Крок 164.

Дослідження

     

സങ്കീർത്തനങ്ങൾ 37:27-38

27 ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും.

28 യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.

29 നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;

30 നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവു ന്യായം സംസാരിക്കുന്നു.

31 തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു; അവന്റെ കാലടികൾ വഴുതുകയില്ല.

32 ദുഷ്ടൻ നീതിമാന്നായി പതിയിരുന്നു, അവനെ കൊല്ലുവാൻ നോക്കുന്നു.

33 യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റംവിധിക്കയുമില്ല.

34 യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും.

35 ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാൻ കണ്ടിട്ടുണ്ടു.

36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.

37 നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും.

38 എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.

സങ്കീർത്തനങ്ങൾ 38

1 യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ. ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ.

2 നിന്റെ അസ്ത്രങ്ങള്‍ എന്നില്‍ തറെച്ചിരിക്കുന്നു; നിന്റെ കൈ എന്റെ മേല്‍ ഭാരമായിരിക്കുന്നു.

3 നിന്റെ നീരസം ഹേതുവായി എന്റെ ദേഹത്തില്‍ സൌഖ്യമില്ല; എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളില്‍ സ്വസ്ഥതയുമില്ല.

4 എന്റെ അകൃത്യങ്ങള്‍ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു.

5 എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങള്‍ ചീഞ്ഞുനാറുന്നു.

6 ഞാന്‍ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു; ഞാന്‍ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.

7 എന്റെ അരയില്‍ വരള്‍ച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തില്‍ സൌഖ്യമില്ല.

8 ഞാന്‍ ക്ഷീണിച്ചു അത്യന്തം തകര്‍ന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാന്‍ അലറുന്നു.

9 കര്‍ത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പില്‍ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.

10 എന്റെ നെഞ്ചിടിക്കുന്നു; ഞാന്‍ വശംകെട്ടിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും എനിക്കില്ലാതെയായി.

11 എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറിനിലക്കുന്നു; എന്റെ ചാര്‍ച്ചക്കാരും അകന്നുനിലക്കുന്നു.

12 എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ കണിവെക്കുന്നു; എനിക്കു അനര്‍ത്ഥം അന്വേഷിക്കുന്നവര്‍ വേണ്ടാതനം സംസാരിക്കുന്നു; അവര്‍ ഇടവിടാതെ ചതിവു ചിന്തിക്കുന്നു.

13 എങ്കിലും ഞാന്‍ ചെകിടനെപ്പോലെ കേള്‍ക്കാതെ ഇരുന്നു; വായ്തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.

14 ഞാന്‍ , കേള്‍ക്കാത്ത മനുഷ്യനെപ്പോലെയും വായില്‍ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു.

15 യഹോവേ, നിങ്കല്‍ ഞാന്‍ പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കര്‍ത്താവേ, നീ ഉത്തരം അരുളും.

16 അവര്‍ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാന്‍ പറഞ്ഞു; എന്റെ കാല്‍ വഴുതുമ്പോള്‍ അവര്‍ എന്റെ നേരെ വമ്പു പറയുമല്ലോ.

17 ഞാന്‍ ഇടറി വീഴുമാറായിരിക്കുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പില്‍ ഇരിക്കുന്നു.

18 ഞാന്‍ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു.

19 എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവര്‍. എന്നെ വെറുതെ പകെക്കുന്നവര്‍ പെരുകിയിരിക്കുന്നു.

20 ഞാന്‍ നന്മ പിന്തുടരുകയാല്‍ അവര്‍ എനിക്കു വിരോധികളായി നന്മെക്കു പകരം തിന്മ ചെയ്യുന്നു.

21 യഹോവേ, എന്നെ കൈവിടരുതേ; എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.

22 എന്റെ രക്ഷയാകുന്ന കര്‍ത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ.

സങ്കീർത്തനങ്ങൾ 39

1 നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടന്‍ എന്റെ മുമ്പില്‍ ഇരിക്കുമ്പോള്‍ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാന്‍ പറഞ്ഞു.

2 ഞാന്‍ ഉരിയാടാതെ ഊമനായിരുന്നു; നന്മയെ ഗണ്യമാക്കാതെ മൌനമായിരുന്നു; എന്റെ സങ്കടം പൊങ്ങിവന്നു.

3 എന്റെ ഉള്ളില്‍ ഹൃദയത്തിന്നു ചൂടു പിടിച്ചു, എന്റെ ധ്യാനത്തിങ്കല്‍ തീ കത്തി; അപ്പോള്‍ ഞാന്‍ നാവെടുത്തു സംസാരിച്ചു.

4 യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാന്‍ എത്ര ക്ഷണികന്‍ എന്നു ഞാന്‍ അറിയുമാറാകട്ടെ.

5 ഇതാ, നീ എന്റെ നാളുകളെ നാലുവിരല്‍ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ.

6 മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവര്‍ വ്യര്‍ത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവന്‍ ധനം സമ്പാദിക്കുന്നു; ആര്‍ അനുഭവിക്കും എന്നറിയുന്നില്ല.

7 എന്നാല്‍ കര്‍ത്താവേ, ഞാന്‍ ഏതിന്നായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ നിങ്കല്‍ വെച്ചിരിക്കുന്നു.

8 എന്റെ സകലലംഘനങ്ങളില്‍നിന്നും എന്നെ വിടുവിക്കേണമേ; എന്നെ ഭോഷന്റെ നിന്ദയാക്കി വെക്കരുതേ.

9 ഞാന്‍ വായ് തുറക്കാതെ ഊമനായിരുന്നു; നീയല്ലോ അങ്ങനെ വരുത്തിയതു.

10 നിന്റെ ബാധ എങ്കല്‍നിന്നു നീക്കേണമേ; നിന്റെ കയ്യുടെ അടിയാല്‍ ഞാന്‍ ക്ഷയിച്ചിരിക്കുന്നു.

11 അകൃത്യംനിമിത്തം നീ മനുഷ്യനെ ദണ്ഡനങ്ങളാല്‍ ശിക്ഷിക്കുമ്പോള്‍ നീ അവന്റെ സൌന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. സേലാ.

12 യഹോവേ, എന്റെ പ്രാര്‍ത്ഥന കേട്ടു എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്റെ കണ്ണുനീര്‍ കണ്ടു മിണ്ടാതിരിക്കരുതേ; ഞാന്‍ എന്റെ സകലപിതാക്കന്മാരെയും പോലെ നിന്റെ സന്നിധിയില്‍ അന്യനും പരദേശിയും ആകുന്നുവല്ലോ.

13 ഞാന്‍ ഇവിടെനിന്നു പോയി ഇല്ലാതെയാകുന്നതിന്നു മുമ്പെ ഉന്മേഷം പ്രാപിക്കേണ്ടതിന്നു നിന്റെ നോട്ടം എങ്കല്‍നിന്നു മാറ്റേണമേ.