Крок 100.

Дослідження

     

രാജാക്കന്മാർ 1 2:19-46

19 അങ്ങനെ ബത്ത്-ശേബ അദോനീയാവിന്നുവേണ്ടി ശലോമോന്‍ രാജാവിനോടു സംസാരിപ്പാന്‍ അവന്റെ അടുക്കല്‍ ചെന്നു. രാജാവു എഴുന്നേറ്റു അവളെ എതിരേറ്റുചെന്നു വന്ദനം ചെയ്തു തന്റെ സിംഹാസനത്തില്‍ ഇരുന്നു രാജമാതാവിന്നു ഇരിപ്പാന്‍ കൊടുപ്പിച്ചു; അവള്‍ അവന്റെ വലത്തുഭാഗത്തു ഇരുന്നു.

20 ഞാന്‍ നിന്നോടു ഒരു ചെറിയ കാര്യം അപേക്ഷിക്കുന്നു; എന്റെ അപേക്ഷ തള്ളിക്കളയരുതു എന്നു അവള്‍ പറഞ്ഞു. രാജാവു അവളോടുഎന്റെ അമ്മേ, ചോദിച്ചാലും; ഞാന്‍ നിന്റെ അപേക്ഷ തള്ളുകയില്ല എന്നു പറഞ്ഞു.

21 അപ്പോള്‍ അവള്‍ശൂനേംകാരത്തിയായ അബീശഗിനെ നിന്റെ സഹോദരനായ അദോനീയാവിന്നു ഭാര്യയായിട്ടു കൊടുക്കേണം എന്നു പറഞ്ഞു.

22 ശലോമോന്‍ രാജാവു തന്റെ അമ്മയോടുശൂനേംകാരത്തിയായ അബീശഗിനെ അദോനീയാവിന്നു വേണ്ടി ചോദിക്കുന്നതു എന്തു? രാജത്വത്തെയും അവന്നുവേണ്ടി ചോദിക്കരുതോ? അവന്‍ എന്റെ ജ്യേഷ്ഠനല്ലോ; അവന്നും പുരോഹിതന്‍ അബ്യാഥാരിന്നും സെരൂയയുടെ മകന്‍ യോവാബിന്നും വേണ്ടി തന്നേ എന്നു ഉത്തരം പറഞ്ഞു.

23 അദോനീയാവു ഈ കാര്യം ചോദിച്ചതു തന്റെ ജീവനാശത്തിന്നായിട്ടല്ലെങ്കില്‍ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ;

24 ആകയാല്‍ എന്നെ സ്ഥിരപ്പെടുത്തിയവനും എന്നെ എന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തില്‍ ഇരുത്തി തന്റെ വാഗ്ദാനപ്രകാരം എനിക്കു ഒരു ഗൃഹം പണിതവനുമായ യഹോവയാണ, ഇന്നു തന്നേ അദോനീയാവു മരിക്കേണം എന്നു ശലോമോന്‍ രാജാവു കല്പിച്ചു യഹോവനാമത്തില്‍ സത്യം ചെയ്തു.

25 പിന്നെ ശലോമോന്‍ രാജാവു യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു; അവന്‍ അവനെ വെട്ടിക്കൊന്നുകളഞ്ഞു.

26 അബ്യാഥാര്‍പുരോഹിതനോടു രാജാവുനീ അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്കു പൊയ്ക്കൊള്‍ക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ കര്‍ത്താവായ യഹോവയുടെ പെട്ടകം ചുമന്നതുകൊണ്ടും എന്റെ അപ്പന്‍ അനുഭവിച്ച സകലകഷ്ടങ്ങളെയും നീ കൂടെ അനുഭവിച്ചതുകൊണ്ടും ഞാന്‍ ഇന്നു നിന്നെ കൊല്ലുന്നില്ല എന്നു പറഞ്ഞു.

27 ഇങ്ങനെ യഹോവ ശീലോവില്‍വെച്ചു ഏലിയുടെ കുടുംബത്തെക്കുറിച്ചു അരുളിച്ചെയ്ത വചനത്തിന്നു നിവൃത്തിവരേണ്ടതിന്നു ശലോമോന്‍ അബ്യാഥാരിനെ യഹോവയുടെ പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു.

28 ഈ വര്‍ത്തമാനം യോവാബിന്നു എത്തിയപ്പോള്‍--യോവാബ് അബ്ശാലോമിന്റെ പക്ഷം ചേര്‍ന്നിരുന്നില്ലെങ്കിലും അദോനീയാവിന്റെ പക്ഷം ചേര്‍ന്നിരുന്നു--അവന്‍ യഹോവയുടെ കൂടാരത്തില്‍ ഔടിച്ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.

29 യോവാബ് യഹോവയുടെ കൂടാരത്തില്‍ ഔടിച്ചെന്നു യാഗപീഠത്തിന്റെ അടുക്കല്‍ നിലക്കുന്നു എന്നു ശലോമോന്‍ രാജാവിന്നു അറിവുകിട്ടി. അപ്പോള്‍ ശലോമോന്‍ യെഹോയാദയുടെ മകനായ ബെനായാവെ അയച്ചുനീ ചെന്നു അവനെ വെട്ടിക്കളക എന്നു കല്പിച്ചു.

30 ബെനായാവു യെഹോവയുടെ കൂടാരത്തില്‍ ചെന്നുനീ പുറത്തുവരിക എന്നു രാജാവു കല്പിക്കുന്നു എന്നു അവനോടു പറഞ്ഞു. ഇല്ല; ഞാന്‍ ഇവിടെ തന്നെ മരിക്കും എന്നു അവന്‍ പറഞ്ഞു. ബെനായാവു ചെന്നുയോവാബ് ഇങ്ങനെ പറയുന്നു; ഇങ്ങനെ അവന്‍ എന്നോടു ഉത്തരം പറഞ്ഞു എന്നു രാജാവിനെ ബോധിപ്പിച്ചു.

31 രാജാവു അവനോടു കല്പിച്ചതുഅവന്‍ പറഞ്ഞതുപോലെ നീ ചെയ്ക; അവനെ വെട്ടിക്കൊന്നു കുഴിച്ചിടുക; യോവാബ് കാരണം കൂടാതെ ചിന്നിയ രക്തം നീ ഇങ്ങനെ എങ്കല്‍ നിന്നും എന്റെ പിതൃഭവനത്തിങ്കല്‍നിന്നും നീക്കിക്കളക.

32 അവന്റെ രക്തപാതകം യഹോവ അവന്റെ തലമേല്‍ തന്നേ വരുത്തും; യിസ്രായേലിന്റെ സേനാധിപതിയായ നേരിന്റെ മകന്‍ അബ്നേര്‍, യെഹൂദയുടെ സേനാധിപതിയായ യേഥെരിന്റെ മകന്‍ അമാസാ എന്നിങ്ങനെ തന്നെക്കാള്‍ നീതിയും സല്‍ഗുണവുമുള്ള രണ്ടു പുരുഷന്മാരെ അവന്‍ എന്റെ അപ്പനായ ദാവീദ് അറിയാതെ വാള്‍കൊണ്ടു വെട്ടിക്കൊന്നുകളഞ്ഞുവല്ലോ.

33 അവരുടെ രക്തം എന്നേക്കും യോവാബിന്റെയും അവന്റെ സന്തതിയുടെയും തലമേല്‍ ഇരിക്കും; ദാവീദിന്നും അവന്റെ സന്തതിക്കും ഗൃഹത്തിന്നും സിംഹാസനത്തിന്നും യഹോവയിങ്കല്‍നിന്നു എന്നേക്കും സമാധാനം ഉണ്ടാകും.

34 അങ്ങനെ യെഹോയാദയുടെ മകനായ ബെനായാവു ചെന്നു അവനെ വെട്ടിക്കൊന്നു; മരുഭൂമിയിലെ അവന്റെ വീട്ടില്‍ അവനെ അടക്കംചെയ്തു.

35 രാജാവു അവന്നു പകരം യെഹോയാദയുടെ മകനായ ബെനായാവെ സേനാധിപതിയാക്കി അബ്യാഥാരിന്നു പകരം സാദോക്‍ പുരോഹിതനെയും നിയമിച്ചു.

36 പിന്നെ രാജാവു ആളയച്ചു ശിമെയിയെ വരുത്തി അവനോടുനീ യെരൂശലേമില്‍ നിനക്കു ഒരു വീടു പണിതു പാര്‍ത്തുകൊള്‍ക; അവിടെനിന്നു പുറത്തെങ്ങും പോകരുതു.

37 പുറത്തിറങ്ങി കിദ്രോന്‍ തോടു കടക്കുന്ന നാളില്‍ നീ മരിക്കേണ്ടിവരും എന്നു തീര്‍ച്ചയായി അറിഞ്ഞുകൊള്‍ക; നിന്റെ രക്തം നിന്റെ തലമേല്‍ തന്നേ ഇരിക്കും എന്നു കല്പിച്ചു.

38 ശിമെയി രാജാവിനോടുഅതു നല്ലവാക്കു; യജമാനനായ രാജാവു കല്പിച്ചതുപോലെ അടിയന്‍ ചെയ്തുകൊള്ളാം എന്നു പറഞ്ഞു. അങ്ങനെ ശിമെയി കുറെക്കാലം യെരൂശലേമില്‍ പാര്‍ത്തു.

39 മൂന്നു സംവത്സരം കഴിഞ്ഞപ്പോള്‍ ശിമെയിയുടെ രണ്ടു അടിമകള്‍ മാഖയുടെ മകനായ ആഖീശ് എന്ന ഗത്ത്രാജാവിന്റെ അടുക്കല്‍ ഔടിപ്പോയി; തന്റെ അടിമകള്‍ ഗത്തില്‍ ഉണ്ടെന്നു ശിമെയിക്കു അറിവുകിട്ടി.

40 അപ്പോള്‍ ശിമെയി എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു പുറപ്പെട്ടു അടിമകളെ അന്വേഷിപ്പാന്‍ ഗത്തില്‍ ആഖീശിന്റെ അടുക്കല്‍ പോയി; അങ്ങനെ ശിമെയി ചെന്നു അടിമകളെ ഗത്തില്‍നിന്നു കൊണ്ടു വന്നു.

41 ശിമെയി യെരൂശലേം വിട്ടു ഗത്തില്‍ പോയി മടങ്ങിവന്നു എന്നു ശലോമോന്നു അറിവുകിട്ടി.

42 അപ്പോള്‍ രാജാവു ആളയച്ചു ശിമെയിയെ വരുത്തി അവനോടുനീ പുറത്തിറങ്ങി എവിടെയെങ്കിലും പോകുന്നനാളില്‍ മരിക്കേണ്ടിവരുമെന്നു തീര്‍ച്ചയായി അറിഞ്ഞുകൊള്‍ക എന്നു ഞാന്‍ നിന്നെക്കൊണ്ടു യഹോവാനാമത്തില്‍ സത്യം ചെയ്യിച്ചു സാക്ഷീകരിക്കയും ഞാന്‍ കേട്ട വാക്കു നല്ലതെന്നു നീ എന്നോടു പറകയും ചെയ്തില്ലയോ?

43 അങ്ങനെയിരിക്കെ നീ യഹോവയുടെ ആണയും ഞാന്‍ നിന്നോടു കല്പിച്ച കല്പനയും പ്രമാണിക്കാതെ ഇരുന്നതു എന്തു എന്നു ചോദിച്ചു.

44 പിന്നെ രാജാവു ശിമെയിയോടുനീ എന്റെ അപ്പനായ ദാവീദിനോടു ചെയ്തതും നിനക്കു ഔര്‍മ്മയുള്ളതും ആയ ദോഷമൊക്കെയും നീ അറിയുന്നുവല്ലോ; യഹോവ നിന്റെ ദോഷം നിന്റെ തലമേല്‍ തന്നേ വരുത്തും.

45 എന്നാല്‍ ശലോമോന്‍ രാജാവു അനുഗ്രഹിക്കപ്പെട്ടവനും ദാവീദിന്റെ സിംഹാസനം യഹോവയുടെ മുമ്പാകെ എന്നേക്കും സ്ഥിരവുമായിരിക്കും എന്നു പറഞ്ഞിട്ടു

46 രാജാവു യെഹോയാദയുടെ മകന്‍ ബെനായാവോടു കല്പിച്ചു; അവന്‍ ചെന്നു അവനെ വെട്ടിക്കൊന്നു. അങ്ങനെ രാജത്വം ശലോമോന്റെ കയ്യില്‍ സ്ഥിരമായി.

രാജാക്കന്മാർ 1 3

1 അനന്തരം ശലോമോന്‍ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്നു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്റെ നഗരത്തില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചു.

2 എന്നാല്‍ ആ കാലംവരെ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ടു ജനം പൂജാഗിരികളില്‍വെച്ചു യാഗം കഴിച്ചുപോന്നു.

3 ശലോമോന്‍ യഹോവയെ സ്നേഹിച്ചു, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു എങ്കിലും അവന്‍ പൂജാഗിരികളില്‍വെച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.

4 രാജാവു ഗിബെയോനില്‍ യാഗം കഴിപ്പാന്‍ പോയി; അതു പ്രധാനപൂജാഗിരിയായിരുന്നു; അവിടത്തെ യാഗപീഠത്തിന്മേല്‍ ശലോമോന്‍ ആയിരം ഹോമയാഗം അര്‍പ്പിച്ചു.

5 ഗിബെയോനില്‍വെച്ചു യഹോവ രാത്രിയില്‍ ശലോമോന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊള്‍ക എന്നു ദൈവം അരുളിച്ചെയ്തു.

6 അതിന്നു ശലോമോന്‍ പറഞ്ഞതു എന്തെന്നാല്‍എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്‍ സത്യത്തോടും നീതിയോടും ഹൃദയപരമാര്‍ത്ഥതയോടും കൂടെ നിന്റെ മുമ്പാകെ നടന്നതിന്നു ഒത്തവണ്ണം നീ അവന്നു വലിയ കൃപ ചെയ്തു ഈ വലിയ കൃപ അവന്നായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ അവന്നു ഒരു മകനെ നലകുകയും ചെയ്തിരിക്കുന്നു.

7 എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോള്‍ എന്റെ അപ്പനായ ദാവീദിന്നു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികള്‍ നടത്തുവാന്‍ എനിക്കു അറിവില്ല.

8 നീ തിരഞ്ഞെടുത്തതും പെരുപ്പംനിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയോരു മഹാജാതിയായ നിന്റെ ജനത്തിന്റെ മദ്ധ്യേ അടിയന്‍ ഇരിക്കുന്നു.

9 ആകയാല്‍ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‍വാന്‍ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‍വാന്‍ ആര്‍ക്കും കഴിയും.

10 ശലോമോന്‍ ഈ കാര്യം ചോദിച്ചതു കര്‍ത്താവിന്നു പ്രസാദമായി.

11 ദൈവം അവനോടു അരുളിച്ചെയ്തതു എന്തെന്നാല്‍നീ ദീര്‍ഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിന്നുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ടു

12 ഞാന്‍ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാന്‍ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവന്‍ നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവന്‍ നിന്റെശേഷം ഉണ്ടാകയും ഇല്ല.

13 ഇതിന്നുപുറമെ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്വവും കൂടെ ഞാന്‍ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരില്‍ ഒരുത്തനും നിനക്കു സമനാകയില്ല.

14 നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു എന്റെ വഴികളില്‍ നടന്നാല്‍ ഞാന്‍ നിനക്കു ദീര്‍ഘായുസ്സും തരും.

15 ശലോമോന്‍ ഉറക്കം ഉണര്‍ന്നപ്പോള്‍ അതു സ്വപനം എന്നു കണ്ടു. പിന്നെ അവന്‍ യെരൂശലേമിലേക്കു മടങ്ങിവന്നു യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെനിന്നു ഹോമയാഗങ്ങള്‍ കഴിച്ചു സമാധാനയാഗങ്ങളും അര്‍പ്പിച്ചു തന്റെ സകലഭൃത്യന്മാര്‍ക്കും വിരുന്നു കഴിച്ചു.

16 അനന്തരം വേശ്യമാരായ രണ്ടു സ്ത്രീകള്‍ രാജാവിന്റെ അടുക്കല്‍ വന്നു അവന്റെ മുമ്പാകെ നിന്നു.

17 അവരില്‍ ഒരുത്തി പറഞ്ഞതുതമ്പുരാനെ, അടിയനും, ഇവളും ഒരു വീട്ടില്‍ പാര്‍ക്കുംന്നു; ഞങ്ങള്‍ പാര്‍ക്കുംന്ന വീട്ടില്‍വെച്ചു ഞാന്‍ ഒരു കുഞ്ഞിനെ പ്രസവിച്ചു.

18 ഞാന്‍ പ്രസവിച്ചതിന്റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങള്‍ ഒന്നിച്ചായിരുന്നു; ഞങ്ങള്‍ രണ്ടുപോരും ഒഴികെ ആ വീട്ടില്‍ മറ്റാരും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നില്ല.

19 എന്നാല്‍ രാത്രി ഇവള്‍ തന്റെ മകന്റെ മേല്‍ കിടന്നുപോയതുകൊണ്ടു അവന്‍ മരിച്ചു പോയി.

20 അവള്‍ അര്‍ദ്ധരാത്രി എഴുന്നേറ്റു, അടിയന്‍ ഉറങ്ങുന്ന സമയം, അടിയന്റെ അരികെനിന്നു അടിയന്റെ മകനെ എടുത്തു അവളുടെ പള്ളെക്കലും അവളുടെ മരിച്ച മകനെ അടിയന്റെ പള്ളെക്കലും കിടത്തി.

21 രാവിലെ കുഞ്ഞിന്നു മുലകൊടുപ്പാന്‍ അടിയന്‍ എഴുന്നേറ്റപ്പോള്‍ അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയന്‍ സൂക്ഷിച്ചുനോക്കിയാറെ അതു അടിയന്‍ പ്രസവിച്ച കുഞ്ഞല്ല.

22 അതിന്നു മറ്റെ സ്ത്രീഅങ്ങനെയല്ല; ജീവനുള്ളതു എന്റെ കുഞ്ഞു; മരിച്ചതു നിന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇവളോമരിച്ചതു നിന്റെ കുഞ്ഞു; ജീവനുള്ളതു എന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇങ്ങനെ അവര്‍ രാജാവിന്റെ മുമ്പാകെ തമ്മില്‍ വാദിച്ചു.

23 അപ്പോള്‍ രാജാവു കല്പിച്ചതുജീവനുള്ളതു എന്റെ കുഞ്ഞു, മരിച്ചതു നിന്റെ കുഞ്ഞു എന്നു ഇവള്‍ പറയുന്നു; അങ്ങനെയല്ല, മരിച്ചതു നിന്റെ കുഞ്ഞു, ജീവനുള്ളതു എന്റെ കുഞ്ഞു എന്നു മറ്റേവള്‍ പറയുന്നു.

24 ഒരു വാള്‍ കൊണ്ടുവരുവിന്‍ എന്നു രാജാവു കല്പിച്ചു. അവര്‍ ഒരു വാള്‍ രാജസന്നിധിയില്‍ കൊണ്ടുവന്നു.

25 അപ്പോള്‍ രാജാവുജീവനുള്ള കുഞ്ഞിനെ രണ്ടായി പിളര്‍ന്നു പാതി ഒരുത്തിക്കും പാതി മറ്റേവള്‍ക്കും കൊടുപ്പിന്‍ എന്നു കല്പിച്ചു.

26 ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചു ഉള്ളു കത്തുകകൊണ്ടു രാജാവിനോടുഅയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവള്‍ക്കു കൊടുത്തുകൊള്‍വിന്‍ എന്നു പറഞ്ഞു. മറ്റേവളോഎനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളര്‍ക്കട്ടെ എന്നു പറഞ്ഞു.

27 അപ്പോള്‍ രാജാവുജീവനുള്ള കുഞ്ഞിനെ കൊല്ലരുതു; അവള്‍ക്കു കൊടുപ്പിന്‍ ; അവള്‍ തന്നേ അതിന്റെ തള്ള എന്നു കല്പിച്ചു.

28 രാജാവു കല്പിച്ച വിധി യിസ്രായേല്‍ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‍വാന്‍ ദൈവത്തിന്റെ ജ്ഞാനം രാജാവിന്റെ ഉള്ളില്‍ ഉണ്ടു എന്നു കണ്ടു അവനെ ഭയപ്പെട്ടു.

രാജാക്കന്മാർ 1 4:1-19

1 അങ്ങനെ ശലോമോന്‍ രാജാവു എല്ലാ യിസ്രായേലിന്നും രാജാവായി.

2 അവന്നുണ്ടായിരുന്ന പ്രഭുക്കന്മാര്‍ ആരെന്നാല്‍സാദോക്കിന്റെ മകന്‍ അസര്യാവു പുരോഹിതന്‍ .

3 ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും രായസക്കാര്‍; അഹീലൂദിന്റെ മകന്‍ യെഹോശാഫാത്ത് മന്ത്രി;

4 യെഹോയാദയുടെ മകന്‍ ബെനായാവു സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാര്‍;

5 നാഥാന്റെ മകനായ അസര്യാവു കാര്യക്കാരന്മാരുടെ മേധാവി; നാഥാന്റെ മകനായ സാബൂദ് പുരോഹിതനും രാജാവിന്റെ സ്നേഹിതനുമായിരുന്നു;

6 അഹീശാര്‍ രാജഗൃഹവിചാരകന്‍ ; അബ്ദയുടെ കെന്‍ അദോനീരാം ഊഴിയവേലക്കാരുടെ മേധാവി.

7 രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാര്‍ത്ഥങ്ങള്‍ എത്തിച്ചുകൊടുപ്പാന്‍ ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഔരോരുത്തന്‍ ആണ്ടില്‍ ഔരോമാസത്തേക്കു ഭോജനപദാര്‍ത്ഥങ്ങള്‍ എത്തിച്ചുകൊടുക്കും.

8 അവരുടെ പേരാവിതുഎഫ്രയീംമലനാട്ടില്‍ ബെന്‍ -ഹൂര്‍;

9 മാക്കസ്, ശാല്‍ബീം, ബേത്ത്-ശേമെശ്, ഏലോന്‍ -ബേത്ത്-ഹാനാന്‍ എന്നീ സ്ഥലങ്ങളില്‍ ബെന്‍ -ദേക്കെര്‍;

10 അരുബ്ബോത്തില്‍ ബെന്‍ -ഹേസെര്‍; സോഖോവും ഹേഫെര്‍ദേശം മുഴുവനും അവന്റെ ഇടവക ആയിരുന്നു;

11 നാഫത്ത്-ദോറില്‍ ബെന്‍ -അബീനാദാബ്; അവന്നു ശലോമോന്റെ മകളായ താഫത്ത് ഭാര്യയായിരുന്നു;

12 അഹീലൂദിന്റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാന്നരികെ യിസ്രായേലിന്നു താഴെ ബേത്ത്-ശെയാന്‍ മുതല്‍ ആബേല്‍-മെഹോലാവരെയും യൊക്‍ മെയാമിന്റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാന്‍ മുഴുവനും ആയിരുന്നു;

13 ഗിലെയാദിലെ രാമോത്തില്‍ ബെന്‍ -ഗേബെര്‍; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന്നു ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങള്‍ ഉള്‍പ്പെട്ട ബാശാനിലെ അര്ഗ്ഗോബ് ദേശവും ആയിരുന്നു,

14 മഹനയീമില്‍ ഇദ്ദോവിന്റെ മകന്‍ അഹീനാദാബ്;

15 നഫ്താലിയില്‍ അഹീമാസ്; അവന്‍ ശലോമോന്റെ മകളായ ബാശെമത്തിനെ ഭാര്യയായി പരിഗ്രഹിച്ചു;

16 ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകന്‍ ബാനാ;

17 യിസ്സാഖാരില്‍ പാരൂഹിന്റെ മകനായ യെഹോശാഫാത്ത്;

18 ബെന്യാമീനില്‍ ഏലയുടെ മകനായ ശിമെയി; അമോര്യ രാജാവായ സീഹോന്റെയും

19 ബാശാന്‍ രാജാവായ ഔഗിന്റെയും രാജ്യമായിരുന്ന ഗിലെയദ് ദേശത്തു ഹൂരിന്റെ മകന്‍ ഗേബെര്‍; ആ ദേശത്തു ഒരു കാര്യക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.