ ഗോഗിന്റെ നേരെ നീ മുഖം തിരിച്ചു അവനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു;

3 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുരോശ്, മേശെക്, തൂബല്‍ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു.

4 ഞാന്‍ നിന്നെ വഴിതെറ്റിച്ചു നിന്റെ താടിയെല്ലില്‍ ചൂണ്ടല്‍ കൊളുത്തി നിന്നെയും നിന്റെ സകല സൈന്യത്തെയും കുതിരകളെയും ഒട്ടൊഴിയാതെ സര്‍വ്വായുധം ധരിച്ച കുതിരച്ചേവകരെയും ഒട്ടൊഴിയാതെ വാളും പരിചയും പലകയും എടുത്തു ഒരു മഹാസമൂഹത്തെയും

5 അവരോടുകൂടെ ഒട്ടൊഴിയാതെ പരിചയും തലക്കോരികയും ധരിച്ച പാര്‍സികള്‍, കൂശ്യര്‍, പൂത്യര്‍, ഗോമെരും

6 അവന്റെ എല്ലാ പടക്കൂട്ടങ്ങളും വടക്കെ അറ്റത്തുള്ള തോഗര്‍മ്മാഗൃഹവും അതിന്റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും.

7 ഒരുങ്ങിക്കൊള്‍ക! നീയും നിന്റെ അടുക്കല്‍ കൂടിയിരിക്കുന്ന നിന്റെ സമൂഹമൊക്കെയും ഒരുങ്ങിക്കൊള്‍വിന്‍ ! നീ അവര്‍ക്കും മേധാവി ആയിരിക്ക.

8 ഏറിയനാള്‍ കഴിഞ്ഞിട്ടു നീ സന്ദര്‍ശിക്കപ്പെടും; വാളിന്നു ഒഴിഞ്ഞുപോന്നതും പല ജാതികളില്‍നിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേല്‍പര്‍വ്വതങ്ങളില്‍ തന്നേ, എന്നാല്‍ അവര്‍ ജാതികളുടെ ഇടയില്‍നിന്നു വന്നു എല്ലാവരും നിര്‍ഭയമായി വസിക്കും.

9 നീ മഴക്കോള്‍പോലെ കയറിവരും; നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജാതികളും മേഘംപോലെ ദേശത്തെ മൂടും.