Корак 286

Студија

     

മത്തായി 12:22-50

22 അനന്തരം ചിലര്‍ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; ഊമന്‍ സംസാരിക്കയും കാണ്കയും ചെയ്‍വാന്‍ തക്കവണ്ണം അവന്‍ അവനെ സൌഖ്യമാക്കി.

23 പുരുഷാരം ഒക്കെയും വിസ്മയിച്ചുഇവന്‍ ദാവീദ് പുത്രന്‍ തന്നേയോ എന്നു പറഞ്ഞു.

24 അതു കേട്ടിട്ടു പരീശന്മാര്‍ഇവന്‍ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു.

25 അവന്‍ അവരുടെ നിരൂപണം അറിഞ്ഞു അവരോടു പറഞ്ഞതു“ഒരു രാജ്യം തന്നില്‍ തന്നേ ഛിദ്രിച്ചു എങ്കില്‍ ശൂന്യമാകും;

26 ഒരു പട്ടണമോ ഗൃഹമോ തന്നില്‍ തന്നേ ഛിദ്രിച്ചു എങ്കില്‍ നിലനില്‍ക്കയില്ല. സാത്താന്‍ സാത്താനെ പുറത്താക്കുന്നുവെങ്കില്‍ അവന്‍ തന്നില്‍ തന്നേ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനിലക്കും?

27 ഞാന്‍ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍, നിങ്ങളുടെ മക്കള്‍ ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ടു അവര്‍ നിങ്ങള്‍ക്കു ന്യായാധിപന്മാര്‍ ആകും.

28 ദൈവാത്മാവിനാല്‍ ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കല്‍ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.

29 ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ ബലവാന്റെ വീട്ടില്‍ കടന്നു അവന്റെ കോപ്പു കവര്‍ന്നുകളവാന്‍ എങ്ങനെ കഴിയും? പിടിച്ചുകെട്ടിയാല്‍ പിന്നെ അവന്റെ വീടു കവര്‍ച്ച ചെയ്യാം.

30 എനിക്കു അനുകൂലമല്ലാത്തവന്‍ എനിക്കു പ്രതിക്കുലം ആകുന്നു; എന്നോടുകൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നു.

31 അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നതുസകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.

32 ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാല്‍ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.

33 ഒന്നുകില്‍ വൃക്ഷം നല്ലതു, ഫലവും നല്ലതു എന്നു വെപ്പിന്‍ ; അല്ലായ്കില്‍ വൃക്ഷം ചീത്ത, ഫലവും ചീത്ത എന്നു വെപ്പിന്‍ ; ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നതു.

34 സര്‍പ്പസന്തതികളെ, നിങ്ങള്‍ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാന്‍ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതില്‍ നിന്നല്ലോ വായ് സംസാരിക്കുന്നതു.

35 നല്ല മനുഷ്യന്‍ തന്റെ നല്ല നിക്ഷേപത്തില്‍നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യന്‍ ദുര്‍ന്നിക്ഷേപത്തില്‍നിന്നു തീയതു പുറപ്പെടുവിക്കുന്നു.

36 എന്നാല്‍ മനുഷ്യര്‍ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തില്‍ കണകൂ ബോധിപ്പിക്കേണ്ടിവരും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

37 നിന്റെ വാക്കുകളാല്‍ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാല്‍ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.”

38 അപ്പോള്‍ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലര്‍ അവനോടുഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാന്‍ ഞങ്ങള്‍ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവന്‍ അവരോടു ഉത്തരം പറഞ്ഞതു

39 “ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല.

40 യോനാ കടലാനയുടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും.

41 നീനെവേക്കാര്‍ ന്യായവിധിയില്‍ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവര്‍ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവന്‍ .

42 തെക്കെ രാജ്ഞി ന്യായവിധിയില്‍ ഈ തലമുറയോടു ഒന്നിച്ചു ഉയിര്‍ത്തെഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവള്‍ ശലോമോന്റെ ജ്ഞാനം കേള്‍പ്പാന്‍ ഭൂമിയുടെ അറുതികളില്‍ നിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവന്‍ .

43 അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളില്‍ കൂടി തണുപ്പു അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും.

44 ഞാന്‍ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു അവന്‍ പറയുന്നു; ഉടനെ വന്നു, അതു ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു.

45 പിന്നെ അവന്‍ പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാര്‍ക്കുംന്നു; ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറെക്കും അങ്ങനെ ഭവിക്കും.”

46 അവന്‍ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയില്‍ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാന്‍ ആഗ്രഹിച്ചു പുറത്തു നിന്നു.

47 ഒരുത്തന്‍ അവനോടുനിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാന്‍ ആഗ്രഹിച്ചു പുറത്തുനിലക്കുന്നു എന്നു പറഞ്ഞു.

48 അതു പറഞ്ഞവനോടു അവന്‍ “എന്റെ അമ്മ ആര്‍ എന്റെ സഹോദരന്മാര്‍ ആര്‍” എന്നു ചോദിച്ചു.

49 ശിഷ്യന്മാരുടെ നേരെ കൈ നീട്ടി“ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.

50 സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന്‍ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു.

മത്തായി 13

1 അന്നു യേശു വീട്ടില്‍ നിന്നു പുറപ്പെട്ടു കടലരികെ ഇരുന്നു.

2 വളരെ പുരുഷാരം അവന്റെ അടുക്കല്‍ വന്നുകൂടുകകൊണ്ടു അവന്‍ പടകില്‍ കയറി ഇരുന്നു; പുരുഷാരം എല്ലാം കരയില്‍ ഇരുന്നു.

3 അവന്‍ അവരോടു പലതും ഉപമകളായി പ്രസ്താവിച്ചതെന്തന്നാല്‍“വിതെക്കുന്നവന്‍ വിതെപ്പാന്‍ പുറപ്പെട്ടു.

4 വിതെക്കുമ്പോള്‍ ചിലതു വഴിയരികെ വിണു; പറവകള്‍ വന്നു അതു തിന്നു കളഞ്ഞു.

5 ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; മണ്ണിന്നു താഴ്ചയില്ലായ്കയാല്‍ ക്ഷണത്തില്‍ മുളെച്ചുവന്നു.

6 സൂര്യന്‍ ഉദിച്ചാറെ ചൂടുതട്ടി, വേര്‍ ഇല്ലായ്കയാല്‍ അതു ഉണങ്ങിപ്പോയി.

7 മറ്റു ചിലതു മുള്ളിന്നിടയില്‍ വീണു; മുള്ളു മുളെച്ചു വളര്‍ന്നു അതിനെ ഞെരുക്കിക്കളഞ്ഞു.

8 മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു.

9 ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”

10 പിന്നെ ശിഷ്യന്മാര്‍ അടുക്കെ വന്നുഅവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.

11 അവന്‍ അവരോടു ഉത്തരം പറഞ്ഞതു“സ്വര്‍ഗ്ഗരാജ്യത്തിന്റെ മര്‍മ്മങ്ങളെ അറിവാന്‍ നിങ്ങള്‍ക്കു വരം ലഭിച്ചിരിക്കുന്നു; അവര്‍ക്കോ ലഭിച്ചിട്ടില്ല.

12 ഉള്ളവന്നു കൊടുക്കും; അവന്നു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവന്നുള്ളതും കൂടെ എടുത്തുകളയും.

13 അതുകൊണ്ടു അവര്‍ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേള്‍ക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാല്‍ ഞാന്‍ ഉപമകളായി അവരോടു സംസാരിക്കുന്നു.

14 നിങ്ങള്‍ ചെവിയാല്‍ കേള്‍ക്കും ഗ്രഹിക്കയില്ലതാനും; കണ്ണാല്‍ കാണും ദര്‍ശിക്കയില്ലതാനും; ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവര്‍ ചെവികൊണ്ടു മന്ദമായി കേള്‍ക്കുന്നു; കണ്ണു അടെച്ചിരിക്കുന്നു; അവര്‍ കണ്ണു കാണാതെയും ചെവി കേള്‍ക്കാതെയും ഹൃദയം കൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാന്‍ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ

15 എന്നു യെശയ്യാവു പറഞ്ഞ പ്രവാചകത്തിന്നു അവരില്‍ നിവൃത്തിവരുന്നു.

16 എന്നാല്‍ നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേള്‍ക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.

17 ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍ കാണുന്നതു കാണ്മാന്‍ ആഗ്രഹിച്ചിട്ടു കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നതു കേള്‍പ്പാന്‍ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

18 എന്നാല്‍ വിതെക്കുന്നവന്റെ ഉപമ കേട്ടുകൊള്‍വിന്‍ .

19 ഒരുത്തന്‍ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാല്‍ ദുഷ്ടന്‍ വന്നു അവന്റെ ഹൃദയത്തില്‍ വിതെക്കപ്പെട്ടതു എടുത്തുകളയുന്നു; ഇതത്രെ വഴിയരികെ വിതെക്കപ്പെട്ടതു.

20 പാറസ്ഥലത്തു വിതെക്കപ്പെട്ടതോ, ഒരുത്തന്‍ വചനം കേട്ടിട്ടു ഉടനെ സന്തോഷത്തോടെ കൈകൊള്ളുന്നതു ആകുന്നു എങ്കിലും വേരില്ലാതിരിക്കയാല്‍ അവന്‍ ക്ഷണികനത്രേ.

21 വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാല്‍ അവന്‍ ക്ഷണത്തില്‍ ഇടറിപ്പോകുന്നു.

22 മുള്ളിന്നിടയില്‍ വിതെക്കപ്പെട്ടതോ, ഒരുത്തന്‍ വചനം കേള്‍ക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു.

23 നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തന്‍ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നലകുന്നു.”

24 അവന്‍ മറ്റൊരു ഉപമ അവര്‍ക്കും പറഞ്ഞുകൊടുത്തു“സ്വര്‍ഗ്ഗരാജ്യം ഒരു മനുഷ്യന്‍ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു.

25 മനുഷ്യര്‍ ഉറങ്ങുമ്പോള്‍ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയില്‍ കള വിതെച്ചു പൊയ്ക്കളഞ്ഞു.

26 ഞാറു വളര്‍ന്നു കതിരായപ്പോള്‍ കളയും കാണായ്‍വന്നു.

27 അപ്പോള്‍ വീട്ടുടയവന്റെ ദാസന്മാര്‍ അവന്റെ അടുക്കല്‍ ചെന്നുയജമാനനേ, വയലില്‍ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു.

28 ഇതു ശത്രു ചെയ്തതാകുന്നു എന്നു അവന്‍ അവരോടു പറഞ്ഞു. ഞങ്ങള്‍ പോയി അതു പറിച്ചുകൂട്ടുവാന്‍ സമ്മതമുണ്ടോ എന്നു ദാസന്മാര്‍ അവനോടു ചോദിച്ചു.

29 അതിന്നു അവന്‍ ഇല്ല, പക്ഷേ കള പറിക്കുമ്പോള്‍ കോതമ്പും കൂടെ പിഴുതുപോകും.

30 രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാന്‍ കൊയ്യുന്നവരോടു മുമ്പെ കളപറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയില്‍ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു.”

31 മറ്റൊരു ഉപമ അവന്‍ അവര്‍ക്കും പറഞ്ഞുകൊടുത്തു“സ്വര്‍ഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യന്‍ എടുത്തു തന്റെ വയലില്‍ ഇട്ടു.

32 അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളര്‍ന്നു സസ്യങ്ങളില്‍ ഏറ്റവും വലുതായി, ആകാശത്തിലെ പറവകള്‍ വന്നു അതിന്റെ കൊമ്പുകളില്‍ വസിപ്പാന്‍ തക്കവണ്ണം വൃക്ഷമായി തീരുന്നു.”

33 അവന്‍ മറ്റൊരു ഉപമ അവരോടു പറഞ്ഞു“സ്വര്‍ഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവില്‍ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.”

34 ഇതു ഒക്കെയും യേശു പുരുഷാരത്തോടു ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞില്ല

35 “ഞാന്‍ ഉപമ പ്രസ്താവിപ്പാന്‍ വായ്തുറക്കും; ലോകസ്ഥാപനം മുതല്‍ ഗൂഢമായതു ഉച്ചരിക്കും” എന്നു പ്രവാചകന്‍ പറഞ്ഞതു നിവൃത്തിയാകുവാന്‍ സംഗതിവന്നു.

36 അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടില്‍ വന്നു, ശിഷ്യന്മാര്‍ അവന്റെ അടുക്കല്‍ ചെന്നുവയലിലെ കളയുടെ ഉപമ തെളിയിച്ചുതരേണം എന്നു അപേക്ഷിച്ചു. അതിന്നു അവന്‍ ഉത്തരം പറഞ്ഞതു

37 “നല്ല വിത്തു വിതെക്കുന്നവന്‍ മനുഷ്യപുത്രന്‍ ;

38 വയല്‍ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാര്‍;

39 കള ദുഷ്ടന്റെ പുത്രന്മാര്‍; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം;

40 കൊയ്യുന്നവര്‍ ദൂതന്മാര്‍ കള കൂട്ടി തീയില്‍ ഇട്ടു ചുടുംപോലെ ലോകാവസാനത്തില്‍ സംഭവിക്കും.

41 മനുഷ്യപുത്രന്‍ തന്റെ ദൂതന്മാരെ അയക്കും; അവര്‍ അവന്റെ രാജ്യത്തില്‍നിന്നു എല്ലാ ഇടര്‍ച്ചകളെയും അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെയും കൂട്ടിച്ചേര്‍ത്തു

42 തീച്ചൂളയില്‍ ഇട്ടുകളയുകയും, അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

43 അന്നു നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

44 സ്വര്‍ഗ്ഗരാജ്യം വയലില്‍ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യന്‍ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താല്‍ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയല്‍ വാങ്ങി.

45 പിന്നെയും സ്വര്‍ഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.

46 അവന്‍ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.

47 പിന്നെയും സ്വര്‍ഗ്ഗരാജ്യം കടലില്‍ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം.

48 നിറഞ്ഞപ്പോള്‍ അവര്‍ അതു വലിച്ചു കരെക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളില്‍ കൂട്ടിവെച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു.

49 അങ്ങനെ തന്നേ ലോകാവസാനത്തില്‍ സംഭവിക്കും; ദൂതന്മാര്‍ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയില്‍നിന്നു ദുഷ്ടന്മാരെ വേര്‍തിരിച്ചു തീച്ചൂളയില്‍ ഇട്ടുകളയും;

50 അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

51 ഇതെല്ലാം ഗ്രഹിച്ചുവോ?” എന്നതിന്നു അവര്‍ ഉവ്വു എന്നു പറഞ്ഞു.

52 അവന്‍ അവരോടുഅതുകൊണ്ടു സ്വര്‍ഗ്ഗരാജ്യത്തിന്നു ശിഷ്യനായിത്തീര്‍ന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തില്‍ നിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു.

53 ഈ ഉപമകളെ പറഞ്ഞു തീര്‍ന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തില്‍ വന്നു, അവരുടെ പള്ളിയില്‍ അവര്‍ക്കും ഉപദേശിച്ചു.

54 അവര്‍ വിസ്മയിച്ചുഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു?

55 ഇവന്‍ തച്ചന്റെ മകന്‍ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാര്‍ യാക്കോബ്, യോസെ, ശിമോന്‍ , യൂദാ എന്നവര്‍ അല്ലയോ?

56 ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കല്‍ ഇടറിപ്പോയി.

57 യേശു അവരോടു“ഒരു പ്രവാചകന്‍ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന്‍ അല്ല” എന്നു പറഞ്ഞു.

58 അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീര്യപ്രവര്‍ത്തികളെ ചെയ്തില്ല.

മത്തായി 14:1-12

1 ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു

2 അവന്‍ യോഹന്നാന്‍ സ്നാപകന്‍ ; അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തു; അതുകൊണ്ടാകുന്നു ഈ ശക്തികള്‍ അവനില്‍ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.

3 ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവള്‍ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു

4 യോഹന്നാന്‍ അവനോടു പറഞ്ഞതു കൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവില്‍ ആക്കിയിരുന്നു.

5 അവനെ കൊല്ലുവാന്‍ മനസ്സുണ്ടായിട്ടു പുരുഷാരം അവനെ പ്രവാചകന്‍ എന്നു എണ്ണുകയാല്‍ അവരെ ഭയപ്പെട്ടു.

6 എന്നാല്‍ ഹെരോദാവിന്റെ ജനനദിവസം ആയപ്പോള്‍ ഹെരോദ്യയുടെ മകള്‍ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.

7 അതുകൊണ്ടു എന്തു ചോദിച്ചാലും അവള്‍ക്കു കൊടുക്കും എന്നു അവന്‍ സത്യംചെയ്തു വാക്കുകൊടുത്തു.

8 അവള്‍ അമ്മയുടെ ഉപദേശപ്രകാരംയോഹന്നാന്‍ സ്നാപകന്റെ തല ഒരു താലത്തില്‍ തരേണം എന്നു പറഞ്ഞു.

9 രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാന്‍ കല്പിച്ചു;

10 ആളയച്ചു തടവില്‍ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.

11 അവന്റെ തല ഒരു താലത്തില്‍ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവള്‍ അമ്മെക്കു കൊണ്ടുപോയി കൊടുത്തു.

12 അവന്റെ ശിഷ്യന്മാര്‍ ചെന്നു ഉടല്‍ എടുത്തു കുഴിച്ചിട്ടുപിന്നെ വന്നു യേശുവിനെ അറിയിച്ചു.