ഘട്ടം 281

പഠനം

     

മലാഖി 1

1 പ്രവാചകം; മലാഖി മുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാടു.

2 ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാല്‍ നിങ്ങള്‍നീ ഞങ്ങളെ ഏതിനാല്‍ സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു. ഏശാവു യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാന്‍ യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

3 എന്നാല്‍ ഏശാവിനെ ഞാന്‍ ദ്വേഷിച്ചു അവന്റെ പര്‍വ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികള്‍ക്കു കൊടുത്തിരിക്കുന്നു.

4 ഞങ്ങള്‍ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങള്‍ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും എന്നു എദോം പറയുന്നു എങ്കില്‍ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅവര്‍ പണിയട്ടെ ഞാന്‍ ഇടിച്ചുകളയും; അവര്‍ക്കും ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം ക്രുദ്ധിക്കുന്ന ജാതി എന്നും പേര്‍ പറയും.

5 നിങ്ങള്‍ സ്വന്ത കണ്ണുകൊണ്ടു അതു കാണുകയും യഹോവ യിസ്രായേലിന്റെ അതിരിന്നു അപ്പുറത്തോളം വലിയവന്‍ എന്നു പറകയും ചെയ്യും.

6 മകന്‍ അപ്പനെയും ദാസന്‍ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാന്‍ അപ്പന്‍ എങ്കില്‍ എന്നോടുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനന്‍ എങ്കില്‍ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങള്‍ഏതിനാല്‍ ഞങ്ങള്‍ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.

7 നിങ്ങള്‍ എന്റെ യാഗപീഠത്തിന്മേല്‍ മലിന ഭോജനം അര്‍പ്പിക്കുന്നു. എന്നാല്‍ നിങ്ങള്‍ഏതിനാല്‍ ഞങ്ങള്‍ നിന്നെ മലിനമാക്കുന്നു എന്നു ചോദിക്കുന്നു. യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങള്‍ പറയുന്നതിനാല്‍ തന്നേ.

8 നിങ്ങള്‍ കണ്ണു പൊട്ടിയതിനെ യാഗം കഴിപ്പാന്‍ കൊണ്ടുവന്നാല്‍ അതു ദോഷമല്ല; നിങ്ങള്‍ മുടന്തും ദീനവുമുള്ളതിനെ അര്‍പ്പിച്ചാല്‍ അതും ദോഷമല്ല; അതിനെ നിന്റെ ദേശാധിപതിക്കു കാഴ്ച വെക്കുക; അവന്‍ പ്രസാദിക്കുമോ? നിന്നോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

9 ആകയാല്‍ ദൈവം നമ്മോടു കൃപകാണിപ്പാന്‍ തക്കവണ്ണം അവനെ പ്രസാദിപ്പിച്ചുകൊള്‍വിന്‍ . നിങ്ങള്‍ ഇതൊക്കെയും ചെയ്തിരിക്കുന്നു; അവന്നു നിങ്ങളോടു കൃപ തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

10 നിങ്ങള്‍ എന്റെ യാഗപീഠത്തിന്മേല്‍ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിന്നു നിങ്ങളില്‍ ആരെങ്കിലും വാതില്‍ അടെച്ചുകളഞ്ഞാല്‍ കൊള്ളായിരുന്നു; എനിക്കു നിങ്ങളില്‍ പ്രസാദമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ കയ്യില്‍ നിന്നു ഞാന്‍ വഴിപാടു കൈക്കൊള്‍കയുമില്ല.

11 സൂര്യന്റെ ഉദയംമുതല്‍ അസ്തമനംവരെ എന്റെ നാമം ജാതികളുടെ ഇടയില്‍ വലുതാകുന്നു; എല്ലാടത്തും എന്റെ നാമത്തിന്നു ധൂപവും നിര്‍മ്മലമായ വഴിപാടും അര്‍പ്പിച്ചുവരുന്നു; എന്റെ നാമം ജാതികളുടെ ഇടയില്‍ വലുതാകുന്നുവല്ലോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

12 നിങ്ങളോയഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു എന്നു പറയുന്നതിനാല്‍ നിങ്ങള്‍ എന്റെ നാമത്തെ അശുദ്ധമാക്കുന്നു.

13 എന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങള്‍ അതിനോടു ചീറുന്നു; എന്നാല്‍ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങള്‍ കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാന്‍ നിങ്ങളുടെ കയ്യില്‍നിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.

14 എന്നാല്‍ തന്റെ ആട്ടിന്‍ കൂട്ടത്തില്‍ ഒരു ആണ്‍ ഉണ്ടായിരിക്കെ, കര്‍ത്താവിന്നു നേര്‍ന്നിട്ടു ഊനമുള്ളോരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകന്‍ ശപിക്കപ്പെട്ടവന്‍ . ഞാന്‍ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയില്‍ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

മലാഖി 2

1 ഇപ്പോഴോ പുരോഹിതന്മാരേ, ഈ ആജ്ഞ നിങ്ങളോടു ആകുന്നു.

2 നിങ്ങള്‍ കേട്ടനുസരിക്കയും എന്റെ നാമത്തിന്നു മഹത്വം കൊടുപ്പാന്‍ തക്കവണ്ണം മനസ്സുവെക്കുകയും ചെയ്യാഞ്ഞാല്‍ ഞാന്‍ നിങ്ങളുടെ മേല്‍ ശാപം അയച്ചു നിങ്ങള്‍ക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതേ, നിങ്ങള്‍ മനസ്സു വെക്കായ്കകൊണ്ടു ഞാന്‍ അവയെ ശപിച്ചുമിരിക്കുന്നു.

3 ഞാന്‍ നിങ്ങള്‍ക്കുള്ള സന്തതിയെ ഭര്‍ത്സിക്കയും ചാണകം, നിങ്ങളുടെ ഉത്സവങ്ങളിലെ ചാണകം തന്നേ, നിങ്ങളുടെ മുഖത്തു വിതറുകയും അവര്‍ നിങ്ങളെ അതിനോടുകൂടെ കൊണ്ടുപോകയും ചെയ്യും.

4 ലേവിയോടുള്ള എന്റെ നിയമം നിലനില്പാന്‍ തക്കവണ്ണം ഞാന്‍ ഈ ആജ്ഞ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

5 അവനോടുള്ള എന്റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവന്‍ ഭയപ്പെടേണ്ടതിന്നു ഞാന്‍ അവന്നു അവയെ കൊടുത്തു; അവന്‍ എന്നെ ഭയപ്പെട്ടു എന്റെ നാമംനിമിത്തം വിറെക്കയും ചെയ്തു.

6 നേരുള്ള ഉപദേശം അവന്റെ വായില്‍ ഉണ്ടായിരുന്നു; നീതികേടു അവന്റെ അധരങ്ങളില്‍ കണ്ടതുമില്ല; സമാധാനമായും പരമാര്‍ത്ഥമായും അവന്‍ എന്നോടുകൂടെ നടന്നു പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി;

7 പുരോഹിതന്‍ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാല്‍ അവന്റെ അധരങ്ങള്‍ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ.

8 നിങ്ങളോ വഴി വിട്ടുമാറി പലരെയും ഉപദേശത്താല്‍ ഇടറുമാറാക്കി ലേവിയുടെ നിയമം നശിപ്പിച്ചിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

9 അങ്ങനെ നിങ്ങള്‍ എന്റെ വഴികളെ പ്രമാണിക്കാതെ ന്യായപാലനത്തില്‍ പക്ഷഭേദം കാണിച്ചതുകൊണ്ടു ഞാനും നിങ്ങളെ സകലജനത്തിന്നും നിന്ദിതരും നീചരുമാക്കിയിരിക്കുന്നു.

10 നമുക്കെല്ലാവര്‍ക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?

11 യെഹൂദാ ദ്രോഹംചെയ്തു; യിസ്രായേലിലും യെരൂശലേമിലും മ്ളേച്ഛത സംഭവിച്ചിരിക്കുന്നു; യഹോവേക്കു ഇഷ്ടമായുള്ള അവന്റെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി ഒരു അന്യദേവന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നു.

12 അങ്ങനെ ചെയ്യുന്ന മനുഷ്യന്നു യഹോവ ചോദിക്കുന്നവനെയും ഉത്തരം പറയുന്നവനെയും സൈന്യങ്ങളുടെ യഹോവേക്കു വഴിപാടു അര്‍പ്പിക്കുന്നവനെയും യാക്കോബിന്റെ കൂടാരങ്ങളില്‍ നിന്നു ഛേദിച്ചുകളയും.

13 രണ്ടാമതു നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നുയഹോവ ഇനി വഴിപാടു കടാക്ഷിക്കയോ നിങ്ങളുടെ കയ്യില്‍നിന്നു പ്രസാദമുള്ളതു കൈക്കൊള്‍കയോ ചെയ്യാതവണ്ണം നിങ്ങള്‍ അവന്റെ യാഗപീഠത്തെ കണ്ണുനീര്‍കൊണ്ടും കരച്ചല്‍കൊണ്ടും ഞരക്കംകൊണ്ടും മൂടിക്കളയുന്നു.

14 എന്നാല്‍ നിങ്ങള്‍ അതു എന്തുകൊണ്ടു എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്റെ യൌവനത്തിലെ ഭാര്യെക്കും മദ്ധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നേ; അവള്‍ നിന്റെ കൂട്ടാളിയും നിന്റെ ധര്‍മ്മപത്നിയുമല്ലോ.

15 ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. എന്നാല്‍ ആ ഒരുത്തന്‍ എന്തു ചെയ്തു? ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവന്‍ അന്വേഷിച്ചു. നിങ്ങളുടെ ഉള്ളില്‍ സൂക്ഷിച്ചുകൊള്‍വിന്‍ ; തന്റെ യൌവനത്തിലെ ഭാര്യയോടു ആരും അവിശ്വസ്തത കാണിക്കരുതു.

16 ഞാന്‍ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നുഅതു ചെയ്യുന്നവന്‍ തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാല്‍ നിങ്ങള്‍ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിന്നു നിങ്ങളുടെ ഉള്ളില്‍ സൂക്ഷിച്ചുകൊള്‍വിന്‍ .

17 നിങ്ങള്‍ നിങ്ങളുടെ വാക്കുകളാല്‍ യഹോവയെ മുഷിപ്പിക്കുന്നു. എന്നാല്‍ നിങ്ങള്‍ഏതിനാല്‍ ഞങ്ങള്‍ അവനെ മുഷിപ്പിക്കുന്നു എന്നു ചോദിക്കുന്നു. ദോഷം പ്രവര്‍ത്തിക്കുന്ന ഏവനും യഹോവേക്കു ഇഷ്ടമുള്ളവന്‍ ആകുന്നു; അങ്ങനെയുള്ളവരില്‍ അവന്‍ പ്രസാദിക്കുന്നു; അല്ലെങ്കില്‍ ന്യായവിധിയുടെ ദൈവം എവിടെ? എന്നിങ്ങിനെ നിങ്ങള്‍ പറയുന്നതിനാല്‍ തന്നേ.

മലാഖി 3

1 എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാന്‍ എന്റെ ദൂതനെ അയക്കുന്നു. നിങ്ങള്‍ അന്വേഷിക്കുന്ന കര്‍ത്താവും നിങ്ങള്‍ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവന്‍ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവന്‍ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

2 എന്നാല്‍ അവന്‍ വരുന്ന ദിവസത്തെ ആര്‍ക്കും സഹിക്കാം? അവന്‍ പ്രത്യക്ഷനാകുമ്പോള്‍ ആര്‍ നിലനിലക്കും? അവന്‍ ഊതിക്കഴിക്കുന്നവന്റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും.

3 അവന്‍ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിര്‍മ്മലീകരിക്കും; അങ്ങനെ അവര്‍ നീതിയില്‍ യഹോവേക്കു വഴിപാടു അര്‍പ്പിക്കും.

4 അന്നു യെഹൂദയുടെയും യെരൂശലേമിന്റെയും വഴിപാടു പുരാതനകാലത്തെന്നപോലെയും പണ്ടത്തെ ആണ്ടുകളിലെന്നപോലെയും യഹോവേക്കു പ്രസാദകരമായിരിക്കും.

5 ഞാന്‍ ന്യായവിധിക്കായി നിങ്ങളോടു അടുത്തുവരും; ഞാന്‍ ക്ഷുദ്രക്കാര്‍ക്കും വ്യഭിചാരികള്‍ക്കും കള്ളസ്സത്യം ചെയ്യുന്നവര്‍ക്കും കൂലിയുടെ കാര്യത്തില്‍ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവര്‍ക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

6 യഹോവയായ ഞാന്‍ മാറാത്തവന്‍ ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങള്‍ മുടിഞ്ഞുപേകാതിരിക്കുന്നു.

7 നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതല്‍ നിങ്ങള്‍ എന്റെ ചട്ടങ്ങളെ പ്രമാണിക്കാതെ തെറ്റിനടന്നിരിക്കുന്നു; എന്റെ അടുക്കലേക്കു മടങ്ങിവരുവിന്‍ ; ഞാന്‍ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ഏതില്‍ ഞങ്ങള്‍ മടങ്ങിവരേണ്ടു എന്നു ചോദിക്കുന്നു.

8 മനുഷ്യന്നു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങള്‍ എന്നെ തോല്പിക്കുന്നു. എന്നാല്‍ നിങ്ങള്‍ഏതില്‍ ഞങ്ങള്‍ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ.

9 നിങ്ങള്‍, ഈ ജാതി മുഴുവനും തന്നേ, എന്നെ തോല്പിക്കുന്നതുകൊണ്ടു നിങ്ങള്‍ ശാപഗ്രസ്തരാകുന്നു.

10 എന്റെ ആലയത്തില്‍ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങള്‍ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിന്‍ . ഞാന്‍ നിങ്ങള്‍ക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേല്‍ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങള്‍ ഇതിനാല്‍ എന്നെ പരീക്ഷിപ്പിന്‍ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

11 ഞാന്‍ വെട്ടുക്കിളിയെ ശാസിക്കും; അതു നിങ്ങളുടെ നിലത്തിലെ അനുഭവം നശിപ്പിച്ചു കളകയില്ല; പറമ്പിലെ മുന്തിരിവള്ളിയുടെ ഫലം മൂക്കാതെ കൊഴിഞ്ഞുപോകയുമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

12 നിങ്ങള്‍ മനോഹരമായോരു ദേശം ആയിരിക്കയാല്‍ സകലജാതികളും നിങ്ങളെ ഭാഗ്യവാന്മാര്‍ എന്നു പറയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

13 നിങ്ങളുടെ വാക്കുകള്‍ എന്റെനേരെ അതികഠിനമായിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ഞങ്ങള്‍ നിന്റെ നേരെ എന്തു സംസാരിക്കുന്നു എന്നു ചോദിക്കുന്നു.

14 യഹോവേക്കു ശുശ്രൂഷ ചെയ്യുന്നതു വ്യര്‍ത്ഥം; ഞങ്ങള്‍ അവന്റെ കാര്യം നോക്കുന്നതിനാലും സൈന്യങ്ങളുടെ യഹോവയുടെ മുമ്പാകെ കറുപ്പുടുത്തു നടന്നതിനാലും എന്തു പ്രയോജനമുള്ളു?

15 ആകയാല്‍ ഞങ്ങള്‍ അഹങ്കാരികളെ ഭാഗ്യവാന്മാര്‍ എന്നു പറയുന്നു; ദുഷ്പ്രവൃത്തിക്കാര്‍ അഭ്യുദയം പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവര്‍ ശിക്ഷ ഒഴിഞ്ഞുപോകുന്നു എന്നു നിങ്ങള്‍ പറയുന്നു.

16 യഹോവാഭക്തന്മാര്‍ അന്നു തമ്മില്‍ തമ്മില്‍ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാര്‍ക്കും അവന്റെ നാമത്തെ സ്മരിക്കുന്നവര്‍ക്കും വേണ്ടി അവന്റെ സന്നിധിയില്‍ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.

17 ഞാന്‍ ഉണ്ടാക്കുവാനുള്ള ദിവസത്തില്‍ അവന്‍ എനിക്കു ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യന്‍ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാന്‍ അവരെ ആദരിക്കും.

18 അപ്പോള്‍ നിങ്ങള്‍ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും.

മലാഖി 4

1 ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോള്‍ അഹങ്കാരികളൊക്കെയും സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

2 എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കോ നീതിസൂര്യന്‍ തന്റെ ചിറകിന്‍ കീഴില്‍ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തില്‍നിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.

3 ഞാന്‍ ഉണ്ടാക്കുവാനുള്ള ദിവസത്തില്‍ ദുഷ്ടന്മാര്‍ നിങ്ങളുടെ കാലിന്‍ കീഴില്‍ വെണ്ണീര്‍ ആയിരിക്കകൊണ്ടു നിങ്ങള്‍ അവരെ ചവിട്ടിക്കളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

4 ഞാന്‍ ഹോരേബില്‍വെച്ചു എല്ലാ യിസ്രായേലിന്നും വേണ്ടി എന്റെ ദാസനായ മോശെയോടു കല്പിച്ചിരിക്കുന്ന ന്യായപ്രമാണവും ചട്ടങ്ങളും വിധികളും ഔര്‍ത്തുകൊള്‍വിന്‍ .

5 യഹോവയുടെ വലുതും ഭയങ്കരവുമായ നാള്‍ വരുന്നതിന്നു മുമ്പെ ഞാന്‍ നിങ്ങള്‍ക്കു ഏലീയാപ്രവാചകനെ അയക്കും.

6 ഞാന്‍ വന്നു ഭൂമിയെ സംഹാര ശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവന്‍ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.